ADVERTISEMENT

മനാമ∙ ലോകത്ത് എവിടെ ആയാലും ചായ കുടിക്കുക എന്നത് മലയാളികളുടെ ശീലമാണ്. വീട്ടിൽ നിന്ന് ചായ കുടിച്ചിറങ്ങിയാലും സുഹൃത്തിനേയോ,വേണ്ടപെട്ടവരെയോ കണ്ടു സംസാരിക്കാൻ സമയം കിട്ടിയാൽ ചായ കുടിച്ച് സംഭാഷണം നടത്തനാണ് പലർക്കും താൽപ്പര്യം. മലയാളിയുടെ ഈ ശീലത്തെ ബിസിനസ് ആക്കി മാറ്റിയാണ് ബഹ്റൈനിൽ നിരവധി ചായക്കടകൾ ഉയർന്ന് വന്നിരിക്കുന്നത്.  പ്രത്യേകിച്ച്  വൈകുന്നേരങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ചായക്കടകളും രാവിലെ മുതൽ അർധരാത്രി വരെ  പ്രവർത്തിക്കുന്ന ചെറു ചായക്കടകളും ബഹ്‌റൈനിൽ ട്രെൻഡായി മാറിയിരിക്കുകയാണ്. പല പ്രമുഖ റസ്റ്റോറന്‍റുകളിലും നാലുമണി പലഹാരങ്ങൾക്കായി പ്രത്യേകം കൗണ്ടറുകൾ തുറന്നാണ്  മലയാളിയുടെ ചായ കുടി ശീലത്തെ കച്ചവടമാക്കിയിരിക്കുന്നത് . വ്യത്യസ്തങ്ങളായ എണ്ണപ്പലഹാരങ്ങളും  ചായ്ക്കു പുറമെ വിറ്റഴിയുന്നു എന്നതാണ് ഇത്തരം കടകൾ കൂടുതൽ പ്രചാരത്തിലാവാനുള്ള കാരണം .

∙ ചായപ്രിയരെ തുടക്കത്തിൽ കറക്കിയ   'കറക്ക്  ' ചായകൾ 
ബഹ്‌റൈനിൽ ആദ്യകാലത്ത് ചായപ്രിയരെ ഏറ്റവും അടുപ്പിച്ചത് 'കറക്ക് ടീ ' എന്ന പേരിൽ പല പ്രദേശങ്ങളിലും ആരംഭിച്ച കഫേറ്റീരിയകളായിരുന്നു. തുടക്കത്തിൽ ചില പ്രദേശങ്ങളിൽ മാത്രം ആരംഭിച്ച കറക്ക് ടീ ഷോപ്പുകൾ പിന്നീട് ഇതേ ബ്രാൻഡിൽ നിരവധി സ്‌ഥലങ്ങളിൽ ആരംഭിച്ചു. ഇത്തരം കഫെറ്റീരിയകൾ പച്ച പിടിച്ചതോടെ കറക്കു ചായകൾക്കും പല ബ്രാൻഡുകൾ ആയി.  കറക്ക് എന്ന പേര് പല പേരുകൾക്കൊപ്പവും കൂട്ടിച്ചേർത്ത്   ഈ ബ്രാൻഡിലും കോപ്പികൾ പലതും ഇറങ്ങി. 

 കറക്ക് എന്ന പേര് പല പേരുകൾക്കൊപ്പവും കൂട്ടിച്ചേർത്ത്   ഈ ബ്രാൻഡിലും കോപ്പികൾ പലതും ഇറങ്ങി.  ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി
കറക്ക് എന്ന പേര് പല പേരുകൾക്കൊപ്പവും കൂട്ടിച്ചേർത്ത് ഈ ബ്രാൻഡിലും കോപ്പികൾ പലതും ഇറങ്ങി. ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി

