ADVERTISEMENT

ബോണ്‍വിറ്റയെയും സമാനമായ ഉത്‌പന്നങ്ങളെയും ആരോഗ്യ പാനീയങ്ങളുടെ വിഭാഗത്തില്‍ നിന്ന്‌ നീക്കം ചെയ്യണമെന്ന്‌ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. 2006ലെ ഭക്ഷണ സുരക്ഷയും നിലവാരവും സംബന്ധിച്ച എഫ്‌എസ്‌എസ്‌ നിയമങ്ങളിലും ചട്ടങ്ങളിലും ഫുഡ്‌ സേഫ്‌ടി സ്റ്റാന്‍ഡേര്‍ഡ്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയുടെയും ബോണ്‍വിറ്റ നിര്‍മ്മാതാക്കളായ മോണ്ടെലെസ്‌ ഇന്ത്യയുടെയും നിയമങ്ങളിലും ആരോഗ്യ പാനീയം എന്നതിന്‌ പ്രത്യേക നിര്‍വചനമില്ലെന്ന്‌ ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ കേന്ദ്ര ഗവണ്‍മെന്റ്‌ നിര്‍ദ്ദേശം.

ഇത്‌ സംബന്ധിച്ച്‌ കഴിഞ്ഞ മാസം ബാലാവകാശ കമ്മീഷന്‍ അധ്യക്ഷ പ്രിയങ്ക കനൂങ്കോ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‌ കത്തെഴുതിയിരുന്നു. നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട്‌ ആരോഗ്യ മന്ത്രാലയത്തിനും കേന്ദ്ര ഇലക്ട്രോണിക്‌സ്‌, ഐടി മന്ത്രാലയത്തിനും കമ്മീഷന്‍ കത്തിന്റെ പകര്‍പ്പുകളും അയച്ചു.

ആരോഗ്യം നല്‍കുന്ന എനര്‍ജി ഡ്രിങ്കുകള്‍ എന്നവകാശപ്പെടുന്ന ചില പൗഡറുകളില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയും കുട്ടികളുടെ ആരോഗ്യത്തിന്‌ ഹാനികരമായ ചേരുവകളും അടങ്ങിയിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ്‌ ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി. ഈ മാസം ആദ്യം പാലധിഷ്‌ഠിത, മാള്‍ട്ട്‌ അധിഷ്‌ഠിത പാനീയങ്ങള്‍ക്ക്‌ ആരോഗ്യ പാനീയ ലേബല്‍ നല്‍കരുതെന്ന്‌ എഫ്‌എസ്‌എസ്‌എഐയും ഇ-കൊമേഴ്‌സ്‌ പ്ലാറ്റ്‌ഫോമുകളോട്‌ ആവശ്യപ്പെട്ടിരുന്നു.

ബോണ്‍വിറ്റയെ ചുറ്റിപറ്റിയുള്ള വിവാദം ആരംഭിക്കുന്നത്‌ ഈ പൗഡറിനെ വിമര്‍ശിച്ച്‌ കൊണ്ടുള്ള ഒരു വീഡിയോ യൂടൂബ്‌ ചാനലുകളിലൊന്നില്‍ വന്നതോടെയാണ്‌. ഉയര്‍ന്ന തോതില്‍ പഞ്ചസാരയും കൊക്കോ സോളിഡുകളും ഹാനികരങ്ങളായ അഡിറ്റീവുകളും അടങ്ങിയാണ്‌ ബോണ്‍വിറ്റയെന്ന്‌ യൂടൂബ്‌ ഇന്‍ഫ്‌ളുവന്‍സര്‍ രേവന്ത്‌ ഹിമത്‌ സിങ്ക തന്റെ ചാനലില്‍ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോയില്‍ വിമര്‍ശിച്ചു. സംഗതി വൈറലായതോടെ ബോണ്‍വിറ്റ നിര്‍മ്മാതാക്കളായ മോണ്ടലെസ്‌ ഇന്ത്യ യൂടൂബര്‍ക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. തുടര്‍ന്ന്‌ വീഡിയോ എല്ലാ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും രേവന്ത്‌ നീക്കം ചെയ്‌തു.

English Summary:

Government Strikes Off Popular Drink from Health Category on E-Commerce Sites

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com