ADVERTISEMENT

ഷാർജ ∙ വെള്ളക്കെട്ട് തുടരുന്ന മേഖലയിൽ അൽമജാസ്, അൽഖാസിമി, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് മേഖലകളിൽനിന്ന് താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നു. 

മലിനമായ വെള്ളത്തിന്റെ രൂക്ഷ ഗന്ധവും രോഗം വരുമെന്ന ഭീതിയുമാണ് ജനങ്ങളെ മാറ്റാൻ പ്രേരിപ്പിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിലേക്കാണ് പലരെയും മാറ്റുന്നത്. ആരും ഇല്ലാത്ത കുടുംബങ്ങൾക്ക് വേറെ താമസം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുന്നു.

'സാറേ..., പൈപ്പ് വെള്ളത്തിൽ മലിനജലം കലർന്നിരിക്കുകയാണ്. ഭാര്യയും 2 കുട്ടികളും അടങ്ങുന്ന ഞങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാൻ സഹായിക്കുമോ... രോഗലക്ഷണങ്ങൾ തുടങ്ങിയ കുട്ടികൾ അവശരാണ്.' കഴിഞ്ഞ ദിവസം ലഭിച്ച സഹായ അഭ്യർഥനകളിൽ ഒന്നായിരുന്നു ഇത്. 'ഭക്ഷണം തന്നില്ലെങ്കിലും വേണ്ടില്ല, രൂക്ഷഗന്ധം വമിക്കുന്ന പച്ച നിറത്തിലുള്ള വെള്ളക്കെട്ട് നീക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യൂ...' ഇതായിരുന്നു മറ്റൊരു ആവശ്യം.

'കീമോതെറപ്പി ചെയ്യാൻ മകളെ ഒന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകാൻ സഹായിക്കാമോ...', വയറിളക്കവും ഛർദിയും മൂലം കുട്ടികളും ഭർത്താവും അവശരാണ്. മലിന വെള്ളത്തിലൂടെ അവരെ എടുത്തുകൊണ്ടുപോകാനാവില്ല. എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കൂ...'

ചരിത്രത്തിലെ ഏറ്റവും വലിയ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട് ബഹുനില കെട്ടിടങ്ങളിൽ ഒരാഴ്ചയായി താമസിക്കുന്നവരുടെ ഗദ്ഗദങ്ങളിൽ  ചിലതു മാത്രമാണിത്. പലരും കുളിച്ചിട്ട് ഒരാഴ്ചയോളമായി. ഇങ്ങനെ ഒട്ടേറെ ആവശ്യങ്ങളാണ് ദിവസേന ഇവിടന്ന് ഉയരുന്നത്. 

ഈ പശ്ചാത്തലത്തിൽ താമസക്കാരെ ഇവിടന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനാണ് സർക്കാരും സന്നദ്ധ പ്രവർത്തകരും ശ്രമിക്കുന്നത്. ഏതെങ്കിലും സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രത്തിലേക്കു മാറ്റാനാകുമോ എന്നും ആലോചിക്കുന്നുണ്ട്. 

എന്നാൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഇവരെ ഒന്നിച്ചു പാർപ്പിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമോയെന്ന ആശങ്കയുമുണ്ട്.  അതിനാൽ ഓരോ കുടുംബത്തിനും അവരവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിലേക്കു മാറ്റാനുള്ള നീക്കമാണ് നടന്നുവരുന്നത്.  മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർ റെയിൻ സപ്പോർട്ട് ഗ്രൂപ്പ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്തവരെ ഓഫ് റോഡ് വാഹനത്തിൽ എടുത്ത് ബന്ധുക്കൾ എത്തുന്ന പോയിന്റിലേക്ക് വൊളന്റിയർമാർ എത്തിക്കും. എവിടെയും പോകാനില്ലാത്തവർക്ക് താമസം വാഗ്ദാനം ചെയ്യുന്നവർക്കും വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. അത്തരക്കാരുമായി ഈ കുടുംബത്തെ ബന്ധപ്പെടുത്തി യാത്രാ സൗകര്യമൊരുക്കും. രോഗഭീതി നിലനിൽക്കുന്നതിലാണ് ആ അന്തരീക്ഷത്തിൽ നിന്ന് ജനങ്ങളെ മാറ്റുന്നതിന് മുൻഗണന നൽകുന്നത്. 

ഇതിനു സർക്കാരും പൊലീസും സഹകരിക്കുന്നുണ്ട്. നിലവിൽ ഇവിടെ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും വൊളന്റിയർമാർ എത്തിക്കുന്നു. രോഗമുള്ളവർക്ക് സൗജന്യ ഓൺലൈൻ കൺസൽട്ടേഷനും ഏർപ്പെടുത്തി.

English Summary:

Evacuation of people from waterlogged area in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com