ADVERTISEMENT

ഒരു വണ്ടിയില്‍ കയറി യാത്ര പോകുന്നതുപോലെയാണ് അഖില്‍ മാരാരുടെ കഥപറയല്‍. കഥപറഞ്ഞുതുടങ്ങിയാല്‍ പിന്നെ ബെല്ലും ബ്രേക്കുമില്ലാതെ ഒരു പോക്കാണ്. ചെറുപ്പത്തിലെ കഷ്ടപ്പാടുകളും ജീവിതത്തില്‍ കെട്ടിയാടിയ വേഷങ്ങളുമെല്ലാം സിനിമപോലെ തിരശീലയില്‍ തെളിയും. ഒരു വണ്ടി തൊട്ടതിന് ചെറുപ്പത്തിലേറ്റ അപമാനം, ജീപ്പിനെ രൂപമാറ്റം വരുത്തി പണിവാങ്ങിക്കൂട്ടിയത്, വെറും പതിനായിരം വെച്ച് ഹാരിയര്‍ വാങ്ങിയത്, ബെന്‍സ് മുതല്‍ മിനികൂപ്പര്‍ വരെ സ്വന്തമാക്കിയ അനുഭവങ്ങള്‍... ഇങ്ങനെ പോകുന്നു സംവിധായകനും മുന്‍ ബിഗ് ബോസ് വിന്നറുമായ അഖില്‍ മാരാരുടെ വണ്ടിക്കഥകള്‍. ഈ വണ്ടിയില്‍ കയറി നമുക്കും പോകാം ഒരു യാത്ര അഖില്‍ മാരാരുടെ ജീവിതത്തിലൂടെ... രസകരമായ വണ്ടിക്കഥകളിലൂടെ...

അങ്ങനെ തുടങ്ങിയീ വണ്ടിപ്രേമം...

പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലം. ക്രിക്കറ്റ് കളിയുളള ദിവസം സ്‌കൂളില്‍ പോവാറില്ല. സ്‌കൂളിലേക്ക് പോകുന്ന വഴിയിലുളള വീടുകളില്‍ കയറി കളി കണ്ടിരിക്കും. മിക്കപ്പോഴും ജനലിന്റെ അടുത്തുനിന്നും മുറ്റത്തുനിന്നുമായിരിക്കും ടിവി കാണുക. കാരണം യൂനിഫോമിട്ട് കണ്ടാല്‍ തന്നെ സ്‌കൂളില്‍ പോവാത്തതിന് വഴക്ക് കേള്‍ക്കും. 

അങ്ങനെ ഒരു ദിവസം ഒരു വീടിന്റെ പുറത്തുനിന്ന് കളി കണ്ടോണ്ടിരിക്കുമ്പോള്‍ അവിടെ ആരോ കാറില്‍ വന്നു. മാരുതിയുടെ ഒരു കാറായിരുന്നു അത്. വണ്ടി കണ്ട കൗതുകത്തില്‍ ഞാന്‍ ചെന്ന് വണ്ടിയുടെ അകം കാണാനായി ഡോറൊന്ന് തുറന്നുനോക്കി. അപ്പോള്‍ ഒരാള്‍ വന്ന് തലയില്‍ ഒറ്റയടി. എന്നിട്ട് നീ എന്തിനാ വണ്ടിയ്ക്കകത്തുളള സാധനങ്ങള്‍ മോഷ്ടിച്ചതെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു. സ്‌കൂള്‍ ബാഗ് പിടിച്ചുവാങ്ങി പരിശോധിച്ചു. അതിലെ സാധനങ്ങളെല്ലാം എടുത്ത് താഴെയിട്ടു. 

