ADVERTISEMENT

ബോസ്റ്റൺ∙ തിരഞ്ഞെടുപ്പും കോവിഡുമെല്ലാം അരങ്ങുവാണ തണുത്തുറഞ്ഞ കുറേ പകലുകളുടെ ഇടയിലും ബോസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ന്യൂ ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ എന്ന നീമയിലെ കലാഹൃദയങ്ങൾ ഉത്സവലഹരിയോടെ തന്നെ  ക്രിസ്മസിനെ വരവേറ്റു. പതിവിനു വിപരീതമായി ആഘോഷങ്ങളെല്ലാം അകത്തളങ്ങളിലേക്ക് ഒതുങ്ങിപ്പോയെങ്കിലും, നീമയുടെ ഇക്കൊല്ലത്തെ ക്രിസ്മസ് വിരുന്നിനും നക്ഷത്രത്തിളക്കമേറെയായിരുന്നു.

 

തിരുപ്പിറവിയുടെ ശാന്തിഗീതങ്ങൾ നിറയുന്ന ഡിസംബറിനെ ഇക്കുറി ബോസ്റ്റൺ മലയാളികൾ വരവേറ്റത് കല്യാണമേളത്തോടെയാണ്.  മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‍തമായി, ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾ 12 ദിവസങ്ങൾ  നീണ്ടു നിന്നു . '12 ഡേയ്സ് ഓഫ് ക്രിസ്മസ്' എന്ന പേരിൽ നീമ ഒരുക്കിയ ഈ ആഘോഷവിരുന്നിലെ ഏറ്റവും ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു നീമയുടെ സ്വന്തം ഭാരവാഹികൾ അണിയിച്ചൊരുക്കിയ "മനസമ്മതം ചൊല്ലാമോ" എന്ന വെബ് സീരിസ്.

xmas4-Copy

 

xmas5

യാഥാസ്ഥിതികരായ രണ്ടു കുടുംബങ്ങളുടെയും ഒപ്പം പ്രണയത്തിന്റെ നൂലിൽ കോർക്കപ്പെട്ട രണ്ടു ഹൃദയങ്ങളുടെയും കഥ പറഞ്ഞ ഈ വെബ് സീരിസിന്റെ കഥയും തിരക്കഥയും സംവിധാനവും, ഇരുത്തം വന്ന സംവിധായകരുടെ കരവിരുതോടെ നിർവഹിച്ചത്, നീമയുടെ ജോയിന്റ് സ്പോർട്സ് ക്ലബ് സെക്രട്ടറിയായ  ശ്രീ ജിയോ തോമസ്,  ജനറൽ സെക്രട്ടറി ആയ ലജീഷ് ചെറിയമഠത്തിൽ എന്നിവരാണ്. നർമ്മവും പ്രണയവും വിരഹവുമെല്ലാം വാക്കുകളിൽ ചാലിച്ചെഴുതി ഗിരീഷ് പോറ്റി, ജിയോ തോമസ് എന്നിവർ സംഭാഷണത്തിന്റെ ശില്പികളായപ്പോൾ,  ശ്രീ വിൻഫിൻ കുണ്ടുകുളം ഛായാഗ്രഹണത്തിൽ മന്ത്രജാലങ്ങൾ തീർത്തു.  ഈ വെബ് സീരിസിന് ശബ്ദവും വെളിച്ചവും ഏകി ശ്രീ മനോജ് പണിക്കർ തന്റെ കടമ ഭംഗിയാക്കിയപ്പോൾ കുറ്റമറ്റ എഡിറ്റിംഗിലൂടെയാണ്  ആബേൽ ജോസഫ് ജോളി  ഈ കലാസംഘത്തിനൊരു മുതൽക്കൂട്ടായത്. പശ്ചാത്തലസംഗീതവും (ഒറിജിനൽ സ്കോർ) ശബ്ദസംവിധാനവും ഒരുക്കിയതിനൊപ്പം ഈ പരമ്പരയിലെ ഗാനത്തിനു ഈണവും ശബ്ദവും നൽകി ജോ മാർഷൽ എന്ന കലാകാരൻ "മനസ്സമ്മതം ചൊല്ലാമോ"യുടെ അവിഭാജ്യഘടകമായിത്തീർന്നു. വിൻഫിന്റെ ക്യാമറാക്കണ്ണുകൾ മാസ്മരികതയൊരുക്കി, ജോ മാർഷലും ജിസ്മി സുഭാഷും ഒരുമിച്ചാലപിച്ച ഗാനത്തിന് വരികൾ എഴുതി, സിന്ധു നായരും ഈ കലാകാരന്മാർക്കൊപ്പം ചേരുമ്പോൾ 'മനസ്സമ്മതം ചൊല്ലാമോ'യുടെ അണിയറശില്പികളുടെ പട്ടിക അവിടെ പൂർണ്ണമാകുന്നു. 

