ADVERTISEMENT

അത്യാവശ്യം ഫ്രഞ്ച് ഭാഷാപരിശീലനം നേടിയ ആത്മവിശ്വാസത്തിലാണ് എറണാകുളം ചുളളിക്കൽ സ്വദേശി മീര ബെസി കാൻസർ ബയോളജി ഗവേഷണത്തിനു ഫ്രാൻസിലെ മൊപെല്ലിയെ (Montpellier) സർവകലാശാലയിലെത്തിയത്. അവിടെയെത്തിയതോടെയാണു വെല്ലുവിളി മനസ്സിലായത്. ഉപചാരവാക്കുകൾ പോലും അന്നാട്ടുകാർക്ക് മനസ്സിലാകുന്നില്ല. ഉച്ചാരണം തന്നെ പ്രശ്നം. അതോടെ ആദ്യ വെല്ലുവിളി ഭാഷ തന്നെയായി. ഇന്ന് 4 വർഷങ്ങൾക്കിപ്പുറം പിഎച്ച്ഡി ഗവേഷണം വിജയകരമായി പൂർത്തിയാക്കിയ മീര തന്റെ ഗവേഷണത്തെക്കുറിച്ചും ഫ്രാൻസിലെ വിദ്യാഭ്യാസസാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

 

എന്താണ് കാൻസർ ബയോളജി ?

അർബുദകോശങ്ങളെക്കുറിച്ചുളള പഠനമാണ് കാൻസർ ബയോളജി. ജൈവഘടനാ പരിശോധനയിലൂടെ അര്‍ബുദത്തിനു ചികിത്സയും ഗവേഷണവും തേടുന്ന ശാസ്ത്രശാഖയാണിത്. മസ്തിഷ്ക ട്യൂമറുകളെക്കുറിച്ചായിരുന്നു എന്റെ ഗവേഷണം.

 

ഫ്രാൻസിലെത്തിയതെങ്ങനെ ?

പുണെ െഎസറിൽ നിന്ന് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) ബിഎസ്–എംഎസ് ബിരുദം നേടിയ ശേഷം യൂറോപ്പിലെ മികച്ച സർവകലാശാലയിൽ ഗവേഷണമായിരുന്നു ലക്ഷ്യം. പൊതുവേ യൂറോപ്പിൽ സെപ്റ്റംബറിലാണ് അക്കാദമിക് വർഷത്തിനു തുടക്കമാകുന്നത്. എന്നാൽ വിവിധ പിഎച്ചഡി പ്രോഗ്രാമുകളെക്കുറിച്ചുളള വിവരങ്ങൾ ജനുവരി മുതൽ തന്നെ ഒാൺലൈനിൽ ലഭ്യമാണ്. അങ്ങനെയാണ് മൊപെല്ലിയെ സർവകലാശാലയെക്കുറിച്ചറിഞ്ഞത്. ഡോക്ടറൽ സ്കൂൾ ബോർഡ് അംഗങ്ങളുമായുള്ള ഒാൺലൈൻ അഭിമുഖത്തിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. ചർച്ചകളിലൂടെയാണ് ഗവേഷണവിഷയത്തിലേക്ക് എത്തിയത്. ഇതിനു സർവകലാശാലയുടെ സഹായവുമുണ്ടായിരുന്നു.

 

ഫ്രാൻസിലെ ചെലവ് ?

വിദേശവിദ്യാർഥികൾക്കുളള മികച്ച സ്കോളർഷിപ്പുകൾ ജീവിതച്ചെലവിനു മതിയാകുന്നതാണ്. മാത്രമല്ല, ഫ്രാൻസിലെ പിഎച്ച്ഡി പ്രോഗ്രാമുകൾക്കു ഗവേഷണ വീസയാണ് അനുവദിക്കുന്നത്. അതുപ്രകാരം മറ്റു ജോലികളൊന്നും ചെയ്യാൻ പാടില്ല.

 

ഫ്രഞ്ച് ഭാഷ / ജീവിതരീതി – എങ്ങനെ പൊരുത്തപ്പെട്ടു ?

പാരിസ് പോലെയല്ല 700 കിലോമീറ്ററോളം അകലെയുളള മൊപെല്ലിയെ. ഇംഗ്ലിഷ് അറിയുന്നവർ ചുരുക്കം. സർവകലാശാല തന്നെ സൗജന്യമായി ഫ്രഞ്ച്ഭാഷാ പരിശീലനം നൽകുന്നുണ്ട്. ഡ്യൂലിങ്കോ (DUOLINGO) പോലുളള ആപ്പുകളും സഹായകരമാണ്. ഫ്രാൻസിൽ കുറച്ചുനാൾ കഴിയണമെന്നുണ്ടെങ്കിൽ എ2 ലെവൽ വരെയെങ്കിലും ഫ്രഞ്ച് പരിശീലിച്ചിട്ടു പോകുന്നതു നന്നായിരിക്കും. അടിസ്ഥാന പരിശീലനം കൊണ്ട് ഉച്ചാരണശുദ്ധി ലഭിക്കില്ലെന്നാണ് എന്റെ അനുഭവം.

 

എറണാകുളത്ത് സ്കൂൾ–ഹയർസെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ് മീര പുണെ െഎസറിൽ എത്തിയത്. ചുളളിക്കൽ കോന്നുളളി ലൗലിയുടെയും അഗസ്റ്റസിന്റെയും മകളാണ്. 

English Summary: Things To Know Before Going To Study Abroad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com