ADVERTISEMENT

കാലം മാറുമ്പോൾ കോലം മാറണം എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന് അടിവരയിട്ടുറപ്പിക്കുന്ന ഒരു അനുഭവക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ചങ്ങനാശേരി എൻഎസ്എസ്  ഹിന്ദു   കോളജിലെ ഇംഗ്ലിഷ് അധ്യാപിക ഡോ. ശ്രീജ എസ്. നായർ. പ്രണയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചുമുള്ള ന്യൂജെൻ സങ്കൽപങ്ങൾ തന്നെ വല്ലാതെ അമ്പരപ്പിച്ചുവെന്നു പറഞ്ഞുകൊണ്ടാണ് മാറിയ കാലത്തെ ക്യാംപസ് അനുഭവങ്ങളെക്കുറിച്ച് ഡോ.ശ്രീജ പറയുന്നത്. വ്യത്യസ്ത കാലയളവിൽ രണ്ട് തലമുറകളിൽപ്പെട്ട വിദ്യാർഥികളെ ഒരേ പാഠഭാഗങ്ങൾ പഠിപ്പിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും അവരുടെ പ്രതികരണങ്ങളിലെ അന്തരത്തെക്കുറിച്ചുമാണ് ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ ഡോ. ശ്രീജ കുറിച്ചിരിക്കുന്നത്. ‘മാറുന്ന വിദ്യാര്‍ഥികള്‍... മാറ്റമില്ലാത്ത അധ്യാപിക’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമ പേജിൽ ഡോ. ശ്രീജ പങ്കുവച്ച കുറിപ്പിങ്ങനെ:- 

2017 ൽ, മൂന്ന് വർഷത്തെ സേവനം അവസാനിപ്പിച്ച് പന്തളം കോളജിൽനിന്ന് ഞാന്‍ പഠിച്ച ചങ്ങനാശേരി എൻഎസ്എസ് ഹിന്ദു കോളജിലേക്ക് ട്രാൻസ്ഫർ വാങ്ങി വരുമ്പോള്‍ കലാലയം മാത്രമല്ല, സര്‍വകലാശാലയും മാറുകയായിരുന്നു. കേരള സര്‍വകലാശാലയിൽനിന്ന് എംജിയിലേക്ക്. സിലബസിൽ ഒരുപാട് മാറ്റങ്ങളുണ്ട്. ആദ്യം മുതൽ എല്ലാം തുടങ്ങണം. നന്നായി തയാറെടുത്തു തന്നെ പഠിപ്പിക്കണം. അപ്പോഴാണ് 2017 ൽ എംജി സര്‍വകലാശാലയുടെ സിലബസ് മാറുകയാണ് എന്നറിഞ്ഞത്. ഞാന്‍ മാത്രമല്ല, എല്ലാവരും തയാറെടുത്തു തന്നെ പഠിപ്പിക്കണം. ഒന്നാം വര്‍ഷ ബിരുദക്കാർക്ക് ജനറൽ ഇംഗ്ലിഷിന്റെ ഭാഗമായി ‘പേൾസ് ഫ്രം ദ ഡീപ്’ (Pearls from the Deep) എന്ന പുസ്തകം പഠിക്കാനുണ്ട്. അതില്‍ ചെറുകഥകള്‍ ഉണ്ട്, നാടകങ്ങൾ ഉണ്ട്, നോവലിന്റെ പ്രസക്ത ഭാഗങ്ങളും കവിതകളും ഉണ്ട്. ആഗ്രഹിച്ച പോലെ എനിക്ക് കവിതകൾ ആണ് പഠിപ്പിക്കാന്‍ കിട്ടിയത്. 

