ADVERTISEMENT

ഉപകാരിയായ കൊളസ്ട്രോൾ വില്ലനാകുന്നത് എപ്പോഴാണ്? രക്തത്തിലെ കൊളസ്ട്രോൾ നിരക്കു നിശ്ചിത പരിധിയിലും കൂടുമ്പോൾ അത് അതിറോസ്ക്ലീറോട്ടിക് പ്ലാക്ക് എന്ന വസ്തു രക്തക്കുഴലുകളിൽ അടിയാനിടയാക്കുന്നു. ഈ പ്ലാക്ക് വലുതായി, പൊട്ടുമ്പോൾ അതിലേക്ക് രക്തകോശങ്ങളും  കൂടിച്ചേർന്ന് ഒരു രക്തക്കട്ട (Thrombus) രൂപപ്പെടുന്നു. ഈ രക്തക്കട്ട തങ്ങിനിന്നു ധമനികൾ അടയുന്നതോടെ ഹൃദയപേശികൾക്കു രക്തം ലഭിക്കാതെ വരുന്നു. ഇതാണു ഹൃദയാഘാതത്തിലേക്കു നയിക്കുന്നത്. 

 

സാന്ദ്രത കുറഞ്ഞ കൊളസ്ട്രോളായ എൽഡിഎൽ ആണ് ധമനികളിൽ പ്ലാക്കു രൂപപ്പെടാൻ കാരണമാകുന്നത്. ഉയർന്ന സാന്ദ്രതയുള്ള കൊളസ്ട്രോളായ എച്ച്ഡിഎൽ പ്ലാക്ക് ഉണ്ടാക്കുന്നില്ല. പലപ്പോഴും എച്ച്ഡിഎൽ കൊളസ്ട്രോൾ രക്തത്തിലൂടെ സഞ്ചരിക്കുന്ന കൊളസ്ട്രോളിനെ തിരികെ കരളിലെത്തിച്ചു വിഘടിപ്പിക്കാൻ സഹായിക്കുകയാണു ചെയ്യുന്നത്. പ്ലാക്ക് ഉണ്ടാകാൻ വേറെയും കാരണങ്ങളുണ്ട്. രക്തക്കുഴലിന്റെ സ്തരത്തിനു (Endothelium)നാശം വരുത്തുന്ന പ്രമേഹം പോലെയുള്ള അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദം, പുകവലി എന്നിവയൊക്കെ പ്ലാക്ക് ഉണ്ടാകാൻ കാരണമാകാം. ഇത്തരം ആപത്ഘടകങ്ങൾ എല്ലാം ഒത്തുചേരുമ്പോൾ പ്ലാക്കു രൂപപ്പെടുവാനുള്ള സാധ്യത വർധിക്കുന്നു. 

 

പ്രായമായവരിൽ മാത്രമല്ല പ്ലാക്ക് ഉണ്ടാകുന്നത്. 17–18 വയസ്സു മാത്രമുള്ള ചെറുപ്പക്കാരിലും പ്ലാക്കിന് അടിസ്ഥാനമിടുന്നുണ്ട്. വർഷം ചെല്ലുന്തോറും കൊഴുപ്പ് അടിഞ്ഞുകൂടി പ്ലാക്കു വലുതായി വരുന്നു. ഒരു ഘട്ടമെത്തുമ്പോൾ ഇതു പൊട്ടി ഹൃദയധമനീരോഗങ്ങൾക്കും ഹൃദയാഘാതത്തിനും ഇടയാക്കുന്നു. 

 

കൊളസ്ട്രോൾ എത്ര അളവിനു മുകളിൽ പോയാലാണ് ഹൃദയത്തിന് അപകടകരമാവുക എന്നു തീർത്തു പറയാനാകില്ല. ഓരോ വ്യക്തിയിലും ഇതു വ്യത്യാസപ്പെട്ടിരിക്കുന്നു. ഹൃദയാഘാതവുമായി എത്തുന്ന രോഗികളിൽ ഏതാണ്ട് 40 ശതമാനത്തോളം പേരിൽ കൊളസ്ട്രോൾ അളവ് സാധാരണയിലും ഒരുപാടൊന്നും കൂടിയിട്ടുണ്ടാവില്ല. അതായത്, മറ്റ് ആപത്ഘടകങ്ങൾ ഉള്ള വ്യക്തികളിൽ ചെറിയ അളവു കൊളസ്ട്രോൾ മതി പ്ലാക്ക് രൂപപ്പെടാൻ. നന്നായി പുകവലിക്കുന്നവരിൽ കൊളസ്ട്രോൾ നിരക്ക് കുറവായിരുന്നാലും പ്ലാക്ക് രൂപപ്പെടുന്നതും ഹൃദയാഘാതം വരുന്നതും ഇക്കാരണം കൊണ്ടാണ്. അതുകൊണ്ടാണ് ചിലരെങ്കിലും ‘എനിക്കു കൊളസ്ട്രോൾ കാരണമല്ല ഹൃദയാഘാതം വന്നതെന്നു’ വാദിക്കുന്നത്. 

 

ജന്മനാ തന്നെ കൊളസ്ട്രോൾ അളവു വളരെ ഉയർന്നു നിൽക്കുന്ന ചില കുടുംബങ്ങളുണ്ട്. ഇവരിൽ 20 വയസ്സാകുന്നതേ രക്തത്തിലെ കൊളസ്ട്രോൾ അളവു കൂടിയിട്ട് ഹൃദയാഘാതം വരാം. ചെറുപ്പം മുതലേ തന്നെ കർശമനായ നിരീക്ഷണവും കൃത്യമായ ചികിത്സയും ഇവരിൽ ആവശ്യമാണ്. 

Content Summary: Cholesterol and heart attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com