xmas6

 

xmas7

നീമയുടെ ജോയിന്റ് ആർട്സ് ക്ലബ് സെക്രട്ടറി ജൂൾസ് മത്തായിയും സ്പോർട്സ് ക്ലബ്  സെക്രട്ടറി സൂരജ് കുമാർ സുരേഷും മുഖ്യവേഷങ്ങളിൽ എത്തിയ ഈ പരമ്പരയിലെ എല്ലാ അഭിനേതാക്കളും നീമയുടെ ഭാരവാഹികൾ തന്നെയാണ്.  നീമ പ്രസിഡന്റ് ശ്രീവിദ്യ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് മേരി എമിൽ ജോസഫ്,  ജോയിന്റ് സെക്രട്ടറി സുനിൽ നമ്പ്യാർ, ആർട്സ് ക്ലബ് സെക്രട്ടറി പ്രിയങ്ക രഞ്ജിത്ത്, ട്രെഷറർ ക്രിസ്റ്റി ഫെർണാണ്ടസ്, P. R കോഓർഡിനേറ്റർ ഗിരീഷ് പോറ്റി, ജോയിന്റ് പി.ആർ കോഓർഡിനേറ്റർ ലീന ഫിലിപ്പ്, ഐ. ടി വെബ് അഡ്മിൻ രഞ്ജിത് പ്രസാദ്, ജോയിന്റ് വെബ് അഡ്മിൻ മിഷ മാത്യു എന്നിവർക്കൊപ്പം ഹൃദയഹാരിയായ ഈ പരമ്പരക്ക് ഊടും പാവും നെയ്ത, ജിയോ തോമസ്,  ലജീഷ് ചെറിയമഠത്തിൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 

 

xmas8

നീമയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇതുപോലൊരു പരമ്പര സംപ്രക്ഷേണം ചെയ്യുന്നത്. ഓരോരുത്തരും ഏറ്റെടുത്ത വേഷങ്ങൾ ഭംഗിയായി അവതരിപ്പിച്ചും , മനസ്സ് കൊണ്ട് ഓരോ പ്രേക്ഷകനെയും കല്യാണവീടുകളിലെ സമ്മിശ്രവികാരം നിറയുന്ന നിമിഷങ്ങളിലേക്കും വിവാഹത്തിന്റെ താളമേളങ്ങളിലേക്കും കൂട്ടിക്കൊണ്ടു പോയും , ചെറുതെങ്കിലും ശ്രേഷ്ഠമായ ഒരു സന്ദേശം പകർന്നു നൽകിയും "മനസ്സമ്മതം ചൊല്ലാമോ" അവസാനിക്കുമ്പോൾ, സംഘർഷഭരിതമായ ഒരു വർഷത്തിനൊടുവിലും ലഭിച്ച വർണ്ണപ്പകിട്ടുള്ള ഒരു ക്രിസ്തുമസ്സ് സമ്മാനമായാണ് ബോസ്റ്റൺ മലയാളികൾ അതിനെ കൈനീട്ടി സ്വീകരിച്ചത്.

