ADVERTISEMENT

തെക്കൻ അമേരിക്കൻ രാജ്യമായ ബ്രസീലിന്റെ വിസ്തീർണത്തിന്റെ 3 മടങ്ങ് ആയിരിക്കുകയാണ് അന്റാർട്ടിക്കയുടെ മുകളിലുള്ള ഓസോൺ പാളിയുടെ വലുപ്പമെന്ന് ഗവേഷകർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ–5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

കഴിഞ്ഞ വർഷം ടോംഗയ്ക്ക് സമീപം നടന്ന ഭൂഗർഭ അഗ്നിപർവത സ്ഫോടനമാണ് ഇതിനു കാരണമായതെന്നാണ് ഗവേഷകർ പറയുന്നത്. വലിയ അളവിൽ നീരാവി അന്തരീക്ഷത്തിലേക്കുയർന്നു. ഇത് പോളർ സ്ട്രാറ്റോസ്ഫെറിക് ക്ലൗഡ് എന്ന മേഘങ്ങളുടെ രൂപീകരണത്തിനു കാരണമായി. ഇതാണ് ഓസോൺ പാളിയിലെ വിള്ളലിന് വലുപ്പമേറ്റിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

നിലവിൽ ദക്ഷിണധ്രുവത്തിനു മുകളിലെ ഓസോൺ വിള്ളൽ 2.6 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണം കൈവരിച്ചിരിക്കുകയാണെന്ന് ഗവേഷകർ പറയുന്നു. സമീപകാലത്ത് ഓസോൺ വിള്ളൽ ഏറ്റവും വലിയ വിസ്തീർണം കൈവരിച്ചത് 2000ൽ ആണ്. 2.84 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണമായിരുന്നു അന്ന്.

അൾട്രാവയലറ്റ് ഉൾപ്പെടെ വിനാശകാരികളായ രശ്മികളിൽ നിന്നു ഭൂമിയെയും ഇവിടത്തെ ജീവജാലങ്ങളെയും സംരക്ഷിക്കുന്നതാണ് ഓസോൺ പാളി ഓസോൺ ദ്വാരമെന്നു പറയുന്നുണ്ടെങ്കിലും ഓസോൺ വാതകപാളിയുടെ കട്ടികുറയുന്നതാണ് ഇത്. അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്ഫിയർ മേഖലയിലാണു പാളി സ്ഥിതി ചെയ്യുന്നത്.

എഴുപതുകളിലാണ് കലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞരായ പ്രഫസർ ഫ്രാങ്ക് ഷെർവുഡും മാരിയോ മോളിനയും വടക്കു, തെക്ക് ധ്രുവങ്ങളിൽ ഓസോൺ പാളിയിൽ വലിയ വിള്ളലുകൾ ചൂണ്ടിക്കാട്ടിയത്. ഒരു കോടിയിലധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ളതായിരുന്നു ഈ വിള്ളൽ. ഇതു മൂലം വലിയ തോതിൽ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിച്ചാൽ അതു ഭൂമിക്കും മനുഷ്യർക്കും വിനാശപൂർണമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. 

Image Credit: Ray Hems/ Istock
Image Credit: Ray Hems/ Istock

ഓസോൺ പാളിയെക്കുറിച്ചുള്ള അവബോധം താമസിയാതെ ലോകമെമ്പാടും സൃഷ്ടിക്കപ്പെട്ടു. 1987ൽ 46 രാജ്യങ്ങൾ ഒത്തു ചേർന്ന് മോൺട്രിയൽ പെരുമാറ്റച്ചട്ടത്തിന് തുടക്കമിട്ടു. ഓസോൺ പാളിക്ക് നാശമുണ്ടാക്കുന്ന ക്ലോറോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയ രാസവസ്തുക്കൾ നിരോധിക്കാനും ബാധിക്കുന്ന മറ്റ് രാസവസ്തുക്കളെ നിയന്ത്രിക്കാനും മോൺട്രിയൽ പെരുമാറ്റച്ചട്ടം നീക്കങ്ങളെടുത്തു. ക്ലോറോ ഫ്ലൂറോ കാർബണുകൾ, ഹാലോണുകൾ, മീഥൈൽ ക്ലോറോഫോം, കാർബൺ ടെട്ര ക്ലോറൈഡ്, ഹൈഡ്രോ ഫ്ലൂറോ കാർബണുകൾ തുടങ്ങിയ തന്മാത്രകളാണ് ഓസോണിന് പ്രധാനമായും നാശം വരുത്തുന്നവ.

ഓസോണിന്റെ തീവ്രത 220 ഡോബ്‌സൺ യൂണിറ്റുകൾക്ക് താഴെപ്പോകുന്ന മേഖലകളെയാണ് ദ്വാരം എന്നു വിളിക്കുന്നത്. അന്തരീക്ഷത്തിൽ എത്രത്തോളം ഓസോൺ തന്മാത്രകളുണ്ടെന്നതിന്റെ അളവാണു ഡോബ്‌സൺ യൂണിറ്റ്.

Image Credit: anyaberkut/ Istock
Image Credit: anyaberkut/ Istock

ഓസോൺ ദ്വാരം സംബന്ധിച്ച് തെറ്റായ വിവരങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഇടക്കാലത്ത്  ഭൂമിയിലെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ പാളിയിൽ വമ്പൻ ദ്വാരം നിലനിൽക്കുന്നുണ്ടെന്ന പഠനം വന്നു. 1980 മുതൽ തന്നെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ ദ്വാരം നിലനിൽക്കുന്നതായി പറഞ്ഞുള്ള ലേഖനം എഐപി അഡ്വാൻസസ് എന്ന ജേണലിലാണു പ്രസിദ്ധീകരിച്ചത്.

എന്നാൽ ലേഖനത്തെ മുൻനിര ഗവേഷകരും കാലാവസ്ഥാ ശാസ്ത്രജ്ഞരും തള്ളി.

English Summary:

Giant Antarctic Ozone layer hole grows 3 times bigger than Brazil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com