ADVERTISEMENT

അബുദാബി ∙ അൻപതോ അതിലേ‌റെയോ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണം ഈ വർഷം 6 ശതമാനമായും അടുത്ത വർഷം 8 ശതമാനമായും വർധിപ്പിക്കും. 2026 അവസാനത്തോടെ 10 ശതമാനം ലക്ഷ്യം കൈവരിക്കുക എന്നതാണ് ആത്യന്തിക ലക്ഷ്യമെന്ന് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.  20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട ബിസിനസുകൾ 2024 അവസാനത്തോടെയും 2025 ഓടെ മറ്റൊരു സ്വദേശി പൗരനെയെങ്കിലും നിയമിക്കണം.

സ്വത്ത്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം തുടങ്ങി 14 മേഖലകളിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് സ്വദേശിവത്കരണം ബാധകമാണ്. കഴിഞ്ഞ വർഷം ജനുവരി ഒന്നു മുതലാണ് 50-ൽ അധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾ ജീവനക്കാരിൽ 2 ശതമാനം എമിറാത്തികളാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് അധികൃതർ ആവശ്യപ്പെട്ടത്. ഈ കണക്ക് കഴിഞ്ഞ വർഷം അവസാനത്തോടെ 4 ശതമാനമായി ഉയരുകയും ചെയ്തു.

Image Credit:X/MOHRE_UAE
Image Credit:X/MOHRE_UAE

അതേസമയം, യുഎഇയുടെ സ്വദേശിവത്കരണ നിയമങ്ങൾ മറികടക്കാനുള്ള ശ്രമത്തിൽ 1,200-ലേറെ കമ്പനികൾ എമിറാത്തികളെ നിയമവിരുദ്ധമായി നിയമിച്ചതായി കണ്ടെത്തി. നിയമങ്ങൾ മറികടക്കാൻ കമ്പനികൾ 1,963 സ്വദേശികളെയാണ് അനധികൃതമായി കമ്പനികളിൽ നിയമിച്ചതെന്ന് മന്ത്രാലയം അറിയിച്ചു. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെയുള്ള കാലയളവിലാണ് നിയമനം നടന്നിരിക്കുന്നത്. 2022 പകുതി മുതൽ 2024 മാർച്ച് 14 വരെ സ്വദേശിവത്കരണ ലക്ഷ്യങ്ങൾ മറികടക്കാനും വ്യാജ എമിറൈറ്റേസേഷനിൽ ഏർപ്പെടാനും ശ്രമിച്ചുകൊണ്ട് 1,963 യുഎഇ പൗരന്മാരെ നിയമവിരുദ്ധമായി നിയമിച്ച 1,202 സ്വകാര്യ കമ്പനികളെ പരിശോധനാ സംഘം വിജയകരമായി തിരിച്ചറിഞ്ഞതായി മന്ത്രാലയം  എക്സ് പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. 

ചിത്രം: സ്പെഷ്യൽ അറഞ്ച്മെന്റ്
ചിത്രം: സ്പെഷ്യൽ അറഞ്ച്മെന്റ്

∙ 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ
യുഎഇയുടെ സ്വദേശിവത്കരണ നിയമങ്ങൾ ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ കേസിനും 20,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴ ചുമത്തും.  കുറ്റകൃത്യത്തിന്‍റെ തീവ്രതയനുസരിച്ച് പ്രോസിക്യൂട്ടർമാരുടെ അടുത്തേയ്ക്ക് കേസ് കൈമാറാനുള്ള സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ലംഘനം നടത്തുന്ന കമ്പനികൾ സ്വദേശിവത്കരണ ലക്ഷ്യങ്ങൾക്കായി സാമ്പത്തിക സംഭാവനകൾ നൽകുകയും മന്ത്രാലയത്തിന്‍റെ സംവിധാനത്തിലെ ഏറ്റവും താഴ്ന്ന റാങ്കിങ്ങിൽ തരംതിരിക്കുകയും ചെയ്യും.ലംഘനം കണ്ടെത്തിയ പൗരന്മാർക്ക് അവരുടെ എമിറാത്തി ടാലന്‍റ് കോമ്പറ്റിറ്റീവ്നസ് കൗൺസിൽ പ്രോഗ്രാം (നാഫിസ്) ആനുകൂല്യങ്ങൾ നിർത്തലാക്കുമെന്നും മുൻകാല ആനുകൂല്യങ്ങൾ വീണ്ടെടുക്കുമെന്നും അറിയിച്ചു.

ചിത്രം: സ്പെഷ്യൽ അറഞ്ച്മെന്റ്
ചിത്രം: സ്പെഷ്യൽ അറഞ്ച്മെന്റ്

∙ 20,000-ത്തിലേറെ കമ്പനികൾ ചട്ടങ്ങൾ പാലിച്ചു
മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നിലവിൽ 95,000 സ്വദേശികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. 20,000-ത്തിലേറെ കമ്പനികൾ ചട്ടങ്ങൾ പാലിച്ചു. ഈ മാസം ആദ്യം സ്വകാര്യമേഖലയിലെ സ്വദേശിവത്കരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇ 6.4 ബില്യൻ ദിർഹം ബജറ്റിന് അംഗീകാരം നൽകിയിരുന്നു. 2024-ൽ 36,000 പൗരന്മാർ സ്വകാര്യമേഖലയിലെ തൊഴിൽ സേനയിൽ ചേരുമെന്ന് ഉറപ്പാക്കാൻ 2021-ൽ ആരംഭിച്ച രാജ്യത്തിന്‍റെ നഫീസ് പ്രോഗ്രാമിന് ഒരു പുതിയ ലക്ഷ്യം നിശ്ചയിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസി വാം റിപോർട്ട് ചെയ്തിരുന്നു.

English Summary:

UAE to Ensure Naturalization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com