akhil-marrar-1

സ്‌കൂളില്‍ പോകുന്ന വഴി, വീണുകിടക്കുന്ന കശുവണ്ടിയെല്ലാം പെറുക്കി ബാഗിലിടാറുണ്ട്. അന്ന് അതൊക്കെ കൊടുത്താല്‍ കുറച്ച് കാശൊക്കെ കിട്ടും. അങ്ങനെ പെറുക്കി ബാഗിലിട്ട കശുവണ്ടി ആ വീട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പറഞ്ഞ് അയാള്‍ ബഹളമുണ്ടാക്കി. അല്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും അയാള്‍ സമ്മതിച്ചില്ല. മനസ് ഏറെ വിഷമിച്ചാണ് അന്ന് വീട്ടിലേക്ക് തിരികെ പോയത്. ഒരു വണ്ടി കാരണമുണ്ടായ ആ അപമാനത്തില്‍ വലുതായാല്‍ ഒരു വലിയ വണ്ടി വാങ്ങുമെന്ന് മനസിലുറപ്പിച്ചു. അന്നുതുടങ്ങിയതാണ് എന്റെ ഈ വണ്ടി പ്രേമം. 

ആദ്യ വണ്ടി...

ആദ്യം ബൈക്കായിരുന്നു ക്രേസ്. യെസ്ഡി 2019ല്‍ വീണ്ടും വന്നപ്പോള്‍ കൊല്ലം ജില്ലയില്‍ ആദ്യമായി എടുക്കുന്നത് ഞാനാണ്. ബുളളറ്റ് 500 ക്രോം, പള്‍സര്‍ 220 എല്ലാം സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീടാണ് ഇഷ്ടം കാറിലേക്ക് തിരിയുന്നത്. അങ്ങനെ 2015 കാലഘട്ടത്തില്‍ സ്വന്തമായി ഒരു കാര്‍ വാങ്ങി. ആദ്യം സെക്കന്റ് ഹാന്റ് കാറുകളായിരുന്നു വാങ്ങിയിരുന്നത്. പൈസയില്ലെങ്കിലും ആഗ്രഹങ്ങളാണ് അന്ന് വണ്ടി വാങ്ങിപ്പിച്ചത്. പലപ്പോഴും കടം വാങ്ങിയായിരിക്കും വണ്ടി വാങ്ങുക. പിന്നീട് പല ജോലികള്‍ ചെയ്ത് കടം വീട്ടും. 

ഫോര്‍വീലറില്‍ ആദ്യമായി സ്വന്തമാക്കുന്ന വണ്ടി ഫോഡ് ഫിയസ്റ്റയായിരുന്നു. സെക്കന്റ് ഹാന്റ് വണ്ടിയായിരുന്നു അത്. ഒരു പുതിയ വണ്ടിവാങ്ങുന്നത് 2017 ജനുവരിയിലാണ്, ഐ20. പിന്നീട് ഐ20 കൊടുത്ത് ഹാരിയര്‍ ഫുള്‍ ഓപ്ഷന്‍ വാങ്ങി. ബിഗ് ബോസില്‍ പോകുന്ന സമയം ഹാരിയറായിരുന്നു കയ്യിലുണ്ടായിരുന്നത്. അതിനിടക്ക് ഇന്നോവ, ബെന്‍സ് എല്ലാം കയ്യില്‍ വന്ന് പോയിട്ടുണ്ട്. 

akhil-marrar-4

പടച്ചോനേ ഇങ്ങള് കാത്തോളീ...

വെളളാനകളുടെ നാട് സിനിമയില്‍ മോഹന്‍ലാല്‍ റോഡ് റോളറുമായി നടത്തുന്ന ഗുസ്തിയുണ്ട്. ഇതുപോലെയൊരു കഥ അഖില്‍ മാരാർക്കും പറയാനുണ്ട്, ഒരു ജീപ്പ് വാങ്ങിയ കഥ... 

