ADVERTISEMENT

അന്റാർട്ടിക്കയിൽ അത്യപൂർവമായ വെള്ള പെൻഗ്വിനെ കണ്ടെത്തി പര്യവേക്ഷകർ. കറുപ്പും വെളുപ്പും നിറമുള്ള ശരീരവും ഓറഞ്ച് നിറത്തിലുള്ള കൊക്കുകളും, കണ്ണിനു ചുറ്റും കറുത്ത വൃത്തങ്ങളുമുള്ള ഗെന്‌റൂ എന്ന പെൻഗ്വിൻ വിഭാഗത്തിൽപെട്ടവയാണ് ഈ പെൻഗ്വിൻ. എന്നാൽ സ്പീഷീസിലെ മറ്റംഗങ്ങളെപ്പോലെയുള്ള ശരീരനിറങ്ങളല്ല ഇവയ്ക്ക്.

അന്‌റാർട്ടിക്കയിലെ ഗോൺസാലസ് വിഡേല ബേസിലാണ് ഈ പെൻഗ്വിനുകളെ കണ്ടെത്തിയത്. ല്യൂസിസം എന്ന അവസ്ഥകാരണമാണ് ഈ നിറവ്യവസ്ഥയുണ്ടായതെന്ന് ഗവേഷകർ പറയുന്നു. ശരീരത്തിലെ പിഗ്മെന്റായ മെലാനിൻ വേണ്ട രീതിയിലും കുറഞ്ഞ അളവിലാകുന്നതാണ് ഇതിനു കാരണമാകുന്നത്. പെൺ പെൻഗ്വിനെയാണ് കണ്ടെത്തിയത്.

ഈ അവസ്ഥ അത്ര പ്രശ്‌നകരമായ ഒന്നല്ലെന്ന് ഗവേഷകർ പറയുന്നു. ആരോഗ്യപരമായി ഇതുമൂലം പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ മറ്റു ചില പ്രശ്നങ്ങളുണ്ട്. പെൻഗ്വിനുകളെ വേട്ടയാടുന്ന ചില ജീവികൾ ഇവയെ പെട്ടെന്ന് കണ്ടെത്തി ഭക്ഷിക്കാമെന്നത് ഇത്തരമൊരു വിഷയമാണ്. പെൻഗ്വിൻ വർഗത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മൂന്നാമത്തെ വിഭാഗമാണ് ജെന്റൂ. 17.5 പൗണ്ട് വരെ ഇവയ്ക്ക് ഭാരം വയ്ക്കാറുണ്ട്. വലുപ്പമുള്ള വാല് ഇവയുടെ പ്രത്യേകതയാണ്.

2021ൽ തെക്കൻ അറ്റ്‌ലാന്‌റിക് സമുദ്രത്തിലെ സൗത്ത് ജോർജിയ ദ്വീപിൽ നിന്ന് ഒരു സ്വർണനിറമുള്ള പെൻഗ്വിന്‌റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപിച്ചിരുന്നു. 

കിങ് പെൻഗ്വിൻ എന്ന വിഭാഗത്തിൽ പെട്ട പെൻഗ്വിനായിരുന്നു അത്. ല്യൂസിസമാണ് ഇവിടെയും പ്രവർത്തിച്ചത്. ആ പെൻഗ്വിന് ഇതു മൂലം കഷ്ടതകളേ ഉണ്ടാകുകയുള്ളുവെന്ന് വിദഗ്ധർ പറയുന്നു. മെലാനിൻ കുറവ് നിറത്തെ മാത്രമല്ല തൂവലുകളുടെ ശക്തിയേയും ബാധിക്കും. സ്വർണപ്പെൻഗ്വിന്റെ തൂവലുകൾ മറ്റുള്ളവയെ അപേക്ഷിച്ച് കരുത്തില്ലാത്തതാണ്. പെൻഗ്വിനുകൾക്ക് വെള്ളത്തിൽ നീന്താൻ തൂവലുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. മറ്റുള്ള പെൻഗ്വിനുകളെപ്പോലെ കാര്യക്ഷമമായി നീന്തൽ നടത്താൻ സ്വർണപ്പെൻഗ്വിനു കഴിയില്ല.അവൻ പെട്ടെന്നു ക്ഷീണിതനാകും.

ഇരപിടിക്കുന്ന കാര്യത്തിലും മഞ്ഞനിറം പെൻഗ്വിനു വിനയാകും. വളരെ ശ്രദ്ധയോടെ കടൽജലത്തിലെത്തുന്ന മീനുകളെ വേട്ടയാടിപ്പിടിക്കുകയാണ് പെൻഗ്വിൻ ചെയ്യുന്നത്.നിമിഷങ്ങൾ മാത്രമെടുക്കുന്ന വേട്ട. കറുപ്പും വെളുപ്പും നിറമുള്ള രൂപം മീനുകളിൽ നിന്ന് പെൻഗ്വിനുകൾക്ക് മറവൊരുക്കുകയും വേട്ട സുഗമമാക്കുകയും ചെയ്യും. എന്നാൽ മഞ്ഞക്കുപ്പായത്തിന് ആ കഴിവില്ല. മീനുകൾ പെട്ടെന്നു തന്നെ വേട്ടക്കാരന്റെ സാന്നിധ്യം തിരിച്ചറിയുകയും രക്ഷപ്പെടുകയും ചെയ്യും.

കോളനികളായി താമസിക്കുന്ന ജീവികളാണ് പെൻഗ്വിൻ.അവ തങ്ങളുടെ കൂട്ടത്തെ തിരിച്ചറിയുന്നത് ആകാരപരമായ സവിശേഷതകൾ നോക്കിയും.ഇങ്ങനെയുള്ളപ്പോൾ വ്യത്യസ്തനായ മഞ്ഞപ്പെൻഗ്വിനെ മറ്റുള്ളവർ അധികം അടുപ്പിക്കാൻ സാധ്യതയില്ല. ഇതേ കാരണം കൊണ്ട് തന്നെ ഇണയെ ലഭിക്കാനും സാധ്യത കുറവ്. മൊത്തത്തിൽ കഷ്ടതകൾ നിറഞ്ഞ ജീവിതമാണ് സ്വർണപ്പെൻഗ്വിന്റേതെന്നു ചുരുക്കം.

English Summary:

A rare white penguin has been discovered in Antarctica among one of the world's largest penguin species

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com