ADVERTISEMENT

ദുബായ് ∙ ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കി ഇസ്രയേലിന്റെ പലസ്തീൻ യുദ്ധം തുടർന്നുകൊണ്ടിരിക്കുന്നു. അനുദിനം മരിച്ചുവീഴുന്നു നിരപരാധികളായ ആയിരങ്ങൾ. യുദ്ധമല്ല, അവിടെ നടക്കുന്നത് പച്ചയായ വംശഹത്യയാണെന്നാണ് യുദ്ധമേഖലയിലെ മെഡിക്കൽ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും ഇരകളായ സാധാരണക്കാർക്ക് പ്രാഥമിക ആരോഗ്യ പരിചരണം നൽകുന്നതിനും മെഡിക്കൽ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന യുഎന്‍ കണ്‍സോര്‍ഷ്യത്തിന്റെ മെഡിക്കല്‍ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളജ് ഡപ്യൂട്ടി സൂപ്രണ്ടും എമർജൻസി വിഭാഗം തലവനുമായ ഡോ. എസ്. എസ്. സന്തോഷ് കുമാര്‍ അഭിപ്രായപ്പെടുന്നത്. പലസ്തീനിലെ ഗാസയിൽ നേരിട്ട് കണ്ട കരളലിയിക്കുന്ന കാഴ്ചകൾ അവിടെ നിന്ന് നാട്ടിലേക്കു മടങ്ങും വഴി ദുബായിലെത്തിയ അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു: 

‘ഐ ലൗ ഗാസ’
പലസ്തീൻ അതിർത്തിയിൽ ‘ഐ ലൗ ഗാസ’ എന്നെഴുതിയ ഫോട്ടോ പോയിന്റുണ്ട്. ഒരു സാധാരണ അതിർത്തിപ്രദേശം മാത്രമായിരുന്നു നേരത്തേ അത്. മറ്റേതൊരു രാജ്യങ്ങളുടേയും അതിര്‍ത്തികള്‍പോലെ ചില ചെക്പോയിന്റുകള്‍, ആള്‍താമസമില്ലാത്ത കുറേ തരിശുഭൂമി, അതിനപ്പുറം തുടങ്ങുന്ന ജനജീവിതത്തിന്റെ അടയാളങ്ങള്‍.

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഗാസയിലെ യുദ്ധ മുഖത്ത് നിന്ന് ഡോ. എസ്. എസ്. സന്തോഷ് കുമാര്‍ പകർത്തിയ ചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

പക്ഷേ, ഇന്ന് ആ ഫോട്ടോ പോയിന്റിനപ്പുറം മറ്റൊരു ഗാസയാണ്. അതിര്‍ത്തി കടക്കുമ്പോള്‍ മൂക്കിലേ്ക്ക് തുളച്ചുകയറുന്ന രൂക്ഷമായ ഗന്ധം. അത് മരണത്തിന്റെയോ ജീവിതത്തിന്റെയോ അല്ല. മറിച്ച് രണ്ടിനും ഇടയില്‍ നിസ്സഹായരായിപ്പോയ ഭാഗ്യംകെട്ട ഒരു ജനതയുടെ ഗന്ധമാണ്. അന്തസ്സുകെട്ട് ജീവിക്കേണ്ടിവരുന്ന ആബാലവൃദ്ധം ജനങ്ങളുടെ ഇന്നത്തെ അവസ്ഥയുടെ മനംമടുപ്പിക്കുന്ന ഗന്ധം- വിസര്‍ജ്യങ്ങളുടെ മണം!