അധികം വൈകാതെ കടന്നുവന്ന സമോവർ ചായക്കടകൾ കറക്ക് ചായക്കടകളെ പിന്നിലാക്കുന്ന കാഴ്ചയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. നാട്ടിലെ നാടൻ ചായക്കടകളുടേതിന് സമാനമായുള്ള സമോവർ ഉപയോഗിച്ച് കൊണ്ടുള്ള ചായകളാണ് ഇപ്പോൾ ട്രെൻഡ്. സമോവറുകൾ ആളുകൾക്ക് കാണുന്ന തരത്തിൽ തന്നെ പ്രദർശിപ്പിച്ച് നാടൻ രീതിയിൽ ആറ്റി ഉണ്ടാക്കുന്ന ചായ കുടിക്കാൻ ടെക്കികൾ അടക്കമുള്ള യുവാക്കളാണ് കൂടുതലും എത്തുന്നത്. അവർക്ക് വേണ്ടുന്ന തരത്തിലുള്ള ചെറു കടികളും എണ്ണപ്പലഹാരങ്ങളും  വിൽപനയ്ക്ക് എത്തിയതോടെ നാലുമണി മുതൽ രാത്രി വരെയും ഇത്തരം കടകളിലും ചൂടൻ വിൽപ്പനയാണ് ആരംഭിച്ചത്. റസ്റ്റോറന്‍റുകളിൽ പ്രത്യേകം ആരംഭിച്ച കൗണ്ടറുകളിൽ ഇത്തരം ചായ വിൽപനയിൽ റസ്റ്റോറന്‍റുകളിൽ കിട്ടുന്നതിനേക്കാൾ ലാഭം ലഭിക്കുന്നതായി മനാമയിലെ ഒരു റസ്റ്റോറന്റ് ഉടമ പറഞ്ഞു. 

വീട്ടമ്മമാരുടെ നേതൃത്വത്തിൽ വീടുകളിൽ  ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് നല്ല ഡിമാൻഡാണ്. ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി
വീട്ടമ്മമാരുടെ നേതൃത്വത്തിൽ വീടുകളിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് നല്ല ഡിമാൻഡാണ്. ചിത്രം : സനുരാജ് കാഞ്ഞിരപ്പള്ളി

∙ പലാഹാര നിർമാണം വീടുകളിൽ;വീട്ടമ്മമാർക്കും വരുമാനം 
ചായക്കടകളിൽ ലഭിക്കുന്ന  പലാഹാരങ്ങൾക്ക് പ്രിയമേറിയതോടെ വീടുകളിൽ ഇവ നിർമിച്ച് നൽകുന്ന വീട്ടമ്മമാർക്കും വരുമാനം മാർഗമായി. ബഹ്‌റൈനിലെ ഇത്തരം കടകളിൽ പലഹാരം വിതരണം ചെയ്യുന്ന നിരവധി യൂണിറ്റുകൾ ഇപ്പോൾ പല വീടുകളിലും  പ്രവർത്തിക്കുന്നു. വീട്ടമ്മമാരുടെ നേതൃത്വത്തിൽ വീടുകളിൽ  ഉണ്ടാക്കുന്ന പലഹാരങ്ങൾക്ക് നല്ല ഡിമാൻഡാണ്. പഴം പൊരി,സമോസ,കട്‌ലെറ്റ് ,ഉഴുന്നുവട,ഇലയട,പല തരം കൊഴുക്കട്ട മുതൽ പത്തിരി,മലബാറിന്‍റെ കലത്തപ്പം,കായ നിറച്ചത്,ഉന്നക്കായ തുടങ്ങിയ വിഭവങ്ങളാണ് ഇത്തരം കടകളിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്നത്.നാലുമണി പലഹാരങ്ങൾ ഏറെ സ്വാദിഷ്ടമാണെങ്കിലും എണ്ണയുടെ ഉപയോഗം ആരോഗ്യത്തിന്  ഗുണകരമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

English Summary:

The changing tea trend of non-resident Malayalis in Bahrain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com