ADVERTISEMENT

പുൽപള്ളി ∙ ശക്തമായ കാറ്റിൽ കടപുഴകിയ വൻമരങ്ങൾ വീണു വൈദ്യുതി ലൈനുകൾ തകർന്നു. പുൽപള്ളി, മുള്ളൻകൊല്ലി സെക്‌ഷൻ പരിധിയിലെ നഷ്ടങ്ങൾ ഇനിയും കണക്കാക്കി തീർന്നില്ല. സബ്സ്റ്റേഷനു മുന്നിൽ മരം കടപുഴകി വീണതോടെ മുള്ളൻകൊല്ലിയിലേക്കുള്ള വിതരണം ഞായർ വൈകിട്ടു തന്നെ മുടങ്ങി. ഒട്ടേറെ മരങ്ങളും തെങ്ങ്, കമുക് തുടങ്ങിയവയും വൈദ്യുതി ലൈനിൽ വീണു. മരങ്ങളുടെ കൊമ്പൊടിഞ്ഞും നാശമുണ്ടായി. 

ഞായർ രാത്രി മേഖല ഏതാണ്ട് ഇരുട്ടിലായിരുന്നു. ഇന്നലെ പകൽ പുൽപള്ളി ടൗൺ പരിസത്തു മാത്രമേ വൈദ്യുതി വിതരണം സാധ്യമായുള്ളൂ. പല സ്ഥലത്തും കാലുകൾ പൊട്ടിവീണു. ഇവ മാറിയിടാനുള്ള താമസവും വിതരണത്തിന് തിരിച്ചടിയായി. കാപ്പിസെറ്റിൽ മെയിൻലൈനിലേക്ക് ചരിഞ്ഞ തെങ്ങ് മുറിച്ചുമാറ്റാൻ കെഎസ്ഇബിയുടെ ക്രെയിൻ എത്തിക്കേണ്ടി വന്നു.

കൊടുംചൂടിൽ ആശ്വാസമായി വേനൽ മഴ
കല്‍പറ്റ ∙ വേനൽചൂടിന് ആശ്വാസമായി ജില്ലയിൽ പരക്കെ മഴ പെയ്തു.  ഇന്നലെ ഉച്ചകഴിഞ്ഞാണ് ജില്ലയിൽ ഭൂരിഭാഗം ഇടങ്ങളിലും ശക്തമായ മഴ പെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി വൈകുന്നേരങ്ങളിൽ പലയിടങ്ങളിലും മഴ പെയ്തിരുന്നു. ഇന്നലെ മഴയും ലഭിച്ചതോടെ ജില്ലയിലെ താപനിലയിൽ കുറവുണ്ടായി. ഇത്തവണ 35 ഡിഗ്രി സെൽഷ്യസ് വരെ വയനാട്ടില്‍ താപനില ഉയർന്നിരുന്നു. മാർച്ചിലും ഏപ്രിൽ ആദ്യ ആഴ്ചകളിലും വേനൽമഴ കാര്യമായി പെയ്തിരുന്നത് താപനില ഉയരാൻ കാരണമായി.

ഇതു ശുദ്ധജല ലഭ്യതയെയും കൃഷിയിടങ്ങളിലെ ജലസേചനത്തെയും ബാധിച്ചു. വരൾച്ചയും ശുദ്ധജല ക്ഷാമവും രൂക്ഷമായ പുൽപള്ളി, മുള്ളൻകെ‍ാല്ലി മേഖലയിലേക്കു കാരാപ്പുഴ ഡാമിൽ നിന്ന് കബനി നദിയിലേക്ക് ഇത്തവണ വെള്ളം എത്തിക്കേണ്ട സാഹചര്യം വരെയുണ്ടായി.  കഴിഞ്ഞ ദിവസങ്ങളിൽ ഇൗ പ്രദേശങ്ങളിൽ മഴ ലഭിച്ചെങ്കിലും പ്രതിസന്ധി ഒഴിഞ്ഞിട്ടില്ല. വേനൽമഴയോടൊപ്പം പലയിടങ്ങളിലും ശക്തമായ കാറ്റുണ്ടായത് കൃഷി നാശത്തിനും കാരണമായി. മൂപ്പൈനാട്, മീനങ്ങാടി മേഖലകളിൽ വാഴകളും മറ്റു കൃഷികളും വ്യാപകമായി  നശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com