ADVERTISEMENT

റിയാദ് ∙ കോവിഡ് പ്രതിരോധ വാക്സീൻ രാജ്യത്തുടനീളമുള്ള ഫാർമസികളിൽ ലഭ്യമാക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അൽ റബീഅ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പ്രതിരോധ കുത്തിവെയ്പ് ശ്രമങ്ങൾ വിപുലീകരിക്കുന്നതിന്റെയും മുഴുവൻ ജനങ്ങൾക്കും പ്രയോജനം ലഭിക്കത്തക്ക വിധം ലഭ്യമാക്കുന്നതിന്റെയും ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.  2020 ഡിസംബർ 17 ന് സൗദിയിൽ വാക്സീൻ ആരംഭിച്ചത് മുതൽ 300 ലധികം കുത്തിവെയ്പ് കേന്ദ്രങ്ങൾ രാജ്യത്ത് ഇതിനകം തുറന്ന് കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വാക്സീൻ പ്രക്രിയ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഫുഡ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റിയുടെ കീഴിലാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. 

16 വയസ്സ് മുതലുള്ളവർക്ക് സൗദിയിൽ അംഗീകാരം നേടിയ വാക്‌സീനുകൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് ഇനിയും കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഗർഭിണികൾക്കും കുട്ടികൾക്കും നിലവിൽ വാക്സീൻ നൽകുന്നില്ല.  2021ൽ ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കോവിഡ് പ്രതിരോധ വാക്സീൻ ഒരു നിബന്ധനയായിരിക്കുമെന്ന് നേരത്തേ ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചിരുന്നു. 

റിയാദ്, മക്ക, മദീന, അബ്ഹ എന്നിവിടങ്ങളിൽ വാഹനങ്ങളിൽ നിന്നിറങ്ങാതെ വാക്സീൻ സ്വീകരിക്കാവുന്ന ഡ്രൈവ് ത്രൂ കേന്ദ്രങ്ങളും ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. വാക്സീൻ ലഭിക്കാൻ സിഹ്ഹത്തീ ആപ്ലിക്കേഷൻ വഴി മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. നിലവിൽ നേരത്തേ നിശ്ചയിച്ച മുൻഗണനാ ക്രമം അനുസരിച്ചാണ് വാക്സീൻ സ്വീകരിക്കാൻ അപ്പോയ്മെന്റ് ലഭിക്കുന്നത്. ഫലപ്രദവും സുരക്ഷിതവുമായ വാക്സീൻ മുഴുവൻ പേരും നേരത്തെ സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെ മന്ത്രാലയം ഊന്നിപറഞ്ഞു. പ്രതിരോധ കുത്തിവെയ്‌പിനെക്കുറിച്ചുള്ള കിംവദന്തികളിൽ പെടുന്നതിനെപ്പറ്റി മുന്നറിയിപ്പും നൽകി. നിലവിൽ 1003287 പേർ ഇതിനകം വാക്സീൻ സ്വീകരിച്ചു. പലരും രണ്ട് ഡോസുകൾ പൂർത്തിയാക്കിയതായും അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com