ADVERTISEMENT

ഇന്നത്തെക്കാലത്ത് ഒരു തവണയെങ്കിലും അശ്ലീല ചിത്രങ്ങൾ കാണാത്തവരുണ്ടോ ? കാമവികാരങ്ങളുണർത്തുന്ന ചിത്രങ്ങൾ കാണുന്നത് അത്ര വലിയ തെറ്റാണോ ? അല്ല. പക്ഷേ, ഇത്തരം പ്രവർത്തികൾ നിയന്ത്രിക്കാനാകാതെ അതിരു കടക്കുമ്പോൾ ശ്രദ്ധിക്കുക. നിങ്ങൾ ഒരു സെക്സ് അഡിക്റ്റാണോ എന്നു സ്വയം പരിശോധിച്ചു നോക്കണം.ലൈംഗികത നൈസർഗികമായ വികാരവിചാരം തന്നെയാണ്. ചുറ്റുമൊന്നു കണ്ണോടിച്ചു നോക്കൂ.. സിനിമ, കല, സാഹിത്യം, കവിത, പരസ്യങ്ങൾ തുടങ്ങിയ എല്ലാത്തിലും ലൈംഗികതയുടെ ലാഞ്ഛന അൽപമെങ്കിലും നിഴലിക്കുന്നതു കാണാം. എന്നാൽ ലൈംഗിക ആഗ്രഹങ്ങളും ചിന്തകളും ഒരു നിയന്ത്രണവുമില്ലാതെ എപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുകയും  വരുംവരായ്കകളെ അവഗണിച്ച് അവയുടെ സാക്ഷാത്കാരത്തിനുവേണ്ടി ലൈംഗിക പ്രവർത്തികളിൽ ഏർപ്പെട്ടു പോകുന്ന അവസ്ഥയാണ് സെക്സ് അഡിക്‌ഷൻ. ചുരുക്കിപ്പറഞ്ഞാൽ യാതൊരു നിയന്ത്രണവുമില്ലാതെ ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുക. വേണ്ടെന്നു വച്ചാലും ഇഷ്ടങ്ങൾക്ക് വിപരീതമായി മനസ്സിലേക്കു കടന്നുവരുന്ന ചിന്തകളും പ്രേരണകളുമാണ് അടിസ്ഥാന കാരണം. 

അമിതലൈംഗികാസക്തിയോ?

രണ്ടായിരത്തി പന്ത്രണ്ടിലാണ് ഓക്ക്‌ലാൻഡ് (Aukland) സർവകലാശാലയിലെ ബാരി റേയ് (Barry Reay), നീന അറ്റ് വുഡ് (Nina Attwood), ക്ലെയറി ഗുഡർ (Claire Gooder) എന്നിവർ തങ്ങളുടെ ഗവേഷണ റിപ്പോർട്ടിലൂടെ സെക്സ് അഡിക്‌ഷൻ എന്ന പദം പരിചയപ്പെടുത്തിയത്. ആയിരത്തിതൊള്ളായിരത്തിഎൺപതുകളിൽ തന്നെ ഈ ആശയം അംഗീകരിക്കപ്പെട്ടു തുടങ്ങി. പോൺ അഡിക്‌ഷൻ (Porn Addiction), സ്വയംഭോഗാടിമത്തം (Masturbation Addiction),  ഇന്റർനെറ്റ് അഡിക്‌ഷൻ തുടങ്ങിയ പദങ്ങൾ ഇപ്പോൾ ധാരാളമായി ഉപയോഗിച്ചു തുടങ്ങി. എന്നാൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിട്ടുള്ള ഒരു രോഗവിവരപ്പട്ടികയിലും സെക്സ് അഡിക്‌ഷൻ എന്ന പദം സ്ഥാനം പിടിച്ചിട്ടില്ല. അമിത ലൈംഗികാസക്തി (Excessive Sexual Desire/Hyper Sexuality) എന്ന ഗണത്തിലാണ് ഇതിനെ ഉൾപ്പെടുത്താൻ കഴിയുന്നത്.

