ADVERTISEMENT

ലോകത്തെ ഭയപ്പാടിലാഴ്ത്തി പെരുകുകയാണ് സാര്‍സ് കോവ്-2 വൈറസിന്റെ വകഭേദങ്ങള്‍. കൂടുതല്‍ പേരിലേക്ക് കോവിഡ് പകരുന്നതിന് അനുസരിച്ച് വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ച് കൂടുതല്‍ വകഭേദങ്ങള്‍ പ്രത്യക്ഷമാകുന്നു. ഈ പുതിയ വകഭേദങ്ങള്‍ നിലവിലെ വാക്‌സീനുകളെ നിഷ്പ്രഭമാക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. അതിനിടെ ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ളത് 7684 നോവല്‍ കൊറോണ വൈറസ് വകഭേദങ്ങളാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്ത് ശേഖരിക്കപ്പെട്ട സാംപിളുകളില്‍ നിന്നുള്ള ജനിതക സ്വീകന്‍സിങ്ങിലൂടെയാണ് ഇത് തിരിച്ചറിഞ്ഞത്. ഹൈദരാബാദിലെ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജിയുടെ(സിസിഎംബി) നേതൃത്വത്തില്‍ രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ 35 ലാബുകളെ പങ്കെടുപ്പിച്ചാണ്  ജനിതക സ്വീകന്‍സിങ്ങ് നടത്തുന്നത്. 

സാര്‍സ് കോവ്-2ന് സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങള്‍ വൈറസിനെ കൂടുതല്‍ വ്യാപനശേഷിയുള്ളതാക്കാമെന്ന് സിസിഎംബി പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉണ്ടായ കോവിഡ് കേസുകളുടെ വര്‍ധനയ്ക്ക് പിന്നിലും വൈറസ് വകഭേദങ്ങളാണോ എന്നും പഠനറിപ്പോര്‍ട്ട് സംശയമുണര്‍ത്തുന്നു. 

ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട വകഭേദങ്ങള്‍ യുകെ, ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍, നൈജീരിയന്‍ വകഭേദങ്ങളാണെന്നും ഗവേഷകര്‍ പറയുന്നു. ആന്ധ്രാ പ്രദേശില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട  N440K   എന്ന വകഭേദത്തിനെതിരെ കരുതിയിരിക്കണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ആന്ധ്രാ പ്രദേശില്‍ നിന്ന് ശേഖരിക്കപ്പെട്ട സാംപിളുകളില്‍ 42 ശതമാനത്തിലും ഈ വകഭേദം കാണപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്ന് ശേഖരിച്ച 3 സാംപിളുകളില്‍  E484K   എന്നൊരു വകഭേദവും കാണപ്പെട്ടിട്ടുണ്ട്. കോവിഡ് മഹാമാരി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരെയും പ്രാദേശിക രോഗ വ്യാപനത്തിനെതിരെയും ജാഗ്രത പുലര്‍ത്തണമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.  

English Summary : India has 7,684 variants of COVID-19 virus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com