ADVERTISEMENT

കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ട രോഗികളില്‍ പകുതിയിലേറെ പേര്‍ക്കും ഹൃദയത്തിന് തകരാര്‍ സംഭവിക്കുന്നതായി പഠനങ്ങള്‍. ഹൃദയ പേശികളുടെ നീര്‍ക്കെട്ട്, ഹൃദയകോശങ്ങളുടെ നാശം, ഹൃദയത്തിലേക്കുള്ള രക്തമൊഴുക്കില്‍ കുറവ് തുടങ്ങിയ തകരാറുകളാണ് പലരിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. 

ലണ്ടനിലെ ആറ് ആശുപത്രികളില്‍ കോവിഡിനെ തുടര്‍ന്ന് പ്രവേശിപ്പിക്കപ്പെടുകയും പിന്നീട് രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്ത 148 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ ട്രോപോണിന്‍ എന്ന പ്രോട്ടീന്‍ തോത് ഉയര്‍ന്നിരിക്കുന്നതായി കണ്ടെത്തി. ഹൃദയ പേശികള്‍ക്ക് മുറിവേല്‍ക്കുമ്പോഴാണ് രക്തത്തിലേക്ക് ട്രോപോണിന്‍ എത്തുന്നത്. രക്ത ധമനിയില്‍ ബ്ലോക്ക് വരുമ്പോഴോ, ഹൃദയത്തിന് നീര്‍ക്കെട്ട് ഉണ്ടാകുമ്പോഴോ ട്രോപ്പോണിന്‍ തോത് ഉയരും. 

കോവിഡ് തീവ്രമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ ട്രോപ്പോണിന്‍ ഉയര്‍ന്ന തോതിലായിരുന്നു എന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ആശുപത്രിയില്‍ നിന്ന് ഇവര്‍ ഡിസ്ചാര്‍ജായി ഒരു മാസത്തിന് ശേഷം നടത്തിയ എംആര്‍ഐ സ്‌കാനിലാണ് ഹൃദയത്തിന്റെ തകരാറുകള്‍ തിരിച്ചറിഞ്ഞത്. 

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ കലര്‍ന്ന രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ ഇടത് വെന്‍ട്രിക്കിളിന്റെ പ്രവര്‍ത്തനം 148 രോഗികളില്‍ 89 ശതമാനത്തിനും സാധാരണ ഗതിയില്‍ ആയിരുന്നതായി പഠനം പറയുന്നു. എന്നാല്‍ ഹൃദയ പേശികള്‍ക്കുള്ള ക്ഷതം 80 രോഗികളില്‍(54 ശതമാനം) കണ്ടെത്തി. ഹൃദയത്തിലെ നീര്‍ക്കെട്ട് 12 രോഗികളിലും(8 ശതമാനം) കാണപ്പെട്ടു. 

English Summary : Heart damages found in over half of covid-19 patients discharged from hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com