ADVERTISEMENT

കടലിന്നഗാധമാം നീലിമയിൽ... എത്രയോ പ്രണയഗാനങ്ങളാണ് കടലിനെപ്പറ്റി. കാൽപനികതയുടെ ഈണം ചേർത്ത ഗാനങ്ങൾ. കടലിന്റെ ചേതോഹരമായ സൗന്ദര്യം വർണിക്കുന്നവ. എന്നാൽ ഈ സൗന്ദര്യത്തിന് മറ്റൊരു വശമുണ്ട്. വന്യതയുടെ മറുവശം. സുന്ദരിയായിരിക്കുന്ന കടൽ രൗദ്രഭാവം പൂണ്ട് വിളയാടാറുണ്ട് ചിലപ്പോഴൊക്കെ. കടലാക്രമണങ്ങൾ പലവിധമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും തീവ്രമാണ് സൂനാമി. ഇന്ന് നവംബർ 5 , രാജ്യാന്തര സുനാമി അവബോധ ദിനം. മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ സുനാമി സംഭവിച്ചതിനു നമ്മളിൽ പലരും സാക്ഷികളാണ് . 2004 ഡിസംബറിൽ സംഭവിച്ച, ബോക്സിങ് ഡേ സുനാമി എന്ന പേരുള്ള ആ സൂനാമിയിൽ രണ്ടേകാൽ ലക്ഷത്തിലധികം ആളുകൾക്കു മരണം സംഭവിച്ചു.2004 ക്രിസ്മസ് രാവ് പിന്നിട്ട ശേഷമുള്ള ബോക്‌സിങ് ഡേ ദിനത്തിൽ രാവിലെ എട്ടോടെ ഇന്തൊനീഷ്യയിൽ സുമാത്രയ്ക്കു സമീപം 9.1 തീവ്രതയുള്ള ഒരു ഭൂചലനം സംഭവിച്ചതാണ് ഈ സൂനാമിക്കു കാരണമായത്.

ഇന്തൊനീഷ്യയിലെ ബാൻഡ ഏക് പട്ടണമായിരുന്നു പ്രഭവ കേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രദേശം. 20 മിനിറ്റുകൾക്കുള്ളിൽ തന്നെ രാക്ഷസത്തിരകൾ ഇവിടെയെത്തി. നൂറടിപ്പൊക്കത്തിൽ ഉയർന്നുപൊങ്ങിയ തിരകൾ മൂന്നരലക്ഷം പേർ താമസിക്കുന്ന പട്ടണത്തിലേക്ക് ഇരച്ചുകയറി. ഒരു ലക്ഷം പേർ ഉടനടി കൊല്ലപ്പെട്ടു. ഇന്തൊനീഷ്യയ്ക്കു ശേഷം തായ്‌ലൻഡിൽ സൂനാമി ആഞ്ഞടിച്ചു. പിന്നീടായിരുന്നു ഇന്ത്യയിലേക്കുള്ള വരവ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ബീച്ചുകളിൽ ആഞ്ഞടിച്ച സൂനാമിത്തിരകൾ ഒരു മണിക്കൂറിനു ശേഷം ആന്ധ്ര, തമിഴ്‌നാട് തീരങ്ങളിലെത്തി. തമിഴ്‌നാടായിരുന്നു ഇന്ത്യയിൽ സൂനാമിയുടെ പ്രഹരം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ സംസ്ഥാനം. ശ്രീലങ്കയിൽ സൂനാമി വൻ പ്രതിസന്ധി സൃഷ്ടിച്ചു. 30000 പേർ മരിക്കുകയും കാണാതാകുകയും ചെയ്തു.136 പേരാണു അന്നത്തെ സൂനാമിയിൽ കേരളത്തിൽ മരിച്ചത്. കടലോര പ്രദേശങ്ങളിൽ വമ്പിച്ച നാശനഷ്ടങ്ങൾക്കും ദുരന്തം വഴി വച്ചു.വീണ്ടും മുന്നോട്ടുപോയ തിരകൾ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ യാത്ര ചെയ്ത് ആഫ്രിക്കൻ തീരങ്ങൾ വരെയെത്തി. 

ലോകചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും മാരകമായ സൂനാമി 1908 ഡിസംബർ 28ന് തെക്കൻ ഇറ്റലിയെയാണ് ബാധിച്ചത്. മെസീന, റെഗിയോ ഡി കലാബ്രിയ തുടങ്ങിയ പ്രദേശങ്ങളെ ഇതു പൂർണമായി തകർത്തുകളഞ്ഞു. മെസീന, റെഗിയോ ഡി കലാബ്രിയ നഗരങ്ങളെ തകർത്തു തരിപ്പണമാക്കിയാണ് ഭൂചലനം ശക്തിപ്രാപിച്ചത്. മെസീനയിലെ തൊണ്ണൂറുശതമാനം കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടു. ഭൂചലനം കഴിഞ്ഞു പത്തു മിനിറ്റുകൾക്കു ശേഷം സുനാമിയുടെ വരവായി. നാൽപത് അടിയോളം ഉയർന്ന തിരമാലകൾ സിസിലിയിൽ മെസീന മുതൽ കറ്റാനിയ വരെയുള്ള തീരപ്രദേശത്ത് ഭീകരാവസ്ഥ സൃഷ്ടിച്ചു. എതിർദിശയിൽ പോയ രാക്ഷസത്തിരകൾ കലാബ്രിയൻ തീരപ്രദേശങ്ങളെയും ആക്രമിച്ചു.കലാബ്രിയയിലെ ലസാരോ ഗ്രാമത്തിലെ അസംഖ്യം വീടുകളും റെയിൽപാലങ്ങളും സംഹാരരൂപം പൂണ്ട ജലത്തിനൊപ്പം ഒലിച്ചുപോയി.

tsunami-awareness-day2

 

tsunami-awareness-day2

ഭൂചലനത്തിന്റെയും സുനാമിയുടെയും ഫലമായി ഇറ്റലിയിൽ മരണസംഖ്യ കുതിച്ചുയർന്നു.ഒന്നേകാൽ ലക്ഷത്തോളം ആളുകൾ ഇതു മൂലം കൊല്ലപ്പെട്ടെന്നാണു കണക്ക്.മെസീനയിൽ മാത്രം മുക്കാൽ ലക്ഷം ആളുകളാണ് മരിച്ചത്. നഗരത്തിന്റെ പകുതി ജനസംഖ്യ വരുമായിരുന്നു ഇത്. ദുരന്തത്തിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീണതാണ് കൂടുതൽ മരണങ്ങൾക്കും കാരണമായത്. ഇവിടത്തെ കൂടുതൽ വീടുകളും മറ്റു കെട്ടിടങ്ങളും നിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയായിരുന്നു.ഇതു വിനയായി. മൃതശരീരങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മറഞ്ഞുകിടന്നു. മെസീനയ്ക്ക് മരിച്ചവരുടെ നഗരം എന്ന പേരും ഇതോടെ ലഭിച്ചു. ചരിത്രാതീത കാലത്തുൾപ്പെടെ സൂനാമികൾ സംഭവിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഹവായിയിലെ മോളോകായിയിൽ 14 ലക്ഷം വർഷം മുൻപ് അഗ്നിപർവതം ഇടിഞ്ഞു കടലിലേക്കുവീണു. കടലിൽ വൻ പ്രകമ്പനം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഈ വീഴ്ച. രണ്ടായിരം അടി പൊക്കമുള്ള രാക്ഷസത്തിരകൾ അന്നുണ്ടായെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.മെക്സിക്കോയിലേക്കും കലിഫോർണിയയിലേക്കും തിരകൾ എത്തിയിരുന്നു.

