ADVERTISEMENT

കൽപറ്റ/മലപ്പുറം ∙ എൽഡിഎഫ് സർക്കാരിനു ബിജെപിയുമായി ധാരണയുണ്ടെന്നും അവർ വിമർശിക്കുന്ന ഒരേയൊരു വ്യക്തി രാഹുൽ ഗാന്ധിയാണെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. ‘പല അഴിമതിക്കേസുകൾ പുറത്തുവന്നിട്ടും കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ മാത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടിയെടുക്കുന്നില്ല. കേരളത്തിലെ ബിജെപി നേതാക്കളെ കാറിൽനിന്നു കോടികളുമായി പിടികൂടിയിട്ടും നടപടിയില്ല. ബിജെപിയെ എതിർക്കുന്നതിനു പകരം രാഹുൽ ഗാന്ധിയെ മാത്രം ആക്രമിക്കുകയാണ് കേരള മുഖ്യമന്ത്രി.’– വയനാട് ലോക്സഭാ മണ്ഡലത്തിലെ കമ്പളക്കാട്, എടക്കര എന്നിവിടങ്ങളിൽ പ്രചാരണയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.

‘ഭരണഘടന മാറ്റിയെഴുതുന്നതിനെക്കുറിച്ചാണു ബിജെപി സംസാരിക്കുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും വർധിച്ചിട്ടും ജനങ്ങൾ നേരിടുന്ന യഥാർഥ പ്രശ്നങ്ങളെക്കുറിച്ചു മോദിക്കു മിണ്ടാട്ടമില്ല. രാഹുൽ ഗാന്ധിക്കെതിരെ രാജ്യത്തുടനീളം കേസുകളെടുത്തു. രാജ്യത്തിനുവേണ്ടി ജീവൻ ബലികൊടുത്ത അച്ഛനെയും മുത്തശ്ശിയെയും വഞ്ചകരെന്ന് അധിക്ഷേപിക്കുന്നു.

അമ്മയെയും കുടുംബത്തെയുംപോലും വെറുതേവിടുന്നില്ല. എങ്കിലും രാഹുൽ ജനങ്ങൾക്കുവേണ്ടി പോരാട്ടം തുടരുകയാണ്. പ്രധാനമന്ത്രി മോദി അദ്ദേഹത്തിന്റെ മണ്ഡലമായ വാരാണസിയിലെ ഏതെങ്കിലുമൊരു സാധാരണക്കാരന്റെ വീട്ടിൽ പോയിട്ടുണ്ടോ? വാരാണസിക്കാർക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ എംപിയെ കാണാൻപോലും കിട്ടില്ല. എന്നാൽ, പ്രളയം അടക്കം പ്രശ്നങ്ങളുണ്ടായപ്പോഴെല്ലാം രാഹുൽ വയനാട് മണ്ഡലത്തിലെ വീടുകളിലെത്തി ആശ്വാസമേകി.

കാർഷിക നിയമങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ കാരണം അവ പിൻവലിക്കണമെന്ന് കർഷകർ മാസങ്ങളോളം യാചിച്ചെങ്കിലും പ്രധാനമന്ത്രി തിരിഞ്ഞുനോക്കിയില്ല. സുഹൃത്തുക്കളുടെ 10 ലക്ഷം കോടിയുടെ കടം എഴുതിത്തള്ളുന്ന തിരക്കിലായിരുന്നു അദ്ദേഹം.ബിജെപി ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിച്ചപ്പോൾ കാൽമുട്ടുവേദന മറന്ന് ആയിരക്കണക്കിനു കിലോമീറ്ററുകൾ നടന്ന് എന്റെ സഹോദരൻ രാജ്യത്തെ ഒരുമിപ്പിക്കാൻ പ്രയത്നിക്കുകയായിരുന്നു’– പ്രിയങ്ക പറഞ്ഞു.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com