ADVERTISEMENT

തൃശൂരിലെ ആമ്പല്ലൂർ ഗ്രാമത്തിലെ വഴികളിലൂടെ ഇടയ്ക്കൊക്കെ ഒരു പഴയ ബസ് പോകുന്നതു കാണാം. നീല നിറവും ഡബിൾ ഗ്ലാസും ചുരുട്ടി വച്ച വിൻഡോ കർട്ടനുകളും പഴയ കെആർകെ നമ്പർ പ്ലേറ്റുമായി തൊണ്ണൂറുകളെ അനുസ്മരിപ്പിക്കുന്ന ഒരു പഴയ ലെയ്‌ലൻഡ് ബസ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, ‘വരവേൽപ്പ്’ സിനിമയിൽ നമ്മുടെ ലാലേട്ടൻ വാങ്ങിയ അതേ രൂപത്തിലും ഭാവത്തിലുമുള്ള ഒരു ബസ്. ഗ്രാമത്തിലെ ഇടവഴികളിലൂടെ ഓടിവരുന്നതു കണ്ടാൽ ആർക്കായാലും ഒരു നൊസ്റ്റാൾജിയ തോന്നിപ്പോകും. തൃശൂരിലെ വഴികളിലൂടെയാണീ ബസ് പോകുന്നതെങ്കിലും ഇവിടെയുള്ളവർക്ക് ഈ വാഹനത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല. കവലകളിലോ ടൗണിലോ കൊണ്ടു നിർത്തുമ്പോൾ കൗതുകം കാരണം അടുത്ത് ചെന്ന് ഫോട്ടോ എടുക്കുമെന്നല്ലാതെ കൂടുതൽ ഒന്നും ആരും തിരക്കാറുമില്ല. മലയാള സിനിമയിലെ ഒരു സൂപ്പർസ്റ്റാറിനൊപ്പമാണ് ഈ ഫോട്ടോ എടുക്കുന്നതെന്നും പലരും ചിന്തിച്ചിട്ടുപോലുമില്ല. അതിനു കാരണം ഈ വാഹനത്തിന്റെ നിറമാണ്. ഈ അടുത്ത് മലയാളത്തിൽ പുറത്തിറങ്ങിയ ഓസ്‌ലർ എന്ന ചിത്രത്തിനു വേണ്ടി ചെയ്തതാണ് നീലയും ഓഫ് വൈറ്റും നിറം. അതിനു മുൻപേ ബ്രൗൺ നിറത്തിൽ ദേശം–കുറുക്കൻമൂല വഴി സര്‍വീസ് നടത്തിയിരുന്ന രക്ഷകൻ ബസിനെ നിങ്ങൾക്ക് ഓർമയുണ്ടോ?

മലയാളത്തിന്റെ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിലെ പ്രധാന കഥാപാത്രങ്ങളുടെ കൂടെ നമ്മുടെ ഈ ലെയ്‌ലന്‍ഡ് ബസുമുണ്ടായിരുന്നു. നായകന്റെ പ്രണയവും വില്ലനുമായുള്ള ഫൈറ്റുകളുമെല്ലാം അരങ്ങേറിയത് ഈ ബസിലാണ്. ആ ഫൈറ്റ് സീനിൽ അവസാനം കൊക്കയിലേക്കു പോകുന്ന രംഗങ്ങൾ ഓർക്കുന്നില്ലേ, അതേ ബസ് തന്നെ. എൺപതുകളിലെ മോഡലിലുള്ള ബസ് വേണമെന്നായിരുന്നു സംവിധായകന്‍ ബേസിൽ ജോസഫ് ആവശ്യപ്പെട്ടത്. കോട്ടയത്തെ ബ്ലെസി ഡ്രൈവിങ് സ്കൂളിൽ നിന്ന് 2019 ലാണ് ‘മിന്നൽ മുരളി’യിലേക്ക് ഈ ബസ് എത്തുന്നത്. ആദ്യം റോബിൻ ബസ് സർവീസ് എന്ന പേരിലായിരുന്നു ഇത് ഓടിയിരുന്നത് പിന്നീട് വാഹിനി എന്ന പേരിലായി, അതിനു ശേഷമാണ് ബ്ലെസി ഡ്രൈവിങ് സ്കൂളിന്റെ കൈവശമെത്തുന്നത്. കോട്ടയത്തെ ഒരുപാട് ആളുകൾക്ക് ഹെവി ഡ്രൈവിങ് ലൈസൻസിന് പരിശീലനം ലഭിച്ചത് ഈ ബസിൽ നിന്നാണ്.

vintage

മിന്നൽ മുരളിയെ രക്ഷകനാക്കിയ ബസ് ഷൂട്ടിനു ശേഷം രക്ഷകനെ തേടുന്ന അവസരത്തിലാണ് തൃശൂർ സ്വദേശി സിജോ എത്തുന്നത്. അങ്ങനെ സിനിമ മേഖലയിൽ പ്രവർത്തിച്ചിരുന്ന സിജോ ഈ വാഹനം തന്റെ ഗാരിജിലേക്കെക്കെത്തിച്ചു

