ADVERTISEMENT

ജപ്പാൻകാരനായ സസ്യശാസ്ത്രജ്ഞനും സസ്യപരിസ്ഥിതി ശാസ്ത്ര വിദഗ്ധനും ആയിരുന്നു അകിര മിയാവാക്കി (1928-2021). തദ്ദേശീയമായ മരങ്ങളെ നട്ടുവളർത്തുന്ന, മിയാവാക്കി വനം എന്നറിയപ്പെടുന്ന ചെറുവനങ്ങളുടെ സ്രഷ്ടാവ് എന്ന നിലയിൽ അദ്ദേഹം ലോകപ്രശസ്തനാണ്. ഭൂമിയിൽ പ്രകൃതിദത്തസസ്യങ്ങൾ പുനഃസ്ഥാപിക്കേണ്ടതിന്റെയും പ്രകൃതിദത്തവനങ്ങളുടെ ആവശ്യകതയെയും കുറിച്ച് അദ്ദേഹം ലോകമെമ്പാടും പ്രചാരണം നടത്തി. 

അകിര മിയാവാക്കി (Photo: Twitter/@shubzsharma)
അകിര മിയാവാക്കി (Photo: Twitter/@shubzsharma)

സമകാലീന ജാപ്പനീസ് വനങ്ങളിൽ 0.06% മാത്രമാണ് തദ്ദേശീയ വനങ്ങൾ എന്ന് അദ്ദേഹം കണ്ടെത്തി. സമകാലീന വനങ്ങൾ വനവൽക്കരണതത്വങ്ങൾക്ക് അനുസൃതമായി സൃഷ്ടിക്കപ്പെട്ടവയാണെന്നും, ഇവ ഭൂമിശാസ്ത്രപരമായ അവസ്ഥയ്ക്ക് അനുയോജ്യമല്ലെന്നും കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കുവാൻ തദ്ദേശീയ വനങ്ങൾക്ക് മുഖ്യ പങ്കുവഹിക്കാൻ സാധിക്കുമെന്നും അദ്ദേഹം വാദിച്ചു. തദ്ദേശീയ സസ്യങ്ങളെ ഉപയോഗിച്ച് അദ്ദേഹം പൊട്ടൻഷ്യൽ നാച്ചുറൽ വെജിറ്റേഷൻ (Potential natural vegetation) എന്ന ആശയ പ്രകാരം ഒരു പരിസ്ഥിതി എൻജിനീയറിങ് (Ecological Engineering) രീതി വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തു. ഇത് മിയാവാക്കി രീതി എന്ന് അറിയപ്പെട്ടു. 

മിയാവാക്കി ഫോറസ്റ്റ്(Photo: Twitter/@ANI)
മിയാവാക്കി ഫോറസ്റ്റ്(Photo: Twitter/@ANI)

ഹിരോഷിമ യൂണിവേഴ്സിറ്റിയിലെ തന്റെ ബിരുദ പ്രബന്ധത്തിനുവേണ്ടി കള പരിസ്ഥിതിശാസ്ത്രത്തിൽ (Weed Ecology) വൈദഗ്ധ്യം നേടിയ ഡോ. മിയാവാക്കി, ബിരുദം നേടിയ ശേഷം ജപ്പാനിലെ വിവിധയിടങ്ങളിൽ ഫീൽഡ്തല ഗവേഷണം നടത്തുകയും കള പരിസ്ഥിതിയെക്കുറിച്ച് നിരവധി പ്രബന്ധങ്ങൾ എഴുതുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രബന്ധം ജർമനിയിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വെജിറ്റേഷൻ മാപ്പിങ്ങിന്റെ അന്നത്തെ ഡയറക്ടർ പ്രഫ. റൈൻഹോൾഡ് ടക്സന്റെ ശ്രദ്ധ ആകർഷിച്ചു. ടക്സന്റെ നിര്ദേശപ്രകാരം ഡോ. മിയാവാക്കി 1958 മുതൽ അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ ജർമനിയിൽ പഠിച്ചു. അവിടെ അദ്ദേഹം മനുഷ്യ ഇടപെടലിന്റെ അഭാവത്തിൽ ഒരു പ്രദേശത്തിന്റെ നിലവിലുള്ള സാഹചര്യങ്ങളാൽ പിന്തുണയ്ക്കുന്ന തദ്ദേശസസ്യങ്ങളെ കുറിച്ചുള്ള ആശയംപഠിച്ചു. 1960 ൽ ഡോ. മിയാവാക്കി ജപ്പാനിലേക്ക് മടങ്ങിയെത്തി.