അതിർത്തി കഴിയുന്നതോടെ കണ്ണുകള്‍ക്കുമുന്നില്‍ തെളിയുക പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ടുള്ള നിരനിരയായ കൂടാരങ്ങളാണ്. പതിനായിരക്കണക്കിനുവരുന്ന ആ കൂടാരങ്ങള്‍ക്കു നടുവിലാണ് ഞങ്ങള്‍ സേവനമനുഷ്ഠിക്കുന്ന ആശുപത്രി. അവിടേയ്ക്ക് പ്ലാസ്റ്റിക് ടെന്റുകള്‍ക്കിടയിലൂടെ രൂക്ഷഗന്ധത്തേയും വൃത്തിഹീനമായ വഴികളേയും അവഗണിച്ച് മുന്നോട്ടുപോകുമ്പോള്‍ ഇരുവശത്തുനിന്നുമായി ഉള്ളുലയ്ക്കുന്ന തേങ്ങലുകള്‍ ഉയരുന്നതുകേട്ടു. ആ കരച്ചിലിന്റെ ഉറവിടം തേടുമ്പോള്‍ കാണുന്ന കാഴ്ച മനംമടുപ്പിക്കുന്നതായിരുന്നില്ല, മനസ്സിനെ മരവിപ്പിക്കുന്നതായിരുന്നു. ധരിച്ചിരിക്കുന്ന പര്‍ദ്ദകൊണ്ട് മുഖം മുഴുവനും മൂടി വഴിയരികില്‍ കുന്തിച്ചിരുന്നും അല്ലാതെയും വയറിളക്കത്തെ തുറന്നുവിടുന്നവര്‍. അതില്‍ സ്ത്രീകളും പുരുഷന്മാരുമുണ്ട്, വൃദ്ധരും കുട്ടികളുമുണ്ട്, കൗമാരക്കാരും യുവാക്കളുമുണ്ട്. സ്വകാര്യതയ്ക്കായി അവര്‍ സ്വയം മുഖം മറയ്ക്കുന്നു. പിടിച്ചുനില്‍ക്കാനാകാത്ത ദുര്‍ബലനിമിഷത്തില്‍ ആരെയൊക്കെയോ പഴിച്ചുകൊണ്ട് സ്വന്തം അന്തസ്സിനെ അവരവിടെ ഉപേക്ഷിക്കുന്നു!

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഗാസയിലെ യുദ്ധ മുഖത്ത് നിന്ന് ഡോ. എസ്. എസ്. സന്തോഷ് കുമാര്‍ പകർത്തിയ ചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മണിക്കൂറുകളോളം വരിനിന്നാലാണ് അല്‍പം വെള്ളം കിട്ടുക. രാവിലെ കുപ്പിയുമായി വെള്ളം തേടിയിറങ്ങും. കിട്ടിയാലുടന്‍ ദാഹവും ആർത്തിയും മൂലം വരുംവരായ്കകള്‍ ചിന്തിക്കാതെ അവരത് കുടിക്കും. ആ വെള്ളം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് അന്തസ്സില്ലാത്ത ജീവിതത്തിലേക്കാണ്. വയറിളക്കം വന്നാല്‍ വിസര്‍ജ്ജിക്കാനൊരു ഇടമില്ല. ഒരു ശുചിമുറി ഒരു ദിവസം 500 പേർക്ക് ഉപയോഗിക്കേണ്ട സ്ഥിതി. അൻപതും നൂറുംപേർ വരിനിൽക്കുന്നിടത്തേയ്ക്ക് അത്യാവശ്യക്കാർക്ക് നോക്കാൻപോലും പറ്റില്ല. അവസാനം അവർ എവിടെ നിൽക്കുന്നോ അവിടെ കാര്യം സാധിക്കുക. അവിടെ അവരുടെ അന്തസ്സോടെയുള്ള ജീവിതം അവസാനിക്കുകയാണ്.

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഗാസയിലെ യുദ്ധ മുഖത്ത് നിന്ന് ഡോ. എസ്. എസ്. സന്തോഷ് കുമാര്‍ പകർത്തിയ ചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

ആ മലവും മൂത്രവും ഒഴുകിപ്പരക്കുന്നത് ലോകജനതയുടെ അന്തസ്സിനു മിതേക്കൂടിയാണെന്ന് നാം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭക്ഷണവും മരുന്നും ചിലപ്പോള്‍ ലഭ്യമാക്കാനായേക്കും. പക്ഷേ, അവരുടെ നഷ്ടപ്പെടുന്ന അന്തസ്സിനെ നമുക്ക് തിരിച്ചുകൊടുക്കാനാകില്ല.