 

song

12 എപ്പിസോഡുകളിലായി, ഫേസ്ബുക്കിലൂടെ പ്രക്ഷേപണം ചെയ്ത ഈ പരമ്പരയ്‌ക്കൊപ്പം, ഓരോ ദിവസവും, ന്യൂ ഇംഗ്ലണ്ടിലെ കുട്ടികളും മുതിർന്നവരും അടങ്ങുന്ന സൗഹൃദക്കൂട്ടായ്മകൾ അണിയിച്ചൊരുക്കിയ വിവിധ ക്രിസ്തുമസ്സ് സമ്മാനങ്ങളും ഉണ്ടായിരുന്നു. കൊറോണയുടെ ഇരുളിൽ,  വാർധക്യത്തിന്റെ വഴികളിൽ ഒറ്റപ്പെട്ടു പോയവർക്കു  വേണ്ടി, അനിരുദ്ധ് പണിക്കർ, ശ്രേയ നായർ എന്നിവരുടെ നേതൃത്വത്തിൽ, കുട്ടികളുടെ ക്രിസ്തുമസ്സ് കാർഡ് നിർമ്മാണം, ഭക്ഷണപ്രിയരും പാചകകലയിൽ നളന്മാരും ആയ മൂന്നു ആശാന്മാരുടെ കഥ ഫലിതരൂപേണ കോർത്തിണക്കി ശ്രീ. ശ്രീകാന്ത് ഉണ്ണിക്കൃഷ്ണനും കൂട്ടരും അവതരിപ്പിച്ച  "മൂന്ന് ആശാന്മാർ" എന്ന സ്കിറ്റ്, വിരൽത്തുമ്പിലെ വിസ്മയങ്ങളാൽ, മനസ്സിനും കണ്ണിനും ഒരുപോലെ "മധുരം" ഏകി അഞ്ജലി ചേലേരി ഒരുക്കിയ കേക്ക് ഡെക്കറേഷൻ, വിനിത മനോജിന്റെയും ഉഷാ ശ്രീകാന്തിന്റെയും നേതൃത്വത്തിൽ മനസ്സിലെ നക്ഷത്രത്തിളക്കങ്ങളായി തീർന്ന, കഴിഞ്ഞു പോയ ക്രിസ്മസ് കാലങ്ങളിലൂടെ ഒരു മടക്കയാത്ര,  ലളിതവും സുന്ദരവും ആയ രീതിയിൽ രമ്യ സൂരജ് പങ്കുവെച്ച ക്രിസ്മസ് ട്രീ ഓർണ്ണമെന്റ് നിർമ്മാണം,  സിനി മുരളി,  സുജ മനോജ് എന്നിവർക്കൊപ്പം കുട്ടികൾ തയ്യാറാക്കിയ അവരുടെ പ്രിയങ്കരമായ ജിൻജർ ബ്രെഡ് ഹൗസ്‌, പാർവ്വതി മേനോനും മെറിൻ ടോണിയും ഒരു  കൂട്ടം ചങ്ങാതിമാരും ചേർന്ന് സ്നേഹപൂർവ്വം തയ്യാറാക്കിയ, വിവിധ രാജ്യങ്ങളിലെ പ്രമുഖവിഭവങ്ങളുടെ പുതുമയാർന്ന അവതരണം, ഗൃഹാതുരമായ ഓർമ്മകൾ നൽകി,  ഓരോ പ്രവാസിയെയും നാടിന്റെ മടിത്തട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ജിയോ തോമസിന്റെയും എമി പോളിന്റെയും പുൽക്കൂട് നിർമ്മാണം, രശ്മി രാമനാഥൻ, വന്ദന പിള്ള എന്നിവർക്കൊപ്പം സന്തോഷത്തിന്റെ ദീപങ്ങൾ കൊളുത്തി ക്രിസ്തുമസ്സ് ട്രീ അലങ്കരിക്കൽ , ഗിരീഷ് പോറ്റിയുടെ നേതൃത്വത്തിൽ, ന്യൂ ഇംഗ്ലണ്ടിലെ  36 കൊച്ചുമിടുക്കന്മാരും മിടുക്കികളും അടങ്ങുന്ന പ്രഗത്ഭരായ ഗായകവൃന്ദം അവതരിപ്പിച്ച സംഗീതസന്ധ്യ, മനീഷ് കുറുപ്പിന്റെയും ആശാ മനീഷിന്റെയും  നേതൃത്വത്തിൽ, വാദ്യോപകരണങ്ങളിൽ മാന്ത്രികത തീർത്ത് ട്രെബിൾ ക്ലെഫ്  എന്ന ബാൻഡിന്റെ ബാനറിൽ കുട്ടികൾ ഒരുക്കിയ വാദ്യസംഗീതവിരുന്ന്, എന്നിങ്ങനെ വൈവിദ്ധ്യമാർന്ന പതിനൊന്ന് സന്ധ്യകൾ ആണ് പ്രേക്ഷകർക്കായ് നീമ കാത്തുവച്ചിരുന്നത്. 

