ADVERTISEMENT

നിങ്ങള്‍ക്ക് വണ്ടിയുണ്ടെങ്കില്‍ ടയറില്‍ നൈട്രജന്‍ വേണോ സാധാരണ എയർ വേണോ എന്ന ചോദ്യം നേരിട്ടിരിക്കും. നൈട്രജന്‍ ടയറുകളില്‍ നിറക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് പലരും പറഞ്ഞു കേട്ടിട്ടുമുണ്ടാവും. സത്യത്തില്‍ കാശുകൊടുത്ത് നൈട്രജന്‍ ടയറില്‍ നിറക്കുന്നതുകൊണ്ട് മെച്ചമുണ്ടോ? അതോ സാധാരണ എയര്‍ തന്നെ മതിയോ?

വായുവിലില്ലേ നൈട്രജന്‍?

സാധാരണ എയര്‍ എന്ന് പറയുന്നത് സത്യത്തില്‍ അന്തരീക്ഷ വായു തന്നെയാണ് അതായത്. നൈട്രജനും ഓക്‌സിജനും മറ്റു വാതുകങ്ങളുമൊക്കെ ചേര്‍ന്നുള്ളത്. അന്തരീക്ഷ വായുവില്‍ ഏതാണ്ട് 78 ശതമാനത്തോളം നൈട്രജനുണ്ടെന്നും 21 ശതമാനം ഓക്‌സിജനുണ്ടെന്നും നമുക്കറിയാം. അങ്ങനെ വരുമ്പോള്‍ സാധാരണ എയറില്‍ തന്നെ വലിയൊരു ഭാഗം നൈട്രജന്‍ തന്നെയാണുള്ളത്. ഏതാണ്ട് 80 ശതമാനത്തോളം! ഇനിയും നൈട്രജന്‍ മാത്രം നിറക്കുന്നതുകൊണ്ട് വലിയ ഗുണമുണ്ടോ? 

സാധാരണ എയറിനെ അപേക്ഷിച്ച് നൈട്രജന്‍ ഉപയോഗിച്ചാല്‍ കുറച്ചു കൂടുതല്‍ ദിവസം വായു ടയറില്‍ നില്‍ക്കും. എപ്പോഴും ടയറിലെ എയർ ചെക്ക് ചെയ്യേണ്ട എന്നു ചുരുക്കം. ടയറുകളുടെ ആരോഗ്യം നിശ്ചിത ഇടവേളകളില്‍ ടയറുകളിലെ മര്‍ദം പരിശോധിക്കുന്നതാണെന്ന കാര്യം മറക്കാനും പാടില്ല.

ശരിക്കും നൈട്രജന്‍ തന്നെയോ?

നൈട്രജന്റെ ശുദ്ധതയെക്കുറിച്ച് ആരെങ്കിലും സംശയം ഉന്നയിച്ചാല്‍ അതിന് അവരെ കുറ്റം പറയാനും പറ്റില്ല. കാരണം നൈട്രജന്‍ എന്നു പറഞ്ഞ് അടിക്കുന്നത് ശുദ്ധമായ നൈട്രജന്‍ തന്നെയാണെന്ന് പരീക്ഷിച്ചറിയാനും എളുപ്പമല്ല. മറ്റൊരു തെറ്റിദ്ധാരണ നൈട്രജന്‍ കണങ്ങള്‍ക്ക് സാധാരണ വായുവിലെ കണങ്ങളേക്കാള്‍ വലുപ്പം കൂടുതലാണെന്നതാണ്. അങ്ങനെ വരുമ്പോള്‍ എളുപ്പത്തില്‍ നൈട്രജന്‍ ചോരില്ലെന്ന് കരുതി നൈട്രജനു വേണ്ടി പണം മുടക്കുന്നവരുണ്ട്.

