ADVERTISEMENT

‘നാലു വര്‍ഷം മുൻപ്, കൊച്ചിയില്‍ സ്ഥിരതാമസമായിരുന്ന സമയത്ത് ഷൂട്ടില്ലാത്തപ്പോള്‍ വെളുപ്പിന് മോളെയും കൂട്ടി തിരുവനന്തപുരംവരെ ഡ്രൈവു ചെയ്തു പോകുമായിരുന്നു. ഇരുന്നയിരിപ്പില്‍ ഗുരുവായൂര്‍ പോകണം എന്നു തോന്നിയാല്‍ ഉടനെ വണ്ടിയുമെടുത്തു പോകും. പണ്ടുമുതലേ എന്തിനും കട്ടയ്ക്കു നില്‍ക്കുന്ന കുറച്ചു ഫ്രണ്ട്‌സുണ്ടെനിക്ക്. ഒന്നു റിലാക്‌സ് ചെയ്യണമെന്നോ മാറിനില്‍ക്കണമെന്നോ തോന്നിയാൽ അവരുടെകൂടെ കോവളം മുതല്‍ വര്‍ക്കലയിലും വാഗമണിലും മൂന്നാറും ചെറായിലുമൊക്കെ ഡ്രൈവു ചെയ്തു പോകുമായിരുന്നു. ഇപ്പോള്‍ കൊച്ചിയിലോ തിരുവനന്തപുരത്തോ എത്തിപ്പെട്ടാല്‍ സിറ്റിയില്‍ ഓടിക്കും എന്നല്ലാതെ ലോങ് ഡ്രൈവ് പരിപാടി പാടേ നിര്‍ത്തി. കുണ്ടും കുഴിയുമായി നീണ്ടുകിടക്കുന്ന നമ്മുടെ റോഡുകളിലൂടെ ഓടിക്കാനുള്ളത്രയും ആവതില്ല എനിക്ക്. രാത്രിയായാലും പകലായാലും ഷൂട്ട് കഴിഞ്ഞ് തിരുവനന്തപുരംവരെ ഡ്രൈവു ചെയ്തുപോകുന്ന കാര്യം ആലോചിക്കാനേ വയ്യ. കുറെക്കാലം ആ റൂട്ടില്‍ ലോങ്‌ഡ്രൈവ് ചെയ്ത് പോയിപ്പോയി നടുവിനു പ്രശ്‌നമായി. അതുകൊണ്ടിപ്പോള്‍ ഡ്രൈവറെ വച്ചു. 

കൊച്ചി-തിരുവനന്തപുരം മാസത്തില്‍ രണ്ടുതവണ വന്നുപോകേണ്ട എന്റെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ. എത്ര ദയനീയമാണ് നമ്മുടെ റോഡുകളുടെ സ്ഥിതി!’ ഡ്രൈവിങ്ങിനെക്കുറിച്ചു ചോദിച്ചാല്‍ മഞ്ജുപിള്ള ആദ്യം റോഡിനെക്കുറിച്ചു പറയും. ‘എന്റെ ഫ്ലാറ്റിന്റെ മുൻപിലെ റോഡ് ഒന്നര വര്‍ഷമായി തകര്‍ന്നുകിടക്കുന്നു. മഴ പെയ്താല്‍ പിന്നെ വെള്ളം കയറി ഏഴെട്ടു മണിക്കൂര്‍ പുറത്തേക്കേ ഇറങ്ങാനാകില്ല. അറുന്നൂറോളം വീടുകളുണ്ട് അവിടെ. എന്തുമാത്രം ബുദ്ധിമുട്ടിയാണ് കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും വലിയവര്‍ ജോലിക്കു പോകുന്നതും. മന്ത്രിമാരെ കണ്ടു സംസാരിച്ചു. എത്രയും പെട്ടെന്നു ശരിയാക്കാമെന്നു മറുപടിയും കിട്ടി. മാസം നാല് കഴിഞ്ഞു. നോ അനക്കം.’ അടക്കിവച്ച രോഷം സ്വന്തം സ്റ്റൈല്‍ ചിരിയിലൂടെ ഒഴുക്കിക്കളഞ്ഞ് മഞ്ജു വാഹന-യാത്രാ വിശേഷങ്ങളിലേക്കു കടന്നു.