 

oppana

പന്ത്രണ്ടാമത്തെ സന്ധ്യയായ ഡിസംബർ 19നു ഗ്രാൻഡ് ഫിനാലെയോടു കൂടി '12 ഡേയ്സ് ഓഫ് ക്രിസ്മസ്' എന്ന വർണ്ണശബളമായ ആഘോഷരാവുകൾക്ക് തിരശ്ശീല വീണു. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളി മനസ്സിൽ ഇടം തേടിയ അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും, അമൃതം ഗമയ എന്ന അവരുടെ പോപ്പ് ബാൻഡിന്റെ ബാനറിൽ അവതരിപ്പിച്ച "അമൃതം ഗമയ" എന്ന സംഗീതവിരുന്നായിരുന്നു ഫിനാലെയിലെ മുഖ്യ ആകർഷണം.  ഇത് കൂടാതെ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ പുതുമയാർന്ന നിരവധി വിഭവങ്ങളും നീമയുടെ സ്വന്തം കലാകാരന്മാരും കലാകാരികളും കരുതി വച്ചിരുന്നു.  

 

ഒന്നിനൊന്നു മികച്ചത് എന്ന് വിശേഷിപ്പിക്കാവുന്ന ഈ വിഭവങ്ങളിൽ, അഭിനയശൈലി കൊണ്ടും അവതരണമികവ് കൊണ്ടും ഉന്നത നിലവാരം പുലർത്തിയ ഒന്നായിരുന്നു "വീണ്ടും" എന്ന ഷോർട്ഫിലിം.  രണ്ടാമൂഴം എന്നൊരു ചിന്ത പ്രേക്ഷകഹൃദയങ്ങളിലേക്ക് പതിയെ പകർന്നു കൊടുത്ത് "വീണ്ടും" അവസാനിക്കുമ്പോൾ ആദ്യസംരംഭം തന്നെ വിജയമായതിൽ അഭിമാനിക്കാം, സംവിധായകരായ ധീരജ് പ്രസാദിനും ശ്രീകേഷിനും.  ശീതൾ ദ്വാരക, സജി അരവിന്ദ്, ബിനിൽ ബാലകൃഷ്‌ണൻ, രഞ്ജിത്ത് പ്രസാദ്, ജയലക്ഷ്മി ഗോപകുമാർ, ടോണി പാറയ്ക്ക എന്നിവർ അഭിനേതാക്കളായി എത്തിയ ഈ ഹ്രസ്വചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചത് ജെയ്സൺ ജോസ്, വിവേക് നായർ, അശ്വതി കുമാർ, എമി പോൾ തുടങ്ങിയവരാണ്.   

