ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ന്യൂസ്മീറ്റർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

മുസ്‌ലിം അധ്യാപികമാര്‍ക്ക് മാത്രമായി കേരള സര്‍ക്കാര്‍ പ്രത്യേക പ്രസവാനുകൂല്യം നൽകുന്നുണ്ടെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടതുസര്‍ക്കാറിന്റെ മുസ്‌ലിം അനുഭാവമെന്ന തരത്തിലാണ് പോസ്റ്റ് പ്രചരിക്കുന്നത്.ഇതിന്റെ വാസ്തവമറിയാം

muslim

∙അന്വേഷണം

കീവേഡുകളുടെ പരിശോധനയിൽ ഇത്തരത്തിലൊരു വാർത്തയും മാധ്യമങ്ങളിലെവിടെയും പ്രസിദ്ധീകരിച്ചതായി  കണ്ടെത്താൻ സാധിച്ചില്ല.മുസ്‌ലിം അധ്യാപികമാര്‍ക്ക് മാത്രം ഇത്തരമൊരാനുകൂല്യം നൽകുന്നുണ്ടെങ്കിൽ അക്കാര്യം വാർത്തയാകേണ്ടതുമാണ്. 

കൂടുതൽ കീവേഡുകളുപയോഗിച്ചുള്ള  പരിശോധനയിൽ വനിതകള്‍ക്ക് പ്രസവാനുകൂല്യമായി രണ്ട് സര്‍ക്കാര്‍ പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമായി. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി മാതൃവന്ദന്‍ യോജനയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിലുള്ള ജനനി സുരക്ഷ യോജനയുമാണിത്.

പ്രധാന്‍മന്ത്രി മാതൃവന്ദന്‍ യോജനയില്‍ സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്ന വനിതകള്‍ക്ക് രണ്ട് ഘട്ടങ്ങളിലായി 5000 രൂപയാണ് പ്രസവാനുകൂല്യം നല്‍കുന്നത്. രണ്ടാമത്തെ കുഞ്ഞ് പെണ്‍കുഞ്ഞാണെങ്കില്‍ രണ്ടാം പ്രസവത്തിന് 6000 രൂപയും ലഭിക്കും. ഇതു സംബന്ധിച്ച വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ വെബ്സെറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ കാണാം.

ഇതുകൂടാതെ മറ്റൊരു പദ്ധതി ദേശീയ ആരോഗ്യദൗത്യത്തിന് കീഴിലെ ജനനി സുരക്ഷ യോജനയാണ്. 2015-ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ സംസ്ഥാനങ്ങളെ സാമ്പത്തിക സൂചികകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ച് ഗ്രാമീണ - നഗര മേഖലകളിലാണ് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ദേശീയ ആരോഗ്യദൗത്യത്തിന്റെ വെബ്സൈറ്റില്‍  ഇതിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഈ പദ്ധതികളിലൊന്നും പ്രത്യേക മതവിഭാഗങ്ങളെയോ തൊഴിലിനെയോ അടിസ്ഥാനപ്പെടുത്തി ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്ന് വ്യക്തമായി.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റില്‍ അവകാശപ്പെടുന്ന തരത്തില്‍ മറ്റേതെങ്കിലും പദ്ധതികൾ ഉണ്ടോയെന്നറിയാൽ അന്വേഷണം നടത്തി. വനിതാ ശിശുവികസന വകുപ്പ് മലപ്പുറം ജില്ലാ കോര്‍ഡിനേറ്ററുമായി ഞങ്ങൾ ബന്ധപ്പെട്ടു.

'കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍മന്ത്രി മാതൃവന്ദന യോജനയാണ് സ്ത്രീകള്‍ക്ക് പ്രസവാനുകൂല്യം നൽകുന്ന ഒരു പദ്ധതി. പദ്ധതിയുടെ നടത്തിപ്പും സംസ്ഥാനത്ത് ഏകോപിപ്പിക്കുന്നത് വനിതാ ശിശുവികസന വകുപ്പാണ്. മതപരമോ തൊഴിലോ അടിസ്ഥാനപ്പെടുത്തി ആർക്കും ഒരു ആനുകൂല്യവും നൽകുന്നില്ല'. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന 15000 രൂപയുടെ പദ്ധതിയെ കുറിച്ച് ഞങ്ങൾക്കറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

വിഷയത്തിൽ മറ്റൊരു പ്രതികരണം തേടാൻ കോഴിക്കോട് ജില്ലാ സാമൂഹ്യനീതി ഓഫീസറുമായി സംസാരിച്ചു.