ചിത്രത്തിൽ വലത്തേയറ്റം എസ്‌.പി പിള്ള
ചിത്രത്തിൽ വലത്തേയറ്റം എസ്‌.പി പിള്ള

ഹമാരാ ബജാജ്

തറവാട്ടില്‍ അപ്പൂപ്പനുണ്ടായിരുന്ന കാലത്ത് ലോറിയും കാറുമൊക്കെ ഉണ്ടായിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ഞാനതൊന്നും കണ്ടിട്ടില്ല. എനിക്കു പത്തു വയസ്സുള്ളപ്പോള്‍ അപ്പൂപ്പന്‍ മരിച്ചു. വലിയ ഓര്‍മയില്ല. ഒരു അംബാസിഡര്‍ കാറിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്. അപ്പൂപ്പനും സഹോദരനുംകൂടി നില്‍ക്കുന്ന ഫോട്ടോ. അച്ഛന് സ്‌കൂട്ടറിനോടായിരുന്നു ഇഷ്ടം. അച്ഛന്റെ വെസ്പയിലാണ് ഞാന്‍ സ്‌കൂളില്‍ പോയിരുന്നത്. വീട്ടില്‍ ആദ്യമായി കാര്‍ വാങ്ങിയത് ഞാനാണ്. ഒരു മാരുതി 800. പിന്നെ ഓംനി വാന്‍ എടുത്തു. അതുകഴിഞ്ഞ് ഒരു വെള്ള സാന്‍ട്രോ വാങ്ങി. സാന്‍ട്രോ ഇറങ്ങിയ സമയത്ത് ആദ്യമെടുത്തതു ഞാനായിരുന്നു. മഞ്ജു പിള്ള സാന്‍ട്രോ തിരഞ്ഞെടുത്തു എന്നൊക്കെ പറഞ്ഞ് അന്നു പത്രത്തിലൊക്കെ ഫോട്ടോ വന്നു. കല്യാണത്തിനു മുൻപായിരുന്നു അത്. അതിനുശേഷം വന്ന റെഡ് ഡിസയര്‍, റെനോ സ്‌കാല, ബിഎംഡബ്ല്യു ഒക്കെ ഞങ്ങള്‍ ഒരുമിച്ച് എടുത്തതാണ്. ഇപ്പോള്‍ ടാറ്റ ഹാരിയര്‍ ആണ് ഓടിക്കുന്നത്. പിന്നെ മോള്‍ക്കൊരു ഗ്രേ കളര്‍ ഓള്‍ട്ടോ കെ 10 വാങ്ങിക്കൊടുത്തിട്ടുണ്ട്. സിറ്റിയിലൊക്കെ ഓടിക്കാന്‍ അതാണല്ലോ സൗകര്യം. എന്റെ സാന്‍ട്രോ ആണ് ഇതിലെല്ലാം‌വച്ച് എനിക്ക് ഏറ്റവും കംഫര്‍ട്ടബിൾ. ഏഴെട്ടു വര്‍ഷം ഓടിച്ചിട്ടും ഒരിക്കല്‍പോലും എന്നെ വഴിയില്‍ നിര്‍ത്തിയിട്ടില്ല. ഓടിക്കാനും സുഖം. 