 

മൗനപ്രണയത്തിന്റെ കൺപീലിത്തുമ്പിൽ വീണുടഞ്ഞ മിഴിനീർകണത്തിന് പുതിയ നിറമേകി,

സൈമൺ സോമൻ, നിവ്യ മോഹൻ, സന്ദീപ് അയ്യപ്പൻകുട്ടി എന്നിവർ അവതരിപ്പിച്ച "നീർമിഴിപ്പീലിയിൽ" എന്ന കവർ സോംഗ് വളരെയധികം പ്രശംസ പിടിച്ചു പറ്റി.  ഉള്ളിലെ സ്നേഹപ്രവാഹത്തിൽ നിന്നൊരു തുള്ളി പോലും വാക്കുകളിൽ പകരാതെ നിസ്സഹായനായി നോക്കി നിന്ന ഒരു കാമുകഹൃദയത്തിനെ അതിസൂക്ഷ്മമായിത്തന്നെ സൈമണും ടീമും കാണികളിലേക്ക് എത്തിച്ചു. 

 

ഒരു കുഞ്ഞുമനസ്സിലെ ക്രിസ്മസ് ദീപങ്ങൾക്ക് സംഗീതത്താൽ  മിഴിവേകി  Zoey's  Christmas എന്ന ക്രിസ്തുമസ്സ് Musical,  കൊറോണ തന്ന ഇരുളിലും പ്രതിസന്ധികളോട് ഏറ്റു മുട്ടി കരുത്താർജ്ജിച്ച സമൂഹത്തിനെ എന്ന ഒരു വനിതയുടെ കണ്ണിലൂടെ പ്രതിപാദിപ്പിച്ച "ബട്ടർഫ്‌ളൈ ഹഗ് " എന്ന ഗദ്യകവിതയുടെ ദൃശ്യാവിഷ്ക്കാരം, സ്വപ്‌നങ്ങൾ നിറമേകിയ ഒരു കൗമാരമനസ്സിനെ അതിമനോഹരമായി വരച്ചു കാട്ടിയ കണ്ണാടിക്കൂട്  എന്ന ഡാൻസ് കവർ എന്നിങ്ങനെ മൂന്ന് വ്യത്യസ്തമായ ആശയങ്ങൾക്ക് ജീവൻ കൊടുത്ത് ദീപ ജേക്കബും,  ദീപയ്ക്കൊപ്പം അവ തന്റെ ക്യാമറക്കണ്ണിലൂടെ മനോഹരമായി ഒപ്പിയെടുത്ത് അവതരിപ്പിച്ച ജെയ്‌സൺ കെ ജോസും അഭിനനന്ദനങ്ങൾ ഏറ്റുവാങ്ങി.  Zoey's Christmas- ൽ സോയ് ഷിജു, ഇസബെൽ ഷിജു, ഹൃദ്യ ഐപ്പ്, ശ്രേയ ബിനു, മിറിയം അലക്സ്, ദിയ നായർ എന്നിവർ ആലപിച്ച  മാധുര്യമൂറുന്ന ഗാനങ്ങൾ ക്രിസ്തുമസ്സ് സമ്മാനമായപ്പോൾ കണ്ണാടിക്കൂട് എന്ന നൃത്താവിഷ്ക്കാരത്തിൽ ചടുലമായ ചുവടുകളും ഹൃദയഹാരിയായ ഭാവങ്ങളും കാഴ്ച വെച്ച് ദേവിക നായർ പ്രേക്ഷകർക്ക് പ്രിയങ്കരിയായി.  ദീപയുടെ മൂന്നാമത്തെ സമ്മാനമായ ബട്ടർഫ്‌ളൈ ഹഗ്ഗിൽ സിന്ധു നായരുടെ തൂലികത്തുമ്പിലെ ഗദ്യകവിതയ്ക്ക് നിഷാ നമ്പ്യാർ ആണ് ജീവൻ നൽകിയത്.

