ADVERTISEMENT

ബംഗാൾ ഉൾകടലിൽ രൂപംകൊണ്ട ‘മിഗ്ജാമ്’ ചുഴലിക്കാറ്റ് ശക്തമാകുന്നു. ഈ വർഷത്തെ ആറാമത്തെ ചുഴലിക്കാറ്റാണിത്. മിഗ്ജാമ് ( MICHAUNG ) എന്ന പേര് നിർദേശിച്ചത് മ്യാൻമർ ആണ്. ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അതിശക്തമായ മഴ തുടങ്ങി. ആന്ധ്രാ പ്രദേശ്, വടക്കൻ തമിഴ്നാട്, പുതുച്ചേരി തീരങ്ങൾക്ക് ചുഴലിക്കാറ്റ് രണ്ടാം ഘട്ട മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെയോടെ തെക്കൻ ആന്ധ്രാ പ്രദേശ് / വടക്കൻ തമിഴ്നാട് തീരത്തിന്സമീപം എത്തിച്ചേരുന്ന ചുഴലിക്കാറ്റ്, തുടർന്ന് വടക്ക് ദിശയിലേക്ക് മാറി തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തിന് സാമാന്തരമായി സഞ്ചരിച്ചു ഡിസംബർ 5 ന് രാവിലെയോടെ നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ മണിക്കൂറിൽ പരമാവധി 100 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

മിഗ്ജാമ് എഫക്ട് കേരളത്തെ ബാധിക്കില്ലെന്ന് കാലാവസ്ഥ വിദ്ഗധൻ രാജീവൻ എരിക്കുളം മനോരമ ഓൺലൈനോട് പറഞ്ഞു. ചുഴലിക്കാറ്റ് കാരണം കേരളത്തിന് ലഭിക്കേണ്ട മഴ നഷ്ടമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ മിഗ്ജാമ് തമിഴ്നാട്ടിലേക്ക് അടുക്കുകയാണ്. അവിടെനിന്നും ആന്ധ്രയിലേക്ക് തിരിക്കും. അതിനാൽ കേരളത്തിലേക്ക് എത്തേണ്ട കാറ്റ് ദിശമാറി ആ വശത്തേക്ക് പോകും. ഇത് തുലാവർഷ മഴയെ ബാധിക്കും. ആന്ധ്ര, ഒഡിഷ തീരപ്രദേശങ്ങളിൽ ഡിസംബർ 4, 5 തിയതികളിൽ അതിശക്തമായ മഴയായിരിക്കും. ഡിസംബർ 6ന് ചുഴലിക്കാറ്റിന്റെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും രാജീവൻ വ്യക്തമാക്കി.

cyclone-ne
തുലാവർഷ മഴക്കണക്ക്. (ഒക്ടോബർ 1 മുതൽ നവംബർ 30വരെ)

തുലാവർഷത്തിന്റെ ഭാഗമായുള്ള മഴ പൂർണമായും നഷ്ടപ്പെടില്ല. ലഭിക്കുന്ന മഴയുടെ അളവിൽ കുറവുണ്ടായേക്കാം. ഡിസംബർ 31വരെയാണ് തുലാവർഷ കാലാവധി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽമഴ ഇത്തവണ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 3 ശതമാനം മഴക്കുറവായിരുന്നു. ഇത്തവണ ഇതുവരെയുള്ള കണക്കനുസരിച്ച് 22 ശതമാനം കൂടുതൽ മഴയാണ് ലഭിച്ചിരിക്കുന്നത്. 2021ലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അത് പ്രളയമായിരുന്നു. 1000ത്തിൽ കൂടുതൽ മില്ലിമീറ്റർ മഴയായിരുന്നു അന്ന് ലഭിച്ചത്. ഇത്തവണ 550 ൽ കൂടുതൽ ലഭിച്ചിട്ടുണ്ട്.– രാജീവൻ എരിക്കുളം പറഞ്ഞു.

English Summary:

Monster Cyclone 'Michaung' Threatens Bay of Bengal: Coastal Areas on High Alert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com