ട്രെയിനില്‍ ഏറ്റുമാനൂരിലേക്ക്

ചെറുപ്പത്തില്‍ എന്നെ ഏറ്റവും കൊതിപ്പിച്ചിരുന്നൊരു യാത്രയുണ്ട്. തിരുവനന്തപുരത്തുനിന്ന് ഏറ്റുമാനൂരിലേക്കുള്ള ട്രെയിന്‍യാത്ര. അമ്മയുടെ വീടും അച്ഛന്റെ കുറെ സഹോദരങ്ങളും ഏറ്റുമാനൂരാണ്. അച്ഛന് തിരുവനന്തപുരത്തു ജോലിയായതുകൊണ്ട് ഞങ്ങള്‍ അവിടെയാണ് സെറ്റില്‍ ചെയ്തിരുന്നത്. വെക്കേഷന് ഏറ്റുമാനൂരിലേക്കു പോകുന്ന കാര്യം ആലോചിച്ചാല്‍തന്നെ വല്ലാത്ത സന്തോഷമായിരുന്നു. തറവാടും വലിയ പറമ്പും കസിന്‍സിന്റെ കമ്പനിയും ഒക്കെ എന്‍ജോയ് ചെയ്യാം. കഞ്ഞീം കറീം വച്ചു കളിക്കാം. ചിരട്ടയില്‍ പുട്ടുണ്ടാക്കി കളിക്കാം. അതൊക്കെയായിരുന്നു കാരണം. ട്രെയിനിലും ഇടയ്ക്ക് ബസിലും പോകുമായിരുന്നു. ബസില്‍ യാത്ര ചെയ്താല്‍ ഞാന്‍ ഛർദിക്കും. അച്ഛനാണെങ്കില്‍ മിക്കവാറും ബസില്‍ പോകാം എന്നു പറയും.

ഇറ്റലിയിലെ പെരുവഴിയില്‍

കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ ഫാഷന്‍ സ്റ്റൈലിങ് ആന്‍ഡ് ഫൊട്ടോഗ്രഫി കോഴ്‌സില്‍ മോള്‍ക്ക് അഡ്മിഷന്‍ കിട്ടി. അവളെ കൊണ്ടുവിടാന്‍ ഞാനും പോയിരുന്നു. രാത്രി 10.30നാണ് അവിടെ ലാന്‍ഡ് ചെയ്തത്. ഞങ്ങള്‍ക്കു തന്ന അഡ്രസില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരാളില്ല! ഒരു ലക്ഷം രൂപ അഡ്വാന്‍സ് കൊടുത്തതാണ്. പണം പോയതു പോട്ടെ, ആറു പെട്ടിയും മോളെയുംകൊണ്ട് ആ രാത്രി എവിടെ പോയിക്കിടക്കും? ഞങ്ങളുടെ ജീവന്‍  സുരക്ഷിതമാക്കാന്‍ എന്തു ചെയ്യും? ഒരുപിടിയുമില്ല. കടകളെല്ലാം അടച്ചു. ഇംഗ്ലിഷില്‍ ചോദിച്ചിട്ട് ആളുകള്‍ക്കു മനസ്സിലാകുന്നില്ല. ഞങ്ങളുടെ കയ്യില്‍ ടാക്‌സി ആപ്പും ഇല്ല. അടുത്തുള്ള ഹോട്ടലുകളെല്ലാം ഫുള്‍. 

അതിനിടയില്‍ ഒരു ബംഗ്ലാദേശിക്കാരന്‍ അടുത്തുവന്നു കാര്യം തിരക്കി. അയാള്‍ ടാക്‌സി വിളിച്ച് ഞങ്ങളെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോകാന്‍ നോക്കിയപ്പോഴാണ് പിറ്റേന്ന് 5 മണിക്കേ എയര്‍പോര്‍ട്ട് തുറക്കൂ എന്നറിയുന്നത്. അപ്പോഴേക്കും ടെന്‍ഷനും പേടിയും കാരണം എനിക്കു പനിയും തലവേദനയും ഛർദിക്കാന്‍ തോന്നലുമൊക്കെയായി. രാത്രി രണ്ടു മണിയായപ്പോള്‍ എയര്‍പോർട്ടിനടുത്തുള്ള ഒരു ഹോട്ടലില്‍ റൂം എടുത്തുതന്ന് അയാള്‍ തിരിച്ചുപോയി. എവിടെയും നമ്മുടെകൂടെ ദൈവം ഉണ്ട് എന്ന് അപ്പോള്‍ മനസ്സിലായി. അല്ലാതെ അയാള്‍ക്കു ഞങ്ങളെ സഹായിക്കാന്‍ തോന്നില്ലല്ലോ. റൂമില്‍ ചെന്നു നോക്കിയപ്പോള്‍ എന്റെ മരുന്നുവച്ച പെട്ടി മാത്രം തുറക്കാന്‍ പറ്റുന്നില്ല. എന്തു പറ്റിയാലും വേണ്ടില്ല എന്നു വിചാരിച്ച് കുറച്ചു വെള്ളം മാത്രം കുടിച്ചു കിടന്നു. 

