ADVERTISEMENT

ലണ്ടൻ∙ കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളായി നടത്തി വന്നിരുന്ന ട്യൂട്ടർവേവ്സ് ലണ്ടൻ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം. മലയാളത്തിന്റെ മനം കവർന്ന പ്രിയ സിനിമ താരം പാർവതി ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത നൃത്തോത്സവത്തിന്റെ ഗ്രാൻഡ്‌ ഫിനാലെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ നെഞ്ചോട് ചേർത്തു. കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളിലായി വിശിഷ്ടവ്യക്തികൾ ഉൾപ്പെടെ നിരവധി പ്രൊഫഷണൽ നർത്തകരാണ് ഈ നൃത്തോത്സവത്തിൽ അണിനിരന്നത്.

ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും നിരവധി തവണ അവാര്‍ഡ് നേടിയിട്ടുള്ള സീനിയർ ആർട്ടിസ്റ്റ് സുപ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ജയപ്രഭ മേനോന്‍ (ഡല്‍ഹി) അവതരിപ്പിച്ച മോഹിനിയാട്ടത്തിന്റെ നൃത്തചുവടുകളോടെയാണ് ഗ്രാൻഡ് ഫിനാലേക്കു തുടക്കം കുറിച്ചത്. തുടർന്ന് ലൈവിൽ എത്തിയ പാർവതി ജയറാം പ്രേക്ഷകരോട് മനസ് തുറന്നു. സിനിമയിലേക്കുള്ള തന്റെ പ്രവേശനവും, സിനിമ അനുഭവങ്ങളും ജയറാമുമായുള്ള വിവാഹവും സിനിമയിൽ നിന്നു മാറിനിൽക്കാനുള്ള സാഹചര്യവുമൊക്കെ താരം പങ്കുവെച്ചു. 

തുടർന്നു ബാംഗ്ലൂർ നൃത്ത്യ സ്‌കൂൾ ഓഫ് ആർട്ട്സ് ഡയറക്ടറും പ്രശസ്ത നർത്തകിയുമായ ഗായത്രി ചന്ദ്രശേഖറിന്റെ നൃത്ത പ്രകടനങ്ങളായിരുന്നു. കലാമണ്ഡലം സോഫിയ സുദീപ്, കലാമണ്ഡലം ഷീനാ സുനിൽ എന്നിവരുടെ അവിസ്മരണീയങ്ങളായ നൃത്തനൃത്ത്യങ്ങൾ ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടി.

london-dance-fest-finale-2

യുകെയിലെ പ്രമുഖ നർത്തകരായ ബ്രീസ് ജോർജ്, മഞ്ജു സുനിൽ, സ്വരൂപ് മേനോൻ എന്നിവരുടെ മാസ്മരിക നൃത്ത പ്രകടനങ്ങൾ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി. പാർവതി ജയറാം അഭിനയിച്ച സിനിമകളിലെ ഗാന രംഗങ്ങൾ ഉൾപ്പെടുത്തി ബ്രീസ് ജോർജ് കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിച്ച നൃത്ത പ്രകടനം അവിസ്മരണീയമായിരുന്നു. 

യുക്മയുടെ ദേശീയ കലാമേളയിൽ കലാപ്രതിഭപട്ടം തുടർച്ചയായി രണ്ട് വട്ടം നേടിയ ടോണി അലോഷ്യസ് അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ, യുക്മ കലാതിലകം ആനി അലോഷ്യസ് അവതരിപ്പിച്ച മോഹിനിയാട്ടം, നോട്ടിങ്ങ്ഹാമിൽ നിന്നുള്ള പാർവതി പിള്ളയും സംഘവും അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ ഡാൻസ്, കോഴിക്കോട് നിന്നുള്ള അബീന രാജേഷ് എന്നിവരുടെ നൃത്തങ്ങളും ഗ്രാൻഡ് ഫിനാലെയ്ക്ക് ചാരുത പകർന്നു.

‘ദി  ഗ്രേറ്റ്   ഇന്ത്യൻ കിച്ചൺ' എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലെ ക്ലൈമാക്സ് രംഗത്തിലെ വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനം  ചിട്ടപ്പെടുത്തിയ എസ് ഡാൻസ് കമ്പനി എത്തിയത് രണ്ടു തകർപ്പൻ ബോളിവുഡ് നൃത്തരൂപങ്ങളുമായാണ്.പ്രധാന അധ്യാപകനും കൊറിയോഗ്രാഫറുമായ സാബുവും സഹോദരൻ ജോബിനുമാണ് ജെ . എസ് ഡാൻസ് കമ്പനിയുടെ അമരക്കാർ. 

യുകെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ ലണ്ടന് വേണ്ടി ഈ രാജ്യാന്തര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിച്ചത്. കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്, 'വീ ഷാല്‍ ഓവര്‍ കം' ഓര്‍ഗനൈസിംഗ് ടീം അംഗങ്ങളായ റെയ്‌മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യ നായര്‍ തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്‌, മേരാകീബൊട്ടീക് പാലാ, ഷീജാസ് ഐടി മാള്‍ കൊച്ചി, ‍രാജു പൂക്കോട്ടില്‍  തുടങ്ങിയവരാണ് അന്താരാഷ്ട്രനൃത്തോത്സവം സ്പോണ്‍സര്‍ ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com