ADVERTISEMENT

ഈയിടെ കൊച്ചിയിൽ വാഹനം രൂപം മാറ്റി ഓടിച്ചതിന് ഒരാളെ ആർടിഒ എൻഫോഴ്സ്മെന്റ് വിങ് പിടികൂടി. അദ്ദേഹത്തിന്റെ ഡേറ്റ പരിശോധിച്ചപ്പോൾ രണ്ടു മൂന്നു വർഷത്തിനുള്ളിൽ ഒട്ടേറെ നിയമലംഘനങ്ങൾ. മൊത്തം പിഴ ₨ 22,000 ! 

ഇനി കാര്യങ്ങൾ അങ്ങനെയാവില്ല. സ്പോട്ടിൽ പണി കിട്ടും. കാരണം നമ്മൾ ക്യാമറ നിരീക്ഷണത്തിലാണ്. ട്രാഫിക് നിയമലംഘനം പിടികൂടാൻ 726 എഐ ക്യാമറകളാണ് റെഡിയായിരിക്കുന്നത്. വാഹനം തടഞ്ഞുള്ള പരിശോധന ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതു പരിഗണിച്ചാണ് ഫുള്ളി ഓട്ടമേറ്റഡ് ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം നടപ്പാക്കുന്നത്. 

ചെറിയൊരു പിഴവാണെങ്കിൽപോലും വീട്ടിൽ നോട്ടിസെത്തും.  പ്രതിവർഷം ഒന്നര ലക്ഷത്തിലധികം വാഹനാപകട മരണങ്ങളാണ് നമ്മുടെ രാജ്യത്തുണ്ടാകുന്നത്. ഹെൽമറ്റും സീറ്റ് ബെൽറ്റും അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗംകൊണ്ടു മാത്രം ഈ മരണത്തിൽ പകുതിയിലധികവും ഒഴിവാക്കാൻ കഴിയും. 

ക്യാമറകളും ഉപയോഗവും 

675 ക്യാമറകൾ

ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള ഇരുചക്ര വാഹനയാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര എന്നിവ കണ്ടുപിടിക്കാനും അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങളെ പിടികൂടാനും വേണ്ടി. 

25 ക്യാമറകൾ

അനധികൃത പാർക്കിങ് പിടികൂടുന്നതിന്.

4 ഫിക്സഡ് ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ ക്യാമറകൾ 

അമിത വേഗം കണ്ടുപിടിക്കുന്നതിന് 

18 ക്യാമറകൾ

റെഡ് ലൈറ്റ് അവഗണിച്ചു പോകുന്നവരെ പിടികൂടാൻ. 

റോഡുകളിലെ മഞ്ഞവര മറികടക്കുക, വളവുകളിൽ വരകളുടെ അതിർത്തി കടന്ന് ഓവർടേക്ക് ചെയ്യുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കും പിഴയുണ്ട്. നിലവിലുള്ള തുക തന്നെയാണ് ഈടാക്കുക. 

പണി വരുന്ന വഴി

1. പ്രധാന കൺട്രോൾ റൂമിൽനിന്ന് എല്ലാ ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിലേക്കും ദൃശ്യങ്ങൾ കൈമാറ്റം ചെയ്യുന്നു. 

2. ആർടിഒ എൻഫോഴ്സ്മെന്റ് നോട്ടിസ് തയാറാക്കി വാഹന ഉടമകൾക്കു നൽകുന്നു. 

3. നിയമലംഘനം നടന്ന് 6 മണിക്കൂറിനുള്ളിൽ ഉടമയുടെ മൊബൈൽ ഫോണിൽ സന്ദേശമെത്തും. 

4. നോട്ടിസ് തയാറാക്കുന്നതിനോടൊപ്പം വാഹന ഡാറ്റ ബേസിൽ ഇ–ചലാൻ സംവിധാനം വഴി കേസ് രേഖപ്പെടുത്തുകയും വെർച്വൽ കോടതിയിലേക്ക് റഫർ ചെയ്യുകയും ചെയ്യും. 

5. കേസ് വന്നാൽ വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാം. വിവിധ സേവനങ്ങൾ ലഭിക്കുന്നതിന് ഇതു തടസ്സമാകും. 

6. ഇ–ചലാനുകളെ സംബന്ധിച്ചു പരാതികളുണ്ടെങ്കിൽ ബന്ധപ്പെട്ട ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് ഓഫിസിനെയാണു സമീപിക്കേണ്ടത്. 