manju-pillai-1

നാട്ടില്‍ മോളുടെ ഒരു ടീച്ചറുടെ ബന്ധുക്കളാണ് പിന്നെ ഞങ്ങളെ സഹായിച്ചത്. പൊലീസില്‍ പരാതി കൊടുത്തു. അതുപോലെ വേറെയും തട്ടിപ്പുകേസ് ഉണ്ടെങ്കിലേ അവര്‍ അന്വേഷിക്കൂ എന്നു പറഞ്ഞു. വേറൊന്നും ചെയ്യാനാവില്ലല്ലോ. മോള്‍ക്ക് വേറേ താമസം ശരിയാക്കി, അവളെ സുരക്ഷിതയാക്കി ഞാന്‍ തിരിച്ചുപോന്നു. ഫ്ലൈറ്റ് ഇറങ്ങി അനിയത്തിയെ കണ്ടതും അതുവരെ അടക്കിവച്ചതെല്ലാം കണ്ണീരണയായി പൊട്ടിയൊഴുകി. ഇനിമുതല്‍ അറിയാത്ത സ്ഥലത്ത് രാത്രി എത്തിച്ചേരുന്ന വിമാനത്തില്‍ പോകില്ല എന്നു തീരുമാനിച്ചു. രാത്രി രണ്ടരയ്ക്ക് തെരുവിലിരുന്ന ആ ദിവസം ഇടയ്ക്കിടെ ഓര്‍ക്കും. 

പേടി മാറ്റിയ തായ്‌ലന്‍ഡ് ശ്രീലക്ഷ്മിയും (ഭൂതക്കണ്ണാടി ഫെയിം) രശ്മി ബോബനും ഞാനും പണ്ടുമുതലേ വലിയ കൂട്ടാണ്. ജനുവരി 11ന് ഞങ്ങള്‍ മൂന്നുപേരുംകൂടി തായ്‌ലന്‍ഡ് ട്രിപ്പ് പോയി. ശ്രീലക്ഷ്മിയെ ഞങ്ങള്‍ മണിക്കുട്ടി എന്നാണു വിളിക്കുന്നത്. എനിക്ക് ഉയരം പേടിയാണ്. രശ്മിക്ക് വെര്‍ട്ടിഗോയുടെ പ്രശ്‌നമുണ്ട്. പട്ടായ ബീച്ചിലെത്തിയപ്പോള്‍ മണിക്ക് പാരാ സെയിലിങ് ചെയ്യണം. ഞങ്ങളെയും വിളിച്ചു. ഞാനില്ല, നീന്തല്‍ അറിയാവുന്നതുകൊണ്ടു ഞാന്‍ അണ്ടര്‍വാട്ടര്‍ പൊയ്‌ക്കോളാം എന്നു ഞാന്‍ പറഞ്ഞു. ഇനിയിങ്ങനെ അവസരം കിട്ടില്ല എന്നൊക്കെ പറഞ്ഞ് അവള്‍ നിര്‍ബന്ധിച്ചു. മക്കളുടെ ലൈഫ് എല്ലാം സുരക്ഷിതമാക്കിയല്ലോ, ഏതായാലും ചെയ്‌തേക്കാം, ചാവുകയാണേല്‍ ചാവട്ടെ എന്നു ഞാനും രശ്മിയും പരസ്പരം പറഞ്ഞു. പറന്നു മുകളിലെത്തിയപ്പോള്‍ ഞാന്‍ ആ... എന്ന് ഉറക്കെ ഒരൊറ്റ അലര്‍ച്ച. ചുറ്റും നോക്കിയപ്പോള്‍ ശൂന്യം. താഴെ കടല്‍. സന്തോഷംകൊണ്ട് എന്റെ കണ്ണില്‍നിന്ന് കുടുകുടാ വെള്ളം ചാടി. കുറച്ചു കഴിഞ്ഞപ്പോള്‍ ചിരിക്കാന്‍തുടങ്ങി. അങ്ങനെ ഒരവസ്ഥ ആദ്യമായിട്ടാണ് അനുഭവിച്ചത്. അതോടെ എന്റെ പേടി എവിടെപ്പോയി എന്നു ചോദിച്ചാ മതി. ലൈഫില്‍ മറക്കാനാകാത്ത അനുഭവമാണത്. മണിയില്ലായിരുന്നെങ്കില്‍ എന്റെ പേടി മാറില്ലായിരുന്നു. അങ്ങനെ തായ്‌ലന്‍ഡും ഇറ്റലിയും ജീവിതത്തിന്റെ വ്യത്യസ്തമായ രണ്ട് അറ്റങ്ങള്‍ കാണിച്ചുതന്നു. 

