ADVERTISEMENT

ഷാർജ /ദുബായ് ∙ സാമൂഹിക - ജീവകാരുണ്യ പ്രവർത്തകനായ മലയാളി ഷാർജയിൽ നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് ലഗേജുകളുമായി എത്തിയത് കാൽനടയായി. ഷാർജ മുവൈലയിൽ നിന്ന് ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 3 ലേയ്ക്ക് 16 കിലോമീറ്ററാണ് പത്തനംതിട്ട സ്വദേശിയായ സിജു പന്തളം നടന്നത്. കനത്ത മഴയിൽ റോഡുകളിൽ വെള്ളം കെട്ടിനിന്ന് ഗതാഗത യോഗ്യമല്ലാത്തതിനാലാണ് ഡ്രൈവർ കൂടിയായ സിജു നടന്നുപോകാൻ തന്നെ തീരുമാനിച്ചത്. അത്യാവശ്യകാര്യത്തിനാണ് പോകുന്നത് എന്നതിനാൽ യാത്ര മാറ്റിവയ്ക്കാൻ സാധിക്കുമായിരുന്നില്ലെന്ന് സിജു മനോരമ ഓൺലൈനിനോട് പറഞ്ഞു.

ഇന്ന് രാത്രി 9.25ന് ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള എമിറേറ്റ്സ് വിമാനത്തിലാണ് സിജു യാത്രയാകേണ്ടത്. എന്നാൽ, വിമാന സർവീസ് താളംതെറ്റിയിരിക്കുന്നതിനാൽ കൃത്യസമയത്ത് യാത്ര നടക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തിയാൽ മതിയായിരുന്നെങ്കിലും മണിക്കൂറുകൾക്ക് മുൻപേ യാത്ര പുറപ്പെടാൻ കാരണം വീണ്ടും മഴ ശക്തമായാൽ യാത്ര മുടങ്ങിപ്പോകാൻ സാധ്യതയുള്ളത് എന്നത് തന്നെയാണ്. വിമാനത്താവളത്തിലെത്താൻ സാധിക്കാത്തതിനാൽ ഇന്നലെ ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയതായും കേട്ടിരുന്നു. എയർപോർട്ടിലേയ്ക്കുള്ള പാതകളിൽ പലയിടത്തും റോഡ് തടസ്സമുള്ളതിനാൽ വാഹനത്തിൽ പോയാൽ കുടുങ്ങിപ്പോകുമെന്ന് മനസിലാക്കിയിരുന്നു. പിന്നെ ഒന്നും ആലോചിച്ചില്ല, വിമാനത്താവളത്തിലിരുന്ന് കഴിക്കാൻ കുറച്ച് ഭക്ഷണം കൂടി ലഗേജിനോടൊപ്പം കരുതി ഇന്ന് രാവിലെ 8.30ന് കാൽനടയാത്ര ആരംഭിച്ചു. ഇടയ്ക്ക് വിശ്രമിച്ചും മറ്റും പതുക്കെയായിരുന്നു നടത്തം. ചിലയിടങ്ങളിൽ അരയോളം വെള്ളത്തിലൂടെ ലഗേജ് പൊക്കിപ്പിടിച്ച് നടക്കേണ്ടി വന്നു.

ഒടുവിൽ ടെർമിനൽ 3-ലെത്തുമ്പോൾ സമയം രാവിലെ 11 മണി. വാഷ് മുറിയിൽ കയറി നനഞ്ഞ വസ്ത്രങ്ങൾ മാറ്റിയ ശേഷം എമിറേറ്റ്സ് എയർലൈൻസ് അധികൃതരോട് അന്വേഷിച്ചപ്പോൾ പല വിമാനങ്ങളും റദ്ദാക്കിയതായതിനാൽ എപ്പോൾ യാത്ര ചെയ്യാൻ സാധിക്കുമെന്ന് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. എന്നാൽ, ഇതിനകം ലഗേജൊക്കെ നൽകി ബോർഡിങ് പാസ് ലഭിച്ചു. രാത്രി വരെ വിമാനത്താവളത്തിനുള്ളിൽ തന്നെ കഴിയാനാണ് സിജുവിൻ്റെ തീരുമാനം. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് പോകേണ്ടുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാർ അവിടെ കാത്തിരിക്കുന്നുണ്ടെന്ന് സിജു പറഞ്ഞു.

English Summary:

Pathanamthitta Native and Social Worker Siju Reached Airport By Walk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com