ADVERTISEMENT

അബുദാബി∙ സന്ദർശക വീസക്കാർക്കു അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കി. ഗ്രീൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് അബുദാബിയിലെത്താൻ തടസ്സമില്ല. എന്നാൽ ഇന്ത്യ അടക്കം റെഡ് രാജ്യങ്ങളിൽനിന്ന് സന്ദർശക വീസയിൽ എത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

സന്ദർശക വീസക്കാർക്ക് അബുദാബിയിലേക്കു വിമാനമാർഗം പ്രവേശനാനുമതി ഇല്ലാത്തതിനാൽ ദുബായ്, ഷാർജ, റാസൽഖൈമ തുടങ്ങി മറ്റു എമിറേറ്റുകളിൽ എത്തിയാണ് പലരും റോഡ് മാർഗം അതിർത്തി കടന്നിരുന്നത്. എന്നാൽ ഏതാനും ദിവസങ്ങളായി സന്ദർശക വീസക്കാരിൽ ഭൂരിഭാഗം പേർക്കും അതിർത്തിയിൽ പ്രവേശനാനുമതി നിഷേധിച്ചു.

ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും അതിർത്തിയിൽനിന്ന് തിരിച്ചയയ്ക്കുകയാണ്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മേൽനോട്ടത്തിനായി നാട്ടിൽനിന്ന് ദുബായിലെത്തി 10 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം അബുദാബി, അൽഐൻ എന്നിവിടങ്ങളിലേക്കു പോകാനെത്തിയ ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും തിരിച്ചയച്ചവരിൽ ഉൾപ്പെടും. ബന്ധപ്പെട്ട സ്കൂളിൽനിന്നുള്ള കത്തു നൽകിയിട്ടും ഫലമുണ്ടായില്ല. ഇതുപോലെ ബന്ധുക്കളെ കാണാനും ടൂറിസത്തിനും ജോലി അന്വേഷിച്ചും അതിർത്തി കടക്കാനെത്തിയവർക്കും മടങ്ങേണ്ടിവന്നു.

എന്നാൽ അബുദാബിയിൽ ജോലിചെയ്യുന്നവരുടെ അടുത്തേക്കു വരുന്ന ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവർക്കും മികച്ച കമ്പനിയിൽനിന്ന് ലഭിച്ച അസ്സൽ തൊഴിൽഅനുമതി പത്രം കാണിക്കുന്നവർക്കും മാനുഷിക പരിഗണനയിൽ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന്റെ മറവിൽ വ്യാജ ഓഫർ ലെറ്റർ കാണിച്ച് അതിർത്തി കടക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്.

റെഡ് രാജ്യങ്ങളിൽ നിന്നെങ്കിൽ..

റെഡ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഐസിഎ അനുമതിയും യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത ക്യൂആർ കോഡ് സഹിതമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം. അബുദാബിയിൽ 10 ദിവസത്തെ നിർബന്ധിത ക്വാറന്റീനുണ്ട്. മറ്റു എമിറേറ്റുകൾ വഴി വരുന്നവർ ക്വാറന്റീൻ കഴിഞ്ഞുവരുന്നതാകും ഉചിതം. അല്ലെങ്കിൽ അബുദാബിയിൽ ക്വാറന്റീനിൽ കഴിയേണ്ടിവരും.

അതിർത്തി കടക്കാൻ

48 മണിക്കൂറിനകം എടുത്ത പിസിആർ/ഡിപിഐ ടെസ്റ്റ് ഫലം അൽഹൊസൻ ആപ്പിൽ കാണിക്കുന്നവർക്ക് അതിർത്തി കടക്കാം. സന്ദർശക വീസക്കാർക്ക് അൽഹൊസൻ ആപ്പിൽ ഫലം കാണിക്കാനാകില്ല. പിസിആർ എടുത്ത് അതിർത്തി കടന്ന് തുടർച്ചയായി അബുദാബിയിൽ തങ്ങുന്നവർ 4, 8 ദിവസങ്ങളിലും ഡിപിഐ ടെസ്റ്റെടുത്ത് ഇവിടെ തുടരുന്നവർ 3, 7 ദിവസങ്ങളിലും പിസിആർ ടെസ്റ്റ് എടുക്കണമെന്നും നിബന്ധനയുണ്ട്. നിയമം ലംഘിക്കുന്നവർക്ക് ഓരോ ടെസ്റ്റിനും 5000 ദിർഹം വീതം പിഴ ഈടാക്കും. പതിവായി അതിർത്തി കടക്കുന്നവർ തുടർച്ചയായി ഒന്നിലേറെ തവണ ഡിപിഐ ടെസ്റ്റ് എടുത്താൽ പ്രവേശനാനുമതി ലഭിക്കില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com