ഇസ്രയേലിലെ ദോറിലും പത്തു ലക്ഷം വർഷം മുൻപുള്ള കാലയളവിൽ ഒരു വമ്പൻ സൂനാമി സംഭവിച്ചു. 7000–6000  ബിസി കാലയളവിൽ പോർച്ചുഗലിലെ ലിസ്ബണിൽ ഒരു വലിയ സൂനാമി സംഭവിച്ചതായി ശാസ്ത്രജ്ഞർ ഗവേഷണത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. 3500 ബിസിയിൽ ഇന്നത്തെ ബ്രിട്ടൻ നിലനിൽക്കുന്ന പ്രദേശങ്ങളിൽ സംഭവിച്ച ഗാർത്ത് സൂനാമിയിൽ ഒട്ടേറെ പേർ മരിച്ചു. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള കൂട്ടക്കുഴിമാടങ്ങൾ കണ്ടെടുത്തിട്ടുള്ളത് ഈ ദുരന്തത്തിൽ ഇരയായവരുടേതാണ്. ബിസി 1600ൽ ഗ്രീസിലെ മിനോവൻ നാഗരികതയ്ക്ക് അന്ത്യമേകിയത് സാന്റോറിനിയിൽ സംഭവിച്ച ഒരു അഗ്നിപർവത വിസ്ഫോടനത്തിന്റെ ഭാഗമായുള്ള പ്രകൃതിദുരന്തങ്ങളാണ്. ഇവയിൽ തന്നെ ഒരു സൂനാമിയാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാക്കിയത്. എഡി 79ൽ ഇറ്റലിയിൽ വമ്പൻ നാശനഷ്ടങ്ങൾക്കു വഴി വച്ച വെസൂവിയസ് അഗ്നിപർവത വിസ്‌ഫോടനത്തിന്‌റെ ഭാഗമായി ഒരു ചെറിയ സൂനാമിയുണ്ടായി.അളവിൽ ചെറുതായതിനാൽ വലിയ നാശനഷ്ടങ്ങൾ ഇതു മൂലം സംഭവിച്ചില്ല. 

എഡി 262ൽ തുർക്കിയിലെ അനത്തോലിയ മേഖലയിൽ വൻ ഭൂചലനം സംഭവിക്കുകയും ഇതെത്തുടർന്ന് സൂനാമി ആക്രമിക്കുകയും ചെയ്തു. മേഖലയിലെ പല നഗരങ്ങളും ഇതുമൂലം വെള്ളത്തിനടിയിലായി.എഡി 365ൽ കിഴക്കൻ മെഡിറ്ററേനിയൻ, അലക്‌സാൻഡ്രിയൻ മേഖലകളിലുണ്ടായ ക്രീറ്റ് ഭൂചലനത്തെത്തുടർന്ന് 100 അടി പൊക്കത്തോളം ഉയരത്തിൽ സൂനാമിത്തിരകൾ ഉയർന്നു പൊങ്ങി. ഈജിപ്തിലെ അലക്‌സാൻഡ്രിയ ഉൾപ്പെടെ പട്ടണങ്ങൾ തിരകളുടെ ആക്രമണത്തിൽപെട്ടു. ആയിരക്കണക്കിനു പേർ കൊല്ലപ്പെടുകയും നിരവധി കപ്പലുകൾ നശിക്കുകയും ചെയ്തു. ഇന്നത്തെ ലിബിയയിലും തുനീസിയയിലുമുള്ള ഒട്ടേറെ പട്ടണങ്ങളും ഈ സൂനാമിയുടെ ആക്രമണത്തിനിരയായി. എഡി 551ൽ ലബനൻ തലത്ഥാനമായ ബെയ്‌റൂട്ടിലും സൂനാമിയുണ്ടായി. എഡി 684ൽ ജപ്പാനിലെ ആദ്യ സൂനാമിയുണ്ടായി. രാജ്യത്തു നടന്ന ഹകൂഹോ, നാങ്കൈ ഭൂചലനത്തെത്തുടർന്നാണ് ഈ വമ്പൻ സൂനാമി ആഞ്ഞടിച്ചത്. ഇതിൽ നിന്നു പാഠം പഠിച്ച ജപ്പാൻ സൂനാമികളെ സംബന്ധിച്ച പഠനങ്ങൾക്കും ഇവയുടെ രേഖപ്പെടുത്തലുകൾക്കും തുടക്കമിട്ടു.