 

  ഏതു മലയാളി മനസ്സിലും തേന്മഴയായിരുന്ന പഴയ  ക്രിസ്തുമസ്സ് ഗാനങ്ങൾ കോർത്തിണക്കിയാണ്, രാഗാ സ്ക്കൂൾ ഓഫ് മ്യൂസിക്കിലെ  കുട്ടികളെയും  മുതിർന്നവരെയും അണിനിരത്തി, ശ്രീ സുനിൽ നമ്പ്യാർ  ഹല്ലേലൂയാ എന്ന സംഗീതവിരുന്ന് കാഴ്ച വെച്ചത്. 20 വ്യത്യസ്ത സ്ഥലങ്ങളിൽ ഇരുന്ന്, 20 പേർ ഒരേ മനസ്സായി, ഒരേ സ്വരത്തിൽ അദൃശ്യമായി കൈകൾ കോർത്തു പാടിയ ആ ക്രിസ്തുമസ്സ് ഗാനങ്ങൾ ഹൃദ്യമായ ഒരു സംഗീതാനുഭവം പകർന്നു തന്നു.

 

എത്ര ആഡംബരത്തിലും സുഖലോലുപതയിലും വേരുകൾ ചികഞ്ഞു പോകുന്ന ഒരു വൃദ്ധമനസ്സിന്റെ ഗൃഹാതുരമായ ചിന്തകളുടെ നൃത്താവിഷ്കാരമായിരുന്നു,  "മധുരിക്കും  ഓർമ്മകൾ". മീന ഉണ്ണി, ദേവിക നായർ, ഉദയ റാണി ഉമേഷ്, സുജ പിള്ള, ആരതി നമ്പ്യാർ, ശീതൾ ദ്വാരക, നിത്യ കൃഷ്ണൻ, അശ്വതി കുമാർ എന്നിവരുടെ നേതൃത്വത്തിൽ, പഴയ മലയാള ചലച്ചിത്രഗാനങ്ങൾക്കൊപ്പം ചുവട് വച്ച്,  ന്യൂ ഇംഗ്ലണ്ടിലെ 60 കലാഹൃദയങ്ങൾ ആണ് ഓർമ്മകളിലൂടെ പ്രേക്ഷകരെ കൈ പിടിച്ചു നടത്തിയത്. വിവിധ ലൊക്കേഷനുകളിലായി പല ടീമുകളായി, ശ്രീ മനോജ് പണിക്കരുടെ ക്യാമറക്കണ്ണുകളിലൂടെ വിസ്മയം തീർത്ത്, ഇവർ ഒരുക്കിയ ഈ ഓർമ്മച്ചെപ്പിലെ പ്രധാന വേഷം ഭദ്രമാക്കിയത് ഫെമി ജോസ് ആയിരുന്നു.

 

കൊറോണയുടെ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നേരത്തെ റെക്കോർഡ് ചെയ്ത വീഡിയോകൾ Zoom ടെക്നോളജി വഴി  Events Now USA എന്ന ടി വി ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ  ഗ്രാൻഡ് ഫിനാലെയ്ക്ക് നക്ഷത്രത്തിളക്കമേകി , ശ്രീജ കൈമൾ , പാർവ്വതി മേനോൻ എന്നിവർ അവതാരകരായി എത്തിയ  "12 ഡേയ്സ് ഓഫ് ക്രിസ്തുമസ്സ്" കൊടിയിറങ്ങുമ്പോൾ, പ്രതിസന്ധികളുടെ കാർമേഘങ്ങൾക്കിടയിലും പുഞ്ചിരിക്കാൻ പഠിച്ചു കൊണ്ട് ഒരു നക്ഷത്രം ഉദിച്ചുയർന്നിരുന്നു. നന്മ നിറഞ്ഞ, ശാന്തി നിറഞ്ഞ മറ്റൊരു ക്രിസ്മസ് കാലം വീണ്ടും വരും  എന്ന ശുഭപ്രതീക്ഷയിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com