ADVERTISEMENT

അബുദാബി ∙ പ്രചാരണച്ചൂടിന്റെ തീച്ചൂളയിൽനിന്ന് നാട് പോളിങ് ബൂത്തിലേക്കു നീങ്ങുമ്പോൾ മറുനാട്ടിലിരുന്നും സ്വന്തം സ്ഥാനാർഥികളെ വിജയത്തിലേക്കു നയിക്കാനുള്ള തിരക്കിലാണു പ്രവാസികൾ. അവസാനനിമിഷത്തിലും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് വോട്ട് അഭ്യർഥിക്കുന്നുണ്ട് പലരും. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണ രംഗം കൊഴുപ്പിക്കുന്നതിലും ആരും പിന്നിലല്ല.

ഇൻകാസ്, ഒഐസിസി സംസ്ഥാന നേതാക്കളെ നിയോജകമണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് സമിതിയുടെ ഉപാധ്യക്ഷന്മാരാക്കി കോൺഗ്രസ് പ്രവർത്തനം സജീവമാക്കിയിരുന്നു. മുഴുവൻ സീറ്റും ഉറപ്പാക്കുന്നതിന് മണ്ഡലം തിരിച്ചുള്ള വാട്സാപ് ഗ്രൂപ്പുകൾ രൂപീകരിച്ചായിരുന്നു പ്രചാരണം. പ്രവാസി വോട്ടർമാരുടെ ഡേറ്റബേസും തയാറാക്കിയിരുന്നു.

‘എന്റെ ബൂത്ത്, എന്റെ അഭിമാനം’ എന്ന പ്രചാരണവുമായി നാട്ടിലെത്തിയ പ്രവാസികൾ ബൂത്തുതലത്തിൽ 5 റൗണ്ട് ഭവനസന്ദർശനം പൂർത്തിയാക്കി. പഞ്ചായത്ത്, നിയോജകമണ്ഡലം എന്നിവ അടിസ്ഥാനമാക്കി പ്രവാസി കുടുംബസംഗമം നടത്തി. ഇന്നലെയും ഇന്നുമായി പ്രവാസി കുടുംബങ്ങളെ ഫോണിൽ വിളിച്ച് യുഡിഎഫിന് വോട്ട് ഉറപ്പിച്ച ഇൻകാസ് പ്രവർത്തകർ ഏറെ ആത്മവിശ്വാസത്തിലാണ്. 

കേന്ദ്ര, സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പരമാവധി ആളുകളെ ബൂത്തിലെത്തിക്കുകയാണ് അവരുടെ ലക്ഷ്യം. ശക്തമായ മത്സരം നടക്കുന്ന വടകരയിൽ ഷാഫി പറമ്പിലിന്റെ വിജയം ഉറപ്പിക്കാനായി വടകര മണ്ഡലത്തിൽനിന്നുള്ള പ്രവാസികളെയാണ് കൂടുതലായി നാട്ടിലെത്തിച്ചതെന്നു നേതാക്കൾ പറയുന്നു. 

യുഎഇയിൽ ഷാഫിയുടെ പ്രചാരണ കൺവൻഷനിൽ ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു. പ്രവാസികളുടെ പേരിൽ ആരും കള്ളവോട്ട് ചെയ്യാതിരിക്കാൻ നാട്ടിലെത്താത്തവരുടെ പട്ടിക തയാറാക്കിയ ഇൻകാസ്, അതു ബൂത്ത് ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. ഭരണഘടനയും തിരഞ്ഞെടുപ്പും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഇത്തവണ നൂറുകണക്കിന് പ്രവാസി പ്രവർത്തകർ വോട്ട് ചെയ്യാൻ നാട്ടിലെത്തിയതെന്ന് ഇടതുപക്ഷ അനുഭാവമുള്ള സംഘടനാ ഭാരവാഹികൾ പറഞ്ഞു. ഇനിയൊരു വോട്ടെടുപ്പ് ഉണ്ടാകുമോ എന്ന ആശങ്ക ഇല്ലാതാക്കാൻ ഇന്ത്യാ സഖ്യം അധികാരത്തിൽ വരണമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നുണ്ട്. 

