ADVERTISEMENT

അജ്മാൻ∙ ഭാര്യയെയും 12ഉം 13ഉം വയസുള്ള മക്കളെയും ക്രൂരമായി കൊല ചെയ്ത അഫ്ഗാൻ സ്വദേശിയുടെ വിചാരണ അജ്മാൻ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. സംഭവശേഷം അഫ്ഗാനിസ്ഥാനിലേയ്ക്ക് രക്ഷപ്പെട്ട പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് യുഎഇയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 

 

അജ്മാൻ റാഷിദിയയിലെ അപാർട്മെന്റിലായിരുന്നു യുവതിയും മക്കളും കൊല്ലപ്പെട്ടത്. തലയ്ക്ക് ചുറ്റിക കൊണ്ടു അടിച്ചുവീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ചായിരുന്നു മൂന്നു പേരെയും കൊന്നതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ സമയം യുവതിയുടെ മാതാവ് സ്ഥലത്തുണ്ടായിരുന്നു. ഇവർ അറിയിച്ചതനുസരിച്ചായിരുന്നു പൊലീസ് എത്തിയത്. തൊട്ടടുത്തെ മുറിയിൽ അബോധവസ്ഥയിൽ കിടന്നിരുന്ന  യുവതിയുടെ മൂന്നു വയസുള്ള മകളെ ഉടൻ ഖലീഫ ആശുപത്രിയിലെത്തിച്ചു. പിന്നീട് കുട്ടിയെ യുവതിയുടെ മാതാവിനെ ഏൽപിച്ചു. കേസിന്റെ രണ്ടാമത്തെ സാക്ഷി യുവതിയുടെ 10 വയസുള്ള മകളാണ്.

 

10 വയസുകാരി സംഭവം വിവരിക്കുന്നത് ഇങ്ങനെ:

 

പിതാവ് വീട്ടിലെ സഹോദരിയുടെ മുറിയിൽ കയറുകയും പിന്നീട് തിരിച്ചുവന്ന് പുറത്ത് നിന്നു പൂട്ടുകയും ചെയ്തു. അപ്പോൾ അവിടെയെത്തിയ താൻ സഹോദരി എവിടെ എന്നു പിതാവിനോട് ചോദിച്ചപ്പോൾ ഇവിടെയില്ലെന്ന് ശാന്തനായി മറുപടി പറഞ്ഞു. തുടർന്ന് താൻ മറ്റൊരു സഹോദരിയുടെ മുറിയുടെ അടുത്തെത്തിയപ്പോൾ അകത്ത് നിന്ന് അലർച്ച കേട്ടു. പിന്നീട് നിശബ്ദമായി. താന്‍ ഉടൻ മാതാവിന്റെ മുറിയിലേയ്ക്ക് ചെന്നപ്പോൾ അവിടെ പിതാവും മാതാവും അടിപിടികൂടുന്നതാണ് കണ്ടത്. അനന്തരം പിതാവ് മാതാവിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി കഴുത്തുഞെരിച്ച് കൊല്ലുന്നതു കണ്ടു. 

 

 ഫോറൻസിക് റിപ്പോർട്ടിൽ കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമായ തെളിവുകളോടെ സത്യമാണെന്ന് രേഖപ്പെടുത്തിയിരുന്നു.

 

കൊല നേരത്തെ ആസൂത്രണം ചെയ്തത്

നിഷ്ഠൂരമായ കൊലപാതകങ്ങൾ പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നു പൊലീസ് പറഞ്ഞു. നാട്ടിലേയ്ക്കു രക്ഷപ്പെടാനുള്ള തന്റെ വിമാന ടിക്കറ്റ് ഇയാൾ നേരത്തെ ബുക്ക് ചെയ്തത് അതുകൊണ്ടാണ്. കൂടാതെ, ഏഴ് വയസുള്ള മകനെ ഒരു ദിവസം മുൻപ് ബന്ധുവിന്റെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തിരുന്നു. കൊല നടത്തി പൊലീസ് അന്വേഷണം ആരംഭിക്കുന്നതിന് മുൻപ് തന്നെ പ്രതി നാട്ടിലേയ്ക്ക് വിമാനം കയറി. സംഭവസ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എലവേറ്ററിന് പകരം സ്റ്റെയർ കേസുകളായിരുന്നു കെട്ടിടത്തിൽ നിന്ന് താഴെയിറങ്ങാൻ ഉപയോഗിച്ചത്.

 

പ്രശ്നം തുടങ്ങിയത് 3 മാസം മുൻപ്

 

കൊലപാതകത്തിലേയ്ക്ക് നയിച്ച സാഹചര്യം യുവതിയുടെ മാതാവ് വിവരിച്ചു. മൂന്നു മാസം മുൻപ് തന്നെ മകളും മരുമകനും തമ്മിൽ വഴക്ക് തുടങ്ങിയിരുന്നു. പ്രശ്നം ദാമ്പത്യബന്ധത്തെയും കുടുംബബന്ധങ്ങളെയും ബാധിക്കാതിരിക്കാൻ ബന്ധുക്കൾ പരിഹാരത്തിനു ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. മിക്ക ദിവസങ്ങളിലും ഇരുവരും തമ്മിൽ പൊരിഞ്ഞ വഴക്ക് തുടരുകയും ചെയ്തു. പ്രതി കടുത്ത സമ്മർദം അനുഭവിച്ചിരുന്നതായും മാനസിക നില തെറ്റിയ ആളെപ്പോലെ പെരുമാറിയിരുന്നതായും പൊലീസ് കണ്ടെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com