ADVERTISEMENT

വാഹന മലിനീകരണ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. നിലവിലെ ഭാരത് സ്‌റ്റേജ് 6(BS6) നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായ ഭാരത് സ്‌റ്റേജ് 7(BS7)ലേക്ക് വൈകാതെ മാറുമെന്നാണ് സൂചന. മലിനീകരണം കുറക്കുന്നതു വഴി വാഹന രംഗം കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. യൂറോപ്യന്‍ യൂണിയന്‍ യൂറോ 7 മലിനീകരണ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതും ഇന്ത്യയുടെ ബിഎസ് 7 ലേക്കുള്ള യാത്രയെ സ്വാധീനിച്ചിട്ടുണ്ടെന്നും കരുതപ്പെടുന്നു. 

യൂറോ 7 മലിനീകരണ നിയന്ത്രണങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകരിച്ചു കഴിഞ്ഞു. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ഔദ്യോഗിക അനുമതി മാത്രമാണ് യൂറോ 7 നടപ്പില്‍ വരുത്താന്‍ ഇനി വേണ്ടത്. 20 ദിവസത്തിനകം തന്നെ യൂറോപില്‍ യൂറോ 7 മലിനീകരണ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. 

കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി മലിനീകരണ നിയന്ത്രണങ്ങള്‍ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നതിനു വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ ഇന്ത്യയിലെ വാഹന വ്യവസായികളോട് ആവശ്യപ്പെട്ടിരുന്നു. 'ബിഎസ് 7 നിലവാരത്തിലുള്ള വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകള്‍ക്കായുള്ള ഗവേഷണം നിങ്ങള്‍ ആരംഭിക്കേണ്ട സമയമായി' എന്നാണ് ഗഡ്ക്കരി പറഞ്ഞത്. 

യൂറോ 7ന്റെ വരവ് ബിഎസ് 7 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇന്ത്യക്കും പ്രചോദനമായേക്കും. മലിനീകരണം കുറക്കുകയെന്ന ലക്ഷ്യത്തിലും വൈദ്യുത വാഹനങ്ങളുടെ നിര്‍മാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലുമാണ് ഇന്ത്യയില്‍ ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്റ് ഇലക്ട്രിക് വെഹിക്കിള്‍സ്(എഅങഋ) പദ്ധതി നടപ്പിലാക്കിയത്. വൈദ്യുത വാഹനങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ ഇളവുകള്‍ വഴി പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ചെയ്തത്. 

യൂറോപില്‍ പുതുതായി പുറത്തിറങ്ങുന്ന വാഹനങ്ങളുടെ പുകക്കുഴല്‍ വഴിയുള്ളതും ബ്രേക്ക് വഴിയുള്ളതുമായ മലിനീകരണം നിയന്ത്രിക്കുക യൂറോ 7ന്റെ ലക്ഷ്യമാണ്. ഇതിനൊപ്പം വൈദ്യുത വാഹനങ്ങളിലും ഹൈബ്രിഡ് വാഹനങ്ങളിലും ഏറ്റവും കുറഞ്ഞ ബാറ്ററി ലൈഫ് എത്രയെന്നതിന്റെ നിര്‍ദേശവും യൂറോ 7 നല്‍കും. പുതിയ നിലവാരത്തിന് അനുസൃതമായ സാങ്കേതികവിദ്യയും ഉപകരണങ്ങളും സ്ഥാപിക്കാന്‍ 30 മാസത്തെ സമയമാണ് കാറുകള്‍ക്കും വാനുകള്‍ക്കും ലഭിക്കുക. അതേസമയം ബസ്, ട്രക്ക്, ട്രെയിലര്‍ തുടങ്ങിയ വലിയ വാഹനങ്ങളില്‍ 48 മാസത്തെ സാവകാശം ലഭിക്കും. 

യൂറോ 7 മലിനീകരണ നിയന്ത്രണങ്ങള്‍ നടപ്പാക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തിനെതിരെ കാര്‍ നിര്‍മാണ കമ്പനികളും ചില യൂറോപ്യന്‍ രാജ്യങ്ങളും പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ വൈദ്യുത കാറുകള്‍ താരതമ്യേന കുറവുള്ള രാജ്യങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. താരതമ്യേന വില കുറഞ്ഞ പെട്രോള്‍ കാറുകള്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങുമെന്നതാണ് ആശങ്കകളിലൊന്ന്. 

2022ലെ ശുപാര്‍ശകളേക്കാള്‍ കര്‍ശനമായ വ്യവസ്ഥകളോടെയാണ് യൂറോ 7 മലിനീകരണ നിയന്ത്രണങ്ങള്‍ ഇപ്പോള്‍ എത്തുന്നത്. 2035 ആവുമ്പോഴേക്കും പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരോധിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ ശ്രമം. ഇതിനു മുന്നോടിയായി വൈദ്യുത കാറുകള്‍ നിര്‍മിക്കാനുള്ള ഗവേഷണങ്ങളിലാണ് പല വാഹന നിര്‍മാതാക്കളുടേയും ശ്രദ്ധ. എന്നാല്‍ യൂറോ 7 വരുന്നതോടെ വാഹനങ്ങളുടെ മലിനീകരണ നിയന്ത്രണങ്ങള്‍ മെച്ചപ്പെടുത്താനുള്ള സാങ്കേതികവിദ്യകളിലേക്ക് ശ്രദ്ധ മാറുമെന്നതാണ് വാഹന നിര്‍മാതാക്കളുടെ പ്രധാന ആശങ്ക.

English Summary:

Say Goodbye to Petrol-Diesel Cars by 2035? Euro7 Paves the Way and India's BS7 May Follow Suit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com