ഫാലിമി ട്രിപ്പ്

ഫാലിമി ഷൂട്ടിനായി ഡല്‍ഹിയില്‍നിന്ന് ജോധ്പുര്‍ ചെന്ന് അവിടെനിന്നു കാറിലാണ് ജയ്‌സാല്‍മീര്‍ പോയത്. ഞാനും ജഗദീഷേട്ടനും ഒരു കാറിലായിരുന്നു. ജയ്‌സാല്‍മീര്‍ എത്തുന്നതുവരെ ഇടയ്ക്കിടെ വിജനമായ സ്ഥലങ്ങളിലൂടെ പോകണം. അപ്പോഴൊക്കെ ജഗദീഷേട്ടന്‍ പേടിപ്പിക്കുന്ന ഓരോ കഥകള്‍ പറയും. പണ്ടു വീരപ്പന്‍ ഒളിച്ചുതാമസിച്ചത് ഇവിടെയാണ്, ഏതോ കള്ളന്‍ യാത്രക്കാരെ കൊള്ളയടിച്ചത് ഇവിടെയാണ് എന്നതുപോലെയുള്ള കഥകള്‍. ജഗദീഷേട്ടന്‍ ആയതുകൊണ്ട് അതൊന്നും ഞാന്‍ വിശ്വസിച്ചില്ല. ജയ്‌സാല്‍മീറില്‍ പത്തു-പന്ത്രണ്ട് ദിവസത്തിൽ കൂടുതല്‍ ഷൂട്ട് ഉണ്ടായിരുന്നു. ജയ്‌സാല്‍മീര്‍ കോട്ടയുടെ അടുത്തായിരുന്നു ഞങ്ങളുടെ താമസം. ആറു മണിക്കു ഷൂട്ട് കഴിഞ്ഞാല്‍ ദിവസവും ജയ്‌സാല്‍മീര്‍ കോട്ടയില്‍ പോകും. മുകളില്‍ റസ്റ്ററന്റ് ഒക്കെയുണ്ട്. അവിടെനിന്നാല്‍ സിറ്റി മുഴുവന്‍ കാണാം. നവംബര്‍ ആയതുകൊണ്ടു രാത്രി മുഴുവന്‍ വന്‍ തണുപ്പ്. പത്തുമണി കഴിഞ്ഞാല്‍ നല്ല ചൂടും. റോഡിലൂടെ നടന്നുപോകുന്ന ഷോട്ട് ഒക്കെ നല്ലപോലെ ബുദ്ധിമുട്ടിത്തന്നെയാണ് ചെയ്തത്. 

