ADVERTISEMENT

ഇന്ന് ലോക ജലദിനം. ശുദ്ധജലത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഈ ദിനം കടന്നുപോകുമ്പോൾ കാൺപുർ ഐഐടിയിലെ ഗവേഷകരുടെ കണ്ടെത്തൽ ശ്രദ്ധേയമാകുന്നു. മലിനജലം ശുദ്ധീകരിക്കാനായി നാനോടെക്നോളജി അടിസ്ഥാനമാക്കിയുള്ള പ്രത്യേക സാങ്കേതികവിദ്യയാണ് ഐഐടി കാൺപുരിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം ഗവേഷകരായ ഡോ. അർച്ചന റായ്ച്ചുർ, ഡോ. നീരജ് സിൻഹ എന്നിവർ കണ്ടെത്തിയത്.

 

‌ വെള്ളത്തിൽ മരുന്നുകളെയും രാസ നശീകരണികളെയും ചെറുക്കുന്ന ആന്റി ബയോടിക് റെസിസ്റ്റന്റ് ബാക്ടീരിയയെപ്പോലും പിടിച്ചെടുക്കാൻ ഈ നാനോ അഡ്സോർബന്റുകൾക്ക് കഴിവുണ്ട്.ആന്റി ബയോടിക് റെസിസ്റ്റന്റ് ബാക്ടീരിയ, മെറ്റൽ റെസിസ്റ്റന്റ് ബാക്ടീരിയ എന്നിങ്ങനെ പ്രശ്നക്കാരായ ബാക്ടീരിയകളെ മാറ്റാൻ ഇവയ്ക്കു കഴിയും. ക്യൂബ് ആകൃതിയിലുള്ള ഈ അഡ്സോർബന്റ് പരിസ്ഥിതി സൗഹൃദപരവും പുനരുപയോഗം നടത്താൻ കഴിയുന്നതുമാണ്. നാനോടെക്നോളജിയാൽ വികസിപ്പിച്ച പ്രത്യേക നാനോ കണങ്ങളാണു വെളളത്തിലെ മാലിന്യത്തെ പിടിച്ചെടുത്ത് ശുദ്ധീകരിക്കുന്നത്.

 

ഇന്നത്തെ കാലത്ത് ജലത്തിലെ മലിനവസ്തുക്കളിൽ നല്ലൊരു പങ്ക് മരുന്നുകളും മറ്റ് ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങളുമാണെന്ന് ഗവേഷണത്തിൽ പങ്കാളിയായ ഡോ. അർച്ചന റായ്ച്ചുർ പറയുന്നു. ഇവയുടെ സാന്നിധ്യം മൂലം മരുന്നുകളോട് പ്രതിരോധമുള്ള ബാക്ടീരിയകൾ ഉടലെടുക്കും. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ വളരെയേറെ ഗുരുതരമാണ്. മരുന്നുകളോട് പ്രതികരിക്കാത്ത ഇത്തരം ബാക്ടീരിയകൾ ചികിത്സ സങ്കീർണമാക്കും. ഇവയുടെ വ്യാപനശേഷി കൂടുകയും ചെയ്യും.ഇത്തരം ബാക്ടീരിയകളെ പിടികൂടാനുള്ള കഴിവാണു പുതിയ കണ്ടെത്തലിനെ ശ്രദ്ധേയമാക്കുന്നത്.

 

മലിനജലം പുനരുപയോഗിക്കുന്ന പ്രക്രിയയിൽ ഈ സാങ്കേതിക വിദ്യയ്ക്കു വലിയ സാധ്യതയുണ്ടെന്ന് ഗവേഷണത്തിനു നേതൃത്വം വഹിച്ച ഡോ. നീരജ് സിൻഹ പറയുന്നു. വെള്ളത്തിന്റെ അരിക്കൽ പ്രക്രിയ കൂടുതൽ സുഗമമാക്കാൻ ഈ നാനോ അഡ്സോർബന്റുകൾക്കു കഴിയും. മനുഷ്യശരീരത്തിന് ഒരു കുഴപ്പവുമുണ്ടാക്കാത്ത ഈ അഡ്സോർബന്റുകൾ പാർശ്വഫലങ്ങൾക്കോ പ്രത്യാഘാതങ്ങൾക്കോ വഴി വയ്ക്കുകയുമില്ല.

 

കാനഡയിലെ വാട്ടർലൂ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയ ഡോ. നീരജ് സിൻഹ നാനോടെക്നോളജിയിൽ നിരവധി ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ കാൺപുർ ഐഐടിയിലെ അസിസ്റ്റന്റ് പ്രഫസറാണ്. ലോകത്തു ശുദ്ധജല ഉത്പാദനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ ഒട്ടേറെ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇതിൽ നാനോടെക്നോളജി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. നാനോ ടെക്നോളജിയിൽ നിർമിക്കപ്പെടുന്ന സ്തരങ്ങൾ കൂടുതൽ ഫലപ്രദമായി അരിക്കൽ പ്രക്രിയ നടത്തുന്നവയാണ്. ഗ്രാഫീൻ കോട്ടിങ്ങോടെയുള്ള സ്തരങ്ങളും കാർബൺ നാനോട്യൂബ് എന്ന സവിശേഷ  വസ്തു ഉപയോഗിച്ചുള്ള ഉപകരണങ്ങളും ഇന്ന് ഉപയോഗിക്കപ്പെടുന്നു.

 

English Summary: IIT Kanpur researchers develop new technique for wastewater treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com