ADVERTISEMENT

ഷാർജ ∙ ഷാർജയിൽ മിന്നും താരമായി മറിയം അൽ ഹമ്മദി. ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോളർ ഓഫിസ‍ർ(എട‌ിസിഒ) സ്ഥാനം ഏറ്റെടുക്കുന്ന ആദ്യ വനിതയായ മറിയം അൽ ഹമ്മദിയെ അധികൃതരാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. എല്ലാ പരിശീലന കോഴ്സുകളും ഡ്യൂട്ടി നിർവഹിക്കാൻ ആവശ്യമായ യോഗ്യതകളും പൂർത്തിയാക്കിയ ശേഷമാണ് മറിയത്തെ ഈ പദവിയിൽ നിയമിച്ചതെന്ന് ഷാർജയിലെ സിവിൽ ഏവിയേഷൻ പറഞ്ഞു.

ഷാർജയിലെ സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെന്‍റിലെ സ്വദേശിവത്കരണ പദ്ധതിക്ക് അനുസൃതമായാണ്  മറിയത്തിന്‍റെ നിയമനം. എമിറാത്തികൾക്ക് പുതിയ മേഖലകൾ പരീക്ഷിക്കാനും അവയിൽ മികവ് പുലർത്താനും അവസരമൊരുക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ പറഞ്ഞു. പ്രസക്തമായ മേഖലകളിൽ അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പരിശീലനം നേടുന്നതിനും വകുപ്പ് അവരെ പിന്തുണയ്ക്കുന്നു. 

∙അഭിമാനകരമായ നാഴികക്കല്ലെന്ന് മറിയം
ഷാർജയിലെ ആദ്യത്തെ വനിതാ എമിറാത്തി എട‌ിസിഒ എന്നത് തനിക്ക് അഭിമാനകരമായ നാഴികക്കല്ലാണെന്ന് മറിയം പിന്നീട് പറഞ്ഞു. എന്‍റെ രാജ്യത്തെ വ്യോമയാന വ്യവസായത്തിന് സംഭാവന നൽകുന്നതിൽ ഞാൻ അഭിമാനിക്കുന്നതായി മറിയം പറഞ്ഞു

∙ കടന്നുവന്നത് കഠിന പരിശീലനത്തിലൂടെ 
അസാധാരണമായ കഴിവും അർപ്പണബോധവും പ്രകടിപ്പിച്ചതാണ് എയർ ട്രാഫിക് കൺട്രോൾ ഓഫിസറിലേക്ക് മറിയത്തെ എത്തിച്ചത്. രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്‍റെ (ഐസിഎഒ) കർശനമായ പരിശീലന പരിപാടിക്ക് അവിശ്വസനീയമാംവിധം ചുരുങ്ങിയ സമയത്തിനുള്ളിൽ മറിയം തയ്യാറായി. ഡിപ്പാർട്ട്‌മെന്‍റിൽ ചേർന്ന് മൂന്ന് വർഷത്തിനുള്ളിൽ ഒട്ടേറെ കോഴ്‌സുകൾ മികച്ചനിലയിൽ വിജയിക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയും എടിസിഒ  സർട്ടിഫിക്കറ്റ് ഓഫ് കോംപിറ്റൻസ് പരീക്ഷയിൽ ഉന്നത വിജയം നേടുകയും ചെയ്തു. സുരക്ഷിതവും കാര്യക്ഷമവുമായ ഫ്ലൈറ്റ് ചലനം ഉറപ്പാക്കുന്നതിന് ഷാർജ എയർപോർട്ടിലെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ വിമാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ മറിയം ഇന്ന് നിർണായക പങ്ക് വഹിക്കുന്നു.  2023-ലെ കണക്കനുസരിച്ച് ഷാർജ എയർപോർട്ടിന്‍റെ എയർ ട്രാഫിക് കൺട്രോൾ വിഭാഗം  ദിവസവും 364 ഷെഡ്യൂളുകളിലൂടെ 1,04,000-ലേറെ വിമാനങ്ങൾക്ക് പാതയൊരുക്കുന്നു.

