ADVERTISEMENT

ലണ്ടൻ ∙ ബക്കിങ്ങാം കൊട്ടാരത്തിലെ പട്ടാളക്കുതിരകൾ വിരണ്ടോടി ലണ്ടൻ നഗരത്തിൽ സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ. കുതിരപ്പുറത്തുനിന്നും തെറിച്ചുവീണ് മൂന്നു പട്ടാളക്കാർക്കും കുതിരയിടിച്ച് ഒരു സൈക്കിൾ യാത്രക്കാരനും സാരമായ പരുക്കേറ്റു. വിരണ്ടോടിയ കുതിരകൾ തിരക്കേറിയ റോഡിൽ വാഹനങ്ങളുടെ മുന്നിൽ അകപ്പെട്ടതോടെ വാഹനമിടിച്ച് കുതിരകൾക്കും പരുക്കേറ്റു.  കുതിരയെ ഇടിച്ച വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. 

ഇന്നലെ രാവിലെ എട്ടരയോടെയാണ് വിരണ്ടോടിയ കുതിരകൾ ലണ്ടൻ നഗരത്തിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്.  വഴിയാത്രക്കാർ  ആദ്യം കരുതിയത് ഏതോ സിനിമയുടെ ഷൂട്ടിങ് ആണെന്നാണ്. പിന്നീട് പൊലീസും ഫയർഫോഴ്സും ആംബുലൻസും ഉൾപ്പെടെയുള്ള അവശ്യ സേവനക്കാർ കളം ഏറ്റെടുത്തതോടെയാണ് ചിത്രം വ്യക്തമായത്. പരുക്കേറ്റ പട്ടാളക്കാരെയും വഴിയാത്രക്കാരനെയും  ആശുപത്രിയിലേക്ക് മാറ്റി. വിരണ്ടോടിയ അഞ്ചു കുതിരകളെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും പിടികൂടി തിരികെ ബാരക്കുകളിൽ എത്തിച്ചു. ഇവ വെറ്ററിനറി ഡോക്ടർമാരുടെ പരിചരണത്തിലാണ്. 

four-injured-after-military-horses-break-loose-in-central-london-buckingham-palace
വിരണ്ടോടിയ കുതിരകൾ തിരക്കേറിയ റോഡിൽ വാഹനങ്ങളുടെ മുന്നിൽ അകപ്പെട്ടതോടെ വാഹനമിടിച്ച് കുതിരകൾക്കും പരുക്കേറ്റു.

സംഭവം നടന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും കുതിരകളുടെ വിരണ്ടോട്ടവും വീണ്ടെടുക്കലുമെല്ലാം ബിബിസി ഉൾപ്പെടെയുള്ള ലോക മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും നിറഞ്ഞാടുകയാണ്. പരേഡിനിടെ കുതിരകൾ വിരണ്ടോടുന്നതും പട്ടാളക്കാർ താഴെ വീഴുന്നതും ഒക്കെ സാധാരണ സംഭവമാണെങ്കിലും ഇത്തരത്തിൽ അഞ്ചു കുതികരകൾ ഒരുമിച്ച് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതും ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുന്നതും ആദ്യമാണ്. 

four-injured-after-military-horses-break-loose-in-central-london-buckingham-palace
വിരണ്ടോടിയ കുതിരകൾ

ബക്കിങ്ങാം കൊട്ടാരത്തിലെ ഹൗസ്ഹോൾഡ് കാവലറിയിൽപ്പെട്ട കുതിരകളാണ് ഇന്നലെ രാവിലെ സാധാരണ നടക്കാറുള്ള  ട്രയൽ പരേഡിനിടെ വിരണ്ടോടിയത്. ഹൈഡ് പാർക്കിൽ വ്യാഴാഴ്ച നടക്കുന്ന  മേജർ ജനറൽ ഇൻസ്പെക്‌ഷനിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെ ആയിരുന്നു സംഭവം. മേജർ ജനറൽ ഇൻസ്പെക്‌ഷനിൽ പങ്കെടുത്ത് വിജയം നേടുന്ന കുതിരകൾക്കും അതിന്റെ ചുമതലയുള്ള പട്ടാളക്കാർക്കും മാത്രമാണ് ജൂണിലെ രാജാവിന്റെ ജന്മദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. 

