ADVERTISEMENT

ആറ് പോർച്ചുഗീസ് യുവാക്കളാണ് ഇപ്പോൾ കാലാവസ്ഥാമേഖലയിലെ താരങ്ങൾ. 32 രാജ്യങ്ങൾക്കെതിരെ ഇവർ നിയമനടപടികൾ എടുത്തിരിക്കുകയാണ്. ഈ രാജ്യങ്ങളിൽ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എല്ലാ രാജ്യങ്ങളും ഉൾപ്പെടും. ബ്രിട്ടൻ, നോർവേ, റഷ്യ, സ്വിറ്റ്‌സർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളും ഇതിൽ ഉൾപ്പെടും.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനായി മതിയായ നടപടികൾ ഈ രാജ്യങ്ങൾ എടുത്തില്ലെന്നാണ് ഈ ചെറുപ്പക്കാരുടെ സംഘത്തിന്‌റെ ആരോപണം. ഇതിനാൽ തന്നെ പാരിസ് ഉടമ്പടിയുടെ ലക്ഷ്യമായ, ആഗോളതാപനത്തിന്റെ വർധന ഒന്നര ഡിഗ്രിക്കുള്ളിൽ നിർത്തുന്ന രീതിയിൽ ഹരിതഗൃഹവാതക വികിരണങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തിലേക്ക് സർക്കാരുകൾ എത്തിയില്ലെന്നും യുവാക്കൾ ആരോപിക്കുന്നു.

സ്ട്രാസ്ബർഗിലെ യൂറോപ്യൻ മനുഷ്യാവകാശ കോടതിയിലാണ്, ഭാവി പരിസ്ഥിതി മേഖലയിൽ നാഴികക്കല്ലായേക്കാവുന്ന ഈ കേസ് ഫയൽചെയ്തിരിക്കുന്നത്. ഇതു വിജയകരമായാൽ രാജ്യങ്ങൾക്കെതിരെ നിയമനടപടി വരാൻ സാധ്യതയുണ്ട്.

11 വയസ്സ് മുതൽ 24 വയസ്സുവരെ പ്രായമുള്ള 6 യുവാക്കളാണ് കേസുമായി മുന്നോട്ടു പോകുന്നത്. സംഘത്തിലെ 24 വയസ്സുകാരിയായ ക്ലോഡിയ ഡുവാർട്ടെ, 2017ൽ പോർച്ചുഗലിൽ സംഭവിച്ച വലിയ താപതരംഗവും കാട്ടുതീകളുമാണ് ഇത്തരമൊരു ഉദ്യമത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് വെളിപ്പെടുത്തി. ആഗോളതാപനത്തിന്റെ ഫലമായാണ് ഇത്ര വലിയ അളവിൽ കാട്ടുതീകൾ സംഭവിച്ചത്. അടിസ്ഥാന മനുഷ്യാവകാശം, ജീവിക്കാനുള്ള അവകാശം, സ്വകാര്യത, കുടുംബജീവിതം തുടങ്ങിയവ കാലാവസ്ഥാ വ്യതിയാനം കാരണം ബാധിക്കപ്പെടുകയാണ്.

ഈ യുവാക്കളിൽ പലരും കാട്ടുതീയുടെ തിക്തഫലം അനുഭവിച്ചവരാണ്. ഉറക്കപ്രശ്‌നങ്ങൾ, ശ്രദ്ധക്കുറവ്, ആശങ്കരോഗം, അലർജി, ആസ്ത്മ തുടങ്ങിയ അവസ്ഥകൾ തങ്ങൾക്ക് ഇതുകാരണം സംഭവിച്ചെന്ന് അവർ വെളിപ്പെടുത്തുന്നു.

 എന്നാൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ അധികാരപരിധിക്കു പുറത്താണ് കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച തർക്കങ്ങളെന്നും അതിനാൽ തന്നെ കേസിന് നിയമസാധുത ഇല്ലെന്നും രാജ്യങ്ങൾ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com