ഹമാസിലെ ഏതാനും ചിലര്‍ നടത്തിയ ആക്രമണത്തിന്റെ തിക്തഫലങ്ങളത്രയും അനുഭവിച്ചുതീര്‍ക്കുകയാണ് നിസ്സഹായരും നിരപരാധികളുമായ പലസ്തീന്‍ ജനത. ലോകം അവരുടെ ഈ അവസ്ഥയെ ഒരു വിഡിയോ ഗെയിം കാണുന്ന നിസ്സംഗതയോടെ കണ്ടുതീര്‍ക്കുന്നു.  

യുക്രെയിൻ ടു പലസ്തീൻ; ഒരു യുദ്ധമുഖത്തുനിന്ന് മറ്റൊന്നിലേയ്ക്ക്
'യുക്രെയിനിലെ യുദ്ധമുഖത്തുനിന്നാണ് ഞാന്‍ ഗാസയിലേയ്ക്കു തിരിച്ചത്. കഴിഞ്ഞ നവംബർ 15ന് അവിടെയെത്തി. ഒരു യുദ്ധമുഖത്തുനിന്ന് മറ്റൊരു യുദ്ധമുഖത്തേക്ക് ഇടവേളയില്ലാതെ പോകേണ്ടിവരുന്നത് ആദ്യമായിട്ടായിരുന്നു. യുദ്ധം നടക്കുന്നിടമായതിനാല്‍ യുക്രെയിനിൽ സേവനമനുഷ്ഠിച്ചിരുന്നവരെയാണ് ഗാസയിലേക്ക് സന്നദ്ധ സംഘടനകൾ ആദ്യം അന്വേഷിച്ചത്. ഒന്നിലേറെ സംഘടനകള്‍ അന്വേഷണവുമായെത്തി. അവസാനം പ്രൊജക്ട് ഹോപ്പിന്റെ ഭാഗമായി ഞാന്‍ ഗാസയിലേയ്ക്ക് വിമാനം കയറി.

റഫയിൽനിന്ന് പത്തിരുപത് കിലോമീറ്റർ അകലെയാണ് അൽ അഖ്സ. അവിടുത്തെ ആശുപത്രിയിലേയ്ക്കാണ് നിയോഗിക്കപ്പെട്ടത്. എമർജൻസി മെഡിക്കൽ ടീമുകൾക്ക് മാത്രമാണ് അവിടേയ്ക്ക് പ്രവേശനം. നമ്മുടെ എല്ലാ വിവരങ്ങളും പരശോധിച്ചശേഷമാണ് അനുമതി ലഭിക്കുക. അനുമതി ലഭിച്ചാലും ഓരോ ചെക്‌പോസ്റ്റുകളിലും മണിക്കൂറുകൾനീളുന്ന സൂക്ഷ്മപരിശോധനകൾക്ക് വിധേയമാകണം. പോകുന്ന വഴികളില്‍ ബോംബുകൾ വീഴുന്ന ശബ്ദം കേൾക്കാം, പുക ഉയരുന്നതു കാണാം. ഡ്രോണുകൾ തലയ്ക്കുമീതേ പറക്കുന്നു. മുറിവേറ്റവരുടെ മുറവിളികൾ ഉയരുന്നു. പടക്കോപ്പുകളില്‍ സൈറൻ മുഴങ്ങുന്നു. ടാങ്കുകൾ നിരങ്ങി നീങ്ങുന്നു. അതിനിടയില്‍ നമുക്കായി ഉണ്ടാക്കിയതെന്നു പറയുന്ന തീരദേശ റോഡിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര.

വടക്ക്, മധ്യം, തെക്ക് എന്നിങ്ങനെ മൂന്നു ഭാഗമായി ഗാസയെ തിരിച്ചിട്ടുണ്ട്. തെക്കൻ ഗാസയിലാണ് റഫ നഗരത്തിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്നത്. മറുഭാഗം ഈജിപ്തിലും. ഗാസയിലെ റഫ യുദ്ധബാധിത പ്രദേശമാണ്.

