ADVERTISEMENT

പുൽപള്ളി ∙ കുഴൽക്കിണറുകളും ചിറകളുമടക്കം വരണ്ടതോടെ കർണാടക കർഷകർ കടുത്ത പ്രതിസന്ധിയിൽ. കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി, വാഴ, പച്ചക്കറി എന്നിവ കൃഷി ചെയ്യുന്നവരാണ് കൊടുംവരൾച്ചയിൽ നീറുന്നത്. കൃഷിയിടങ്ങളിലെ കുഴൽക്കിണറുകൾ ഒന്നിച്ചു വറ്റിയതും വെള്ളമെത്തിക്കാൻ മറു വഴിയില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

നൂറുകണക്കിനേക്കർ സ്ഥലത്തെ കൃഷിയുപേക്ഷിച്ച് ജലലഭ്യതയുള്ള സ്ഥലത്തേക്ക് മാറിയവരുണ്ട്. പാട്ടത്തിനെടുത്ത് എല്ലാ പണികളും നടത്തി നടീൽ പൂർത്തിയായവർ വിത്ത് മാന്തിയെടുത്ത് വേറെ സ്ഥലം നോക്കുന്നു. ലക്ഷങ്ങളുടെ മുതൽമുടക്ക് ഉപേക്ഷിച്ചാണിവരുടെ പാലായനം. കബനി ജലാശയത്തിലെ വെള്ളം ഇക്കൊല്ലം കനാലിലേക്കോ ചിറകളിലേക്കോ തുറന്നില്ല. മാസങ്ങളോളം കനാലിൽ വെള്ളമെത്താതായതോടെ പാടങ്ങളും വിണ്ടുകീറി. ബെംഗളൂരു നഗരത്തിലേക്ക് വെള്ളമൊഴുക്കിയതോടെ ബീച്ചനഹള്ളി അണക്കെട്ടും കാലിയായി.

ചാമരാജ് നഗർ, മൈസൂരു, ഹുൺസൂർ ജില്ലകളിലാണ് കൊടും വരൾച്ചയും കൃഷിനാശവും. ഇഞ്ചിക്കൃഷി കാര്യമായുള്ള ഉല്ലള്ളി, മാതാപുരം, ഗദ്ദിക, ചാമരാജ് നഗർ എന്നിവിടങ്ങളിൽ നിരവധി കർഷകർക്ക് കൃഷി തുടരാവുന്നില്ല. നിലവിലുള്ള കൃഷിയും ജലക്ഷാമത്തിന്റെ പിടിയിലാണ്. ഇഞ്ചി പറിച്ചുവിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. മെച്ചപ്പെട്ട വിലയുള്ളതുകൊണ്ടുമാത്രമാണ് പലരും കൃഷിയിൽ പിടിച്ചുനിൽക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com