ആറ്റിങ്ങൽ, തൃശൂർ, കണ്ണൂർ മണ്ഡലങ്ങളെയാണ് ഇടതുപക്ഷ പ്രവാസികൾ ഉറ്റുനോക്കുന്നത്. ഓരോ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുമായി ഓൺലൈൻ കൺവൻഷനും നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് ചെലവിലേക്ക് പ്രവാസി കുടുംബങ്ങൾ വൻതുകയും നൽകിയിട്ടുണ്ട്. ചാർട്ടേഡ് വിമാനത്തിനു നിയന്ത്രണമുള്ളതിനാൽ മറ്റ് വിമാനങ്ങളിലെ മുഴുവൻ സീറ്റും ബുക്ക് ചെയ്തും ഗ്രൂപ്പ് ടിക്കറ്റെടുത്തുമാണ് കെഎംസിസി ജിസിസി പ്രവാസി വോട്ടർമാരെ നാട്ടിൽ എത്തിച്ചത്. സ്വന്തം നിലയ്ക്ക് പോയവരും ഒട്ടേറെയാണ്. നാടിന്റെ സുഖത്തിലും ദുഃഖത്തിലും പ്രവാസി പങ്കാളിത്തം സ്വാഭാവികമാണെന്നും തിരഞ്ഞെടുപ്പുകാലത്തും അതുണ്ടായിട്ടുണ്ടെന്നും കെഎംസിസി ഭാരവാഹികൾ പറഞ്ഞു. തിരഞ്ഞെടുപ്പു കാലത്ത് നാട്ടിൽ പോകാൻ സാധിക്കുന്നവരെല്ലാം തന്നെ പോകണമെന്നും വോട്ടുള്ള പ്രവാസി കുടുംബാംഗങ്ങളെ ഈ സമയത്ത് ഗൾഫിലേക്കു കൊണ്ടുവരരുതെന്നും ഭാരവാഹികൾ നേരത്തേ തന്നെ നിർദേശിച്ചിരുന്നു. വടകര, കാസർകോട്, പൊന്നാനി മണ്ഡലങ്ങളെയാണ് ഇവർ ഉറ്റുനോക്കുന്നത്.

മുസ്‍ലിംകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മോശം പരാമർശവും പ്രവാസികളിൽ വാശിയേറ്റിയിട്ടുണ്ട്. വിമാന ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ നാട്ടിലേക്കു പോകുന്നില്ലെന്നു പറഞ്ഞിരുന്ന പതിനായിരത്തോളം പേർ കൂടി വോട്ട് ചെയ്യാൻ പോയെന്ന് കെഎംസിസി സൂചിപ്പിച്ചു.

അതതു മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കായി സൂം മീറ്റിങ് വഴി പ്രചാരണം നടത്തുന്നതിൽ സജീവമായിരുന്നു എൻഡിഎ അനുഭാവമുള്ള പ്രവാസി സംഘടന. ഇതിനകം നാട്ടിലേക്കു പോയവർ പ്രവാസി കുടുംബങ്ങളെ പ്രത്യേകമായി സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചിട്ടുണ്ട്. പോകാൻ പറ്റാത്തവർ ഫോണിലൂടെ കുടുംബ സമ്പർക്ക പരിപാടി നടത്തി വോട്ടവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. നാട്ടിലേക്കുള്ള യാത്രച്ചെലവ് സ്വയം വഹിച്ചും ഒട്ടേറെ അനുഭാവികൾ വോട്ട് ചെയ്യാനായി പോയിട്ടുണ്ട്.

English Summary:

Lok Sabha Election: Expatriates are in a hurry to lead their own candidates to victory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com