ADVERTISEMENT

ശ്വാസകോശത്തെ ബാധിക്കുന്ന വെറുമൊരു രോഗം. ഇതായിരുന്നു കോവിഡ‍് മഹാമാരിയുടെ തുടക്ക കാലഘട്ടത്തില്‍ പലരും ഇതിനെ കുറിച്ച് കരുതിയിരുന്നത്. എന്നാല്‍ ശ്വാസകോശത്തെ മാത്രമല്ല ഹൃദയവും നാഡീവ്യൂഹവും അടക്കമുള്ള സകലമാന അവയവങ്ങളെയും കോവിഡ് ഗുരുതരമായി ബാധിക്കാമെന്ന് പിന്നീട് ബോധ്യമായി. ശാരീരികമായ വ്യാധികള്‍ക്ക് പുറമേ മാനസിക പ്രശ്നങ്ങള്‍ക്കും കാരണമാകുന്ന കോവിഡ് നമ്മുടെ സാമൂഹിക, വൈകാരിക ജീവിതങ്ങളെയും ബന്ധങ്ങളെയും തന്നെ പുനര്‍നിര്‍വചിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരി പങ്കാളികള്‍ക്കിടയിലുള്ള ലൈംഗിക ബന്ധത്തെയും ലൈംഗിക ചോദനകളെയും പ്രതികൂലമായി ബാധിക്കുന്നതായി ആഗോള തലത്തില്‍ നടന്ന പല  പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. അനാരോഗ്യകരമായ ജീവിതശൈലി, ബന്ധത്തിലെ പൊരുത്തകേടുകള്‍,ശാരീരിക അവസ്ഥകള്‍, സമ്മര്‍ദ്ധം, രോഗങ്ങള്‍, മദ്യപാദനം, പുകവലി  തുടങ്ങി പല കാരണങ്ങളാകാം രണ്ടു പേര്‍ക്കിടയിലെ ലൈംഗിക ചോദന കുറയ്ക്കുന്നത്. ഇതില്‍ പല ഘടകങ്ങള്‍ക്കും പ്രത്യക്ഷമായോ പരോക്ഷമായോ കോവിഡ് കാരണമാകാം. 

 

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം കോവിഡ് മഹാമാരി സൃഷ്ടിച്ച സമ്മര്‍ദ്ധവും ഉത്കണ്ഠയുമാണ്. രോഗം പിടിപെടുമോ എന്ന ഉത്കണ്ഠ മാത്രമായിരുന്നില്ല കോവിഡ് കാലത്ത് ഉണ്ടായിരുന്നത്. ലോക്ഡൗണ്‍ മൂലം വീട്ടില്‍ അടച്ചിരിക്കേണ്ട അവസ്ഥ, തൊഴില്‍ നഷ്ടം, സാമ്പത്തിക പ്രയാസങ്ങള്‍, ക്വാറന്‍റീന്‍ എന്നിങ്ങനെ ഒരു മനുഷ്യന്‍റെ സമാധാനപൂര്‍വമായ ജീവിതത്തെ താളം തെറ്റിക്കുന്ന പലതും കോവിഡ് കാലത്തുണ്ടായി. ഇത് മാനസിക സമ്മര്‍ദ്ധം ഉയര്‍ത്തുകയും കുറഞ്ഞ ലൈംഗിക ചോദനയിലേക്ക് നയിക്കുകയും ചെയ്തിരിക്കാം. ലോക്ഡൗണ്‍ കാലത്ത് എല്ലാവരും വീടുകള്‍ക്കുള്ളില്‍ അടച്ചിരിക്കാന്‍ തുടങ്ങിയതോടെ പങ്കാളികള്‍ ഒരുമിച്ച് ചെലവഴിക്കേണ്ടി വന്ന സമയത്തിന്‍റെ ദൈര്‍ഘ്യം കൂടി. ഇത് പലര്‍ക്കുമിടയിലെ ലൈംഗിക താത്പര്യം നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്ന് ചില ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എപ്പോഴും കാണുന്നവര്‍ക്കിടയിലെ വിരസത ബന്ധങ്ങളിലേക്ക് കടന്നു വന്നു. പങ്കാളികളുടെ വ്യക്തിപരമായ സ്പേസ് നഷ്ടമായതും ബന്ധങ്ങള്‍ക്കിടയിലെ ഉരസലുകള്‍ക്ക് കാരണമായി. 

 

കോവിഡിന് മുന്‍പ് ആഴ്ച മുഴുവന്‍ ജോലി ചെയ്തിരുന്നവര്‍ വാരാന്ത്യങ്ങളില്‍ പങ്കാളിയും കുടുംബവുമായി യാത്ര പോവുകയോ റോമാന്‍റിക് ഡേറ്റ് ആഘോഷിക്കുകയോ ഒക്കെ ചെയ്തിരുന്നു. കോവിഡ് ജോലികളെ വീടുകളിലേക്ക് എത്തിച്ചതോടെ ഇത്തരം പ്രണയപൂര്‍വമായ പുറത്ത് പോകലുകള്‍ നിലച്ചു. ഇതും ലൈംഗിക ചോദനയെ   ബാധിച്ചു. ജീവിതത്തിലെ യാത്രകളും,ആവേശങ്ങളും, സാഹസങ്ങളും, രസങ്ങളുമെല്ലാം നിലച്ചു പോയ അതിദീര്‍ഘ ലോക്ഡൗണ്‍ ഊതിക്കെടുത്തിയത് പല പങ്കാളികളുടെയും ലൈംഗിക താത്പര്യങ്ങളെ കൂടിയാണ്. ഇത്ര മേല്‍ അപ്രവചനീയമായ ഒരു കാലഘട്ടത്തില്‍ പരസ്പര പ്രണയവും ലൈംഗിക ചോദനയുമെല്ലാം നിലനിര്‍ത്താന്‍ പ്രത്യേകമായ ശ്രമം തന്നെ നടത്തേണ്ടതുണ്ട്. ആരോഗ്യകരമായ ജീവിതശൈലി, പോസിറ്റീവായ മനസ്ഥിതി, ആവശ്യത്തിന് വ്യായാമം, മദ്യപാനവും പുകവലിയും ഒഴിവാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ജീവിതത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കാനും ബന്ധങ്ങളെ ഊഷ്മളമാക്കാനും സഹായിക്കും. പരസ്പരമുള്ള ആശയവിനിമയവും ഈ സമയത്ത് നിര്‍ണ്ണായകമാണ്. വര്‍ക്ക് ഫ്രം ഹോം ഒക്കെ വന്നതോടെ സകല സമയവും ലാപ്ടോപ്പിലേക്കും കംപ്യൂട്ടറിലേക്കും മൊബൈലിലേക്കും കണ്ണും നട്ടിരിക്കാനുള്ള പ്രവണത നമുക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.  ലൈംഗിക ചോദന നഷ്ടപ്പെടാതിരിക്കാന്‍ ജീവിതവും ജോലിയും ബാലന്‍സ് ചെയ്യേണ്ടതും അത്യാവശ്യമാണ്. 

 

English summary : Effects of COVID-19 on sexual life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com