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഗാസയിലെ യുദ്ധ മുഖത്ത് നിന്ന് ഡോ. എസ്. എസ്. സന്തോഷ് കുമാര്‍ പകർത്തിയ ചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

ഇസ്രയേലിന്റെ ആക്രമണം ആരംഭിച്ചശേഷം വലിയതോതിലുള്ള പലായനമാണ് വടക്കൻ ഗാസയിൽ നിന്ന് മധ്യഗാസയിലേക്കുണ്ടായത്. വടക്കൻ ഗാസയിലെ മുഴുവൻ കെട്ടിടങ്ങളും നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. തുടച്ചുനീക്കപ്പെട്ടയിടമായി അവിടം മാറി. തുടര്‍ന്ന്, മധ്യഗാസയിലെ ഖാൻ യൂനിസും ഡെയര്‍ അല്‍ ബലായും ഉള്‍പ്പെടെ ആക്രമണത്തിനിരയാകാന്‍ തുടങ്ങി. മധ്യഗാസയിലുള്ള എല്ലാവരും തെക്കൻ ഗാസയിലേയ്ക്ക് പോകാനായി ഇസ്രയേലി ആർമിയുടെ അടുത്ത ആവശ്യം. വടക്കൻ ഗാസയിൽനിന്ന് മധ്യഗാസയിലെത്തിയവരും മധ്യഗാസയിൽ ഉണ്ടായിരുന്നവരും ഉൾപ്പെടെ മുഴുവനാളുകളും തെക്കൻ ഗാസയിലേക്കു നീങ്ങി. ഇങ്ങനെയെത്തിയ 20 ലക്ഷത്തിലേറെ ആളുകള്‍ തെക്കന്‍ ഗാസയുടെ 15 കിലോമീറ്റര്‍ ചുറ്റളവിനുള്ളിലേക്ക് ഞെരുക്കപ്പെട്ടു'.

നാലു ഡിഗ്രിയൊക്കെയാണ് താപനില. മഴവെള്ളവും വിസർജ്യവും ചെളിയുമൊക്കെ കയറി കൂടിക്കുഴഞ്ഞുകിടക്കുന്ന പ്ലാസ്റ്റിക് കൂടാരങ്ങള്‍ക്കകത്ത് പുതയ്ക്കാൻ ഒരു കമ്പിളിപ്പുതപ്പുപോലുമില്ലാതെ പുഴുക്കളെപ്പോലെ തണുത്തുവിറച്ചിരിക്കുന്ന 20 ലക്ഷം ആളുകൾ! ഒരു ടെന്റിനുള്ളില്‍ പത്തും പതിനഞ്ചുംപേര്‍. കുത്തിക്കയറുന്ന തണുപ്പിനെ പ്രതിരോധിക്കാന്‍ അവര്‍ക്ക് വസ്ത്രങ്ങളില്ല. കഴി‍ക്കാന്‍ ആവശ്യത്തിന് ഭക്ഷണമില്ല, മരുന്നില്ല. പോകാനൊരിടമില്ലാതെ സ്വരാജ്യത്ത് അഭയാര്‍ഥികളായി തുറുങ്കിലടയ്ക്കപ്പെട്ടപോലെ കഴിയുന്ന പലസ്തീനികള്‍. അവിടെ നടക്കുന്നത് യുദ്ധമല്ല; മറിച്ച്, അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിച്ചും കൂട്ടത്തോടെ പലായനം ചെയ്യിച്ചും അതിര്‍ത്തികള്‍ അടച്ച് അവരെ ഞെരുക്കിയും അതിനുമീതേ ബോംബുകള്‍ വര്‍ഷിച്ചും നടക്കുന്ന ഇഞ്ചിഞ്ചായുള്ള ഹത്യയാണ്.