ചിഞ്ചു-നോ-മോറി എന്നു വിളിക്കപ്പെടുന്ന, ആരാധനാലയങ്ങൾക്കും ക്ഷേത്രങ്ങൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിലെ തദ്ദേശീയ വനത്തിൽ അവശേഷിക്കുന്ന പ്രകൃതിദത്ത സസ്യങ്ങളെക്കുറിച്ചും പർവതങ്ങൾ ഉൾപ്പെടെ, വിവിധതരം മനുഷ്യ പ്രവർത്തനങ്ങളാൽ ബാധിക്കപ്പെട്ട, ജപ്പാനിലുടനീളമുള്ള 10000 ലധികം സ്ഥലങ്ങളിലെ സസ്യജാലങ്ങളെ കുറിച്ചും അദ്ദേഹം ഗവേഷണം നടത്തി. നദീതീരങ്ങൾ, കൃഷി, പർവത ഗ്രാമങ്ങൾ എന്നിവിടങ്ങളിൽനിന്ന് അദ്ദേഹം നിലവിലുള്ളതും സാധ്യതയുള്ളതുമായ പ്രകൃതിദത്ത സസ്യങ്ങളുടെ ഭൂപടങ്ങൾ സൃഷ്ടിച്ചു.

മിയവാക്കി കാട്
മിയവാക്കി കാട്

1980 മുതൽ 10 വർഷത്തിലേറെ ഡോ.മിയാവാക്കി ജപ്പാനിലുടനീളമുള്ള സസ്യങ്ങളെപ്പറ്റി ഗവേഷണം ചെയ്യുന്നതിനായി ചെലവഴിച്ചു. രാജ്യത്തുടനീളമുള്ള സർവകലാശാലകളിലെ സസ്യപരിസ്ഥിതി വിഭാഗങ്ങളുടെ സഹകരണത്തോടെ ‘ജപ്പാനിലെ സസ്യങ്ങൾ’ (Vegetation of Japan) എന്ന പത്ത് വാല്യങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. തന്റെ ഗവേഷണത്തിലൂടെ ഡോ.മിയാവാക്കി ജപ്പാനിലെ നിത്യഹരിത വിശാലമായ വനമേഖലയിലെ പ്രാഥമിക തദ്ദേശീയ സ്പീഷിസുകൾ ചിൻക്വാപിൻ (Chinquapin), മച്ചിലസ് ടൺബെർഗി (Machilus tunbergii), ഓക്ക് (Oak), എന്നിവ പോലെ നിത്യഹരിത, വീതിയുള്ള ഇലകളുള്ള സസ്യങ്ങൾ (Evergreen broad leaved plants ) ആണെന്ന് തെളിയിച്ചു. വരമ്പുകളും കുത്തനെയുള്ള ചരുവുകളും പോലെയുള്ള പരിമിതമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ജാപ്പനീസ് ദേവദാരു (Japanese cedar ), സൈപ്രസ് (Cypress), ലാർച്ച് (Larch), പൈൻ (Pine) തുടങ്ങിയ സസ്യങ്ങൾ തദ്ദേശീയ ആവാസവ്യവസ്ഥയിൽ നിന്നുള്ളതല്ല എന്നും അവ തടി ഉൽപാദനത്തിനു വേണ്ടി നട്ടുപിടിപ്പിച്ചിട്ടുള്ളവയാണെന്നും അദ്ദേഹം തെളിയിച്ചു.

Akira Miyawaki Photo Courtesy: @CaCoastRedwoods / Twitter
അകിര മിയാവാക്കി (ഫയൽചിത്രം)

ഡോ. മിയാവാക്കി കൂടുതൽ ഗവേഷണം നടത്തിയപ്പോൾ തദ്ദേശീയമായ പ്രകൃതിദത്ത സസ്യജാലങ്ങളുടെ കണ്ടെത്തലുകളിൽ അദ്ദേഹത്തിന് കൂടുതൽ ആശ്ചര്യം തോന്നി. ഈ വിസ്മയം ഒരു വഴിത്തിരിവായിമാറി. ഡോ. മിയാവാക്കിയുടെ ആശയം പ്രകൃതിദത്ത ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ വനങ്ങൾ സൃഷ്ടിക്കുകയെന്നതായിരുന്നു. 