എഡി 869ൽ ജപ്പാനിൽ അടുത്ത സൂനാമിയുണ്ടായി. സാൻറിക്കു എന്ന മേഖലയിലാണ് ഇതു സംഭവിച്ചത്. തീരത്തു നിന്നു 4 കിലോമീറ്ററോളം ഉള്ളിലേക്കു പ്രളയമുണ്ടായി. ടജാവു എന്ന പട്ടണം പൂർണമായും മുങ്ങി. ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടു. 1293ൽ ജപ്പാനിൽ നടന്ന കാമാകുറ ഭൂചലനത്തിന്‌റെ ഭാഗമായും സൂനാമി ഉടലെടുത്തു. 1361ൽ ജപ്പാനിൽ നടന്ന മറ്റൊരു സൂനാമി സംഭവത്തിൽ 661 പേർ മരിച്ചു.1531ൽ ലിസ്ബനിൽ നടന്ന ഭൂചലനത്തിന്‌റെ ഭാഗമയും സൂനാമി ഉടലെടുത്തു. 1605ൽ ജപ്പാനിൽ നടന്ന നാൻകൈ ഭൂകമ്പവും സൂനാമിക്കു വഴി വച്ചു. 1677ലും ജപ്പാനിൽ സൂനാമി 569 പേരെ കൊന്നു. 1674ൽ ഇന്തൊനീഷ്യയിലെ ബാൻഡ് കടലിൽ ഒരു വലിയ സൂനാമി ഉടലെടുത്തു. 100 മീറ്ററോളം ഉയർന്നു പൊങ്ങിയ സൂനാമിത്തിരകൾ 2000 പേരെയാണു കൊന്നത്.1700ൽ യുഎസ്, കാനഡ മേഖലയിൽ സംഭവിച്ച ഭൂചലനത്തിന്റെ ഭാഗമായും സൂനാമികൾ ഉടലെടുത്തിരുന്നു.

1707ൽ ജപ്പാനിൽ നടന്ന ഹോയർ ഭൂചലനം,1741ൽ രാജ്യത്തു തന്നെ നടന്ന ഒഷിമ അഗ്നിപർവത വിസ്‌ഫോടനം എന്നിവ മൂലവും സൂനാമി സംഭവിച്ചു.1755ൽ നടന്ന ഭീകരദുരന്തമായ ലിസ്ബൺ ഭൂചലനത്തിന്‌റെ ഭാഗമായും രാക്ഷസത്തിരകൾ ഉയർന്നു പൊങ്ങി. ദുരന്തത്തിൽ ആകെ അരലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു.1762ൽ ബർമയിലുണ്ടായ അറാക്കൻ ഭൂചലനത്തിൽ ബംഗാൾ ഉൾക്കടലിൽ സൂനാമിയുണ്ടാകുകയും 200 പേർ കൊല്ലപ്പെടുകയും ചെയ്തു.1771ൽ ജപ്പാനിലെ റ്യുക്യു,1783ൽ ഇറ്റലിയിലെ കലാബ്രിയ, 1819ൽ ഗുജറാത്തിലെ കച്ച് ഭൂകമ്പം,1854ൽ ജപ്പാനിലെ നൻകൈ ഭൂകമ്പം, 1908ൽ ഇറ്റലിയിലെ മെസീന ഭൂകമ്പം, 1923ൽ ജപ്പാനിലെ ഭൂകമ്പം, 1929 യുഎസിലെ ഗ്രാൻഡ് ബാങ്ക് ഭൂകമ്പങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം സൂനാമി അകമ്പടി സേവിച്ചു. 2004ലെ മെഗാസൂനാമിക്കു ശേഷം 20ഓളം ചെറുതും വലുതുമായ സൂനാമികൾ ലോകത്തുണ്ടായെങ്കിലും ബോക്‌സിങ് ഡേ സൂനാമിയുടെ ഭീകരതയോട് ഉപമിക്കാവുന്നവ വേറെയില്ല. ബോക്‌സിങ് ഡേ കഴിഞ്ഞാൽ പിന്നീട് കുപ്രസിദ്ധം 2011ലെ ടോഹോക്കു ഭൂചലനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സൂനാമിയാണ്. 18850 പേരുടെ മരണത്തിനു കാരണമായ ഈ സംഭവം ഫുക്കുഷിമ ആണവ പ്രതിസന്ധിക്കും തുടക്കമിട്ടു.