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഡോ. എസ്. എസ്. സന്തോഷ് കുമാര്‍ പകർത്തിയ ചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ ഭൂമിപിളര്‍ന്ന് താഴേക്കു പോയിരുന്നെങ്കില്‍! 
ചില സംഘടനകൾ നൽകുന്ന ഒരു നേരത്തെ ഭക്ഷണമാണ് ആളുകൾക്ക് ലഭിക്കുന്നത്. വലിയ ചരുവങ്ങളിൽ ഭക്ഷണം നിറച്ച് വയ്ക്കും. അതുകിട്ടാനായി കിലോമീറ്ററുകളോളം വരിനില്‍ക്കേണ്ടി വരും. അതില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ടാകരും. ചരുവങ്ങളിലെ ഭക്ഷണം തീരുമോയെന്നു തോന്നുമ്പോള്‍ പതിയെ അസ്വസ്ഥതകള്‍ പടരാന്‍ തുടങ്ങും. മണിക്കൂറുകള്‍ വരിനിന്ന് കിട്ടുമെന്നു വിചാരിച്ച് അടുത്തെത്തുമ്പോൾ കാണുന്നത് കാലിയായ പാത്രമാകും. കുട്ടികളുള്‍പ്പെടെ പ്രതീക്ഷിച്ച ഭക്ഷണം കിട്ടാതെവരുമ്പോള്‍ നിരാശയും വിശപ്പും കൂടിക്കലര്‍ന്ന് ഉറക്കെ നിലവിളിക്കും. അതുകേള്‍ക്കുമ്പോള്‍ ഭൂമിപിളര്‍ന്ന് താഴേക്കു പോയിരുന്നെങ്കില്‍ എന്ന് നാം ആശിച്ചുപോകും.

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഡോ. എസ്. എസ്. സന്തോഷ് കുമാര്‍. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ യുദ്ധരക്തസാക്ഷികളുടെ എണ്ണത്തില്‍പ്പെടാത്ത ശിശുമരണങ്ങൾ
യുദ്ധം തുടങ്ങുംമുന്‍പേ ഗര്‍ഭിണികളായവരുള്‍പ്പെടെയുണ്ട് അവിടെ. പ്രസവിക്കാൻ സ്ഥലമില്ല. സിസേറിയനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുപറ്റുന്ന അവസ്ഥയെത്തുമ്പോൾ ആശുപത്രിയിലെത്തി സിസേറിയൻ നടത്തുക. ഗര്‍ഭിണികള്‍ അതിനായി ക്യൂ നിൽക്കുന്നു. പക്ഷേ, സിസേറിയൻ നടത്തി ഒരു മണിക്കൂർ കഴിയുമ്പോൾ അവരെ ഡിസ്ചാർജ് ചെയ്യും. എങ്കില്‍ മാത്രമേ അടുത്ത ആളിനായി ടേബിള്‍ സജ്ജമാക്കാനാകൂ. ഒരു ദിവസം 200 പ്രസവമൊക്കെയാണ് നടക്കുന്നത്. ആശുപത്രിയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നവര്‍ നവജാതശിശുക്കളുമായി തിരികെയെത്തുന്നത് ചെളിവെള്ളത്തിലേക്കുതന്നെയാണ്. ഇതിനിടയില്‍ സ്വാഭാവിക പ്രസവങ്ങൾ പലതും ടെന്റുകളിൽ നടക്കുന്നുണ്ട്. ആ കുട്ടികളുടെയും അതിജീവനം ബുദ്ധിമുട്ടാണ്. അങ്ങനെ മരിക്കുന്ന കുട്ടികളുടെ എണ്ണമൊന്നും ആരും കണക്കാക്കുന്നുപോലുമില്ല. പ്രസവത്തോടനുബന്ധിച്ചുള്ള മരണങ്ങളുടെയും ശിശുമരണങ്ങളുടെയുമൊന്നും കണക്ക് യുദ്ധരക്തസാക്ഷികളുടെ എണ്ണത്തില്‍പെടില്ല.

ഹമാസുമായി ബന്ധമുള്ളവരെന്ന സംശയത്തില്‍ വലിയൊരു ഡേറ്റാബേസ് ഇസ്രയേല്‍ ആര്‍മി സൂക്ഷിക്കുന്നുണ്ട്. നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത പലസ്തീനില്‍ ഇടയ്ക്ക് ഇസ്രയേൽ നെറ്റ്‌വർക് ഓണാക്കും. അപ്പോള്‍ ആ പട്ടികയിലുള്ള ചിലരുടെയെങ്കിലും സിമ്മുകൾ ആക്ടീവാകും. അതോടെ ഇസ്രയേലിന്റെ മിസൈലുകള്‍ ആ മേഖലയെ ലക്ഷ്യം വയ്ക്കും.