സസ്യപരിസ്ഥിതി ശാസ്ത്രത്തിന്റെ കീഴിൽ ഫീൽഡ്തല നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ, വനങ്ങൾ പുനർനിർമിക്കണമെന്ന് ഡോ. മിയാവാക്കി പറഞ്ഞു. പരിസ്ഥിതിസംരക്ഷണം, ദുരന്ത നിവാരണം, ജലസ്രോതസ്സ് സംരക്ഷണം എന്നിവയ്ക്ക് വേണ്ടി തദ്ദേശീയവനങ്ങൾ പുന:സൃഷ്ടിക്കുന്ന ഒരു പദ്ധതി അദ്ദേഹം അവതരിപ്പിച്ചു.

1970കളുടെ തുടക്കത്തിൽ ഡോ. മിയാവാക്കി നിപ്പോൺ സ്റ്റീൽ കോർപ്പറേഷന്റെ ഒയിറ്റ സ്റ്റീൽ വർക്സിൽ ചെറുവനം സൃഷ്ടിക്കുവാൻ ആരംഭിച്ചു. ഉസാ (Usa), യുസുഹാര (Yusuhara) ദേവാലയത്തിനു സമീപത്തുള്ള വനങ്ങളിൽ പ്രകൃതിദത്ത സസ്യങ്ങളെ കണ്ടെത്തുന്നതിനായി ഗവേഷണം നടത്തി. ഏത് ഇനം മരങ്ങളാണ് നടേണ്ടതെന്ന് നിർണ്ണയിക്കുകയും പരീക്ഷണങ്ങൾക്ക് വിധേയമാക്കുകയും ചെയ്ത ശേഷം ചട്ടിയിൽ ചെടികൾ വളർത്തുവാനും തുടർന്ന് ഉപയോഗിക്കുവാനും തീരുമാനിച്ചു. ഒരു തദ്ദേശീയ വനത്തിന്റെ സമ്പ്രദായത്തിന് അനുസൃതമായി, ചെടിച്ചട്ടിയിൽ നട്ടുവളർത്തിയ ചെടികൾ ഇടതൂർന്നതും സമ്മിശ്രവുമായിട്ടാണ് നട്ടുപിടിപ്പിച്ചത്.

18 വർഷത്തിനുള്ളിൽ ഉരുക്കു നിർമാണശാലയിൽ വലിയ വനങ്ങൾ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ നാടൻ മരങ്ങൾ ഉപയോഗിച്ചൊരു നാടൻ വനത്തിന്റെ രൂപീകരണം സാധ്യമാക്കി. തുടർന്നുള്ള വർഷങ്ങളിൽ 1300 സ്ഥലങ്ങളിൽ ദുരന്തനിവാരണ-പ്രതിരോധ വനങ്ങളുടെ പുനസ്ഥാപനത്തിന് ഡോ. മിയാവാക്കിക്ക് സാധിച്ചു. സർക്കാർ സംവിധാനങ്ങളുടെ പിന്തുണയാണ് ഈ വിജയത്തിന് കാരണമായത്. 

1978 മുതൽ തായ്‌ലൻഡ്, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ സസ്യങ്ങളുടെ സർവേ നടത്തിയതിന്റെ വെളിച്ചത്തിൽ ഉഷ്ണമേഖല മഴക്കാടുകൾ പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഉഷ്ണമേഖലാ മഴക്കാടുകൾ നശിപ്പിക്കപ്പെട്ടാൽ പുനഃസ്ഥാപിക്കുവാൻ അസാധ്യമെന്ന പരമ്പരാഗത ചിന്തയെ എതിർത്ത്, പ്രാദേശിക സസ്യങ്ങളുടെ സർവ്വേ അടിസ്ഥാനമാക്കിയിട്ടുള്ള പരിസ്ഥിതി രീതി ഉപയോഗിച്ചു വനവൽക്കരണം നടത്താമെന്ന് ഡോ. മിയാവാക്കി നിർദ്ദേശിച്ചു.

1990 മുതൽ അദ്ദേഹം മലേഷ്യയിലെ സരവാക്ക് (Sarawak), ബിൻടുലു (Bintulu) എന്നിവിടങ്ങളിൽ ഉഷ്ണമേഖലാ മഴക്കാടുകളുടെ പുനഃസ്ഥാപനത്തിനായി സ്വയം സമർപ്പിച്ചു. 2005 ആയപ്പോഴേക്കും മരങ്ങൾ 20 മീറ്ററിൽ അധികം ഉയരത്തിൽ വളർന്ന് പ്രകൃതിദത്ത വനത്തെ അനുകരിക്കുന്ന വൈവിധ്യമാർന്ന ഉഷ്ണമേഖലാ മഴക്കാടുകൾ ഈ പ്രദേശത്ത് പുനഃസ്ഥാപിക്കപ്പെട്ടു. 