‘‘ഇതൊരു ബിസിനസിനായി വാങ്ങിയ വാഹനമല്ല. എന്റെ കയ്യിൽ ഒരുപാട് വിന്റേജ് വാഹനങ്ങൾ ഉണ്ടായിരുന്നു. ഒരു പഴയകാല ലോറിയും ബസും വാങ്ങണമെന്ന് ഒരുപാട് നാളായി ആഗ്രഹിക്കുന്നു. ഒന്നു രണ്ട് വാഹനങ്ങൾ നോക്കിയെങ്കിലും ഒന്നും ഇഷ്ടമായില്ല, അങ്ങനെയിരിക്കുമ്പോഴാണ് ലൊക്കേഷനിൽ വച്ച് സുഹൃത്ത് ഈ ബസ് വിൽക്കാനുള്ള വിവരം പറയുന്നത്. വാങ്ങാൻ ചെന്നപ്പോൾ ബാറ്ററിയെല്ലാം ഡൗൺ ആയ അവസ്ഥയിലായിരുന്നു. ഇപ്പോഴും ഒറിജിനൽ കണ്ടീഷനിൽതന്നെയാണ് നിലനിർത്തിയിരിക്കുന്നത്. ആകെ മാറ്റം വരുത്തിയത് പവർ സ്റ്റിയറിങ് ആക്കി എന്നുള്ളതാണ്. അത് സിനിമ ഷൂട്ടിന്റെ സമയത്ത് അവർ‌ മാറ്റിയതാണെന്നു കരുതുന്നു. ഈ ബസ് എടുത്ത ശേഷം ഇന്‍ഡസ്ട്രിയിൽ എന്നെ ഒരുപാട് ആളുകൾ അറിയാൻ തുടങ്ങി അങ്ങനെ എന്റെ മറ്റു വാഹനങ്ങൾക്കും സിനിമയിൽ  കൂടുതൽ അവസരം ലഭിച്ചു. ഇനി ടാറ്റയുടെ ലോറി കൂടി സ്വന്തമാക്കണമെന്നാണ് ആഗ്രഹം. ഇതിന്റെ ഫോട്ടോ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തപ്പോൾ ആളുകൾ റോബിൻ ബസിന്റെ  ആദ്യകാല വണ്ടിയായിരുന്നെന്നു കമന്റ് ചെയ്തിരുന്നെങ്കിലും ഞാൻ കൂടുതൽ അന്വേഷിച്ചില്ല‌.’’ സിജോ പറഞ്ഞു. 

വാഹനത്തിന്റെ പ്രത്യേകതകൾ

1979 മോഡൽ ലൈലാന്‍ഡ് 370 എന്‍ജിൻ വരുന്ന മോഡൽ ബസാണ്. 6 സിലിണ്ടർ 6 ലീറ്റർ എൻജിനും ഫോര്‍ സ്പീഡ് ഗിയർ ബോക്സും ഡബിൾ ക്ലച്ചുമാണ് ഈ വാഹനത്തിൽ വരുന്നത്. വാഹനത്തിന്റെ പഴമ അതുപോലെ നിലനിർത്താൻ സിജോ ശ്രമിച്ചിട്ടുണ്ട്. നിങ്ങൾ തൊണ്ണൂറുകളിലോ അതിനു മുന്‍പോ ജനിച്ചവരാണെങ്കില്‍ ഈ ബസിൽ കയറിയാൽ ചിലപ്പോൾ നിങ്ങൾ പഴമയിലേക്കു സഞ്ചരിക്കും, ഇതിനുള്ളിലെ ചെറിയ റെക്സിൻ സീറ്റും റൗണ്ട് ലാമ്പുമെല്ലാം പഴയകാല ബസ്സുകളുടെ അടയാളമായിരുന്നു. ബസിന്റെ മുൻഭാഗത്തെ തടികൊണ്ടുള്ള പെട്ടി കുട്ടിക്കാലത്തെ യാത്രകളെ മനസ്സിലേക്കു കൊണ്ടുവരും. മുൻഭാഗത്തെ തടി കൊണ്ടുള്ള ബോര്‍ഡും പഴയ വിൻഡോ കർട്ടനുകളുമെല്ലാം ബസില്‍ അതുപോലെ തന്നെയുണ്ട്. ഷൂട്ടിനും മറ്റുമായി ഈ ബസ് പുറത്തേക്കിറക്കുമ്പോൾ ഫോട്ടോ എടുക്കാൻ എത്തുന്നവർ ഒരുപാടാണ്.  ആളുകൾ ആദ്യം തിരക്കുന്നത് വരവേൽപ്പിലെ ഗൾഫ് മോട്ടോഴ്സ് ആണോ എന്നാണ്.

English Summary:

The Story of Thrissur's Vintage Leyland Bus Turned Movie Star

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com