ചികിത്സ എങ്ങനെ ?

മദ്യത്തോടും മയക്കുമരുന്നുകളോടുമുള്ള അടിമത്തത്തിനു സമാനമാണ് സെക്സ് അഡിക്‌ഷനും ചികിത്സയും മേൽപറഞ്ഞവ പോലെ തന്നെ വിഷമം പിടിച്ചതാണ്. ഇവർക്ക് പല ശാരീരിക മാനസിക വൈകാരിക പ്രശ്നങ്ങളും ഉണ്ടായിരിക്കാൻ ഇടയുണ്ട്. ഇവരിൽ കുറെ പേർക്കെങ്കിലും എച്ച്ഐവിയോ അതുപോലെയുള്ള മറ്റു ലൈംഗിക പകർച്ച വ്യാധികളോ ഉണ്ടാകാം. അതിനുവേണ്ട ചികിത്സയും മുൻകരുതലും ആവശ്യമാണ്. മറ്റെന്തെങ്കിലും ശാരീരിക മാനസിക രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുകയും ഉണ്ടെങ്കിൽ ചികിത്സ നൽകുകയും വേണം. അടുത്തപടി ശിഥിലമായ കുടുംബബന്ധങ്ങൾ നേരെയാക്കി എടുക്കാനുള്ള ശ്രമമാണ്. കൊഗ്‌നിറ്റീവ് ബിഹേവിയർ തെറപ്പി, ഫാമിലി തെറപ്പി, ഗ്രൂപ്പ് സൈക്കോ തെറപ്പി എന്നിവയാണ് സാധാരണ ഉപയോഗിക്കുന്ന ചികിത്സാമാർഗങ്ങൾ. ഉത്കണ്ഠ, വിഷാദം, ആവർത്തനസ്വഭാവമുള്ള ചിന്തകൾ, പ്രവൃത്തികൾ എന്നിവ നിയന്ത്രിക്കാൻ ഒരു പരിധിവരെ മരുന്ന് സഹായിക്കും. വിദേശ രാജ്യങ്ങളിൽ ആൽക്കഹോളിക് അനോണിമസിന്റെ മാതൃകയിൽ സെക്സ ഹോളിക്സ് അനോണിമസ് (Sexaholic Anonymous) സെക്സ് അഡിക്റ്റ്സ് അനോണിമസ്(Sex Addicts Anonymous), അസോസിയേഷൻ ഫോർ ദി ട്രീറ്റ്മെന്റ് ഓഫ് സെക്‌ഷ്വൽ അഡിക്‌ഷൻ ആൻഡ് കംപൽസിവിറ്റി (Association for the Treatment of Sexual Addiction and Compulsivity) തുടങ്ങി പല സപ്പോർട്ട് ഗ്രൂപ്പുകളുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള രോഗിയുടെ ആഗ്രഹതീവ്രത അനുസരിച്ചിരിക്കും ആസക്തിയിൽ നിന്നുള്ള മോചന സാധ്യത.

porn-application-icon-with-thumb-ekin-kizilkaya-istockphoto-com
Representative Image. Photo Credit : Ekin Kizillkaya / iStockPhoto.com

സെക്സ് അഡിക്‌ഷൻ ഉണ്ടോ ? – തിരിച്ചറിയാം

01. എപ്പോഴും നിയന്ത്രണമില്ലാതെ ലൈംഗിക ചിന്തകളിൽ മുഴുകുക.

02. ലൈംഗിക പ്രവർത്തികൾ സ്വയം നിയന്ത്രിക്കാൻ കഴിയാതിരിക്കൽ.

03. സ്വയംഭോഗം നിയന്ത്രിക്കാൻ കഴിയാതിരിക്കൽ.

04. സ്വന്തം സുഖത്തിനുവേണ്ടി ലൈംഗിക ചൂഷണം ചെയ്യുക.

