ADVERTISEMENT

വരുമാനം ആമയെ പോലെയും ചെലവുകള്‍ മുയലിനെ പോലെയും കുതിക്കുന്ന കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. ജീവിതചെലവുകളില്‍ മുഖ്യമായ ഒന്നാണ്‌ കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്‌. അടുത്തിടെ ഡല്‍ഹിയിലെ ഒരു പിതാവ്‌ തന്റെ എക്‌സില്‍(മുന്‍പ്‌ ട്വിറ്റര്‍) പങ്കുവച്ച ഒരു ചിത്രം രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസം എത്ര മാത്രം ചെലവേറിയതായി മാറിയെന്നതിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലായി. 

ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റായ ആകര്‍ഷ്‌ കുമാറാണ്‌ വിശദമായ ബ്രേക്ക്‌ അപ്പ്‌ സഹിതം പ്ലേ സ്‌കൂളില്‍ പഠിക്കുന്ന തന്റെ മകന്റെ സ്‌കൂള്‍ ഫീസ്‌ കണക്കിന്റെ സ്‌ക്രീന്‍ഷോട്ട്‌ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. രജിസ്‌ട്രേഷന്‍ ഫീസും വാര്‍ഷിക ഫീസും നാലു ടേമിലെ ഫീസുകളും അടക്കം മൊത്തം 4,30,000 രൂപയാണ്‌ പ്ലേ സ്‌കൂളിലെ ഒരു വര്‍ഷത്തെ പഠന ചെലവെന്ന്‌ ആകര്‍ഷ്‌ കണക്ക്‌ നിരത്തുന്നു. തന്റെ മൊത്തം പഠനത്തിന്‌ ഇത്രയും തുക ചെലവായിട്ടില്ലെന്നും ഇത്രയും ഫീസ്‌ വാങ്ങിയിട്ട്‌ കുട്ടിയെ അവര്‍ നല്ല വണ്ണം കളിക്കാന്‍ പഠിപ്പിച്ചാല്‍ മതിയായിരുന്നെന്നും ആകര്‍ഷ്‌ അടിക്കുറിപ്പായി ചേര്‍ക്കുന്നു. 

ചുരുങ്ങിയ സമയം കൊണ്ട്‌ വൈറലായ ഈ എക്‌സ്‌ പോസ്‌റ്റ്‌ രണ്ടായിരത്തോളം പേര്‍ റീപോസ്‌റ്റ്‌ ചെയ്യുകയും 14,000 പേര്‍ ലൈക്ക്‌ ചെയ്യുകയും 20 ലക്ഷത്തോളം പേര്‍ കാണുകയും ചെയ്‌തു. രസകരവും ഗൗരവപൂര്‍ണ്ണവുമായ രണ്ടായിരത്തഞ്ഞൂറില്‍ പരം കമന്റുകളും പോസ്‌റ്റിന്‌ ലഭിച്ചു. ഇത്രയും പണമൊക്കെ നല്‍കി പ്ലേ സ്‌കൂളില്‍ കളിക്കാന്‍ പഠിപ്പിച്ചിട്ട്‌ ആ കുട്ടി വിരാട്ട്‌ കോലിയെങ്കിലും ആയാല്‍ മതിയായിരുന്നെന്ന്‌ ഒരാള്‍ കമന്റ്‌ ചെയ്യുന്നു. ഈ സ്‌കൂളിലെ ഓരോ തരി മണലും കഴിക്കാന്‍ പറ്റിയതായിരിക്കുമെന്നാണ്‌ മറ്റൊരു രസികന്റെ കമന്റ്‌. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ക്ക്‌ ഇതിലും പറ്റിയൊരു പരസ്യം കിട്ടാനില്ലെന്നാണ്‌ മറ്റൊരാളുടെ അഭിപ്രായം. 

വലിയ തുക മുടക്കി സ്വകാര്യ സ്‌കൂളുകളില്‍ അയച്ച്‌ പഠിപ്പിച്ചാല്‍ മക്കള്‍ സൂപ്പര്‍ ഹ്യൂമന്‍ ആകുമെന്നാണ്‌ ഇന്ത്യയിലെ മാതാപിതാക്കളുടെ ധാരണയെന്ന്‌ ഇനിയൊരാള്‍ വിമര്‍ശിക്കുന്നു. പല മള്‍ട്ടിനാഷണല്‍ കമ്പനികളും ഇതിലും കുറച്ചുള്ള ശമ്പളമാണ്‌ തുടക്കക്കാര്‍ക്ക്‌ വാര്‍ഷിക ശമ്പളമായി നല്‍കുന്നതെന്ന്‌ മറ്റൊരു എക്‌സ്‌ ഉപഭോക്താവ്‌ അഭിപ്രായപ്പെട്ടു. പൊതുവിദ്യാഭ്യാസ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ ഇത്‌ വിരല്‍ചൂണ്ടുന്നതായും ചിലര്‍ കൂട്ടിച്ചേര്‍ത്തു. 

English Summary:

Delhi Man Pays Rs 4.3 Lakh for Son's Playschool Fees, Says 'More Than My Entire Education'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com