ക്ലാസിക്കൽ പിന്തുടർച്ച സിദ്ധാന്തം (Classical succession theory) അനുസരിച്ച് ജപ്പാനിലെ തരിശായ ഭൂമിയിൽ ഒരു തദ്ദേശീയ വനം പുനഃസ്ഥാപിക്കുന്നതിന് 150 മുതൽ 300 വരെ വർഷം സമയമെടുക്കും, ഉഷ്ണമേഖലാ മഴക്കാലുകൾക്ക് 300 മുതൽ 500 വർഷം വരെ എടുക്കുകയും ചെയ്യും. എന്നാൽ 20 മുതൽ 30 വരെ വർഷം കൊണ്ട് തദ്ദേശീയ വനങ്ങളോട് സാമ്യമുള്ള പരിസ്ഥിതി സംരക്ഷണ വനങ്ങളെ പുനഃസ്ഥാപിക്കുവാൻ സാധ്യമാണെന്ന് ഡോ.മിയാവാക്കി തെളിയിച്ചു. 

miyawaki-forest-ain-thrissur1
തൃശൂരിലെ മിയവാക്കി വനം

ഡോ.മിയാവാക്കി വിവിധ രാജ്യാന്തര സിമ്പോസിയങ്ങളിൽ നിരവധി ബഹുമുഖ ഗവേഷണ ഫലങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. വാണിജ്യ വനവൽക്കരണത്തിന്റെ പരമ്പരാഗത രീതിയിലൂടെ അല്ലാതെ, പ്രകൃതിദത്തമായ സസ്യജാലങ്ങളെ അടിസ്ഥാനമായിട്ടുള്ള ആവാസവ്യവസ്ഥയ്ക്ക് തദ്ദേശീയമായ വനപരിസ്ഥിതി വ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്നതിന് അദ്ദേഹത്തിന്റെ ആശയങ്ങൾ പ്രകടമായ മാറ്റങ്ങൾ കൈവരിച്ചു. ഈ പ്രവർത്തനങ്ങൾക്ക് രാജ്യാന്തരതലത്തിൽ അദ്ദേഹം പ്രശംസിക്കപ്പെട്ടു. 2011 ൽ ജപ്പാനിൽ ഭൂകമ്പമുണ്ടായപ്പോൾ രൂപപ്പെട്ട സൂനാമി തീരത്ത് വൻ നാശമാണു സൃഷ്ടിച്ചത്. ഇതിനെ തടയാൻ തീരത്തു സ്ഥാപിച്ച കോൺക്രീറ്റ് നിർമിതികളെല്ലാം തകർക്കപ്പെട്ടു. മിയാവാക്കി വനങ്ങൾക്ക് സൂനാമിയെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് തിരിച്ചറിഞ്ഞത് പിന്നീട് നടത്തിയ ശ്രമങ്ങളാണ്.

30 വർഷം മുൻപ് സ്വാഭാവിക വനങ്ങൾക്ക് ഭീഷണിയായ ജൈവവൈവിധ്യ ശോഷണം, പരിസ്ഥിതി നാശം എന്നീ പ്രശ്നങ്ങളെ ലഘൂകരിക്കുവാൻ സാധിക്കുന്ന തരത്തിൽ ഡോ. മിയാവാക്കിക്കു തന്റെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുവാൻ സാധിച്ചു. മനുഷ്യന്റെ നിലനിൽപ്പിന്റെ അടിസ്ഥാനമായിട്ടുള്ള തദ്ദേശീയ വനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഓർമപ്പെടുത്തി. മിയാവാക്കി രീതിയിലുള്ള വനനിർമ്മാണം ഇന്നു ലോകം മുഴുവൻ സ്വീകരിക്കപ്പെട്ട വനവൽക്കരണ പ്രവർത്തന സമ്പ്രദായമാണ്. ഇന്ന് ലോകത്ത് 15 രാജ്യങ്ങളിലായി മിയാവാക്കി പദ്ധതി പ്രകാരം നാലു കോടിയിലേറെ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

English Summary:

Discover the Genius Botanist Behind the Miyawaki Forest and His Impact on Climate Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com