05. പല തവണ ലൈംഗിക വേഴ്ചകളിൽ ഏർപ്പെട്ടാലും തൃപ്തിയാകാതിരിക്കൽ.

06. പങ്കാളികളെ എപ്പോഴും മാറ്റിക്കൊണ്ടിരിക്കുക.

07. കൂടുതൽ ആൾ‍ക്കാരുമായി ബന്ധത്തിലേർപ്പെടുക.

08. ഫോൺ സെക്സ്, സെക്സ് ചാറ്റിങ്, അശ്ലീല വിഡിയോ കാണുക തുടങ്ങിയ പ്രവൃത്തികളിൽ ഹരം കൊള്ളുകയും മറ്റു കർത്തവ്യങ്ങളൊക്കെ മാറ്റിവച്ച് ഇവയ്ക്കായി സമയം ചെലവഴിക്കുകയും ചെയ്യുക.

09. ലൈംഗിക ലഹരിക്കുവേണ്ടി വ്യഭിചാരത്തിലേർപ്പെടുക.

10. ലൈംഗിക ആഗ്രഹം പൂർത്തീകരണത്തിനുവേണ്ടി ധാരാളം സമയവും പണവും ചെലവഴിക്കുക.

11. സ്വന്തം ആരോഗ്യത്തിനും ഭാവിജീവിതത്തിനും ഹാനികരമായ രീതിയിൽ അപകട സാധ്യതകളെയും മുന്നറിയിപ്പുകളെയും അവഗണിച്ചു ലൈംഗിക ബന്ധത്തിലേർപ്പെടുക.

12. ലൈംഗിക പ്രവൃത്തികൾ മൂലം കുടുംബത്തിലും തൊഴിലിടങ്ങളിലും സമൂഹത്തിലും പ്രശ്നങ്ങൾ നേരിടേണ്ടി വരിക.

13. ലൈംഗിക കാര്യങ്ങളിലെ അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കുവാനുള്ള കഴിവില്ലായ്മ.

മേൽപറഞ്ഞവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ ആറു മാസത്തിൽ കൂടുതലായുണ്ടെങ്കിൽ നിങ്ങൾക്ക് സെക്സ് അഡിക്‌ഷൻ ഉണ്ടാകാം.

ആസക്തിയുടെ കാരണങ്ങൾ

ലൈംഗിക ആഗ്രഹവും ഇഷ്ടാനിഷ്ടങ്ങളും എല്ലാവർക്കുമുണ്ടെങ്കിലും അവയൊക്കെ സ്വന്തം ഇഷ്ടത്തിനും ജീവിക്കുന്ന ചുറ്റുപാടുകൾക്കും മൂല്യങ്ങൾക്കും അനുസരിച്ചു സ്വയം നിയന്ത്രിക്കാനുള്ള കഴിവാണ് ആരോഗ്യകരമായ ലൈംഗിക പെരുമാറ്റ ലക്ഷണം. സെക്സ് അഡിക്‌ഷനുള്ളവർക്ക് ഈ വിവേചനബുദ്ധി ഇല്ലെന്നു പറയാം. ജനിതക ഘടങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ, ബാല്യകാല ലൈംഗിക പീഡാനുഭവങ്ങൾ, പ്രായപൂർത്തിയാകും മുൻപേയുള്ള ലൈംഗിക അനുഭവങ്ങൾ‍, ബാല്യകാലത്തു തന്നെ ലഭിക്കുന്ന ലൈംഗീകോദ്ദീപന അറിവുകൾ, ചില മാനസ്സിക രോഗങ്ങൾ തുടങ്ങി പല ഘടകങ്ങളും സെക്സ് അഡിക്‌ഷനു കാരണമാകാം.

തുടക്കക്കാർക്കായി  3 വാംഅപ് യോഗാസനങ്ങൾ – വിഡിയോ

English Summary:

Sex and Porn Addiction Symptoms, Causes, Effects & Therapy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com