കയ്യില്‍ പൈസവരുമ്പോള്‍ ചിലപ്പോള്‍ പഴയ വണ്ടികള്‍ വാങ്ങും. വണ്ടി കയ്യില്‍ കിട്ടിയാല്‍ പിന്നെ അതൊന്ന് വെട്ടിപ്പൊളിച്ച് നമ്മുടെ ഇഷ്ടത്തിന് പണിഞ്ഞില്ലെങ്കില്‍ ഒരു സമാധാനക്കേടാ. അങ്ങനെ ഒന്നരലക്ഷത്തിന് ഒരു പഴയ ജീപ്പു വാങ്ങി വഴി നീളെ പണിവാങ്ങിക്കൂട്ടിയിട്ടുണ്ട്. ജീപ്പിന്റെ ഷെല്‍ മാത്രം വച്ച് ബാക്കിയെല്ലാം പൊളിച്ച് കളഞ്ഞു. ഞാന്‍ തന്നെ പടമൊക്കെ വരച്ച് ഡിസൈന്‍ ചെയ്താണ് ബാക്കി പണിയിപ്പിച്ചത്. ബോണറ്റിനെല്ലാം എന്റെ തന്നെ ഡിസൈനായിരുന്നു. ആറുമാസക്കാലം കൊണ്ട് മൂന്നരലക്ഷം രൂപ കൊടുത്താണ് വണ്ടി പണിഞ്ഞത്. ജീപ്പ് പണിയാന്‍ കൊടുത്തത് പരുമല ഭാഗത്താണ്. കൊട്ടാരക്കരയില്‍ നിന്ന് ആഴ്ചയില്‍ ഞാന്‍ സുഹൃത്തുക്കളെയും കൂട്ടി പോകും അവിടേക്ക്. ഒരുദിവസത്തെ കറക്കമാണ് അത്. പോകുംവഴി കുട്ടനാട്ടില്‍ ഷാപ്പില്‍ കേറും ഭക്ഷണവും കള്ളുമെക്കെകൂടെ 5,000 രൂപ ചെലവാണ്. അതുതന്നെ ആറുമാസത്തെ പോക്കില്‍ വലിയ ചെലവായിരുന്നു. 

വണ്ടിക്കായി പഞ്ചാബില്‍ നിന്ന് വലിയ ടയറൊക്കെ ഇറക്കി. ആ ടയറ് വച്ച് ജീപ്പ് പണിഞ്ഞിട്ട് പക്ഷേ ശരിയാവുന്നില്ല. കാര്യം എന്‍ജിന് ടയറ് വലിക്കാനുളള ശേഷിയില്ല. ടയറ് തിരിയുന്നില്ല. വലിയ ട്രാക്ടറിന്റെ ടയറാണ് ഇട്ടിരിക്കുന്നത്. പിന്നെങ്ങനെ തിരിയും. പിന്നെയും പലതും ചെയ്ത് വണ്ടിപ്പണി ഒടുക്കം തീര്‍ത്തു. അങ്ങനെ വണ്ടിയെടുത്ത് ആവേശോജ്വലമായി തിരിച്ച് രാത്രി കൊട്ടാരക്കരയിലേക്ക് വരുമ്പോള്‍ ചെങ്ങന്നൂരില്‍ വച്ച് വണ്ടിയുടെ റേഡിയേറ്റർ പൊട്ടിപ്പോയി. വണ്ടി കണ്ടാല്‍തന്നെ എല്ലാവരും നോക്കിപോകും അത്രയ്ക്ക് ജഗജില്ലന്‍ വണ്ടി. എന്നാലെന്താ റേഡിയേറ്റർ പൊട്ടി, ഇനി വെളളം എടുത്തൊഴിച്ചാലേ മൂന്നോട്ടു പോകൂ എന്ന അവസ്ഥ. വണ്ടി വഴിയില്‍ കിടക്കുകയാണ്. 