ട്രയൽ പരേഡിനിടെ അറ്റകുറ്റ പണികൾ നടന്നുകൊണ്ടിരുന്ന ഒരു കെട്ടിടത്തിൽനിന്നും എന്തോ വസ്തു വലിയ ശബ്ദത്തോടെ കുതുരകളുടെ അടുത്ത് പതിച്ചതിനെ തുടർന്നാണ് ഇവ വിരണ്ടോടിയത്.  ‌ കുതിരപ്പുറത്തുനിന്നും പട്ടാളക്കാർ വഴിയിലേക്ക് തെറിച്ചു വീണു. വിരണ്ടോടിയ ഒരു കുതിര ഒരു സൈക്കിൾ യാത്രക്കാരനെ‌ ഇടിച്ചുതറിപ്പിച്ചാണ് പാഞ്ഞത്. അഞ്ചു കുതിരകളിൽ മൂന്നെണ്ണത്തിനെ അടുത്തുനിന്നുതന്നെ പിടികൂടിയെങ്കിലും രണ്ടെണ്ണം അഞ്ചു മൈൽ അകലെയുള്ള ഈസ്റ്റ് ലണ്ടനിലെ ലൈംഹൗസ് വരെ പാഞ്ഞു. 

സംഭവത്തിൽ സമയോചിതമായി ഇടപ്പെട്ട് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയ പൊലീസിനും ഫയർഫോഴ്സിനും ആംബുലൻസ് സർവീസിനും ഹൗസ്ഹോൾഡ് കാവലറി കമാൻഡിങ് ഓഫിസർ  ലഫ്റ്റനന്റ് കേണൽ മാറ്റ് വുഡ് വാർഡ് നന്ദി പറഞ്ഞു. 

നല്ല വലിപ്പമുള്ള കുതിരകളെയാണ് ഇത്തരത്തിൽ ബക്കിങ്ങാം പാലസിലെ കുതിരപ്പട്ടാളത്തിലേക്ക് എടുക്കുന്നത്. മികച്ച പരിചരണവും നല്ല പരിശീലവും നൽകുന്ന കുതിരകൾക്ക് കുറഞ്ഞത് 168 സെന്റീമീറ്ററെങ്കിലും ഉയരം ഉണ്ടാകണമെന്നതാണ് വ്യവസ്ഥ. പട്ടാളക്കാരനെയും അദ്ദേഹത്തിന്റെ കിറ്റും വഹിക്കാനുള്ള ശേഷിയുമുണ്ടാകണം. 

മാസങ്ങൾ നീളുന്ന പരിശീലമാണ് ഇത്തരം കുതിരകൾക്ക് നൽകുന്നത്. വലിയ ട്രാഫിക്കിനെ മറികടന്നും ഗൺ സല്യൂട്ടും മിലിട്ടറി ബാന്റും ഉൾപ്പെടെയുള്ള ശബ്ദങ്ങളെ അതിജീവിച്ചും നിലനിൽക്കാനുള്ള പരിശീലമാണ് ഇവയിൽ പ്രധാനപ്പെട്ടത്. ഓരോ കുതിരയ്ക്കും പ്രത്യേകം പട്ടാളക്കാരെ പരിശീലകരും ചുമതലക്കാരുമായി നൽകും. ഇതെല്ലാം ലഭിച്ച കുതിരകളാണ് ഏതോ ശബ്ദം കേട്ട് വിരണ്ടോടി നഗരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിച്ചത്. 

English Summary:

Four injured after military horses break loose in central London - Horses from Buckingham Palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com