ADVERTISEMENT

മാനന്തവാടി ∙ തിരുനെല്ലിയിൽ അച്ഛനും മകനും സഞ്ചരിക്കുകയായിരുന്ന കാറിനു മുന്നിൽ കടുവ. അപ്പപ്പാറ ബ്രഹ്മഗിരി ബി. എസ്റ്റേറ്റിലെ വിമലും മകൻ അഥർവും സഞ്ചരിച്ച കാറിനു മുന്നിലാണ് കടുവ അകപ്പെട്ടത്. ഇന്നലെ വൈകിട്ടു തിരുനെല്ലി തെറ്റ് റോഡ് കവലയ്ക്കു സമീപത്തായിരുന്നു സംഭവം. ബത്തേരിയിൽ പോയി അപ്പപ്പാറയിലെ വീട്ടിലേക്കു തിരിച്ചു വരുന്നതിനിടെയാണു വിമൽ ഓടിച്ച കാറിനു മുന്നിലേക്കു കടുവ വനത്തിൽ നിന്ന് പൊടുന്നനെ ചാടിയത്.

ഉടൻ കാർ നിർത്താൻ ശ്രമിച്ചപ്പോൾ ടയർ ഉരഞ്ഞ പാടും കടുവയുടെ നഖം കൊണ്ട പാടും റോഡിലുണ്ട്. പെട്ടെന്ന് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും നിരങ്ങി നീങ്ങിയെങ്കിലും റോഡരികിൽ നിർത്താനായി. കടുവ കാറിൽ കയറി പിടിക്കുകയായിരുന്നെന്നെന്നും ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായതെന്നും വിമൽ പറഞ്ഞു. കാറിന്റെ മുൻഭാഗത്ത് സാരമായ കേടുപറ്റിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വാഹനം ഇടിച്ച കടുവയെ നിരീക്ഷിക്കുന്നതായും വനപാലകർ പറഞ്ഞു.

വിദ്യാർഥിയുടെ മുന്നിൽ കടുവ
മീനങ്ങാടി ∙ കടുവയുടെ ആക്രമണത്തിൽനിന്നു വിദ്യാർഥി തലനാരിഴയ്ക്കു രക്ഷപ്പെട്ടു. മൂന്നാനക്കൂഴി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി അമൽദേവാണ് ഇന്നലെ കടുവയുടെ മുൻപിൽ നിന്നു രക്ഷപ്പെട്ടത്. അവധിക്കാല ക്യാംപിൽ പങ്കെടുക്കാൻ മൂന്നാനക്കുഴി സ്കൂളിലേക്കു പോവുകയായിരുന്നു അമൽദേവ്. സമീപത്തെ കാപ്പിത്തോട്ടത്തിൽ നിന്ന് ഒ‍ാടിവരുന്ന കടുവയെയാണു കുട്ടി കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ജീവനക്കാരെത്തി പരിശോധന നടത്തി.

പ്രദേശത്തുനിന്നു കഴിഞ്ഞ മാസങ്ങൾക്കുള്ളിൽ 2 കടുവയെയാണ് പിടികൂടിയത്. മൈലമ്പാടി, പുല്ലുമല, മൂന്നാനക്കുഴി ഭാഗങ്ങളിൽ ഇടവിട്ട് കടുവയുടെ സാന്നിധ്യമുണ്ടാകുന്നതു പ്രദേശത്തുകാരുടെ ആശങ്കയും വർധിപ്പിച്ചിട്ടുണ്ട്. കടുവയെ കണ്ട പ്രദേശത്തു വനംവകുപ്പ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com