akhil-marrar-3

അവിടെ അടുത്ത് വലിയൊരു വീടിന്റെ പണി നടക്കുന്നുണ്ടായിരുന്നു. അവിടെ ചെന്ന് പണിക്കാരോട് കാര്യം പറഞ്ഞ് ഒരു ബക്കറ്റ് വെളളം വാങ്ങി വണ്ടിയിലൊഴിച്ചു. ഓരോ രണ്ടു കിലോമീറ്റര്‍ കഴിയുമ്പോഴും റേഡിയേറ്റര്‍ ലീക്കായി വെളളം താഴെപ്പോകും. അപ്പോള്‍ തൊട്ടടുത്ത പമ്പില്‍ കയറും, വെളളം വാങ്ങും, റേഡിയേറ്ററില്‍ ഒഴിക്കും. അങ്ങനെ കഷ്ടപ്പെട്ട് ഒരുവിധം വീടെത്തി. അവിടെയും തീര്‍ന്നില്ല ജീപ്പിന്റെ കഥകള്‍. പൊട്ടിയ റേഡിയേറ്റർ എല്ലാം നന്നാക്കി റോഡിലിറക്കി ഓടിക്കാന്‍ തുടങ്ങിയപ്പോള്‍ എംവിഡി പിടിച്ചു. വണ്ടി പിന്നെ കുറേകാലം സ്റ്റേഷനിലായിരുന്നു. ടയറായിരുന്നു പ്രശ്‌നം. പിന്നീട് ടയറെല്ലാം മാറ്റി സാദാ ടയറിട്ടു. എന്നാലും റോഡിലിറക്കിയാല്‍ എപ്പോഴും എന്തെങ്കിലുമൊക്കെ പണി കിട്ടും. അതോടെ മടുപ്പായി. എന്നാലും ആ വണ്ടി ഒരു സംഭവമായിരുന്നു. കൂട്ടുകാരുടെ കല്യാണത്തിനൊക്കെ വണ്ടി ഉപയോഗിച്ചിട്ടുണ്ട്.

ഹാരിയര്‍ കഥ

ഒരു താത്വിക അവലോകനം സിനിമ ചെയ്തിരിക്കുന്ന സമയം. ആ സിനിമയിലൂടെ സംവിധായകനായി, റൈറ്ററായി, പക്ഷേ മൊത്തത്തില്‍ ഒരു ചേഞ്ച് മാത്രം വരുന്നില്ല. എന്നാ പിന്നെ എനിക്കൊരു ചേഞ്ച് വരുത്തി നാട്ടുകാരെയൊക്കെ കാണിക്കണം എന്നുതോന്നി. അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് ഒരു പുതുപുത്തന്‍ ഹാരിയറിനെ കുറിച്ച് അറിയുന്നത്. 2020ലെ വണ്ടിയാണ്, വെറും ആറുമാസം പഴക്കം, 7,000 കിലോമീറ്റർ മാത്രമേ ഓടിയിട്ടുളളു. അങ്ങനെ വണ്ടി പോയി നോക്കി. 27 ലക്ഷം രൂപയാണ് അന്ന് വണ്ടിയുടെ ഓണ്‍ റോഡ് പ്രൈസ്. 

അഞ്ചുലക്ഷം രൂപ നഷ്ടത്തില്‍ 22 ലക്ഷത്തിന് വണ്ടി കൊടുക്കാമെന്ന് വണ്ടിയുടെ ഉടമസ്ഥന്‍ പറഞ്ഞു. അയാള്‍ അധികം സിനിമ കാണുന്ന കൂട്ടത്തിലല്ല. മാത്രമല്ല കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അയാള്‍ ആകെ കണ്ട സിനിമ ജോസഫായിരുന്നു. അതിലൂടെ ജോജു ജോര്‍ജിനെ ഭയങ്കര ഇഷ്ടമായിരുന്നു. അപ്പോള്‍ ഞാനും സിനിമാക്കാരനാണെന്നെല്ലാം പറഞ്ഞ് ജോജു ചേട്ടനെ ഫോണ്‍ വിളിച്ച് കൊടുത്തു. ജോജു ചേട്ടനോട് സംസാരിക്കുകയും കൂടി ചെയ്തതോടെ വണ്ടി എനിക്ക് തരാമെന്ന തീരുമാനത്തിലെത്തി. അങ്ങനെ 20 ലക്ഷത്തിന് കച്ചവടം ഉറപ്പിച്ചു. പക്ഷെ മറ്റന്നാള്‍ പണം തരണമെന്നായിരുന്നു പറഞ്ഞത്. 

