ADVERTISEMENT

ഇന്തൊനീഷ്യയിലുള്ള ഒരു ചെറുമത്സ്യത്തിനൊരു വിചിത്ര സവിശേഷത കണ്ടെത്തി ശാസ്ത്രജ്ഞർ. ദേഷ്യം വരുമ്പോൾ ഈ മത്സ്യങ്ങളിൽ ചിലതിന്‌റെ ദേഹം കറുപ്പ് നിറമായിക്കൊണ്ടേയിരിക്കും. ഈ മത്സ്യവിഭാഗത്തിലെ ആൺമത്സ്യങ്ങൾക്കാണ് ഈ സവിശേഷത. മറ്റു മത്സ്യങ്ങളുടെ മേലുള്ള അധീശത്വം കാണിക്കാനാണ് ഈ നിറംമാറ്റം.

സെലബസ് മെഡാക്ക എന്ന വിഭാഗത്തിലെ മത്സ്യങ്ങളിലാണ് ഈ പ്രത്യേകത. ഇത്തരം സവിശേഷതയുള്ള ആൺമത്സ്യങ്ങളെ മറ്റു മത്സ്യങ്ങൾ ആക്രമിക്കാനുള്ള സാധ്യത കുറവാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. രണ്ട് മത്സ്യങ്ങൾ തമ്മിൽ വഴക്കു തുടങ്ങുമ്പോൾ തന്നെ ഈ നിറംമാറ്റം തുടങ്ങും.

Image Credit: Udea, R., et al bioRxiv
Image Credit: Udea, R., et al bioRxiv

മൂന്ന് ടാങ്കുകളൊരുക്കിയായിരുന്നു ശാസ്ത്രജ്ഞരുടെ ഗവേഷണം. ആദ്യ രണ്ടു ടാങ്കുകൾ പായൽ മൂടിയ ജലമുള്ളതായിരുന്നു. ഇവയിൽ ഒന്നിൽ 2 ആൺമത്സ്യങ്ങളും ഒരു പെൺമത്സ്യവും. രണ്ടാമത്തേതിൽ 3 ആൺമത്സ്യങ്ങൾ. മൂന്നാമത്തെ ടാങ്കിൽ പായലൊട്ടുമില്ലാത്ത വെള്ളത്തിൽ രണ്ട് ആൺമത്സ്യങ്ങളും ഒരു പെൺമത്സ്യവും.

കൗതുകകരമായ വിവരങ്ങളാണ് ഗവേഷണത്തിൽനിന്നു കിട്ടിയത്. പായലില്ലാത്ത ടാങ്കിലെ മത്സ്യങ്ങൾ തമ്മിൽ തമ്മിൽ ആക്രമിച്ചതേയില്ല. ജലം മൂടിയുള്ള ഒരു കവചമില്ലാത്തതിനാലാണിതെന്ന് ഗവേഷകർ പറയുന്നു.

പായലുള്ള ടാങ്കുകളിൽ ആക്രമണമുണ്ടായിരുന്നു. കറുത്ത പാടുകളുള്ള മത്സ്യങ്ങൾ തമ്മിൽ തമ്മിൽ ആക്രമിക്കുകയും പാടുകളില്ലാത്ത മത്സ്യങ്ങളെയും പെൺമത്സ്യങ്ങളെയും ആക്രമിക്കുകയും ചെയ്തു. എന്നാൽ പാടുകളില്ലാത്ത മത്സ്യങ്ങൾ കറുത്ത പാടുകളുള്ള മത്സ്യങ്ങളെ ആക്രമിച്ചതേയില്ല. പാടുകളില്ലാത്ത ആൺമത്സ്യങ്ങളെ പെൺമത്സ്യങ്ങളും ആക്രമിച്ചത്രേ.

എന്താണ് ഈ ആക്രമണത്തിനു കാരണം. ഓരോ മത്സ്യവും ടാങ്കിലെ പ്രദേശം തങ്ങളുടെ അധീനതയിലാക്കിയെന്നും അതു സംരക്ഷിക്കാനായി ആക്രമണം നടത്തിയെന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചില ആൺമത്സ്യങ്ങളിലെ കറുത്ത പാടുകൾ അവയുടെ ആരോഗ്യത്തിന്‌റെയും ശാരീരികക്ഷമതയുടെയും അടയാളങ്ങളാണത്രേ. അതിനാലാണ് അവയെ മറ്റു മത്സ്യങ്ങൾ ആക്രമിക്കാതിരുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

English Summary:

Revolutionary Discovery: Indonesian Fish Exhibits Unique Anger-Induced Color Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com