പഞ്ചര്‍, ടയര്‍ ബെഡ് ചോര്‍ച്ച, വാല്‍വ് ചോര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങളിലെല്ലാം സാധാരണ വായുവും നൈട്രജനും തമ്മില്‍ ഒരു വ്യത്യാസവുമില്ല. മാത്രമല്ല നൈട്രജന്‍ നിറച്ചതുകൊണ്ട് മാത്രം ടയറുകളുടെ റോളിങ് റസിസ്റ്റന്‍സ് കുറയുകയോ ഇന്ധനക്ഷമത വര്‍ധിക്കുകയോ ടയറിന് കൂടുതല്‍ ആയുസ് ലഭിക്കുകയോ ചെയ്യില്ല. എന്നാൽ ടയർ മർദ്ദം കൂടുതൽ സ്ഥിരമായി നിലനിൽക്കും, ഇത് ഇന്ധനത്തിലും ടയർ പരിപാലന ചെലവിലും ചെറിയ തുക ലാഭിക്കും. നൈട്രജൻ നിറച്ച ടയറുകളിൽ നൈട്രജൻ വായു കുറവാണെങ്കിൽ സാധാരണ വായു ഉപയോഗിച്ച് നിങ്ങളുടെ psi ഉയർത്താൻ ഭയപ്പെടേണ്ടതില്ല.

എഫ് 1 വേ... നമ്മള്‍ റേ...

നൈട്രജന്‍ സ്ഥിരമായി അടിക്കുന്നവരുടെ മറ്റൊരു വാദം ഉയര്‍ന്ന വേഗതയില്‍ പോകുമ്പോള്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നുവെന്നതാണ്. ഫോര്‍മുല വണ്‍ കാറുകളില്‍ നൈട്രജനാണ് നിറക്കുന്നത്. ഈയൊരു കാര്യത്തെ പിന്‍പറ്റിയാണ് ഇതിന് പ്രചാരണം ലഭിച്ചത്. ഫോര്‍മുല വണ്‍ മത്സരയോട്ടങ്ങളില്‍ ടയറുകള്‍ക്കും നിറക്കുന്ന വായുവിനും പ്രാധാന്യമുണ്ടെന്നത് വസ്തുതയാണ്. മാത്രമല്ല ഫോര്‍മുല വണ്ണിലെ വാഹനങ്ങളില്‍ നിറക്കുന്ന നൈട്രജന്‍ അതേ ഗുണനിലവാരത്തില്‍ അടുത്തുള്ള പഞ്ചര്‍ കടയിലും ലഭിക്കാനുള്ള സാധ്യത വളരെ വിരളമാണ്. പുതിയ ടയറിനുള്ളില്‍ അടിക്കുന്ന പെയിന്റുകള്‍ വഴി വാതക ചോര്‍ച്ച അടക്കമുള്ള പല പ്രശ്‌നങ്ങളും നമുക്ക് ഫലപ്രദമായി പരിഹരിക്കാനാവുകയും ചെയ്യും. 

നൈട്രജൻ കൊണ്ടുള്ള ദോഷം 

സത്യത്തില്‍ നൈട്രജന്‍ അടിക്കുന്നതുകൊണ്ട് വലിയ ഗുണമൊന്നുമില്ലെന്ന് മാത്രമല്ല ദോഷമുണ്ട് താനും. അനാവശ്യ ചിലവാണെന്നതാണ് ഒരു ദോഷം. പിന്നത്തെ പ്രശ്‌നം നൈട്രജന്‍ ടയറില്‍ അടിക്കുന്നവരില്‍ സ്വാഭാവികമായും തങ്ങളുടെ ടയറില്‍ വായുവുണ്ടെന്ന ധാരണയാണ്. അതുകൊണ്ടുതന്നെ ഇവര്‍ പലപ്പോഴും ടയറിലെ മര്‍ദം പരിശോധിക്കാറുമില്ല. ഇത് ടയറുകളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുകയും ചെയ്യും. സാധാരണ റോഡുകളിലും വാഹനങ്ങളിലും സാധാരണ വായു നൈട്രജന്റെ ജോലി ചെയ്യുമെന്ന് തിരിച്ചറിയുക. നൈട്രജന്‍ നിറക്കുന്നതിനേക്കാള്‍ എത്രയോ പ്രധാനമാണ് ടയറുകളിലെ മര്‍ദം ഇടക്കിടെ പരിശോധിക്കുന്നതും വായു നിറക്കുന്നതും എന്ന കാര്യം കൂടി മനസില്‍ വച്ചോളൂ.

English Summary:

Is nitrogen better for your tyres?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com