മഞ്ജു പിള്ള, ഫോട്ടോ: ബിബിൻ ജോസഫ്
മഞ്ജു പിള്ള, ഫോട്ടോ: ബിബിൻ ജോസഫ്

പപ്പു പാണ്ഡെ ഞങ്ങളെ തട്ടിക്കൊണ്ടുപോകുന്നതെല്ലാം ജയ്‌സാല്‍മീറിലായിരുന്നു ഷൂട്ട് ചെയ്തത്. കേരളത്തില്‍നിന്നു കൊണ്ടുപോയതായിരുന്നു പപ്പു പാണ്ഡെയുടെ ആ വാഹനം. കുറെ ദിവസമെടുത്താണ് അതവിടെ എത്തിച്ചത്. അതിനിടയില്‍ വണ്ടി കേടു വന്നു. നന്നാക്കി അങ്ങോട്ടെത്താനായി ഞങ്ങള്‍ കുറെ ദിവസം കാത്തിരുന്നു. അതിപ്പോഴും നിര്‍മാതാക്കളുടെ കയ്യിലുണ്ട്. ആ വണ്ടിയില്‍ ഷൂട്ട് നടക്കുമ്പോള്‍ ആക്‌സിഡന്റ് പറ്റേണ്ടതായിരുന്നു. ബോലോറാം എന്ന നടനാണ് പപ്പുപാണ്ഡേയുടെ കഥാപാത്രം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കൈ സ്ലിപ്പായിട്ടോ മറ്റോ വണ്ടിയുടെ ബാക്ക് ഷോട്ട് കിട്ടാന്‍വച്ച ക്യാമറയില്‍ വണ്ടി തട്ടി. കുറച്ച് ആളുകള്‍ തെറിച്ചുപോയി. ഭാഗ്യത്തിനു കൂടുതലൊന്നും പറ്റിയില്ല. റോഡില്‍നിന്ന് മരുഭൂമിയിലേക്കു ചാടിയശേഷം റാഷ് ആയിട്ടാണ് അദ്ദേഹം വണ്ടിയോടിക്കുന്നത്. അതിനകത്ത് റിഹേഴ്‌സലും എടുക്കും പിന്നെ നേരേ ഷോട്ടും. അങ്ങനെയായിരുന്നു. 

വാരാണസിയിലെ യാത്ര മുഴുവന്‍ സൈക്കിള്‍ റിക്ഷയിലായിരുന്നു. അവിടെ കാറൊന്നും ഓടിക്കാനാവില്ല. അത്ര തിരക്കാണ്. ഘാട്ടിന്റെ അടുത്ത് ഉള്ളതില്‍ നല്ല ഒരു ഹോട്ടലില്‍ താമസിച്ച്, റിക്ഷയില്‍ യാത്ര ചെയ്ത് ഘാട്ടിലെത്തും. കുറച്ചു ഹോട്ടല്‍ സീക്വന്‍സ് ഷൂട്ട് ചെയ്യാന്‍ ബോട്ടില്‍ പോകേണ്ടിവന്നു. അമ്പലം കിട്ടുന്ന രീതിയിലുള്ള ഹോട്ടലിലാണ് ഷൂട്ട് ചെയ്തത്. രാവിലെ പോയി ഷൂട്ടിങ് കഴിഞ്ഞു പിറ്റേന്നു വെളുപ്പിന് നാലുമണിക്കാണ് തിരിച്ചുവന്നത്. ആ ഹോട്ടലിലേക്കു ഗംഗയിലൂടെ ബോട്ടിലൂടെയുള്ള യാത്ര വല്ലാത്ത അനുഭവമായിരുന്നു. രാത്രിയിലെ മൃതദേഹം ദഹിപ്പിക്കലൊക്കെ കണ്ടുതന്നെയാണ് ഞങ്ങള്‍ പോയത്. അതില്‍ പറയുന്ന‌പോലെ മരണം കാത്തുകിടക്കുന്ന എത്രയോ പേരുണ്ട് അവിടെ. ദക്ഷിണേന്ത്യയില്‍നിന്നുള്ള രണ്ടു സ്ത്രീകളെ കണ്ടു. ജോലിയുണ്ടായിരുന്ന അവര്‍ റിട്ടയര്‍ ചെയ്ത് ശിഷ്ടകാലം അവിടെ പണം കൊടുത്തു താമസിക്കാമെന്നു തീരുമാനിച്ച് എത്തിയതാണ്. ചില സ്ഥലങ്ങളില്‍ ഫ്രീയായി താമസിക്കുന്നവരും ഉണ്ട്. പണത്തിനനുസരിച്ച് സൗകര്യങ്ങളും ഭക്ഷണവുമൊക്കെ വ്യത്യാസപ്പെടുമെന്നു മാത്രം.