ഒൻപത് ചെറിയ കവിതകള്‍ ആണ് ആ പുസ്തകത്തില്‍ ഉണ്ടായിരുന്നത്. കവിതകൾ പഠിപ്പിക്കുന്നതിനു മുന്നേ ഞാന്‍ അതിന്റെ മലയാള പരിഭാഷ ലഭ്യമാണോ എന്ന് നോക്കാറുണ്ട്. ഇംഗ്ലിഷ് കവിതകൾ പഠിപ്പിക്കുമ്പോൾ മലയാള പരിഭാഷ വളരെ സഹായകരമാണ്. അന്ന് ക്ലാസ്സിൽ പഠിപ്പിക്കാന്‍ ഉണ്ടായിരുന്ന ഒരു കവിത പാബ്ലോ നെരൂദ (Pablo Neruda) യുടെ ടു നൈറ്റ് ഐ കാൻ റൈറ്റ് ദ് സാഡസ്റ്റ് ലൈൻസ് (Tonight I Can Write the Saddest Lines) ആണ്. താന്‍ ജീവനു തുല്യം സ്നേഹിച്ച പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് മറ്റൊരാളുടെ സ്വന്തമാകുന്ന രാത്രിയില്‍ കവി നെഞ്ച് പൊട്ടി കുറിച്ച വരികളാണ് കവിതയുടെ പ്രമേയം. ഞാന്‍ കവിത ചൊല്ലി കുട്ടികള്‍ക്കു വിശദീകരിച്ചു കൊടുത്തു.

Tonight I can write the saddest lines. 
I loved her, and sometimes she loved me too.
Through nights like this one, I held her in my arms.
I kissed her again and again under the endless sky.

ശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാട് സാർ മലയാളത്തില്‍ പരിഭാഷ ചെയ്തിട്ടുള്ള കവിതയുടെ വരികള്‍ നോക്കി വീണ്ടും ചൊല്ലിക്കൊടുത്തു.

‘‘കഴിയുമീ രാവെനിക്കേറ്റവും ദുഃഖഭരിതമായ വരികളെഴുതുവാൻ
അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരുന്നു. എന്നെ അവളുമെപ്പൊഴോ പ്രേമിച്ചിരുന്നിടാം. 
ഇത് കണക്കെത്ര രാത്രികള്‍ നീളെ ഞാനവളെ വാരിയെടുത്തിതെൻ കൈകളില്‍ 
അതിരെഴാത്ത ഗഗനത്തിന് കീഴിൽ അവളെ ഞാന്‍ ഉമ്മ വച്ചു തെരുതെരെ.

dr-sreeja-s-nair-with-her-students-002
ഡോ. ശ്രീജ എസ് നായർ വിദ്യാർഥികൾക്കൊപ്പം

ക്ലാസ് അവസാനിക്കുമ്പോള്‍ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു, ചിലര്‍ സങ്കടം കണ്ണടയുടെ മറവില്‍ ഒളിപ്പിക്കുന്നു. മറ്റു ചിലര്‍ കണ്ണില്‍ കരട് വീണത് പോലെ തുടയ്ക്കുന്നു. എന്റെ തൊണ്ടയിലും ഒരു ഗദ്ഗദം വന്നു തടഞ്ഞു നില്‍ക്കുന്നു. ബെല്‍ മുഴങ്ങിയപ്പോൾ ഞാന്‍ പുസ്തകവുമെടുത്ത് ഡിപ്പാർട്ട്മെൻറിലേക്കു നടന്നു. പിന്നീട് പല കുട്ടികളും നേരിട്ടും വാട്സാപ്പിലൂടെയും കവിതയെക്കുറിച്ച് സംസാരിച്ചു. എന്നിലെ അധ്യാപിക കൃതാർഥയായി. കുട്ടികളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ വികാരത്തെ തൊട്ടുണർത്താൻ എനിക്ക് സാധിച്ചല്ലോ എന്ന സന്തോഷം. സാഹിത്യം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് മാത്രം ലഭിക്കുന്ന വരദാനം.