akhil-marrar-2

സത്യത്തില്‍ അക്കൗണ്ടില്‍ വെറും പതിനായിരം രൂപയേ അന്നുണ്ടായിരുന്നുളളു. ശുഭാപ്തി വിശ്വാസത്തിന് ഒട്ടും കുറവില്ലാത്തതുകൊണ്ട് വാക്കു പറഞ്ഞു പോന്നു. അങ്ങനെ പിറ്റേന്ന് രാത്രികൊണ്ട് പലരില്‍ നിന്നായി കടം വാങ്ങി 20 ലക്ഷം ഒപ്പിച്ച് ഹാരിയര്‍ സ്വന്തമാക്കി. പിന്നീട് പല ജോലികളിലൂടെ വരുമാനം കണ്ടെത്തി ആ കടങ്ങളെല്ലാം വീട്ടി. അങ്ങനെയാണ് ഞാന്‍, ആഗ്രഹിച്ചാല്‍ പിന്നെ അത് നടത്താതിരുന്നാല്‍ ഒരു സമാധാനക്കേടാ.

ചേട്ടാ ഒരു സെല്‍ഫി...

ബിഗ് ബോസിനുശേഷമാണ് വോള്‍വോ വാങ്ങുന്നത്. അങ്ങനെ വോള്‍വോയും കൊണ്ട് ഒരിക്കല്‍ മൂകാംബികയിലേക്ക് പോകുമ്പോള്‍ അങ്കമാലി വച്ച്  ഒരു കണ്ടെയ്‌നര്‍ ലോറി ചീറിപ്പാഞ്ഞു വന്ന് ഡോറിലിടിച്ചു. വണ്ടി ഒതുക്കിയിട്ട് പുറത്തിറങ്ങിയപ്പോള്‍ ലോറി ഡ്രൈവര്‍ വന്ന് തൊഴുത് പറയുകയാണ്, കണ്ടില്ല, സോറി... എന്നൊക്കെ. കേസാക്കരുത് നമുക്ക് ശരിയാക്കാമെന്ന് പറഞ്ഞ് അയാള്‍ 2,000 രൂപയെടുത്ത് കയ്യില്‍ വച്ചുതന്നു. വണ്ടിക്കാണേല്‍ ഒന്നേകാല്‍ ലക്ഷം രൂപയുടെ പണിയുണ്ട്. അങ്ങനെ അയാളുമായി തര്‍ക്കിച്ചിരിക്കുമ്പോഴാണ് അവിടെ അടുത്തുളള ടെക്‌സ്‌റ്റൈല്‍സില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് കുറച്ച് ചേച്ചിമാര്‍ ഇറങ്ങുന്നത്. ബിഗ്‌ബോസ് കണ്ട് പരിചിതമായ മുഖമായതുകൊണ്ടുതന്നെ പലരും അടുത്തുവന്ന് സെല്‍ഫിയെല്ലാം ചോദിച്ചു. വണ്ടി തര്‍ക്കത്തിനിടയ്ക്കാണ് സെല്‍ഫി. അങ്ങനെ ലോറിക്കാരനുമായി ഒത്തുതീര്‍പ്പാക്കേണ്ടി വന്നു. അയാളുടെ മുതലാളിയോടെല്ലാം സംസാരിച്ചെങ്കിലും ഒരു നയാപൈസ പോലും കിട്ടിയില്ല. വണ്ടി നന്നാക്കാന്‍ കയ്യീന്ന് കാശെടുക്കേണ്ടി വന്നു.  