7. ക്യാമറദൃശ്യങ്ങളും ഡേറ്റയും പൊലീസ്, എക്സൈസ്, എവിഡി, ജിഎസ്ടി വകുപ്പുകളുമായും പങ്കുവയ്ക്കും. പരിശോധനയിൽ കണ്ടെത്തുന്ന മറ്റു കുറ്റങ്ങൾക്കെതിരെയും നടപടിയുണ്ടാകും. 

എഐ ക്യാമറ

ഹൈ പീക്ക് ഔട്പുട്ട് ഉള്ള ഇൻഫ്രാറെഡ് ക്യാമറകളായതിനാൽ രാത്രിയിലും പ്രതികൂല കാലാവസ്ഥയിലും കൃത്യതയോടെ ദൃശ്യങ്ങൾ പകർത്തും. കൂടുതൽ കുറ്റകൃത്യങ്ങൾ പുതുതായി കൂട്ടിച്ചേർക്കാൻ പറ്റുന്ന ഡീപ് ലേണിങ് ടെക്നോളജി (Deep Learning technology) സോഫ്റ്റ്‌വെയർ ആണ് ഇതിൽ. സോളർ എനർജി ഉപയോഗിച്ചും 4G സംവിധാനത്തിലൂടെയുമാണ് ക്യാമറ പ്രവർത്തിക്കുന്നത്. തൽക്ഷണം ദൃശ്യങ്ങൾ പ്രധാന കൺട്രോൾ റൂമിലേക്ക് അയയ്ക്കും.  

കുറ്റകൃത്യവും പിഴത്തുകയും

അനധികൃത പാർക്കിങ്    ₨ 250 

ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ‌ഇല്ലെങ്കിൽ ₨ 500 

അമിതവേഗം ₨ 1500 

മൊബൈൽ ഫോൺ ഉപയോഗം ‌ ₨ 2000

റിയർ വ്യൂ മിറർ ഇല്ലെങ്കിൽ ₨ 250

ട്രിപ്പിൾ റൈഡ് ₨ 2000

9 മാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ ഒഴികെ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാണ്.  

എഐ ക്യാമറകളെക്കുറിച്ചുള്ള സംശയങ്ങൾക്ക് ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്ത് മറുപടി

ക്യാമറകൾ എവിടെയൊക്കെയാണുള്ളത് ? 

കേരളത്തിലെ പ്രധാന അപകടമേഖലകൾ, നിയമലംഘനം കൂടുതൽ നടക്കുന്ന സ്ഥലങ്ങൾ തുടങ്ങിയിടങ്ങളിൽ. മോട്ടർ വാഹനവകുപ്പിന്റെ എഐ ക്യാമറകൾക്കു പുറമേ പൊലീസിന്റെ ഇന്റലിജന്റ് ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം എന്ന ക്യാമറ ശൃംഖലയും വരുന്നുണ്ട്. 

എത്ര ദൃശ്യങ്ങൾ പകർത്താം, എത്രകാലം സൂക്ഷിക്കാം ?

എത്ര ചിത്രങ്ങൾ വേണമെങ്കിലും ആവശ്യമുള്ള കാലം സൂക്ഷിക്കാം. ഏതു കാലത്തും ബാക്കപ് എടുക്കാം. ഒരു കേസ് റജിസ്റ്റർ ചെയ്ത് ചലാൻ സൃഷ്ടിച്ചാൽ പിഴ അടച്ച് കേസ് തീർക്കുന്നതുവരെ എന്തായാലും ദൃശ്യങ്ങൾ സൂക്ഷിക്കും.

ഇരുചക്ര വാഹനങ്ങളിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് കുട്ടികളെ കൊണ്ടുപോകാമോ?

ഇരുചക്ര വാഹനങ്ങളിൽ 2 പേരിൽ കൂടുതലുണ്ടെങ്കിൽ തീർച്ചയായും എഐ ക്യാമറ ചിത്രമെടുക്കും. ഒരു മുതിർന്നയാളും ഒരു കുട്ടിയുമാണ് യാത്ര ചെയ്യുന്നതെങ്കിൽ കുട്ടിയെ നിർബന്ധമായും ഹെൽമറ്റ് ധരിപ്പിക്കുക.

ലെയ്ൻ ട്രാഫിക് പരിശോധനയ്ക്ക് എഐ ക്യാമറ ഉപയോഗിക്കുമോ ?

ലെയ്ൻ  ട്രാഫിക് പരിശോധനയ്ക്കും എഐ ക്യാമറകൾ ഉപയോഗിക്കാമെങ്കിലും ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. 

English Summary: Know More About AI Traffic Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com