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഡോ. എസ്. എസ്. സന്തോഷ് കുമാര്‍ പകർത്തിയ ചിത്രം. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

∙ ഡ്രോണുകളുടെ മുരൾച്ച ഒരു മുന്നറിയിപ്പ്
ഡ്രോണുകളാണ് ആണ് ആദ്യം വരിക. ആളുകളുള്ളിടം കണ്ടെത്തുന്നത് അവ ഉപയോഗിച്ചാണ്. ഒരേസമയം അഞ്ചും ആറുമെണ്ണം പറന്നെത്തും. നാം കാണുന്ന ചെറിയ ഡ്രോണുകളല്ല അവ. ഉയർന്നും താഴ്ന്നും അവ പറക്കും. അവയുടെ മുരൾച്ചതന്നെ ഭയാനകമാണ്. ആ മുരൾച്ച ആളുകൾക്കുള്ള സൂചനയാണ്. അടുത്ത മിസൈൽ വരുന്നുവെന്നതിന്റെ മുന്നറിയിപ്പ്. ഓടി രക്ഷപ്പെടാൻ പറ്റുന്നവർ ഓടാൻ തുടങ്ങും. എങ്ങോട്ടെന്നറിയാതെ ദിക്കറിയാതെയുള്ള ഓട്ടം. രോഗികൾക്കും കുട്ടികൾക്കും സ്ത്രീകള്‍ക്കുമാണ് പലപ്പോഴും ഓടാനാകാതെ വരിക. മുരണ്ടുപറക്കുന്ന ഡ്രോണുകൾക്കു പിന്നാലെ പത്തോ പതിനഞ്ചോ മിനിട്ട് കഴിയുമ്പോൾ ആദ്യത്തെ ബോംബു വീഴും. കൊല്ലപ്പെടുന്നതത്രയും ആ നിസ്സഹായ ജീവിതങ്ങളായിരിക്കും. അവിടേക്ക് രക്ഷാപ്രവർത്തനവുമായി ആരും പോകില്ല. കാരണം, രക്ഷാപ്രവർത്തനം നടത്തുന്നവരെയും അവശേഷിക്കുന്നവരെയും ലക്ഷ്യം വച്ച് വൈകാതെതന്നെ അടുത്ത മിസൈലുകളെത്തും. ഒരു മണിക്കൂറോളം മൂന്നും നാലും റൗണ്ട് മിസൈൽ ആക്രമണം. അപ്പോഴേക്കും അവിടെ ആരും അവശേഷിക്കാതായിട്ടുണ്ടാകും.

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഡോ. എസ്. എസ്. സന്തോഷ് കുമാര്‍. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

അതിനും ഒരു മണിക്കൂർശേഷമാണ് ആശുപത്രിയിലെ രംഗം മോശമാകുക. ആദ്യം കുട്ടികളുടെ ജഡങ്ങളാണ് എത്തുക. അതാണല്ലോ എളുപ്പം! കാഷ്വാലിറ്റിയിൽ ആ ജഡങ്ങൾ നിരത്തിക്കിടത്തും. ശിരസ്സു തകർന്നും കൈകാലുകൾ ചിതറിത്തെറിച്ചുമൊക്കെ മരിച്ചുകിടക്കുന്ന കുട്ടികൾ. ജീവനുള്ള കുറേപ്പേർ ആശുപത്രിക്കിടക്കയിലും മരിക്കും. എത്രമാത്രം മനസ്സു മരവിച്ചാലും കണ്ടുനില്‍ക്കാനാകുന്നതല്ല ആ കാഴ്ചകള്‍. അവിടെ ഉള്ളതിൽ ഏറ്റവും സുരക്ഷിതകേന്ദ്രം ആശുപത്രിയാണ്. പക്ഷേ, 100 പേർ വന്നാൽ രക്ഷിക്കാൻ പറ്റുക പരമാവധി 20 പേരേയാണ്. രക്ഷപ്പെട്ടാലും അവരുടെ പരുക്കുകള്‍ ഇല്ലാതാകാന്‍ മാസങ്ങളും വർഷങ്ങളും നീളും. അതിനുമുന്‍പേ മറ്റൊരു മിസൈലോ മുറിവുകളിലെ അണുബാധയോ ഒക്കെ അവരുടെ ജീവിതം അപഹരിച്ചേക്കാം. മനുഷ്യർ എങ്ങനെ ജീവിക്കരുതെന്ന് ആഗ്രഹിക്കുന്നോ അതാണ് റഫയിലെ കാഴ്ചകൾ.

