ADVERTISEMENT

പുൽപള്ളി ∙ വയനാട് അതിർത്തിയിൽ ആശ്വാസമഴ ലഭിച്ചപ്പോഴും തുള്ളിമഴ ലഭിക്കാതെ കർണാടക വനപ്രദേശം. വെള്ളവും പച്ചപ്പുമില്ലാതെ വറുതിയിലാണ് ബന്ദിപ്പൂർ കടുവ സങ്കേതം. വനത്തിലെ മൃഗങ്ങൾ സുരക്ഷിത കേന്ദ്രങ്ങൾ തേടി അലയുന്നു. ചെറിയൊരു തീപ്പൊരി വീണാൽ കാട് പൂർണമായി കത്തുമെന്ന അവസ്ഥ. ഇമചിമ്മാതെയാണിവിടെ കാട്ടുതീ പ്രതിരോധം. രാവിലെ ആരംഭിക്കുന്ന കാവൽ രാത്രിയും തുടരുന്നു. ഫയർ എൻജിനുകളും ജലസംഭണികളുമായി കാട്ടുതീ പ്രതിരോധത്തിൽ മുഴുവൻ വനപാലകരും പങ്കാളികളാണ്.

ബേഗൂർ, മദ്ദൂർ, എടയാള റേഞ്ചുകളിൽ  തീരെ മഴ പെയ്തില്ല. കേരള അതിർത്തിയോടു ചേർന്ന ഗുണ്ടറയിൽ ഒരു മഴ പെയ്തു. തൊട്ടടുത്ത നാഗർഹൊള കടുവ സങ്കേതത്തിലും നല്ല മഴ ലഭിച്ചു. കഴിഞ്ഞ വർഷം മാർച്ച് അവസാനത്തോടെ വനപ്രദേശത്താകെ മഴ പെയ്തിരുന്നതിനാൽ        കാട് കത്താതെ സംരക്ഷിക്കാനായിരുന്നു.  ഗോപാലസ്വാമി കുന്നുകളിൽ കുറെ ഭാഗത്തു മാത്രമാണ് ചെറിയ തീപിടിത്തമുണ്ടായത്. കാട്ടുതീ പ്രതിരോധത്തിന് കൂടുതൽ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. തുടർച്ചയായ കാട്ടുതീ പ്രതിരോധം ജീവനക്കാരെയും തളർത്തി. 

രാത്രിയും പകലും പട്രോളിങ്ങിന് പ്രത്യേക സംഘമുണ്ട്. ബേഗൂരിലുൾപ്പെടെ ഉയർന്ന ഭാഗത്ത് കാവൽ ഗോപുരങ്ങളിൽ 24 മണിക്കൂറും ആളുണ്ട്. അതിർത്തിവനത്തിലെ കാട്ടുതീ പ്രതിരോധത്തിന് കൂട്ടായ ശ്രമങ്ങൾ നടത്താൻ അടുത്തിടെ ബന്ദിപ്പൂരിൽ ചേർന്ന 3 സംസ്ഥാനങ്ങളിലെയും വനം ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. കാട്ടുതീ സംബന്ധിച്ച വിവരങ്ങൾ കൈമാറാനും തീയണയ്ക്കാനും പരസ്പരം സഹായിക്കാനും ധാരണയായി.

   കൊടുംചൂടിൽ ധാരാളം വന്യമൃഗങ്ങൾ വയനാടൻ കാടുകളിലെത്തിയിട്ടുണ്ട്. മഴ പെയ്തതോടെ ഇവിടെ ചൂട് കുറഞ്ഞു. കബനിയാണ് വെള്ളത്തിനുള്ള ആശ്രയം. കന്നാരംപുഴ വറ്റിയതോടെ മൃഗങ്ങൾ ആഹാരം തേടി കൃഷിയിടങ്ങളിലെത്തുന്നതും പതിവാണ്. കബനിയുടെ തീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ആനയിറങ്ങി കൃഷിനാശമുണ്ടാക്കി. കബനിയിൽ വെള്ളംകുടിക്കാനെത്തുന്ന ആനകൾ പച്ചപ്പ് കണ്ട് നേരെ കൃഷിയിടങ്ങളിലേക്ക് നീങ്ങുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com