manju-pillai-2

പന്ത്രണ്ടു സ്ത്രീകള്‍, പന്ത്രണ്ടു ദിവസം

എന്‍ജോയ്‌മെന്റ് മാത്രമല്ല, ഭക്തിമാര്‍ഗവും ഉണ്ട് ഞങ്ങളുടെ പ്ലാനില്‍. ബിന്ദു, മായ, ദേവി, മീര, ഞാന്‍. പിന്നെ ഇത്തരം യാത്രകളില്‍ ഞങ്ങളെ നയിക്കുന്ന കാര്‍ത്യായിനിച്ചേച്ചി അടക്കം പന്ത്രണ്ടു പേര്‍ ചേര്‍ന്ന് ഹരിദ്വാര്‍, ഗംഗോത്രി, യമുനോത്രി, കേദാര്‍നാഥ്, ബദ്രിനാഥ്, ഋഷികേശ്, ഡല്‍ഹി ചുറ്റി ചാര്‍ധാം യാത്ര പോയി. ആ യാത്രയ്ക്കുശേഷം, കേദാര്‍നാഥ് എന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും വല്ലാത്തൊരു പ്രണയം അനുഭവപ്പെടാറുണ്ട്. 

രാമേശ്വരം ബൈ റോഡ് 

അടുത്ത കാലത്തു ചെയ്ത ഒരു റോഡ് യാത്ര രാമേശ്വരത്തേക്കാണ്. അമ്മ, ചേച്ചി, ഡിംപിള്‍, മായ, ഭര്‍ത്താവ്, ദേവി, മീര ഫാമിലി അങ്ങനെ പത്തുപന്ത്രണ്ടു പേര് മിനി ബസ് വിളിച്ചങ്ങ് വിട്ടു. എന്റെ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു രാമേശ്വരത്തു പോകണം എന്നത്. എന്റെ ഇതുപോലുള്ള യാത്രകളെല്ലാം ഇങ്ങനെയുള്ള ചങ്കുകളുടെകൂടെയാണ്. ഞാനും മോളുംകൂടി ഒരു ദുബായ് ട്രിപ്പും ഫ്രണ്ട്‌സിന്റെയും അമ്മമാരുടെയുംകൂടെ ഒരു ഗോവ ട്രിപ്പും ആണ് ഇനി അടുത്ത പ്ലാനുകള്‍. കൂടെനില്‍ക്കുന്ന നല്ല ചങ്ങാതിമാരാണെങ്കില്‍ നമുക്ക് എവിടെയും പോകാം. ഏതു യാത്രയും നമ്മളില്‍ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ വരുത്തും. ഇറ്റലിയാത്ര വളരെ വലിയൊരു പാഠം പഠിപ്പിച്ചു. തായ്‌ലൻഡ് യാത്രയില്‍ പേടി എന്ന വികാരത്തെ മറികടക്കാന്‍ പറ്റി. വാരാണസി ജീവിതത്തെക്കുറിച്ചു മനസ്സിലാക്കിത്തന്നു. നമ്മളൊന്നും ഒന്നുമല്ല എന്ന യാഥാര്‍ഥ്യം. കൊറോണ വന്നപ്പോള്‍ നമ്മള്‍ നേരിട്ട അതേ യാഥാര്‍ഥ്യം. എന്നാലും മനുഷ്യന്മാര്‍ മാറില്ലല്ലോ.

English Summary:

Navigating Life's Bumpy Roads: Manju Pillai Shares His Personal Anecdotes of Travel and Transformation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com