ADVERTISEMENT

ഏറ്റവും വിശ്വാസയോഗ്യമായ ജീവചരിത്ര വിവരണങ്ങള്‍ നല്‍കുന്ന മാര്‍ക്വിസ് പബ്ലിക്കേഷന്‍സിന്റെ ‘ഹു ഈസ് ഹു’ പട്ടികയില്‍ പ്രമുഖ എന്‍ഡോക്രൈനോളജിസ്റ്റ് ഡോ. സനം ലത്തീഫ് ഇടം പിടിച്ചു. മാസച്യുസിറ്റ്സ് മൗണ്ട് ഓബേൺ ഹോസ്പിറ്റലിലെ സ്റ്റാഫ് ഫിസിഷ്യനും ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ അധ്യാപികയുമായ ഡോ. സനം ലത്തീഫ് എന്‍ഡോക്രൈനോളജി, ഡയബറ്റീസ് പരിചരണ മേഖലയിലെ മികവിന്റെ പേരിലാണ് പട്ടികയില്‍ ഇടം നേടിയത്. 

വ്യക്തികളുടെ റഫറന്‍സ് മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ലോകമെങ്ങുമുള്ള ഗവേഷകരും മാധ്യമപ്രവര്‍ത്തകരും ലൈബ്രേറിയന്മാരും എക്‌സിക്യൂട്ടീവ് സേര്‍ച്ച് സ്ഥാപനങ്ങളും ഉപയോഗിക്കുന്ന മാര്‍ക്വിസ് ഹു ഈസ് ഹു പട്ടിക തയാറാക്കുന്നത്. ഒരാളുടെ സ്ഥാനം, പ്രധാന നേട്ടങ്ങള്‍, സാമൂഹിക സാന്നിധ്യം, പ്രവര്‍ത്തനമേഖലയിലെ പ്രാമുഖ്യം എന്നിങ്ങനെ പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്നത്. 

ഹാര്‍വഡിനു പുറമേ മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലും ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലും ഡാര്‍ട്ട്മൗത്തിലെ ഗെയ്‌സല്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലും ലക്ചറുകള്‍ നടത്തുന്ന ഡോ. സനം ഹാര്‍വഡ് –എംഐടി സംയുക്ത അക്കാദമിക പ്രോഗ്രാമുകളിലും പങ്കെടുക്കുന്നുണ്ട്. 

മംഗലാപുരത്തെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍നിന്ന് മെഡിക്കൽ ബിരുദം നേടിയ ഡോ. സനം യേല്‍ ന്യൂ ഹാവന്‍ ആശുപത്രിയിലാണ് ഇന്റേണല്‍ മെഡിസിനില്‍ റെസിഡന്‍സി ചെയ്തത്. തുടര്‍ന്ന് ഡാര്‍ട്ട്മൗത്ത് ഹിച്ച്‌കോക്കില്‍ നിന്ന് എന്‍ഡോക്രൈനോളജിയിലും ഡയബറ്റീസിലും മെറ്റബോളിസത്തിലും ഫെലോഷിപ്പും കരസ്ഥമാക്കി. തുടര്‍ വര്‍ഷങ്ങളില്‍ അമേരിക്കന്‍ ബോര്‍ഡ് ഓഫ് ഇന്റേണല്‍ മെഡിസിന്റെ സര്‍ട്ടിഫൈഡ് ഫിസിഷ്യനുമായി. മിറിയം ഹോസ്പിറ്റല്‍സ്, ഡയബറ്റീസ് ആന്‍ഡ് എന്‍ഡോക്രൈനോളജി അസോസിയേറ്റ്‌സ്, ഡാര്‍ട്ട്മൗത്ത് ഹിച്ച്‌കോക്ക് എന്നിവിടങ്ങളിലായിരുന്നു  കരിയറിന്റെ ആദ്യ ഘട്ടങ്ങള്‍ ഡോ. സനം പിന്നിട്ടത്. 

അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ്, അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍, എന്‍ഡോക്രൈന്‍ സൊസൈറ്റി, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജിസ്റ്റ്‌സ് തുടങ്ങിയ പ്രഫഷനല്‍ സംഘടനകളിലും സ്ഥാപനങ്ങളിലും അംഗത്വമുള്ള ഡോ. സനം പ്രമേഹ പരിചരണം, തൈറോയ്ഡ് കാന്‍സര്‍, പിസിഒഎസ് തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ ജേണലുകളില്‍ ലേഖനങ്ങൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൈറോയ്ഡ്, പ്രമേഹം, അമിതവണ്ണം, അഡ്രിനല്‍ തകരാറുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണത്തിനും നിരവധി ആശുപത്രികളും സ്ഥാപനങ്ങളും ഡോ. സനത്തിനെ ക്ഷണിക്കാറുണ്ട്. ഫൈസര്‍ കൊറോണവൈറസ് വാക്‌സീന്‍ ലഭിച്ച ഒരു രോഗിയില്‍ അപൂര്‍വ പാര്‍ശ്വഫലമായി വന്ന തൈറോയ്ഡിറ്റിസിനെ കുറിച്ച് മറ്റൊരു ഗവേഷകയുമായി ചേര്‍ന്ന് ഒരു പഠനറിപ്പോര്‍ട്ടും ഡോ. സനം അവതരിപ്പിച്ചിരുന്നു. നാഷനല്‍ അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിനാണ് ഈ കേസ് സ്റ്റഡി സമര്‍പ്പിച്ചത്. 

വൈദ്യശാസ്ത്ര മേഖലയിലെ നിര്‍ണായക സംഭാവനകള്‍ പരിഗണിച്ച് നിരവധി പുരസ്‌കാരങ്ങളും ഡോ. സനത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഫസ്റ്റ് പ്രൈസ് അവാര്‍ഡ്, വാരന്‍ ആല്‍പര്‍ട്ട് മെഡിക്കല്‍ സ്‌കൂളിന്റെ സര്‍ട്ടിഫിക്കറ്റ്‌സ് ഓഫ് റെക്കഗ്നിഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സ് ഫെലോയായി (എഫ്എസിപി) 2020 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഡോ. സനം ലത്തീഫിന് 2024 ജനുവരിയില്‍ ഫെലോ ഓഫ് ദി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡൈക്രൈനോളജിയും(എഫ്എസിഇ) സമ്മാനിക്കപ്പെട്ടു. 

രാഷ്ട്രീയം, ബിസിനസ്, വൈദ്യശാസ്ത്രം, നിയമം, വിദ്യാഭ്യാസം, കല, മതം, വിനോദം എന്നിങ്ങനെ പല മേഖലകളിലെയും പ്രമുഖര്‍ മാര്‍ക്വിസിന്റെ ഹു ഈസ് ഹു പട്ടികയില്‍ മുന്‍പ് ഇടം നേടിയിട്ടുണ്ട്. 1899ല്‍ ഹു ഈസ് ഹു ഇന്‍ അമേരിക്കയുടെ ആദ്യ പട്ടിക പുറത്ത് വിട്ട മാര്‍ക്വിസ് 2023ല്‍ 125-ാം വാര്‍ഷികവും ആഘോഷിച്ചു.  www.marquiswhoswho.com.  എന്ന വെബ്‌സൈറ്റില്‍ മാര്‍ക്വിസിന്റെ ഹു ഈ ഹു പട്ടിക ലഭ്യമാണ്. 

English Summary:

Dr. Sanam Lathief, MD, FACP Lauded for Excellence in Endocrinology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com