ADVERTISEMENT

അവിചാരിതമായാണ് അയാൾ ആ ഗ്രാമത്തിലെത്തിയത്. വഴിയിൽ വച്ച് ഒരു സ്ത്രീയെ പരിചയപ്പെടുകയും അവളുടെ രാത്രിഭക്ഷണത്തിനുള്ള ക്ഷണം സ്വീകരിച്ച് അവളോടൊപ്പം നടക്കുകയും ചെയ്തു. വഴിപോക്കൻ ചോദിച്ചു: നിങ്ങളെന്താണ് ഈ സ്ത്രീക്കൊപ്പം? അവൾ സൽസ്വഭാവിയല്ല. അതു ശ്രദ്ധിക്കാതെ അയാൾ നടന്നു. മറ്റു പലരും ഈ യാത്ര കണ്ടു. അവരും അതേ അഭിപ്രായം രേഖപ്പെടുത്തി. കേട്ടറിഞ്ഞെത്തിയ ഗ്രാമത്തലവനും പറഞ്ഞു: അവൾ ദുർനടപ്പുകാരിയാണ്. അവിടെനിന്ന അയാൾ ഗ്രാമത്തലവന്റെ ഒരു കയ്യിൽ മുറുകെ പിടിച്ചിട്ടു പറഞ്ഞു: ഇനി താങ്കൾക്ക് ഒന്നു കയ്യടിക്കാമോ? തലവൻ ചോദിച്ചു: രണ്ടു കയ്യും ഇല്ലാതെ എങ്ങനെയാണ് കയ്യടിക്കുന്നത്? അയാൾ പറഞ്ഞു: ഒരു ഗ്രാമത്തിൽ ദുർനടപ്പുകാരിയായ ഒരു സ്ത്രീയുണ്ടെങ്കിൽ അവിടെ അങ്ങനെയുള്ള പുരുഷൻമാരുമുണ്ട്. 

കുറ്റവാളികൾ രണ്ടുതരമുണ്ട്; പിടിക്കപ്പെടുന്നവരും പിടിക്കപ്പെടാത്തവരും. പിടിക്കപ്പെടുന്നവർ ശിക്ഷിക്കപ്പെടുകയും തിരുത്തലിന്റെ സാധ്യതകളിലേക്കു മടങ്ങുകയും ചെയ്തേക്കാം. പിടിക്കപ്പെടാത്തവർ നന്മയുടെ മൂടുപടം തേച്ചുമിനുക്കി അവരുടെ യാത്ര തുടരും. അവരിലൂടെയാണ് സമൂഹത്തിലെ എല്ലാ ദുർവൃത്തികളും തുടരുന്നത്. എല്ലാ അപഥ സഞ്ചാരങ്ങളിലും ചില അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാകും. അതിൽ അവർക്കെല്ലാമുള്ള ഉത്തരവാദിത്തം ഒരുപോലെയാണ്. 

കളങ്കമില്ലാത്തവർ കല്ലെറിയാൻ നിൽക്കില്ല. ആരെയും അനാവശ്യമായി വിധിക്കുന്നതിന്റെ കളങ്കമേൽക്കാൻ പോലും അവർ തയാറല്ല. അശുദ്ധിയുടെ എല്ലാ മാർഗങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുമ്പോഴും തങ്ങൾ പൂർണരല്ലെന്നും തെറ്റിൽ വീഴാനുള്ള സാധ്യതയുണ്ടെന്നും അവർക്കറിയാം. അപരന്റെ കുറവുകൾ തേടി നടക്കുന്നത് സ്വന്തം പോരായ്മകൾ മറയ്ക്കാനും അന്യരുടെ ന്യൂനതകൾ പരത്തുമ്പോൾ ലഭിക്കുന്ന വൈകാരിക സുഖം അനുഭവിക്കാനുമൊക്കെയാണ്. അതിരൂക്ഷമായ അനാവശ്യ വിമർശനങ്ങളുമായി ജാഥ നയിക്കുന്നവർക്കെല്ലാം എന്തെങ്കിലും ഒളിപ്പിക്കാനുണ്ടാകും. ദിനവൃത്താന്തങ്ങളും സാഹചര്യങ്ങളുമറിയാതെ കേട്ടറിവിന്റെ പേരിൽ എങ്ങനെയാണ് ഒരാൾക്കു മാർക്കിടുന്നത്. ഒരു നാട്ടിൽ ഒരു അധർമി രൂപപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം ആ നാടിനുമുണ്ട്. സ്വന്തം കറ കഴുകിയിട്ടുമതി അന്യരിൽ ചാപ്പ കുത്താൻ.

English Summary:

The Hypocrisy of Judgment: When the Unblemished Cast Stones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com