2024 മുതല്‍ 4 വര്‍ഷ ബിരുദ കോഴ്സിനെ വരവേൽക്കാൻ കലാലയം സജ്ജമാവുകയാണ്. ഈ വര്‍ഷം, അതായത് 2023 വരെ മാത്രമേ പേൾസ് ഫ്രം ദ ഡീപ് (Pearls from the Deep) പഠിപ്പിക്കേണ്ടതുള്ളൂ. അതുകൊണ്ട് തകർത്തു കളയാം എന്ന് വിചാരിച്ച് പതിവു പോലെ ക്ലാസിൽ ചെന്ന് ഞാന്‍ കവിത ചൊല്ലി, വിശദീകരിച്ച്, മലയാള പരിഭാഷ വായിച്ചു കൊടുത്തു. എല്ലാം കഴിഞ്ഞ് കുട്ടികളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ഒരു തരം നിർവികാരത. ചിലര്‍ വാച്ചിൽ നോക്കുന്നു, മറ്റു ചിലര്‍ തീര്‍ന്നു കിട്ടിയല്ലോ എന്ന് ആശ്വസിക്കുന്നു, ചിലര്‍ പുസ്തകം ബാഗിലേക്ക് തള്ളിക്കയറ്റുന്നു. പിന്നിലെ ബെഞ്ചിൽ ഒരുവന്‍ ചിരിച്ചു തകര്‍ക്കുന്നു. ‘എന്തിനാ ചിരിക്കുന്നത്?’ ഞാന്‍ അവനോടു ചോദിച്ചു. ‘ക്ലാസ്സിലൊന്നും ശ്രദ്ധിക്കാതെ അവസാനം സപ്ളി എഴുതാന്‍ വരണം, കേട്ടോ’ എന്നും കൂട്ടിച്ചേര്‍ത്തു. ഉടനെ അവന്റെ മറുപടി: ‘ക്ലാസ്സ് കേട്ടു, മിസ്സേ, അവള്‍ അവനെ ‘തേച്ചിട്ടു' പോയി അല്ലെ?’ ഞാന്‍ ഞെട്ടിപ്പോയി. നെഞ്ചില്‍ രക്തം പൊടിഞ്ഞു നെറൂദ എഴുതിയ കവിത അവനെ സംബന്ധിച്ചിടത്തോളം ഒരു ‘തേപ്പ്’ കഥ മാത്രം. 

ഉടനെ പയ്യന്റെ അടുത്ത കമന്റ്, ‘മിസ്സ് കഴിഞ്ഞ ദിവസം പഠിപ്പിച്ചതും തേപ്പ് കവിത തന്നെ അല്ലായിരുന്നോ?’
‘അത് ഏതാടോ ആ കവിത?’ ഞാന്‍ ആരാഞ്ഞു. 
‘അതിന്റെ പേര് എന്റെ വായിൽ കൊള്ളില്ല മിസ്സേ, ഇപ്പം പറയാം.’ 

തുടർന്ന് പേജ് മറിച്ച് നോക്കി അവന്‍ കഷ്ടപ്പെട്ട് വായിച്ചു ‘La Belle Dame Sans Merci’ . തലയ്ക്കു അടി കിട്ടിയത് പോലെ ആയി ഞാന്‍. ഇംഗ്ലിഷ് സാഹിത്യത്തിന് ഒരുപാട് സംഭാവനകള്‍ തന്ന റൊമാന്റിക് പോയറ്റ് ജോൺ കീറ്റ്സിന്റെ Autobiographical elements ഉള്ള കവിത. ഒരു ഫ്രഞ്ച് കവിതയുടെ ശീര്‍ഷകം ആണ് കീറ്റ്സ് കവിതയ്ക്കു കൊടുത്തിരിക്കുന്നത്.അതിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘The Beautiful Lady without Pity’ ആണ് അവന്റെ മനസ്സിലെ മറ്റൊരു ‘തേപ്പ്’ കവിത. 

സഹോദരന്റെ അസുഖം, അദ്ദേഹത്തെ ശുശ്രൂഷിക്കൽ... ചെറു പ്രായത്തില്‍ ട്യൂബർകുലോസിസിന് അടിമപ്പെടുമ്പോൾ കീറ്റ്സിന് പ്രണയിനിയേയും നഷ്ടപ്പെട്ടിരുന്നു. 25–ാം വയസ്സില്‍ ലോകത്തോട് വിട പറയുമ്പോൾ നഷ്ടങ്ങൾ മാത്രമായിരുന്നു കീറ്റ്സിന് കൈമുതലായിട്ടുണ്ടായിരുന്നത്. പ്രണയിനിയെ നഷ്ടപ്പെട്ട് കടുത്ത വിരഹ വേദനയില്‍ കീറ്റ്സ് എഴുതിയ കവിതയാണ് ‘La Belle Dame Sans Merci’. അതാണ് കുട്ടികളുടെ ഭാഷയിലെ ‘തേപ്പ്’ കവിത. ദിലീപ് ഒരു സിനിമയിൽ പറയുന്ന ഡയലോഗ് ആണ് എനിക്കപ്പോൾ ഓർമ വന്നത് ‘അത്രയും ഇംഗ്ലിഷ് വേസ്റ്റ് ആയി’.

dr-sreeja-s-nair-with-her-students
ഡോ. ശ്രീജ എസ് നായർ വിദ്യാർഥികൾക്കൊപ്പം.