akhil-marrar-5

വോള്‍വോ ഇഷ്ടം

നിലവില്‍ മൂന്ന് വണ്ടികളാണുളളത്. വോള്‍വോ, മിനികൂപ്പര്‍, പിന്നെ ബിഗ് ബോസില്‍ നിന്ന് കിട്ടിയ മാരുതി ഫ്രോങ്‌സ്. ഹാരിയര്‍ കൊടുത്താണ് വോള്‍വോ വാങ്ങുന്നത്. വളരെ നല്ല വണ്ടിയാണിത്. ഇന്ന് ലോകത്ത് നിലവിലുളള ഒരുവിധം ലക്ഷ്വറി വണ്ടികളിലെല്ലാം സഞ്ചരിക്കാനുളള ഭാഗ്യം കിട്ടിയിട്ടുണ്ടെങ്കിലും സത്യസന്ധമായി പറഞ്ഞാല്‍ വോള്‍വോയില്‍ ഇരുന്ന് യാത്രചെയ്യുന്ന കംഫര്‍ട്ടബിള്‍ മറ്റൊന്നിനും തോന്നിയിട്ടില്ല. റേഞ്ച് റോവര്‍ എടുക്കണമെന്ന് ആഗ്രഹമുണ്ട്. ജോജു ചേട്ടന്റെ റേഞ്ച് റോവര്‍ കൊടുക്കാനുണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം വോള്‍വോ കൊടുത്താലോ എന്ന് ആലോചിച്ചതാ. പിന്നെ മനസ് സമ്മതിക്കുന്നില്ല. സര്‍വീസ് കോസ്‌റ്റെല്ലാം അല്‍പം കൂടുതലാണെങ്കിലും വോള്‍വോയോട് ഒരു പ്രത്യേക ഇഷ്ടമാണ്. 

മാരുതി ഫ്രോങ്‌സ് ആണ് ബിഗ് ബോസില്‍ നിന്ന് കിട്ടിയത്. നല്ലൊരു വണ്ടിയാണ് ഫ്രോങ്‌സ്. ഇതില്‍ രണ്ടുതരം വണ്ടി ഇറങ്ങുന്നുണ്ട്. നോര്‍മല്‍ എന്‍ജിനും ടര്‍ബോ എന്‍ജിന്‍ വരുന്നതും. അതില്‍ ടര്‍ബോ എന്‍ജിന്‍ വരുന്നതിന്റെ ഹൈബ്രിഡ് ഫുള്‍ ഓപ്ഷന്‍ വണ്ടിയാണ് കയ്യിലുളളത്. ഓണ്‍ റോഡ് 16 ലക്ഷം രൂപ വരും. ഒരു മിനി കൂപ്പര്‍ കൊണ്ടു നടക്കുന്ന പോലെതന്നെയാണ് ഇതും. ഭാര്യയുടെ ഉപയോഗത്തിനായി പൂര്‍ണമായും കൈമാറിയിരിക്കുകയാണ് ഈ വണ്ടി. 

മിനി കൂപ്പര്‍

പണ്ട് ലംബോര്‍ഗിനി ഓടിക്കാനുളള റോഡുകള്‍ കേരളത്തിലില്ലെന്ന് പറഞ്ഞ് പൃഥ്വിരാജിന്റെ ഒരു വിവാദമുണ്ടായിരുന്നല്ലോ. സത്യം പറഞ്ഞാൽ അതുതന്നെയാണ് അവസ്ഥ. മൂകാംബികയിലേക്കുളള യാത്രയ്ക്കുശേഷം യാത്രകളേ മടുത്തു പോയി. ദേശീയപാതയുടെ പണിയും പിന്നെ റോഡിന്റെ അവസ്ഥയും വളരെ ശോചനീയമാണ്. എളുപ്പമല്ല നമ്മുടെ നാട്ടില്‍ വണ്ടിയോടിക്കാന്‍. റോഡ് പണിയുക, ശേഷം പൈപ്പിടാന്‍ പൊളിക്കുക. ഇതാണ് ഇവിടത്തെ സ്ഥിരം പരിപാടി. 