കാരുണ്യ പ്രവർത്തകരും മറ്റും സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന മുറവിളികളല്ലാതെ ഈ മനുഷ്യക്കുരുതിക്കെതിരായി പ്രതികരിക്കാനോ അതിജീവനത്തിന് പാടുപെടുന്ന ജനതയെ പിന്തുണയ്ക്കുന്നതിനോ ഒരു രാജ്യംപോലും തയാറാകുന്നില്ല. വളരെ കുറഞ്ഞതോതിലുള്ള ചില സാമ്പത്തിക സഹായങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും അത് ഭക്ഷണത്തിനും വെള്ളത്തിനും പോലും തികയുന്നില്ല. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വഴിനീളെയും കോടിക്കണക്കിനു രൂപയുടെ സഹായങ്ങൾ ഇപ്പോഴും കെട്ടിക്കിടക്കുകയാണ്. പലതും ലക്ഷ്യസ്ഥാനത്തെത്താതെ നശിച്ചിരിക്കുന്നു. ആക്രമണത്തിനിരയാകുന്നവര്‍ക്ക് സഹായമെത്തിക്കാന്‍ മാര്‍ഗങ്ങളില്ലാതെ വിഷമിക്കുകയാണ് കാരുണ്യ പ്രവര്‍ത്തകരും സംഘടനകളും. അതിര്‍ത്തികടന്ന് അപ്പുറത്തേക്കെത്തുക അത്ര എളുപ്പമല്ല.

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഡോ. എസ്. എസ്. സന്തോഷ് കുമാര്‍. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

പലസ്തീൻ ജനതയുടെ കൂടെ ആരുണ്ട്?
പലസ്തീൻ ജനതയുടെ കൂടെ ആരുണ്ടെന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം. ലോകം മുഴുവൻ അവരെ ഉപേക്ഷിച്ചിരിക്കുന്നു.  പലസ്തീൻ ജനതയുടെ മണ്ണോ സ്വത്തോ സ്വാതന്ത്ര്യമോ ഒന്നുമല്ല ഇപ്പോഴത്തെ പ്രശ്‌നം. ദാരുണമായ മരണത്തിൽനിന്നും അവരെ എങ്ങനെ രക്ഷപ്പെടുത്താമെന്നതുമാത്രമാണ്. മരിച്ചുവീണവരാണ് യഥാര്‍ഥത്തില്‍ അവിടെ നിന്നു രക്ഷപ്പെട്ടത്. പലസ്തീനില്‍ ജീവിച്ചിരിക്കുന്നവര്‍ ഭാഗ്യംകെട്ടവരാണെന്ന് ഡോ.എസ്.എസ്. സന്തോഷ് കുമാര്‍ പറയുന്നു.

experience-of-a-malayali-doctor-who-served-on-the-battlefield-as-a-un-representative-in-palestine-dr-ss-santosh-kumar
ഡോ. എസ്. എസ്. സന്തോഷ് കുമാര്‍. ചിത്രം: സ്പെഷ്യൽ അറേഞ്ച്മെന്റ്.

യുദ്ധവും വംശീയകലാപങ്ങളും പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങൾ വിതച്ച ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യസേവനം നടത്തുന്ന ഡോ. എസ്.എസ്. സന്തോഷ് കുമാര്‍, സർക്കാർ സേവനത്തിൽ നിന്ന് അവധിയെടുത്താണ് ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യവിഭാഗം ഡയറക്ടറായി പ്രവർത്തിക്കുന്നത്. ദുരന്തമേഖലകളിൽ ആരോഗ്യസേവനം നടത്തുന്ന ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (എംഎസ്എഫ്) എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്. 

English Summary:

Experience of a Malayali doctor who served on the battlefield as a UN representative in Palestine - Dr. S. S. Santosh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com