ADVERTISEMENT

അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും പെരുമാറ്റങ്ങളും ഫാന്റസികളും പുലർത്തുന്നതിനെയാണ് രതിവൈകൃതമെന്നു പറയുന്നത്. പുരുഷന്മാരിൽ രതിവൈകല്യങ്ങൾ താരതമ്യേന കൂടുതലാണ്. ചില വിദേശസർവേകളിൽ ഒന്നുമുതൽ ഏഴു ശതമാനം പുരുഷന്മാരിൽ ഇത്തരം വൈകൃതങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തിലും ചിലതരം രതിവൈകൃതങ്ങൾ കൂടുതലായി കാണുന്നുണ്ട്. 

മുട്ടിയുരുമ്മി ആനന്ദം: നമ്മുടെ നാട്ടിൽ പുരുഷന്മാർക്കിടയിൽ കൂടുതലായി കാണുന്ന ഒരു രതിവൈകൃതമാണ് ഫ്രോറ്റ്യൂറിസം എന്നു വിളിക്കുന്ന മുട്ടിയുരുമ്മി ആനന്ദം നേടുന്ന വൈകല്യം. ലൈംഗികാവയവം സ്ത്രീകളുടെ ശരീരത്തിൽ ഉരസുന്നതിലൂടെ പുരുഷന് ലൈംഗികാനുഭൂതി ലഭിക്കുന്നു. ബസ് യാത്രയിൽ സഹയാത്രികരായ പുരുഷന്മാരിൽ നിന്നും സ്ത്രീകൾക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ട്. 

പ്രദർശന താൽപര്യം: പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്ക് മുൻപിൽ ൈലംഗികാവയവം പ്രദർശിപ്പിച്ച് സ്വയംഭോഗം ചെയ്തു സുഖം നേടുന്ന വ്യക്തികളാണിവർ. ഇതു കാണുമ്പോൾ സ്ത്രീകൾക്കുണ്ടാകുന്ന ‍ഞെട്ടൽ ഇവരെ കൂടുതൽ ലൈംഗികാനന്ദത്തിലേക്ക് എത്തിക്കുന്നു. 

ഒളിഞ്ഞുനോട്ടം : വീടുകളുടെ കിടപ്പറകൾ, സ്ത്രീകളുടേയും കുട്ടികളുടെയും ബാത്ത്റൂം, സ്ത്രീകള്‍ കുളിക്കുന്ന കടവ് തുടങ്ങിയ ഇടങ്ങളിലേക്ക് ഒളിഞ്ഞുനോക്കി ലൈംഗികസംതൃപ്തി തേടുന്നവരാണിവർ. പലപ്പോഴും ഇത്തരം ഒളിഞ്ഞു നോട്ടക്കാരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യുന്നതു സാധാരണമാണ്. 

സെക്ഷ്വൽ സാഡിസം: പങ്കാളിയെ വേദനിപ്പിച്ച് ലൈംഗികാനന്ദം കണ്ടെത്തുന്നവരാണിവർ. ഇണയ്ക്കു വേദനിക്കുമ്പോൾ അല്ലെങ്കിൽ ശരീരത്തിൽ നിന്നും രക്തം ഒഴുകുമ്പോൾ ഇവർക്ക് വികാര തീവ്രവത വർധിക്കുന്നു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവരിൽ നല്ലൊരു ശതമാനവും ഇത്തരം രതി വൈകല്യമുള്ളവരാണ്.  

ഫെറ്റിഷിസം : സ്ത്രീകളുടെ അടിവസ്ത്രങ്ങളെ താലോലിച്ച് ലൈംഗിക സംതൃപ്തി കണ്ടെത്തുന്നവരാണിവർ. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോയാൽ ഇത്തരക്കാരാണ് പിന്നിലെന്ന് സംശയിക്കണം. 

വളരെ സാധാരണമായി പുരുഷൻമാരിൽ കാണുന്ന ഈ വൈകല്യങ്ങൾക്കു പുറമേ കുട്ടികളോടു തോന്നുന്ന ലൈംഗികാകർഷണവും വൈകൃതമാണ്. ഇവ കൂടാതെ ക്രോസ് ഡ്രസ്സിങ്, സ്വന്തം ശരീരത്തിൽ വേദനയുണ്ടാക്കി ലൈംഗിക സംതൃപ്തി നേടുന്ന മസോക്കിസം, മറ്റുള്ളവരുടെ കൺമുൻപിൽ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന ട്രോയിലിസം, ജീവനില്ലാത്ത പാവകളേയും പ്രതിമകളേയും ലൈംഗിക  സംതൃപ്തിക്കായി ഉപയോഗിക്കുന്ന അഗാൽമാറ്റോഫിലിയ അങ്ങനെ വിവിധങ്ങളായ രതി വൈകൃതങ്ങളുണ്ട്. 

പരിഹാരമുണ്ട്

രതിവൈകൃതങ്ങളുമായിട്ടല്ല ഒരാൾ ജനിക്കുന്നത്. നാം കണ്ടും േകട്ടും വളരുന്ന സാഹചര്യങ്ങളിൽ നിന്നും ശീലിക്കുന്നവയാണിവ. ഉദാഹരണത്തിനു ബാല്യത്തിൽ ഒരു കുട്ടിയെ രതിവൈകല്യത്തിനായി ഉപയോഗിക്കുകയാണെങ്കിൽ മുതിരുമ്പോൾ ഈ കുട്ടി ഇതേ വൈകല്യം കാണിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുവരെയും ഇത്തരം വൈകല്യങ്ങൾക്ക് വ്യക്തമായ ശാരീരിക കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മനശ്ശാസ്ത്രപരമായ ചികിത്സകളാണ് ഇത്തരം രതിവൈകല്യങ്ങൾക്ക് അഭികാമ്യം. എന്നാൽ ഒരു മനോരോഗത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം വൈകല്യങ്ങൾ സംഭവിക്കുന്നത് എങ്കിൽ പ്രസ്തുത മനോരോഗത്തിനുള്ള മരുന്നു ചികിത്സകൂടി നൽകേണ്ടി വരും. ഇത്തരക്കാർ ഒരിക്കലും സ്വന്തമായി ചികിത്സ തേടി എത്താറില്ല. രതിവൈകല്യങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാരോ വീട്ടുകാരോ പിടികൂടി ചികിത്സയ്ക്ക് കൊണ്ടുവരാറാണ് പതിവ്. രതി വൈകല്യമുള്ളവർക്കു തങ്ങൾ സമൂഹത്തിനു ദോഷകരമായ രീതിയിലാണ് പെരുമാറുന്നത് എന്നു തിരിച്ചറിയാൻ കഴിയണമെന്നില്ല. 

(ഡോ. പി. എൻ. സുരേഷ് കുമാർ

‍ഡയറക്ടർ, ചേതന– സെന്റർ ഫോർ ന്യൂറോ സൈക്യാട്രി, കോഴിക്കോട്

ആരോഗ്യം മാഗസിനിൽ പ്രസിദ്ധീകരിച്ചത്)

Content Summary: Unhealthy sexual habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com