ADVERTISEMENT

ഇന്ത്യന്‍ വാഹന വിപണി ഇലക്ട്രിക്കിലേക്കുള്ള മാറ്റത്തിലാണ്. പെട്രോള്‍ - ഡീസല്‍ കാറുകളെക്കാള്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദപരമെന്ന ചിന്ത സമൂഹത്തിൽ ശക്തമാകുന്നത് വിപണിയില്‍ ഫലം ചെയ്തിരുന്നു. പക്ഷേ അതിനു തുടക്കത്തില്‍ ഏറെ സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീടുള്ള വളർച്ച പ്രതീക്ഷിച്ചത്ര വേഗത്തിലല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

 

ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനും അപ്‌ഡേറ്റ് ചെയ്യാനുമുള്ള കഠിന പരിശ്രമത്തിലാണ് നിര്‍മാതാക്കള്‍. എന്നാല്‍ വിപണിയെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ച രീതിയില്‍ സാധിക്കുന്നില്ല എന്നതും വാസ്തവമാണ്. ആളുകളെ ഇലക്ട്രിക് വാഹനങ്ങളിൽനിന്ന് ഒരു പരിധി വരെ അകറ്റുന്നതിന്  6 കാരണങ്ങളാണ് ഇവി ഉപയോഗിച്ചിട്ടുള്ളവര്‍ പ്രധാനമായി പറയുന്നത്. അവ ഏതൊക്കെയെന്നു നോക്കാം.

 

1. ഉയര്‍ന്ന വില, മോഡലുകള്‍ കുറവ്

 

മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന വിലയാണ്. ബാറ്ററി സാങ്കേതികവിദ്യയുടെ ചെലവ്, നിര്‍മാണക്കുറവ് എന്നിവയെല്ലാം ഇതിനു കാരണമാണ്. 

 

മാത്രമല്ല, തിരഞ്ഞെടുക്കാന്‍ കാര്യമായ മോഡലുകള്‍ നിര്‍മാതാക്കള്‍ക്ക് ഇല്ല എന്നതും ആളുകളെ ഇലക്ട്രിക് വാഹനങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തുന്നുവെന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്. ഇതിനെയെല്ലാം മറികടക്കാന്‍ സര്‍ക്കാരില്‍ നിന്നുള്ള ഇന്‍സെന്റീവുകളും സബ്‌സിഡിയും ഉള്‍പ്പെടെയുള്ള പിന്തുണ നിര്‍മാതാക്കള്‍ക്കും ഗുണഭോക്താക്കള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. ഉദാ: പെട്രോള്‍ വകഭേദമായ ടാറ്റ നെക്‌സോണ്‍ മോഡലിന് വില ആരംഭിക്കുന്നത് 7.79 ലക്ഷം (എക്‌സ്‌ഷോറൂം) വിലയിലാണ്. എന്നാല്‍ ഇതേ ശ്രേണിയിലുള്ള ഇലക്ട്രിക് വകഭേദത്തിന് നല്‍കേണ്ടത് 14.49 ലക്ഷം രൂപയാണ്. ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നയാള്‍ ഇവിടെ ഇലക്ട്രിക് തിരഞ്ഞെടുപ്പിനു മാത്രം നല്‍കേണ്ട തുക ഇരട്ടിയോളമാണെന്നതാണ് വസ്തുത. 

 

2. ചാര്‍ജിങ് സംവിധാനങ്ങളുടെ അപര്യാപ്തത

 

ഇലക്ട്രിക് വാഹന ഉടമകളുടെ സ്ഥിരം ആശങ്കയാണ് ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവം. കാലം പിന്നിടുംതോറും ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ വര്‍ധനയുണ്ടെങ്കിലും നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. മെട്രോ സിറ്റികള്‍ ഒഴികെയുള്ള നഗരങ്ങളില്‍ പലയിടങ്ങളിലും ഇപ്പോഴും ചാര്‍ജിങ് പ്രതിസന്ധി രൂക്ഷമാണെന്ന് ഗുണഭോക്താക്കള്‍ തന്നെ വിലയിരുത്തുന്നു. അവശ്യ സാഹചര്യങ്ങളില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ കണ്ടെത്താനാകാത്തത് സുഗമമായ യാത്രയ്ക്കു തടസ്സമാകുമെന്നാണ് ഉടമകൾ പറയുന്നത്.