ഇന്നത്തെ കുട്ടികളുടെ ഭാഷാപ്രയോഗങ്ങളും വ്യത്യസ്തമാണ്. ‘ക്ലാസ്സിൽ കയറാത്തത് എന്താ?’ എന്നു ചോദിച്ചാല്‍ അവർ പറയും ടീച്ചർ ‘കയറിയില്ല’ എന്ന്. ടീച്ചർ ‘എത്തിയില്ല’ എന്നത് ടീച്ചർ ‘കയറിയില്ല’ എന്നായി. മിക്ക കോളജിലും ഇപ്പോള്‍ അധ്യാപകന്‍ ക്ലാസ്സിൽ എത്തിയിട്ട് കുട്ടികളെ മൊബൈൽ ഫോണിൽ വിളിച്ച് അറിയിക്കുകയാണ് പതിവ് എന്ന് പറയുന്നു. വിദ്യാർ‍ഥികള്‍ വീട്ടില്‍ ഇരുന്നാല്‍ അവർ ‘ലീവ്’ ആണ്. അധ്യാപകന്‍ കോളേജിൽ എത്തിയിട്ടില്ലെങ്കിൽ‍ ‘ആബ്സന്റ്’ ആണ്. അസൈൻമെന്റ് സബ്മിറ്റ് ചെയ്യാത്തത് എന്താണ് എന്ന് ചോദിച്ചാല്‍ ഉടനെ മറുപടി വരും ‘ഇപ്പം സെറ്റാക്കാം’ മിസ്സേ. സ്ഥിരമായി ഒരുമിച്ച് ഇരിക്കുന്ന കുട്ടികളെ ചോദ്യം ചെയ്താൽ അവര് പറയും ‘ഞങ്ങൾ ബെസ്റ്റീസ് ആണ്’.  അത് എന്തൂട്ട് സാധനം? കഴിഞ്ഞ ദിവസം ഫ്ലാറ്റ് വൃത്തിയാക്കുന്നതിനിടയിൽ മകന്റെ ബാഗില്‍ നിന്ന് ഒരു ക്രിസ്മസ് കാർഡ് കിട്ടി. വടിവൊത്ത അക്ഷരം കണ്ടപ്പോള്‍ തന്നെ മനസ്സിലായി അവന്‍ എഴുതിയതല്ല, അത് അവന് ആരോ കൊടുത്തത് ആണ്. അതില്‍ എഴുതിയിരിക്കുന്നു ‘Xmas is not a day, but a frame of mind’ .കള്ളത്തരം കണ്ടു പിടിച്ച ചാരിതാര്‍ത്ഥ്യത്തിൽ ഞാന്‍ പുത്രനോട് ചോദിച്ചു. ‘ഇത് നിനക്ക് തന്നതാരാണ്?’. മൊബൈൽ ഗെയിമിൽ നിന്ന് തല പോലും ഉയര്‍ത്താതെ അവന്‍ പറഞ്ഞു ‘എന്റെ ബെസ്റ്റി തന്നത് ആണ്. അമ്മയ്ക്കെന്താ കുഴപ്പം?’. എട്ടാം ക്ലാസ്സുകാരനും ഉണ്ട് ‘ബെസ്റ്റി’. വിദ്യാർഥികൾ മാറുകയാണ്. ഭാഷാപ്രയോഗങ്ങളും അവരോടൊപ്പം പിടിച്ചു നിൽക്കാൻ അധ്യാപകരും മാറിയേ മതിയാകൂ.

Content Summary:

Cultural Shifts in the Classroom: Dr. Sreeja's Introspective Take on Teaching English to New Age Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com