മിനി കൂപ്പറിന് 11 ലക്ഷത്തോളം റോഡ് ടാക്‌സ് നല്‍കി. പിന്നെ അതിനുപുറമെ ജി.എസ്.ടിയും ചേര്‍ത്ത് പത്തിരുപത് ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടച്ചു. എന്നിട്ട് വണ്ടിയെടുത്ത് പോയി വീഴുന്നതോ നമ്മുടെ റോഡിലെ കുഴികളില്‍. ഒരു നടനായാലും ബിസിനസുകാരനായാലും ലക്ഷ്വറി വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വലിയ തുക ടാക്‌സായി സര്‍ക്കാരിലേക്ക് അടക്കുന്നു. എന്നാല്‍ ഓടിക്കാനുളള നല്ല റോഡുകളോ മറ്റ് സൗകര്യങ്ങളോ ലഭിക്കുന്നുമില്ല. വണ്ടിക്ക് ചിലവാക്കുന്ന പണത്തിലല്ല. അഞ്ചു ലക്ഷം കൊടുത്ത് വണ്ടി വാങ്ങിയാലും അമ്പതു ലക്ഷം കൊടുത്ത് വണ്ടിവാങ്ങിയാലും എത്രമാത്രം ഇഷ്ടപ്പെട്ടായിരിക്കും ഒരാള്‍ വണ്ടി സ്വന്തമാക്കുന്നത്. അത് വഴിയിലെ കുഴിയില്‍ വീണാല്‍ ആര്‍ക്കായാലും വേദനിക്കും. നിരാശയും തോന്നും. 

മിനി കൂപ്പര്‍ അതിമനോഹരമായ ഒരു വണ്ടിയാണ്. അതില്‍ യാത്ര ചെയ്യാന്‍ വളരെ സുഖമാണ്. പക്ഷെ മിനികൂപ്പര്‍ മക്കള്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല അത് ചെറിയ വണ്ടിയാണെന്നാണ് അവരുടെ അഭിപ്രായം.  അവര്‍ക്കിപ്പോഴും ഹാരിയരിനോടാണ് പ്രിയം. മിനികൂപ്പര്‍ ഓണ്‍റോഡ് പ്രൈസ് 64 ലക്ഷം രൂപയാണ് വരുന്നത്. മിനികൂപ്പര്‍ വണ്ടിയെടുക്കുമ്പോഴും കൂട്ടുകാരില്‍ ചിലര്‍ ചോദിച്ചു ഇത്രയും പണം കൊടുത്ത് ഈ വണ്ടി വാങ്ങണോ എന്ന്. അപ്പോഴും പറയാന്‍ ഒരുവാക്കേ ഉണ്ടായിരുന്നുളളു വെറും പതിനായിരം രൂപമാത്രം കയ്യിലുളളപ്പോ ഹാരിയര്‍ എടുത്തതാ എന്നിട്ടാണ് ഇപ്പോള്‍ എന്ന്...

എതിര്‍പ്പുകളാണ് ഊര്‍ജം

ആളുകള്‍ എതിര്‍ക്കുമ്പോള്‍ ജീവിക്കാന്‍ ഭയങ്കര ധൈര്യം തോന്നും. ആ ധൈര്യമാണ് മുന്നോട്ട് കൈപിടിച്ച് നടത്തിക്കുന്നതും. എല്ലാവര്‍ക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ല. വളരെ കുറച്ചുപേര്‍ മാത്രമെ ചിലപ്പോള്‍ നമുക്ക് സപ്പോര്‍ടായി ഉണ്ടാവൂ. എന്നാല്‍ ബിഗ്‌ബോസില്‍ വന്നശേഷം പല പ്രായത്തിലുളള ഒരുപാടുപേരുടെ സ്‌നേഹം എനിക്ക് അനുഭവിച്ചറിയാന്‍ പറ്റി. പ്രായമായവരും കുട്ടികളും ടീനേജേര്‍സുമെല്ലാം എനിക്ക് വോട്ടു ചെയ്തു. അവരുടെ ഇഷ്ടം നേടിയെടുക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി കാണുന്നു. പിന്നെ പണ്ടൊക്കെ ഞാന്‍ പെട്ടെന്ന് ചൂടാവുന്ന ആളായിരുന്നു. എന്നാല്‍ ബിഗ്‌ബോസിനുശേഷം അല്‍പം കൂടി ശാന്തനാവാനും വിഷയത്തെകുറിച്ച് ഒന്ന് ചിന്തിച്ച് മാത്രം പ്രതികരിക്കാനും പഠിച്ചു. ജീവിതത്തില്‍ എന്തിനും കാല്‍ക്കുലേറ്റഡ് ആയി മുന്നോട്ടു പോണമെന്ന വലിയ പാഠമാണ് ബിഗ്‌ബോസ് പഠിപ്പിച്ചത്.

