ADVERTISEMENT

ലണ്ടൻ ∙  മലയാള സാമൂഹിക നാടകം തെയ്യം ഇന്ന് ലണ്ടനിൽ അവതരിപ്പിക്കുന്നു. ബ്രിട്ടനിലെ  മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് യുകെയുടെ (എംഎയുകെ) നാടക വിഭാഗമായ ദൃശ്യകലയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കപ്പെടുന്നത്. വൈകിട്ട് ആറിന് ഈസ്റ്റ് ലണ്ടനിലെ ഹോൺചർച്ച് ക്യാമ്പൺ സ്കൂൾ ഹാളിലാണ്  (RM11 3BX) നാടകം അവതരിപ്പിക്കുക. എംഎയുകെയുടെ അൻപതാം വാർഷികാഘോഷങ്ങളുടെ ഭാഗമാണ് നാടകാവതരണം. 

മരുതിയോടൻ കുരുക്കൾ, മുച്ചിലോട്ട് ഭഗവതി, തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും തെയ്യം തൊഴിലാക്കിയ മനുഷ്യരുടെ ജീവിത കഥകളുമാണ് ഈ നാടകത്തിന്‍റെ ഇതിവൃത്തം.  കലാരംഗത്ത് കഴിവു തെളിയിച്ച ബ്രിട്ടനിലെ ഒരുകൂട്ടം മലയാളികളാണ് നാടകത്തിന്‍റെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. നാടക രചന- രാജൻ കിഴക്കനേല. സംവിധാനം - ശശി കുളമട. അവതരണം- എംഎയുകെ, ദൃശ്യകല. 07941024129, 07961454644 എന്നീ നമ്പരുകളിലും https://www.mauk.org/buy-your-tickets  ഓൺലൈനായും ടിക്കറ്റുകൾ ബുക്കു ചെയ്യാം. 

1989ൽ മലയാളി അസോസിയേഷൻ ഓഫ് യുകെ സ്ഥാപിച്ച ദൃശ്യകലയുടെ ഇരുപത്തിരണ്ടാമത് നാടകമാണ് തെയ്യം. കുഞ്ഞാലിമരയ്ക്കാരുടേയും, പറയിപെറ്റ പന്തിരുകുലത്തിന്റേയും, ഇടപ്പള്ളി കവികളുടേയും, അഷ്ടവൈദ്യന്മാരുടേയും, തുള്ളൽക്കഥകളുടേയും, അന്യംനിന്നുപോകുന്ന നെൽക്കൃഷിയുടേയും കഥകൾ ദൃശ്യകല നാടകമാക്കിയിട്ടണ്ട്. മുച്ചിലോട്ടുഭഗവതി, മരുതിയോടൻ കുരിക്കൾ, കതിവന്നൂർ വീരൻ, മാക്കപ്പോതി, മനയിൽപ്പോതി, മാപ്പിള തെയ്യം, കാപ്പാട് ദൈവത്താർ എന്നിങ്ങനെ അസംഖ്യം തെയ്യക്കോലങ്ങളും, തെയ്യത്തോറ്റങ്ങളും കൊണ്ട് ഉത്സവരാവുകൾ നിറയ്ക്കുന്ന ഉത്തരകേരളഭൂമിയുടെ രണ്ട് പ്രധാന  തെയ്യക്കഥകളാണ് നാടകത്തിന്‍റെ ഇതിവൃത്തം. 

നാടകത്തിന്‍റെ ആദ്യഭാഗം രണ്ടു പ്രധാന തെയ്യങ്ങളുടെ ഉത്ഭവകഥയും, രണ്ടാം ഭാഗം തെയ്യംകെട്ട് തൊഴിലാക്കിയ ഒരുകൂട്ടം പച്ചയായ മനുഷ്യരുടെ ജീവിതകഥയുമാണ്. തെയ്യം എന്ന അനുഷ്‌ഠാന കലയെ തന്‍റെ പ്രശസ്തിക്കും , ധനസമ്പാദനത്തിനുമായി ഉപയോഗിയ്ക്കുന്ന തമ്പുരാന്‍റെയും കഥയും നാടകത്തിലുണ്ട്. നിരവധി നാടക കലാകാരെ പരിചയപ്പെടുത്തിയിട്ടുള്ള ദൃശ്യകല ഇക്കുറി നാഷ് റാവുത്തർ, റാണി രഘുലാൽ, ശ്രേയാ മേനോൻ എന്നിവരെ പരിചയപ്പെടുത്തുന്നു. ഇവരോടൊപ്പം യു കെ യിലെ പ്രശസ്തരായ ബാബു സൈമൺ, ജെയ്‌സൺ ജോർജ്, കീർത്തി സോമരാജൻ, ജെയിൻ കെ ജോൺ, ജിതിൻ, വി. മുരളീധരൻ,  ജി സുരേഷ്‌കുമാർ, നിഹാസ് റാവുത്തർ, ശ്രീ വത്സലൻ, സുനിത് സുരേന്ദ്രൻ, മഞ്ജു മന്ദിരത്തിൽ, ബീനാ പുഷ്കാസ്, ബിറ്റു തോമസ്, പ്രീനാ പിളള, എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നു. .

സംഗീതം: പ്രണവം മധു, സംഗീത നിയന്ത്രണം: ജോയി ഗോപി , രംഗശില്പം: വിജയൻ കടമ്പേരി, രംഗസജ്ജീകരണം: അജി ഗംഗാധരൻ, സാംബശിവൻ, ജസ്റ്റിൻ സൈമൺ, ദീപവിതാനം: സുഭാഷ് കുമാർ.  ശബ്ദം: അപ് ബീറ്റ്‌സ് ലണ്ടൻ, ശബ്ദ നിയന്ത്രണം: ജീസൺ കടവിൽ, റിക്കോർഡിങ്: രാജീവ് ശിവ, നാടക മാനേജർ: ശ്രീവത്സലൻ പിള്ള. തെയ്യക്കോലം നിർമ്മാണം: ആർട്ടിസ്റ്റ് ഏ ജീ. കുളമട, തെയ്യം കെട്ടുന്നവർ: ഡോണ, സ്നേഹ സുദേശൻ. യൂറോപ്പിൽ മറ്റു സ്ഥലങ്ങളിൽ നാടകം അവതരിപ്പിക്കാൻ താല്പര്യമുള്ളവർ  നാടക മാനേജരുമായി ബന്ധപെടുക: +44 7941 024129

English Summary:

Malayalam Social Drama 'Theyyam' in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com