ADVERTISEMENT

മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റിന്റെ പുതിയ മോഡൽ മേയ് ആദ്യം വിപണിയിലെത്തും. ടോക്കിയോ മോട്ടർഷോയിൽ പ്രദർശിപ്പിച്ച പുതിയ സുസുക്കി സ്വിഫ്റ്റ് ഇന്ത്യയിൽ മാത്രമല്ല ജാപ്പനീസ് വിപണിയിലും ഉടൻ പുറത്തിറക്കും.

suzuki-swift-uk-model-5

രൂപത്തിലെ മാറ്റങ്ങൾ

ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള മാറ്റങ്ങളേ എക്സ്റ്റീരിയറിൽ‌ വരുത്തിയിട്ടുള്ളൂ. പഴയ മോഡലിനെക്കാൾ ഷാർപ് ഡിസൈനാണ്. ബോണറ്റ് മുതല്‍ പിന്നിലെ ഫെന്‍ഡര്‍ വരെ നീളുന്ന നേര്‍ത്ത ഷോള്‍ഡര്‍ ലൈൻ പുതിയ സ്വിഫ്റ്റിനെ വേറിട്ടു നിർത്തുന്നു.

suzuki-swift-uk-model

സ്മോക്ക്ഡ് ഇഫക്റ്റുള്ള എൽഇഡി പ്രൊജക്റ്റർ ഹെഡ്‍ലാംപിനുള്ളിലാണ് ഡേടൈം റണ്ണിങ് ലാംപുകളുടെ സ്ഥാനം. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി 'L' രൂപത്തിലുള്ള എല്‍ഇഡി ഡൈടൈം റണ്ണിങ് ലാംപുകള്‍ കൂടുതല്‍ നേര്‍ത്തതാക്കിയിരിക്കുന്നു. ഗ്രില്ലിന് പകരം ബോണറ്റിലാണ് ലോഗോ. ടെയില്‍ ലാംപില്‍ 'C' രൂപത്തിലുള്ള എല്‍ഇഡിയാണ്.

വശങ്ങളിലാണ് വലിയ മാറ്റമുള്ളത്. പിന്നിലെ ഡോറുകളിലെ സി പില്ലറുകളിലേക്ക് കയറ്റിയിരുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ വീണ്ടും താഴേക്കിറക്കി. അതോടെ പിന്നിലെ വിന്‍ഡോയിലെ ചില്ലു ഭാഗത്തിന്റെ വലുപ്പം കൂടിയിട്ടുണ്ട്. ഇത് പിന്നിലെ യാത്രികരുടെ പുറം കാഴ്ച വര്‍ധിപ്പിക്കും.

suzuki-swift-uk-model-7

ഡ്യുവല്‍ ടോണ്‍ ഫിനിഷാണ് പിന്‍ ബംപറില്‍. 3,860 എംഎം നീളവും 1,695 എംഎം വീതിയും 1,500 എംഎം ഉയരവുമുള്ള പുതിയ സ്വിഫ്റ്റിന്റെ വീല്‍ ബേസ് 2,450 എംഎം ആണ്. നിലവിലെ മോഡലിനെ അപേക്ഷിച്ച് 15 എംഎം നീളവും 30 എംഎം ഉയരവും കൂടുതലാണെങ്കില്‍ വീതി 40 എംഎം കുറഞ്ഞിരിക്കുകയാണ്. അതേസമയം വീല്‍ ബേസില്‍ മാറ്റങ്ങളില്ല.

suzuki-swift-uk-model-6

ഇന്റീരിയറിലെ പുതുമകൾ

പല പ്രീമിയം മോഡലുകളിലേയും സൗകര്യങ്ങള്‍ പുതിയ സ്വിഫ്റ്റിലേക്ക് എത്തിച്ചിട്ടുണ്ട്. മാരുതി സുസുക്കിയുടെ മറ്റു മോഡലുകളായ ബലേനോയിലും ഫ്രോങ്ക്‌സിലുമെല്ലാമുള്ള ഇന്റീരിയര്‍ സവിശേഷതകള്‍ സ്വിഫ്റ്റിലും കാണാം. ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്, HVAC കണ്‍ട്രോളും ടോഗിള്‍ സ്വിച്ചുകളും, സ്റ്റിയറിങ് വീല്‍, ഡോറിലെ സ്വിച്ച് ഗിയര്‍ എന്നിവയ്ക്കാണ് സാമ്യം കൂടുതല്‍. പുതിയ സ്വിഫ്റ്റിലെ 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ ചെറിയ മാറ്റങ്ങളുണ്ട്. കറുപ്പ് നിറത്തിലുള്ള ഇന്റീരിയറിനു പകരം കറുപ്പിലും വെളുപ്പിലുമുള്ള ഇന്റീരിയറാണ്. ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റ്, ആഡാസ് സുരക്ഷ എന്നിവയെല്ലാമുള്ള മോഡലാണ് ടോക്കിയോ മോട്ടര്‍ ഷോയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ ഇറക്കുന്ന സ്വിഫ്റ്റിന് ഈ സവിശേഷതകളെല്ലാം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

suzuki-swift-uk-model-4

സ്മോൾ ഹൈബ്രിഡ് എൻജിൻ

എന്‍ജിനിലാണ് ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത്. നിലവിലുളള കെ12 ഫോര്‍ സിലിണ്ടര്‍ എന്‍ജിനുപകരം 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിനാണ്. കെ12 എന്‍ജിന്‍ 90എച്പി കരുത്തും പരമാവധി 113എൻഎം ടോര്‍ക്കുമാണ് പുറത്തെടുക്കുക. ജപ്പാനിൽ പ്രദർശിപ്പിച്ച ഇസഡ് 12 ഇ എന്ന 1.2 ലീറ്റർ എൻജിന് 80 ബിഎച്ച്പി കരുത്തും 108 എൻഎം ടോർക്കുമുണ്ട്. അതേ സ്പെക്കിൽ തന്നെയാണ് ഈ എൻജിൻ ഇന്ത്യയിലെത്തുക എന്ന് വ്യക്തമല്ല. ജാപ്പനീസ് മോ‍ഡലിൽ മൈൽഡ് ഹൈബ്രിഡ് മോട്ടർ ഉപയോഗിക്കുന്നുണ്ട്. ഇത് എൻജിന് 3 ബിഎച്ച്പിയും 60 എൻഎം അധിക ടോർക്കും നൽകും. ലീറ്ററിന് 24.5 കിലോമീറ്ററാണ് ഇന്ധനക്ഷമത. ജാപ്പനീസ് വിപണിയിൽ സിവിടി, ഓൺവീൽ ഡ്രൈവ് മോഡലുകളുണ്ട്. എന്നാൽ ഇന്ത്യയിൽ എഎംടി, മാനുവൽ ഗിയർബോക്സുകൾക്കാണ് സാധ്യത.

English Summary:

New Maruti Swift India launch on May 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com