ADVERTISEMENT

ലോകം അറിയുന്ന ടൊയോട്ടകളിലൊന്നാണ് റൂമിയോൺ. കൊറോളയുടെ ഹാച്ച് ബാക്ക് രൂപമായി ജപ്പാൻ അടക്കമുള്ള വിപണികളിൽ കുറയേറെ നാൾ തിളങ്ങി നിന്ന വാഹനം. എന്നാൽ നാമറിയുന്ന റൂമിയോൺ വേറെയാണ്. ഇന്നോവ ക്രിസ്റ്റയുടെ കുഞ്ഞനിയനാകുന്നു ഇന്ത്യയിലെ റുമിയോൺ. കുഞ്ഞ് എന്നു പറഞ്ഞാൽ അത്ര ചെറുതൊന്നുമല്ല, ക്രിസ്റ്റയുടെ രൂപ ഗാംഭീര്യമുള്ള, തെല്ലു വലുപ്പം കുറവുള്ള 7 സീറ്റർ. സുസുക്കി എർട്ടിഗ പ്ലാറ്റ്ഫോമിലുള്ള റൂമിയോൺ ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്കയടക്കമുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിലും ലഭിക്കും. ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടിലേക്ക്...
 

toyota-rumion-4

ടൊയോട്ട സുസുക്കി ഭായ്, ഭായ്...

വിജയകരമായ സുസുക്കി സഖ്യത്തിൽ ടൊയോട്ടയിൽ പിറന്ന മറ്റൊരു ജയഗാഥയാണ് റുമിയോൺ.  ബാഡ്ജിങിനൊപ്പം ടൊയോട്ട എൻജിനീയർമാരുടെ കരവിരുതും സൂക്ഷ്മതയും കൂടി ഈ വാഹനത്തിലെത്തുന്നുണ്ട്.  ഈ കരവിരുതിൽ ഗ്ലാൻസയും റൂമിയോണുമൊക്കെ അനായാസം മറ്റൊരു ടെയോട്ടയായി മാറുകയാണ്. ഗ്ലാൻസ ഓടിയെത്തുന്നതു കണ്ടാൽ മുൻ കാഴ്ചയിൽ കൊറോളയാണെന്നു തെറ്റിദ്ധരിക്കുന്നതും തൊട്ടടുത്തെത്തും വരെ റൂമിയോൺ കണ്ടാൽ ക്രിസ്റ്റയാണോയെന്ന  സംശയം നിലനിൽക്കുന്നതുമൊക്കെ ഇതു കൊണ്ടാണ്.

toyota-rumion-8

രൂപകൽപനയുടെ ഉത്തുംഗശൃംഗം

ചെറിയ കോറിയിടലുകൾ കൊണ്ട് ഒരു ശിൽപത്തെ എങ്ങനെ വ്യത്യസ്തമാക്കാം എന്നതിനുദാഹരണമാണ് റൂമിയോൺ. മാരുതി സഹോദരനുമായി ഒട്ടുമിക്ക ബോഡി പാനലുകളും പങ്കിടുന്നുണ്ടെങ്കിലും കാഴ്ചയിൽ സാദൃശ്യം സ്വന്തം ജ്യേഷ്ഠനായ ക്രിസ്റ്റയോടാണ്. മുൻ കാഴ്ചയിൽ ഇന്നോവ ക്രിസ്റ്റയെന്നു തോന്നാൻ കാരണം പുതിയ ഗ്രില്ലും ലോഗോയും തന്നെ. പിന്നെ ടോയോട്ടയുടെ ഡിസൈൻ ഡി എൻ എ നില നിർത്താനായി അവിടെയും ഇവിടെയും ചെറിയ ‘ടച്ചു’കൾ.  ബമ്പറുകൾ, കുറച്ചു കൂടി ശക്തമായ ക്രോം ഗാർണിഷുകൾ, ട്രയാങ്കുലർ ഫോഗ് ലാംപ്, സിൽവർ സറൗണ്ടുള്ള പുതിയ എയർ ഡാം, 15 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് എന്നിവയൊക്കെ ടൊയോട്ടയുടെ രൂപകൽപനാ മികവിനു മകുടമാകുന്നു.

