ADVERTISEMENT

ഇന്ത്യയിലെ സ്പോർട്സ് പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നതു കേന്ദ്ര യുവജനകാര്യ–സ്പോർട്സ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സായി (SAI: Sports Authority of India, Lodhi Road, New Delhi–110003, https://sportsauthorityofindia.nic.in) ആണ്. സായിയുടെ കീഴിലെ എൻഐഎസ് (Netaji Subhas National Institute of Sports, Patiala-147 001, Punjab; https://nsnis.org) ഏഷ്യയിലെ ഏറ്റവും വലിയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടായി കരുതപ്പെടുന്നു.

 

എൻഐഎസ് നടത്തുന്ന കോഴ്സുകൾ

∙ഡിപ്ലോമ ഇൻ സ്പോർട്സ് കോച്ചിങ്: എൻഐഎസിന്റെ വിവിധ കേന്ദ്രങ്ങളിൽ ഇനിപ്പറയുന്ന വിഷയങ്ങളിൽ ഒരു വർഷ ഡിപ്ലോമകൾ.

എ) പട്യാല: അത്‌ലറ്റിക്സ്, സൈക്ലിങ്, ഫെൻസിങ്, ഹാൻഡ് ബോൾ, ഹോക്കി, ജൂഡോ, വെയിറ്റ് ലിഫ്റ്റിങ്, റസ്‌ലിങ്, വുഷു (Wushu–കുങ്ഫു), യോഗ. 

ബി) ബെംഗളൂരു: അത്‌ലറ്റിക്സ്, ബാഡ്മിന്റൻ, ബാസ്കറ്റ് ബോൾ, ഹോക്കി, കബഡി, ഖോ–ഖോ, സ്വിമ്മിങ്, ടായ്ക്‌വോൺഡോ (Taekwondo–കൊറിയൻ ആയോധനകല), ടേബിൾ ടെന്നിസ്, വോളിബോൾ. 

സി) കൊൽക്കത്ത: ആർച്ചറി, അത്‌ലറ്റിക്സ്, ജിംനാസ്റ്റിക്സ്, ഫുട്ബോൾ. 

ഡി) തിരുവനന്തപുരം (എൽഎൻസിപിഇ): റോയിങ്, കയാക്കിങ്, കനോയിങ്. 

 

∙മാസ്റ്റർ ഓഫ് സ്പോർട്സ് കോച്ചിങ്: 2 വർഷം. അത്‌ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, ജിംനാസ്റ്റിക്സ്, ഹോക്കി, സ്വിമ്മിങ്, വോളിബോൾ, വെയിറ്റ് ലിഫ്റ്റിങ്, റസ്‌ലിങ് എന്നീ വിഷയങ്ങളിൽ പഞ്ചാബ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത പ്രോഗ്രാം. ഏതെങ്കിലും വിഷയത്തിലെ ബിരുദം, 60% എങ്കിലും മാർക്കോടെ എൻഐഎസ് ഡിപ്ലോമ ഇൻ സ്പോട്സ് കോച്ചിങ്, സ്പോർട്സ് പ്രാവീണ്യം, ഗവേഷണാഭിരുചി എന്നിവ ഉണ്ടായിരിക്കണം. സിലക്‌ഷന്റെ ഭാഗമായി സ്പോർട്സ് സയൻസ് അറിവു പരിശോധിക്കുന്ന എഴുത്തു പരീക്ഷയും സ്പോർട്സ് രംഗത്തെ സംബന്ധിച്ച വിവരവും ഗവേഷണാഭിരുചിയും വിലയിരുത്തുന്ന ഇന്റർവ്യൂവും ഉണ്ട്. സ്പോട്സ് നേട്ടങ്ങളും പരിഗണിക്കും.

 

∙സ്കിൽ ഡവലപ്മെന്റ് സർട്ടിഫിക്കറ്റുകൾ: വിവിധ മേഖലകളിൽ യുവജനങ്ങൾക്ക് ആവശ്യമായ നൈപുണികൾ പോഷിപ്പിക്കുന്ന ഇരുപതിലേറെ കോഴ്സുകൾ. സ്പോർട്സുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുള്ളവ. ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകർക്കും കോച്ചുകൾക്കും പങ്കെടുക്കാം. 18–45 പ്രായക്കാർക്കു മുൻഗണന. 

 

∙സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോർട്സ് കോച്ചിങ്: 6 ആഴ്ച. പട്യാല, ബെഗളൂരു, കൊൽക്കത്ത, ഗാന്ധിനഗർ സായി കേന്ദ്രങ്ങളിലും, ഗാന്ധിനഗറിലെ സർവകലാശാലാ ക്യാംപസ്, ഔറംഗബാദ്, സോനിപത്, റോഹ്തക്, ലക്നൗ, ഹൈദരാബാദ്, കാഞ്ചീപുരം, ഭുവനേശ്വർ, ഗുണ്ടൂർ, വാരാണസി എന്നീ സ്ഥലങ്ങളിലും. പുരുഷന്മാർക്കും വനിതകൾക്കും പരിശീലനസൗകര്യം.

 

∙പിജി ഡിപ്ലോമ ഇൻ സ്പോട്സ് മെഡിസിൻ: 2 വർഷം. പ്രവേശനം എംബിബിഎസുകാർക്ക്. നാഷനൽ മെഡിക്കൽ കമ്മിഷന്റെ (പഴയ എംസിഐ) അംഗീകാരമുള്ള പ്രോഗ്രാം. പ്രതിമാസ സ്റ്റൈപെൻഡ് ലഭിക്കും.

 

പരുക്കു പറ്റിയ കളിക്കാരെ മിനിറ്റുകൾക്കകം മത്സരസജ്ജരാക്കാനുള്ള വിശേഷപരിശീലനം സ്പോർട്സ് മെഡിസിന്റെ ഭാഗമാണ്. പരുക്കുകളും രോഗവും തടയുക, പ്രഫഷനൽ കളിക്കാരുടെ ആരോഗ്യരക്ഷാ രീതികൾ ഫലപ്രദമായി നടപ്പാക്കുക, കുട്ടികളുടെയും യുവജനങ്ങളുടെയും ഫിറ്റ്നസ് ഉയർന്ന നിലവാരത്തിൽ നിർത്തുക, വ്യയാമമുറകൾ ഉപദേശിക്കുക എന്നിവ ഇതിൽ യോഗ്യത നേടുന്നവരുടെ ചുമതലയാണ്. കഠിനജോലി ചെയ്യുന്നവരുടെ വിശേഷ ആരോഗ്യ പ്രശ്നങ്ങളും ഇവർക്കു കൈകാര്യം ചെയ്യാം. ഓർത്തോപീഡിക്സ്, ട്രോമാ കെയർ എന്നിവയും പാഠ്യക്രമത്തിൽപ്പെടും. 

English Summary: Netaji Subhas National Institute of Sports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com