കയ്യില്‍ പണം വന്നാല്‍ ആദ്യം വണ്ടിയിലേക്കാണ് നോട്ടം. അത്യാവശ്യം ബ്രാന്‍ഡ് കോണ്‍ഷ്യസുമാണ്. പെര്‍ഫ്യൂംസ്, ഷൂസ്, വാച്ച്, ഡ്രസ് ഇതിന്റെയെല്ലാം കളക്ഷന്‍സ് ഉണ്ട്. ഇതെല്ലാം ജാഡയ്ക്ക് ഷോ കാണിക്കാനല്ല മറിച്ച് ഇഷ്ടംകൊണ്ട് വാങ്ങുന്നതാണ്. എന്റെ സന്തോഷം ഇതൊക്കെ വാങ്ങുന്നതിലാണ്. അതില്‍ ഏറ്റവും പ്രാധാന്യം വണ്ടിക്കുതന്നെയാണ്. ഇതെല്ലാം ഇന്ന് വാങ്ങാന്‍ സാധിക്കുന്നത് കൊണ്ട് വാങ്ങുന്നു. അതേസമയം ഇനി ഭാവിയില്‍ പണമില്ലാത്ത അവസ്ഥയാണെങ്കില്‍ പോലും ഞാന്‍ ഹാപ്പിയായിരിക്കും. വണ്ടി വിറ്റാലും ഹാപ്പിയായിരിക്കുക എന്നതിലാണ് കാര്യം. നഷ്ടങ്ങളെകുറിച്ചോര്‍ത്ത് ഒരിക്കലും വിഷമിക്കാറില്ല. കാരണം ഒന്നുമില്ലായ്മയില്‍ നിന്നാണ് ഇന്നുളളതെല്ലം പണിതത്

ഇനി അഭിനയത്തിലേക്ക്

പുതിയതായി സിനിമ ചെയ്യാന്‍ ഇപ്പോള്‍ പരിപാടിയൊന്നുമില്ല. വെറുതെ നിര്‍മാതാക്കളെ കുഴിയില്‍ കൊണ്ട് ചാടിച്ചിട്ട് എന്താ കാര്യം. പിന്നെ ആദ്യ സിനിമ ചെയ്യുമ്പോള്‍ അതിന്റെ ജയപരാജയത്തെ കുറിച്ച് അധികം ചിന്തിച്ചിട്ടില്ല. എന്നാല്‍ ബിഗ്‌ബോസിനുശേഷം അഖില്‍ മാരാര്‍ ഇനിയൊരു പടം ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലുമൊക്കെ പ്രതീക്ഷിക്കുന്ന ഒരുകൂട്ടം പേരുണ്ട്. ആ പ്രതീക്ഷ ഒരു ബാധ്യതയും ഉത്തരവാദിത്വവുമാണ്. അതുകൊണ്ട് സംവിധാനവും എഴുത്തും സമയമെടുത്തേ ഇനിയുളളു. പിന്നെ അഭിനയിക്കാന്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്. അതില്‍ ഒന്നുരണ്ട് പ്രൊജക്ടുകള്‍ ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

English Summary:

Akhil Marar About His Vehicles and New Mini Copper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com