Rumion Mobile Brochure

വിശാലമായ ക്യാബിൻ

ബീജ് നിറം മുന്നിടുന്ന ഉൾവശത്ത് സ്റ്റീയറിങ്ങിലെ ടോയോട്ട ലോഗോ എടുത്തു നിൽക്കുന്നു. ധാരാളം സ്ഥലം. വലിയ സീറ്റുകൾ. ആദ്യ രണ്ടു നിര സീറ്റുകൾക്കൊപ്പം തന്നെ മാന്യമായ ലെഗ് റൂം അവസാന നിരയിലും ലഭിക്കുന്നുണ്ട്. മൂന്നാം നിരയിലും ഗ്ലാസ് ഏരിയ ആവശ്യത്തിനുള്ളത് ശ്വാസം മുട്ടൽ ഒഴിവാക്കും. മൂന്നു നിര സീറ്റിങ്ങിൽ ഡിക്കി ഇടം കുറയുന്നുണ്ട്. അവസാന നിര മടക്കിയിട്ടാൽ ആവശ്യത്തിലധികം സ്ഥലം. ക്യാബിനിൽ ധാരാളം ചെറു സ്റ്റോറേജ് ഇടങ്ങളുള്ളത് ദൂരയാത്രകളിൽ പ്രയോജനപ്പെടും. രണ്ടാം നിര എ സി വെൻറുകള്‍ ക്യാബിനാകെ കുളിർമയേകും.

toyota-rumion-6

സ്മാർട്ട് ആൻഡ് ടെക്കി

മൊബൈൽ ആപ്പു കൊണ്ടു മാത്രമല്ല സ്മാർട്ട് വാച്ച് കൊണ്ടും നിയന്ത്രിക്കാനാവുന്ന കണക്ടഡ് ഫീച്ചറുകൾ. വാഹനം തുറക്കാനും അടയ്ക്കാനും എ സി ഓണാക്കാനും എവിടെ പാർക്ക് ചെയ്തിരിക്കുന്നു എന്നു കണ്ടു പിടിക്കാനും അടക്കം 55 ഫീച്ചറുകള്‍ ഇങ്ങനെ നിയന്ത്രിക്കാം. 17.78 സെ മി ഓഡിയോ സിസ്റ്റം, ഓട്ടോ ഹെഡ് ലാംപ് അടക്കം സാങ്കേതികതകള്‍.

toyota-rumion-7

ഡ്രൈവിങ്

103 ബി എച്ച് പി, 1500 സി സി,  നാലു സിലണ്ടർ പെ‍ട്രോൾ എൻജിൻ പ്രായോഗികമാണ്, സുഖപ്രദവുമാണ്. ആവശ്യത്തിനു കരുത്തുണ്ട്, പെട്ടെന്നു വേഗമെടുക്കാം, നിശ്ശബ്ദൻ. മാനുവൽ 5 സ്പീഡ് ഗിയർ ബോക്സിനു പുറമെ 6 സ്പീഡ് ടോർക്ക് കൺവർട്ടർ ഗിയർബോക്സുമുണ്ട്. പാഡിൽ ഷിഫ്റ്റ് സൗകര്യം ഡ്രൈവിങ് അനായാസമാക്കുന്നു. 26.11 കി മിയാണ് ഉയർന്ന ഇന്ധനക്ഷമത. പ്രായോഗിക ഘട്ടങ്ങളിൽ 18 കി മി പ്രതീക്ഷിക്കാം. 3 വര്‍ഷവും 1 ലക്ഷം കിലോമീറ്ററും വാറന്റി.

toyota-rumion-9

വില, വേരിയന്റുകൾ

മാനുവൽ, ഓട്ടമാറ്റിക് ഗിയർബോക്സുകളിലായി 5 മോഡലുകളും ഒരു സിഎൻജി മോഡലും. മാനുവലിന്റെ എക്സ്ഷോറൂം വില 10.29 ലക്ഷം രൂപ മുതൽ 12.18 ലക്ഷം രൂപ വരെ. ഓട്ടമാറ്റിക്കിന് രണ്ടു മോഡലുകൾ, വില 11.89 ലക്ഷവും 13.68 ലക്ഷവും. സിഎൻജിക്ക് 11.24 ലക്ഷം രൂപ വില.

Toyota Rumion
Toyota Rumion

റൂമിയോണ്‍ വാങ്ങണോ? 

ടൊയോട്ട ക്രിസ്റ്റയ്ക്കൊപ്പം രൂപഭംഗിയും ഉപയോഗ ഗുണവുമുള്ള എന്നാൽ തെല്ലു വലുപ്പം കുറഞ്ഞാലും പ്രശ്നമില്ല എന്നു കരുതുന്നവർക്കാണ് റൂമിയോൺ. കാഴ്ചയിൽ മാത്രമല്ല ബ്രാൻഡിങ്ങിലും സർവീസിങ്ങിലുമൊക്കെ ടൊയോട്ടയാൽ മൂല്യവർധിതം.

English Summary:

Toyota Rumion Test Drive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com