 

3. ബാറ്ററി പ്രകടനം, ദൂരക്ഷമത 

 

ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററിയുടെ പ്രകടനവും ദൂരക്ഷമതയും ഇവി ഗുണഭോക്താക്കളെ അലട്ടുന്ന വസ്തുതയാണ്. ഉയര്‍ന്ന താപനിലയും അന്തരീക്ഷസ്ഥിതിയിലെ വ്യത്യാസങ്ങളുമെല്ലാം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ വാഹനങ്ങളുടെ ബാറ്ററി ക്ഷമതയെ പ്രകടമായി ബാധിക്കുന്നുണ്ട്. നിശ്ചിത ദൂരക്ഷമത മാത്രമുള്ള ചില ഇവികള്‍ ഉപയോഗിക്കുന്നവര്‍ക്ക് നഗരങ്ങളില്‍ നിന്നു മറ്റിടങ്ങളിലേക്കുള്ള ദീര്‍ഘദൂര യാത്ര ഇന്നും സ്വപ്‌നം മാത്രമാണ്. ദീര്‍ഘക്ഷമതയുള്ള ബാറ്ററി, ഉയര്‍ന്ന ദൂരക്ഷമത, മികച്ച താപനില ക്രമീകരണം എന്നിവയെല്ലാം ഇതിനെ മറികടക്കാന്‍ വഴിയൊരുക്കും. 

 

4. ഉയര്‍ന്ന ചാര്‍ജിങ് സമയം

 

വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കുന്നു എന്നതാണ് ദീര്‍ഘദൂര യാത്രകളില്‍ പലരും പറയുന്ന പ്രധാന പ്രശ്‌നം. സാധാരണ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ മിനിറ്റുകള്‍ മാത്രം മതിയെന്നിരിക്കെ ഇവി റീചാര്‍ജിന് മണിക്കൂറുകളാണ് വേണ്ടത്. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഉണ്ടെങ്കിലും അതിനും താരതമ്യേന ഉയര്‍ന്ന സമയപരിധി ആവശ്യമാണ്. ഹൈപവര്‍ ചാര്‍ജിങ് സ്റ്റേഷനുകളും അതിവേഗ ചാര്‍ജിങ്ങും ക്രമീകരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. 

 

5. ഉയര്‍ന്ന താപനില, തീപിടുത്ത ഭയം

 

ഇന്ത്യ ഒരു ഉഷ്ണമേഖലാ രാജ്യമായതിനാല്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള അന്തരീക്ഷവുമായിരിക്കും. ബാറ്ററികള്‍ക്ക് ഇത് ഭീഷണിയായേക്കാം. അതുകൊണ്ടുതന്നെ തീപിടുത്ത ഭയം ആളുകളുടെ ഇടയില്‍ രൂക്ഷമാണ്. വാഹനം വാങ്ങാന്‍ താൽപര്യപ്പെടുന്ന പലരും ഈ സാധ്യത മനസ്സിലാക്കുന്നതോടെ പിന്തിരിയുന്നു. വേനല്‍ക്കാലത്ത് 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്ന സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. ഇവിടങ്ങളിലെല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്ന വിധം ക്ഷമതയുള്ള ബാറ്ററികള്‍ ആവശ്യമാണ്. 

 

6. പരിപാലനവും വില്‍പനാനന്തര സേവനങ്ങളും

 

പരിപാലനത്തെപ്പറ്റി ഇപ്പോഴും വ്യക്തമായ ധാരണ ഇല്ലാതെയാണ് പലരും ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നത്. തുടര്‍ന്നുണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് വില്‍പനാനന്തര സേവനങ്ങളുടെ അപര്യാപ്തത. സര്‍വീസ് സെന്ററുകളിലെ സ്‌പെഷലൈസ്ഡ് ഇവി ടെക്‌നീഷ്യന്‍മാരുടെ കുറവ്, സ്‌പെയര്‍ പാര്‍്ട്‌സുകളുടെ ലഭ്യതക്കുറവ് എന്നിവ പലരെയും വലിയ നിരാശയില്‍ കൊണ്ടെത്തിക്കും. കൃത്യമായ പരിപാലനത്തിന് ആവശ്യത്തിലേറെ സമയം വേണ്ടിവരുമെന്നതും ഗുണഭോക്താക്കൾക്കു തലവേദനയാണ്. കൃത്യമായ സര്‍വീസ് ശൃംഖല, വ്യക്തമായ പ്രവൃത്തിപരിചയമുള്ള ടെക്‌നീഷ്യന്‍മാരും സര്‍വീസ് സെന്ററും എന്നിവയെല്ലാം ആവശ്യമാണ്.

 

ഇവി ഗുണഭോക്താക്കളുടെ ദിനംപ്രതിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാനായാല്‍ ഇവി വിപണി പ്രതീക്ഷിച്ച വിജയം കൈവരിക്കുമെന്നും. അങ്ങനെയെങ്കില്‍ കൂടുതല്‍ ഹരിതാഭമായ ഭാവി ഇന്ത്യയ്ക്ക് കൈവരിക്കാം. 

 

English Summary: Six big Electric Car Questions of Customers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com