ഇതിനിടെ, ലോകത്ത് സംഭവിച്ച ഏറ്റവും തീവ്രമായ സൂനാമി ബോക്സിങ് ഡേ സൂനാമി അല്ലെന്നും 3800 വർഷം മുൻപുണ്ടായ ഒരു സൂനാമിയാണെന്നും ശാസ്ത്രജ്ഞർ വാദമുയർത്തിയിരുന്നു.9.5 തീവ്രത അടയാളപ്പെടുത്തിയ ഒരു  ഭൂചലനത്തിന്റെ ഭാഗമായാണു വമ്പൻ സൂനാമി ഉടലെടുത്തത്.ഇത് 7500 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും വിദൂരമേഖലയായ ന്യൂസീലൻഡിന്റെ തീരത്തു വരെയെത്തുകയും ചെയ്തു. ഇരുപത് മീറ്ററോളം ഉയരത്തിൽ തിരകൾ പൊങ്ങിയെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.സൂനാമിയുടെ തരംഗങ്ങളുടെ ശക്തിയിൽ ന്യൂസീലൻഡിലെ തീരത്തുണ്ടായിരുന്ന പാറകൾ നൂറുകണക്കിനു മീറ്റർ ഉള്ളിലേക്കു മാറിയിരുന്നു. 

പസിഫിക് റിങ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായതിനാൽ ചിലെയിൽ ഭൂചലനങ്ങൾ തുടർക്കഥയാണ്. 2010ൽ 8.8 തീവ്രതയുള്ള ഒരു ഭൂചലനം ഇവിടെ സംഭവിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൂനാമി ഉടലെടുക്കുകയും നിരവധിപ്പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. വർത്തമാന കാല ചരിത്രത്തിൽ സംഭവിച്ചവയിൽ ഏറ്റവും തീവ്രതയുള്ള ഭൂചലനം സംഭവിച്ചതും ചിലെയിലാണ്. 1960ലെ വാൽദിവിയ ഭൂചലനമാണ് ഇത്. 9.4 തീവ്രതയുണ്ടായിരുന്ന ഈ ഭൂചലനം 10 മിനിറ്റോളം നീണ്ടു നിന്നു. ഇതെത്തുടർന്നുണ്ടായ സൂനാമി ചിലെ, ജപ്പാൻ, ഹവായ്, ഫിലിപ്പൈൻസ്, ന്യൂസീലൻ‍ഡ്, ഓസ്ട്രേലിയ തീരങ്ങളെ ആക്രമിച്ചിരുന്നു. ആറായിരം പേരോളം ഈ ഭൂചലനത്തിൽ കൊല്ലപ്പെട്ടെന്നാണു കണക്ക്. 1556ൽ ചൈനയിലെ ഷാൻക്സിയിൽ സംഭവിച്ച 8.0 തീവ്രതയുള്ള ഭൂചലനത്തിലാണ് ഏറ്റവും കൂടുതൽ മരങ്ങൾ സംഭവിച്ചത്. എട്ടുലക്ഷത്തിലധികം പേർ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു.

English Summary: World Tsunami Awareness Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com