'മതപരമായോ തൊഴിലിന്റെ അടിസ്ഥാനത്തിൽ ആർക്കും ഒരു ആനുകൂല്യവും സർക്കാർ നൽകുന്നില്ല. പ്രധാനമന്ത്രി മാതൃവന്ദന യോജനയ്ക്കു പുറമെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിയുണ്ട്. ഭിന്നശേഷിക്കാരായ അമ്മമാര്‍ക്കുള്ളതാണ് ഈ പദ്ധതി. പ്രസവാനന്തരം രണ്ടുവര്‍ഷത്തേക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന പദ്ധതിയാണ് ഇത്'. ഇതിന്റെ വിശദാംശങ്ങള്‍ സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റില്‍  തിരഞ്ഞപ്പോൾ കണ്ടെത്തി.

സർക്കാർ വെബ്സൈറ്റുകളിൽ ഒന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള ഇത്തരമൊരാനുകൂല്യം കണ്ടെത്താൻ സാധിച്ചില്ല. പ്രത്യേക മതവിഭാഗത്തെയോ ജോലിയോ പരാമര്‍ശിക്കാത്തതോടെ പ്രചരിക്കുന്ന പോസ്റ്റ് കേരളസര്‍ക്കാറിന്റെ നേരിട്ടുള്ള പദ്ധതിയല്ലെന്ന് ഇതോടെ വ്യക്തമായി. മദ്രസാധ്യാപക ക്ഷേമനിധിയുടെ  ഭാഗമായ ആനുകൂല്യമാണെന്ന് മനസ്സിലായപ്പോൾ ന്യൂസ്റ്റ് മീറ്റർ ലേഖകൻ അവരെ ബന്ധപ്പെടാൻ തീരുമാനിച്ചു. 2010 ല്‍ രൂപീകരിച്ച മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് വഴിയാണ് മദ്രസാധ്യാപകര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പദ്ധതിയെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

പ്രതിമാസം 50 രൂപ അംശാദായം അടച്ച് പദ്ധതിയിൽ അംഗത്വം സ്വീകരിക്കാം. വിവിധ ഘട്ടങ്ങളിലെ സാമ്പത്തിക സഹായവും 60 വയസ്സിന് ശേഷം പെന്‍ഷനും മദ്രസാധ്യാപകര്‍ക്ക് ലഭിക്കും. ഇതിലാണ് വനിതാ മദ്രസാധ്യാപകര്‍ക്ക് പ്രസവാനുകൂല്യം നൽകുന്ന കാര്യം പറയുന്നത്. വിഷയത്തിൽ വ്യക്തത വരുത്താൻ വേണ്ടി കേരള മദ്രസാധ്യാപക ക്ഷേമനിധി ഭാരവാഹികളെ ബന്ധപ്പെടാൻ ന്യൂസ് മീറ്റർ ലേഖകൻ തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയല്ലെന്നും ക്ഷേമനിധി അംഗങ്ങള്‍ക്ക് നല്‍കുന്ന വിവിധ ആനുകൂല്യങ്ങളില്‍ ഒന്നുമാത്രമാണെന്നും അവർ പറഞ്ഞു. മുസ്ലിം മതത്തിലെ ചില വിഭാഗങ്ങളില്‍ പെട്ടവർ മാത്രമാണ് മദ്രസാധ്യാപകരായി ജോലി ചെയ്യാൻ വേണ്ടിയെത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ സാമ്പത്തിക സഹായത്തിന് അര്‍ഹരായ ക്ഷേമനിധി അംഗങ്ങളുടെ എണ്ണം വളരെ കുറവാണെന്ന് അവർ പറഞ്ഞു.

∙വസ്തുത

മുസ്‌ലിം അധ്യാപികമാര്‍ക്ക് കേരള സര്‍ക്കാര്‍ 15000 രൂപ പ്രസവ ധനസഹായം നല്‍കുന്നുവെന്ന പ്രചാരണം  വ്യാജമാണ്. മദ്രസാധ്യാപക ക്ഷേമനിധിയുടെ ഭാഗമായി മദ്രസ അധ്യാപികമാര്‍ക്ക് നല്‍കുന്ന ധനസഹായം ആണ് ഇത്. നേരിട്ടുള്ള സര്‍ക്കാര്‍ പദ്ധതിയല്ല. 

English Summary :Propaganda that Kerala Govt is giving Rs 15000 maternity grant to Muslim teachers is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com