∙ വനിതകള്‍ക്കും അവരുടെ അഭിലാഷങ്ങൾക്കും പിന്തുണ
സിവിൽ ഏവിയേഷന്‍റെ എല്ലാ മേഖലകളിലും വനിതകളെയും അവരുടെ അഭിലാഷങ്ങളെയും പിന്തുണയ്ക്കുന്നതായി ഷാർജ സിവിൽ ഏവിയേഷൻ വകുപ്പ് ചെയർമാൻ ഷെയ്ഖ് ഖാലിദ് ബിൻ എസ്സാം അൽ ഖാസിമി പറഞ്ഞു. ഷാർജ എയർപോർട്ടിൽ ആദ്യത്തെ എമിറാത്തി വനിതാ എയർ ട്രാഫിക് കൺട്രോൾ ഓഫീസർ എന്നത് വലിയ അഭിമാനം നൽകുന്നു. നമ്മുടെ സുസ്ഥിര സാമ്പത്തിക വികസന യാത്രയിൽ വനിതകൾ തുല്യ പങ്കാളികളാകാനും പ്രധാന സംഭാവനകൾ നൽകാനുമുള്ള നേതൃത്വത്തിന്‍റെ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു.  

∙ എന്താണ് മറിയത്തിന്‍റെ ചുമതലകൾ?
എയർ ട്രാഫിക് കൺട്രോളറുടെ സ്ഥാനം വളരെ പ്രത്യേക അറിവും കഴിവുകളും ആവശ്യമുള്ള ഒന്നാണ്. ആഗോള എയർ ട്രാഫിക് കൺട്രോൾ സിസ്റ്റത്തിൽ എയർ ട്രാഫിക്കി ന്‍റെ സുരക്ഷിതവും ചിട്ടയുള്ളതും വേഗത്തിലുള്ളതുമായ ഒഴുക്കിന് എയർ ട്രാഫിക് കൺട്രോൾ ഓഫിസർമാർ (എടിസിഒ) ഉത്തരവാദികളാണ്. സാധാരണയായി എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലും ഗ്രൗണ്ടിലെ കൺട്രോൾ ടവറുകളിലും നിലയുറപ്പിച്ചിരിക്കുന്ന അവർ നിയുക്ത വ്യോമാതിർത്തിയിലെ വിമാനത്തിന്‍റെ സ്ഥാനം, വേഗം, ഉയരം എന്നിവ റഡാർ മുഖേന നിരീക്ഷിക്കുകയും പൈലറ്റുമാർക്ക് റേഡിയോ വഴി ദിശകൾ നൽകുകയും ചെയ്യുന്നു.  തങ്ങളുടെ ഉത്തരവാദിത്തമേഖലയിൽ വിമാനങ്ങൾ പരസ്പരം സുരക്ഷിതമായ അകലത്തിലും ശരിയായ വ്യോമാതിർത്തിക്കുള്ളിലും സൂക്ഷിക്കുന്നതിനും എല്ലാ വിമാനങ്ങളെയും തങ്ങളുടെ നിയുക്ത വ്യോമമേഖലയിലൂടെയും ഭൂമിയിലൂടെയും സുരക്ഷിതമായും കാര്യക്ഷമമായും നീക്കുന്നതിനും കൺട്രോളർമാർ ജാഗ്രത പുലർത്തുന്നു. എയർ ട്രാഫിക് കൺട്രോളർമാർ പൊതുവെ ഉയർന്ന സാഹചര്യ അവബോധവും സ്ഥലകാലബോധവും നന്നായി ചിട്ടപ്പെടുത്തിയവരുമായ വ്യക്തികളാണ്. കണക്കുകൂട്ടലുകളുടെയും ഗണിതശാസ്ത്രത്തി ന്‍റെയും വേഗത്തിലുള്ള നീക്കങ്ങൾ, ഉറച്ച തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവുകൾ, സമ്മർദ്ദത്തിൽ അവരുടെ സംയമനം നിലനിർത്താനുള്ള കഴിവ്, മികച്ച ഹ്രസ്വകാല ഓർമശക്തി എന്നിവ അവശ്യമായ മറ്റ് കഴിവുകളിൽ ഉൾപ്പെടുന്നു.

English Summary:

Maryam Al Hammadi, the first Emirati woman Air Traffic Controller Officer (ATCO), at Sharjah International Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com